Ukraine War: യുക്രൈനിലേക്ക് ആയുധമൊഴുക്കാന്‍ യുഎസും സഖ്യ കക്ഷികളും
യുക്രൈന്‍റെ സഖ്യകക്ഷികൾ റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ പ്രതിരോധിക്കാൻ കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് അറിയിച്ചു. ചൊവ്വാഴ്ച നടന്ന 90 മിനിറ്റ് വീഡിയോ കോളിലാണ് യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും പീരങ്കികൾ, ടാങ്ക് വിരുദ്ധ, വ്യോമ പ്രതിരോധ സഹായം എന്നിവ കീവിലേക്ക് അയയ്ക്കുമെന്ന് അറിയച്ചത്. യുക്രൈന്‍റെ കിഴക്കന്‍ ഭാഗത്ത് റഷ്യ പുതിയ യുദ്ധമുഖം തുറന്നതിനെ തുടര്‍ന്നാണ് യുക്രൈന് സ്വയം പ്രതിരോധിക്കാൻ സഹായിക്കുന്ന ആയുധങ്ങൾ നല്‍കാന്‍ യുഎസിന്‍റെ നേതൃത്വത്തില്‍ തീരുമാനിച്ചത്. "ഡോൺബാസിനായുള്ള യുദ്ധത്തിന്‍റെ" തുടക്കമാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്‌കി (Volodymyr Zelensky) പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. യുക്രൈന്‍റെ തലസ്ഥാനമായ കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്നും മറിച്ച് ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് മേഖലകൾ ഉൾക്കൊള്ളുന്ന കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യന്‍ വിമതര്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. '
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അതിര്‍ത്തിയില്‍ നിന്നും 480 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥാനങ്ങളിലേക്ക് പോലും റഷ്യ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് യുക്രൈന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ആയുധങ്ങള്‍ യുക്രൈന് നല്‍കാന്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ തീരുമാനിച്ചത്.
യുഎസ് പ്രതിരോധവകുപ്പാണ് കൂടുതൽ സൈനിക വിമാനങ്ങളും വിമാനഭാഗങ്ങളും യുക്രെയ്‌നിലേക്ക് അയച്ചത്. കഴിഞ്ഞ അമ്പത്തിയഞ്ച് ദിവസമായി നടക്കുന്ന യുദ്ധത്തില്‍ യുക്രൈനുണ്ടായ ആയുധത്തിന്‍റെ കുറവ് നികത്തുകയാണ് ലക്ഷ്യം.
റഷ്യയുടെ വ്യോമാക്രമണത്തെ നിശബ്ദമാക്കാന്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ക്കും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും വേണ്ടി സെലെന്‍സ്കി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സെലെന്‍സ്കിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യുക്രൈന് മിഗ് 29 വിമാനങ്ങള്‍ നല്‍കാന്‍ പോളണ്ട് തയ്യാറായിരുന്നെങ്കിലും യുഎസ് ഇടപെട്ട് ഈ ഇടപാട് നിര്‍ത്തിവയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന പാശ്ചാത്യ സഖ്യകക്ഷികൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രസിഡന്‍റ് ജോ ബൈഡൻ, 800 മില്യൺ ഡോളർ (615 മില്യൺ പൗണ്ട്) സഹായത്തിന് സമാനമായ വലിപ്പത്തിലുള്ള കൂടുതൽ സൈനിക സഹായ പാക്കേജ് യുക്രൈന് നൽകാൻ യുഎസ് പദ്ധതിയിടുന്നതായി കൂട്ടിച്ചേർത്തു.
യുഎസ്, യുക്രൈന് കൂടുതല്‍ പീരങ്കികള്‍ അയക്കുമെന്നും അദ്ദേഹം അറിയിച്ചു. കരയുദ്ധത്തില്‍ ഇത് യുക്രൈന് ഏറ്റവും ഉപകാരപ്രഥമാകുമെന്ന് കണക്കുകൂട്ടുന്നു. യോഗത്തില്‍, മറ്റ് നറ്റോ രാജ്യങ്ങളും യുക്രൈന് ആയുധങ്ങള്‍ വാഗ്ദാനം ചെയ്തതായി യോഗത്തിന് ശേഷം യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്‍റിനെ അറിയിച്ചു.
ജർമ്മൻ ആയുധ നിർമ്മാതാക്കളിൽ നിന്ന് ടാങ്ക് വിരുദ്ധ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാൻ യുക്രൈന് ധനസഹായം നല്‍കുമെന്ന് ജർമ്മന്‍ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു. യുദ്ധത്തിനിടെ യുക്രൈന്‍ ടാങ്കുകള്‍ക്കും കവചിത വാഹനങ്ങള്‍ക്കും ഉണ്ടാകുന്ന കേടുപാടുകൾ തീര്‍ക്കാനും ജര്‍മ്മന്‍ സഹായം ലഭിക്കും.
റഷ്യയ്‌ക്കെതിരായ കൂടുതൽ സാമ്പത്തിക ഉപരോധവും അജണ്ടയിലെ മറ്റൊരു വിഷയമായിരുന്നു. നാറ്റോ സഖ്യകക്ഷികളോട് കീവിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ അയക്കണമെന്ന സെലെന്‍സ്കിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്.
പീരങ്കികൾ, സായുധ വാഹനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങൾ തുടങ്ങി റഷ്യൻ സേനയെ യുദ്ധ മുഖത്ത് നിന്ന് പിന്തിരിപ്പിക്കാനും അവരുടെ യുദ്ധക്കുറ്റങ്ങൾ തടയാനും സഹായിക്കുന്ന എന്തും തങ്ങള്‍ക്ക് നല്‍കണമെന്ന് സെലെന്‍സ്കി ട്വിറ്റ് ചെയ്തിരുന്നു.
കനത്ത ആയുധങ്ങളുമായി യുക്രൈനല്ലാതെ റഷ്യയെ മറ്റാരും തടയില്ലെന്നും സെലെന്‍സ്കി പറഞ്ഞു. അതിനിടെ റഷ്യന്‍ സേന പിന്‍മാറിയ യുക്രൈന്‍ പ്രദേശങ്ങളില്‍ നിന്ന് നൂറ് കണക്കിന് സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ബുച്ച നഗരത്തില്‍ നിന്ന് 900 ഓളം സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതിന് തൊട്ട പുറകെ ഇര്‍പിനില്‍ നിന്നും 269 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങില്‍ മിക്കവയുടെയും കൈകള്‍ പിന്നീല്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
കുഴിമാടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ തലയ്ക്ക് പുറകില്‍ വെടിയേറ്റിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈനില്‍ കഴിഞ്ഞ അമ്പത്തിയഞ്ച് ദിവസങ്ങളായി റഷ്യ വംശീയാക്രമണമാണ് നടത്തുന്നതെന്നും സെലെന്‍സ്കി ആരോപിച്ചിരുന്നു.
എന്നാല്‍, യുക്രൈന്‍റെ ആരോപണങ്ങളെല്ലാം റഷ്യ നിഷേധിച്ചു. യുഎസും അവരുടെ നിയന്ത്രണത്തിലുള്ള സഖ്യ കക്ഷികളും യുദ്ധം നീട്ടിക്കൊണ്ട് പോകാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് റഷ്യന്‍ പ്രതിരോധ മേധാവി സെർജി ഷോയിഗു പറഞ്ഞു.
യുക്രൈന്‍ ഇപ്പോഴും നാറ്റോയിൽ അംഗമല്ലെങ്കിലും യുദ്ധാനന്തരം യുക്രൈന് എങ്ങനെ സുരക്ഷാ ഗ്യാരണ്ടി നൽകാമെന്ന് സഖ്യ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഒരു ഫ്രഞ്ച് പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് നേതൃത്വത്തിലുള്ള ഒരു സൈനിക സഖ്യമാണ് നാറ്റോ. അതിലെ ഏതെങ്കിലും രാജ്യത്തിന് നേരെ സായുധ ആക്രമണമുണ്ടായാൽ, യുഎസ്, യുകെ, ജർമ്മനി എന്നിവയുൾപ്പെടെ 30 അംഗ രാജ്യങ്ങള്‍ പരസ്പരം സഹായിക്കാനെത്തി ചേരും.
എന്നാല്‍, യുക്രൈന്‍ നാറ്റോ അംഗരാജ്യമല്ലാത്തതിനാല്‍ നേരിട്ട് യുദ്ധരംഗത്തിറങ്ങാന്‍ നാറ്റോയ്ക്ക് കഴിയില്ല. നാറ്റോ അംഗത്വം വേണമെന്ന സെലെന്‍സ്കിയുടെ നിരന്തരമായ ആവശ്യമാണ് റഷ്യയെ യുദ്ധത്തിന് പ്രേരിപ്പിച്ചതെന്ന് ചില യുദ്ധവിദഗ്ദര്‍ അവകാശപ്പെടുന്നുണ്ട്.
നാറ്റോ സഖ്യ രാജ്യങ്ങള്‍ യുക്രൈനെ സഹായിക്കാനായി യുദ്ധമുഖത്തേക്ക് നേരിട്ടെത്തിയാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യുദ്ധവിദഗ്ദര്‍ പറയുന്നു. റഷ്യയുടെ നാറ്റോയും തമ്മിലൊരു സംഘര്‍ഷം നിലനില്‍ക്കുന്ന ലോക സാഹചര്യത്തെ തന്നെ തകിടം മറിക്കും.
അതിനാല്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കാതെ യുക്രൈന് ആവശ്യമായ സൈനിക ആയുധ സഹായങ്ങള്‍ എത്തിക്കാനാണ് ഇപ്പോള്‍ നാറ്റോ സഖ്യത്തിന്‍റെ ലക്ഷ്യം. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ആരംഭിച്ച ശേഷവും യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും യുഎസും ആയുധങ്ങള്‍ കൈമാറുന്നുണ്ട്.
അമ്പത്തിയഞ്ച് ദിവസം യുദ്ധം ചെയ്തിട്ടും യുക്രൈനിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് റഷ്യ, യുക്രൈന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് പിന്തിരിഞ്ഞത് എന്നായിരുന്നു യുദ്ധവിദഗ്ദരുടെ നിരീക്ഷണം.
അതിനിടെ കഴിഞ്ഞ അമ്പത്തഞ്ച് ദിവസവും യുക്രൈന്‍റെ തെക്ക് കിഴക്കന്‍ നഗരവും അസോട്ട് ബറ്റാലിയന്‍റെ ആസ്ഥാനവുമായി മരിയുപോളിലേക്ക് റഷ്യ നിരന്തരം മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. മരിയുപോളിലെ ഏതാണ്ട് 95 ശതമാനം കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതായും അടുത്ത് തന്നെ മരിയുപോള്‍ വീഴുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.