Ukraine War: യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം വാഗ്ദാനം ചെയ്ത് യൂറോപ്യന്‍ യൂണിയന്‍ മേധാവി
നാറ്റോയില്‍ അംഗത്വം വേണമെന്ന ആവശ്യം യുക്രൈന്‍ നിരന്തരം ആവശ്യപ്പെട്ട് തുടങ്ങിയതിനാലാണ് തങ്ങള്‍ യുക്രൈനിലേക്കുള്ള സൈനിക നടപടി ആരംഭിച്ചതെന്നാണ് റഷ്യ അവകാശപ്പെടുന്നത്. മുന്‍ സോവിയേറ്റ് യൂണിയന്‍ രാജ്യമായ യുക്രൈന്‍, ഏഷ്യാ-യൂറോപ്പ് വന്‍കരകളുടെ ഇടയിലുള്ള ഭൂഭാഗമാണ്. അതിനാല്‍ തന്നെ യൂറോപ്പ്യന്‍ യൂണിയനും പുറത്താണ് യുക്രൈന്‍റെ സ്ഥാനം. യുക്രൈനിന് നാറ്റോ അംഗത്വം ലഭിച്ചാല്‍ അത് തങ്ങളുടെ അതിര്‍ത്തികളെ അസ്ഥിരമാക്കുമെന്ന ഭയമാണ് പുടിനെ യുക്രൈന്‍ അക്രമിക്കാന്‍ പ്രേരിപ്പിച്ചതും. യുദ്ധത്തിനിടെ കനത്ത നാശം നേരിടേണ്ടിവന്ന യുക്രൈന്‍ നാറ്റോ പ്രവേശനം നടന്നില്ലെങ്കിലും തങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ പ്രവേശനം അനുവദിക്കണമെന്ന് സെലെന്‍സ്കി ആവശ്യപ്പെട്ടു. യുദ്ധത്തിന് അല്‍പ്പം ശമനമുണ്ടായപ്പോള്‍ യുക്രൈന്‍റെ ആവശ്യം അംഗീകരിക്കാമെന്ന് ഏറ്റിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇതോടെ റഷ്യയുടെ അടുത്ത നീക്കമെന്തെന്ന കാതോര്‍ക്കുകയാണ് ലോകരാജ്യങ്ങള്‍.
സെലെന്‍സ്കിയുടെ ആവശ്യത്തെ നാറ്റോ ഒരിക്കലും പരിഗണിച്ചിരുന്നില്ലെങ്കിലും യുക്രൈന്‍ നാറ്റോയില്‍ ചേരില്ലെന്ന് റഷ്യയ്ക്ക് ഉറപ്പ് വേണമായിരുന്നു. എന്നാല്‍ സെലെന്‍സ്കി തന്‍റെ ആവശ്യം ഉന്നയിച്ചുകൊണ്ടേയിരുന്നു.
ഇതാണ് തങ്ങളെ യുക്രൈനെതിരായ സൈനിക നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് റഷ്യയുടെ വാദം. നാല്‍പ്പത്തിയഞ്ച് ദിവസത്തോളം യുദ്ധം ചെയ്തിട്ടും റഷ്യയ്ക്ക് യുക്രൈനില്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
മാത്രമല്ല, റഷ്യയ്ക്ക് കനത്ത നാശവും ഈ യുദ്ധത്തിനിടെ നേരിടേണ്ടിവന്നു. ഇതോടെ യുക്രൈന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും പിന്മാറിയ റഷ്യ യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെയാണ് യുക്രൈന് ആഴ്ചകള്‍ക്കുള്ളില്‍ യൂറോപ്യന്‍ യൂണിയനില്‍ ഔദ്ധ്യോഗിക അംഗമാകാമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞത്. ഇതിനായി യുക്രൈന് എല്ലാ സഹായങ്ങളും ഉര്‍സുല വാഗ്ദാനം ചെയ്തു.
യുക്രൈന്‍റെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം റഷ്യന്‍ പ്രസിഡന്‍റിനെ പ്രകോപിതനാക്കുമോയെന്ന് കാത്തിരിക്കുകയാണ് ലോകരാജ്യങ്ങള്‍. നേരത്തെ റഷ്യയുടെ അധിനിവേശകാലത്ത് ഏതെങ്കിലും രാജ്യം യുക്രൈനെ സൈനികമായി സഹായിക്കുകയോ, റഷ്യന്‍ വിമാനങ്ങള്‍ക്ക് യുക്രൈന്‍റെ ആകാശത്ത് പ്രവേശനാനുമതി നിഷേധിക്കുകയോ ചെയ്താല്‍ ആ രാജ്യം അക്രമിക്കുമെന്ന് പുടിന്‍ ഭീഷണി മുഴക്കിയിരുന്നു.
ഒരു രാജ്യത്തിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമെടുക്കണമെങ്കില്‍ അതിന് വര്‍ഷങ്ങളുടെ നടപടി ക്രമങ്ങള്‍ ആവശ്യമാണ്. നിരവധി തവണ അപേക്ഷകള്‍ അയക്കുകയും മാനദണ്ഡ പരിശോധനകളും മറ്റ് ചര്‍ച്ചകള്‍ക്കും ശേഷമാകും ഈ അപേക്ഷ പരിഗണിക്കുക.
യൂറോപ്യൻ യൂണിയനിലേക്ക് ബ്രസൽസ് മോൾഡോവ, ജോർജിയ, യുക്രൈന്‍ എന്നീ രാജ്യങ്ങളെ സ്വാഗതം ചെയ്യണമെന്ന് 2011 മുതല്‍ യുക്രൈന്‍ ആവശ്യപ്പെടുന്നതാണ്. ഒരു ഔദ്യോഗിക അംഗരാജ്യമാകാനുള്ള യുക്രൈന്‍റെ ആഗ്രഹം 2014 ലെ മൈദാൻ വിപ്ലവത്തിന് ആക്കം കൂട്ടി.
ഒടുവില്‍ ഇത് റഷ്യയുടെ ക്രിമിയ പിടിച്ചെടുക്കല്‍ നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം യുക്രൈന്‍റെ അസ്തിത്വത്തെ മാത്രമല്ല, യൂറോപ്പിന്‍റെ മൊത്തത്തിലുള്ള സുരക്ഷയ്ക്ക് നേരെയുള്ള അക്രമണമാണെന്ന് സെലെന്‍സ്കി ആരോപിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തെ അംഗീകരിച്ച് രംഗത്തെത്തിയത്.
'സാധാരണപോലെ ഈ അഭിപ്രായം രൂപീകരിക്കാൻ വർഷങ്ങളോളം വേണ്ടിവരില്ല, ഒരു പക്ഷേ ആഴ്ചകൾക്കുള്ളിൽ എന്ന് ഞാൻ കരുതുന്നു,' അവർ കീവില്‍ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധങ്ങൾ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ പത്രസമ്മേളനമെന്നതും ശ്രദ്ധേയമാണ്. പുടിൻ 'പരാജയപ്പെടണം' എന്ന് ആവര്‍ത്തിച്ച ഉർസുല വോൺ ഡെർ ലെയ്ൻ യുക്രൈയ്നുള്ള പാശ്ചാത്യ പിന്തുണ വ്യക്തമാക്കി.
റഷ്യൻ സൈന്യം കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയതായി ആരോപിക്കപ്പെടുന്ന ബുച്ച നഗരം ഇന്നലെ ബ്രസൽസ് മേധാവി സന്ദർശിച്ചിരുന്നു. റഷ്യൻ സൈന്യം പട്ടണത്തിൽ നിന്ന് പിൻവാങ്ങിയതിനുശേഷം, നൂറുകണക്കിന് മരിച്ച സാധാരണക്കാരെ അവിടെ കണ്ടെത്തിയതായി യുക്രൈന്‍ അധികൃതര്‍ ആരോപിച്ചിരുന്നു.
'ചിന്തിക്കാൻ പോലും കഴിയാത്ത' സംഭവത്തിന് താൻ സാക്ഷ്യം വഹിച്ചുവെന്നയിരുന്നു ബുച്ച നഗരം സന്ദര്‍ശിച്ച ശേഷം ഉര്‍സുല പറഞ്ഞത്. കഴിഞ്ഞ ദിവസം ക്രാമാറ്റോർസ്ക് റെയിൽവേ സ്റ്റേഷനിൽ നടന്ന മാരകമായ ആക്രമണത്തെയും അവര്‍ അപലപിച്ചു.
കുട്ടികളടക്കം ഡസൻ കണക്കിന് അഭയാർത്ഥികളാണ് ക്രാമാറ്റോർസ്ക് റെയിൽവേ സ്റ്റേഷനിൽ നടന്ന അക്രമണത്തില്‍ കൊല്ലപ്പെട്ടത്. 'വിചിത്രമായ പെരുമാറ്റത്തിന് ഇനി ഒരു മാനദണ്ഡവുമില്ല... ഇത് അവിശ്വസനീയമാണ്.' അവര്‍ പറഞ്ഞു.
ക്രാമാറ്റോർസ്ക് റെയിൽവേ സ്റ്റേഷന്‍, ബുച്ച, ബോറോഡിയങ്ക, എന്നിവിടങ്ങളില്‍ റഷ്യ നടത്തിയ അക്രമണം യുദ്ധകുറ്റങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നവയാണെന്ന് പാശ്ചാത്യരാജ്യങ്ങളും ആരോപിച്ചിരുന്നു.
ബ്രസ്സൽസിൽ നിന്ന് കിയെവിലേക്ക് ട്രെയിനിൽ യാത്ര ചെയ്താണ് ഉര്‍സുല കീവിലെത്തിയത്. താൻ കൊണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം യുക്രൈന് 'യൂറോപ്യൻ യൂണിയൻ പാത ഉണ്ടാകും' എന്നതാണ്. 'യുദ്ധത്തിൽ നിന്ന് ഒരു ജനാധിപത്യ രാജ്യമായി ഉയർന്നുവരാൻ' കീവിന് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു.
റഷ്യയ്ക്കെതിരെ പ്രവർത്തിക്കാനുള്ള യൂറോപ്യൻ യൂണിയന്‍റെ നിശ്ചയദാർഢ്യത്തെ ഈ നീക്കം അടിവരയിടുന്നുവെങ്കിലും, അതിന് ധാർമ്മികമായ പ്രശ്നങ്ങളുണ്ട്. കാരണം അത്തരം നിരോധനങ്ങൾ യുണിയനിലെ അംഗങ്ങള്‍ ഏകകണ്ഠമായി എടുക്കേണ്ടതാണ്.
യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും വാങ്ങുന്നിടത്തോളം കാലം ഇത്തരമൊരു നീക്കത്തിന് എല്ലാ യുറോപ്യന്‍ യൂണിയന്‍ അംഗങ്ങളും സമ്മതിക്കുമോയെന്ന് കാത്തിരുന്ന് കാണണം. നിലവില്‍ റഷ്യയ്ക്കെതിരെയുള്ള നടപടി ലഘൂകരിക്കാന്‍ ജര്‍മ്മനി ആവശ്യപ്പെട്ട് തുടങ്ങിയിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ റഷ്യയില്‍ നിന്ന് എണ്ണയും കൽക്കരിയും ഇറക്കുമതി ചെയ്യുന്നത് 2024 പകുതിയോടെയും വാതകവും ഇറക്കുമതി ചെയ്യുന്നതും നിർത്തലാക്കുമെന്ന് ജർമ്മൻ സാമ്പത്തിക, ഊർജ്ജ മന്ത്രി റോബർട്ട് ഹാബെക്ക് പ്രഖ്യാപിച്ചു.
'ഉക്രെയ്ൻ അധിനിവേശവും ആധിപത്യവും ഉള്ള ഒരു രാജ്യമല്ല. പുറത്ത് നിന്ന് ആളുകളെ സ്വീകരിക്കുന്ന ഒരു ഗവൺമെന്‍റ് ഇപ്പോഴും അതിനുണ്ട്. നിങ്ങൾക്ക് കീവിലേക്ക് യാത്ര ചെയ്യാം,' വരും ദിവസങ്ങളിൽ യൂറോപ്യൻ യൂണിയൻ 543 മില്യൺ ഡോളർ കൂടി കീവിനു നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്യൻ യൂണിയന്‍റെ മുഖ്യ നയതന്ത്രജ്ഞൻ ജോസഫ് ബോറെൽ പറഞ്ഞു.
അതിനിടെ റഷ്യൻ ക്രൂഡ് വെട്ടിക്കുറയ്ക്കാനുള്ള നീക്കം യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയെ വിലക്കയറ്റത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാക്കി.