തുര്‍ക്കിയിലും കാട്ടുതീ ; മൂന്ന് മരണം, 1,500 ഏക്കർ കൃഷിഭൂമി കത്തി നശിച്ചു
കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തും കാനഡയിലും കഴിഞ്ഞ മാസം അതിശക്തമായ കാട്ടുതീ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ തുര്‍ക്കിയിലും ശക്തമായ കാട്ടുതീ പടര്‍ന്നു. തുർക്കിയിലെ മെഡിറ്ററേനിയൻ, തെക്കൻ ഈജിയൻ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ കാട്ടുതീയില്‍ രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 50 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. റഷ്യയിൽ നിന്നും യൂറോപ്പിലെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രമാണ് അന്‍റാലിയ , തീരദേശ റിസോർട്ട് പട്ടണമായ മാനവ്ഗട്ട് എന്നിവിടങ്ങളിലാണ് അതിശക്തമായ കാട്ടുതീയുയര്‍ന്നത്. അന്‍റാലിയ പ്രവിശ്യയിലെ മാനവ്‌ഗട്ടിൽ ബുധനാഴ്ചയുണ്ടായ കാട്ടുതീ മൂലം പ്രദേശത്ത് ശക്തമായ കാറ്റും ചുട്ടുപൊള്ളുന്ന താപനിലയുമാണെന്ന് കൃഷി, വനം മന്ത്രി ബെകിർ പക്ഡെമിലി പറഞ്ഞു. 50 കിലോമീറ്റർ (30 മൈൽ) വടക്ക് അക്സെക്കി ജില്ലയില്‍ പടര്‍ന്ന് പിടിച്ച മറ്റൊരു കാട്ടു തീ അണയ്ക്കുന്ന തിരക്കിലാണ് ഗ്നിശമന സേനാംഗങ്ങള്‍.
റഷ്യയിൽ നിന്നും യൂറോപ്പിലെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രമാണ് അന്‍റാലിയ പ്രദേശം.
അന്‍റാലിയയ്ക്ക് പടിഞ്ഞാറ് 320 കിലോമീറ്റർ (200 മൈൽ) മാർമാരിസ് റിസോർട്ടിന് സമീപമുള്ള ഐക്മെലർ മേഖലയിലുൾപ്പെടെ മറ്റ് 16 സ്ഥലങ്ങളില്‍ ഇന്നലെ കാട്ടുതീ പടര്‍ന്ന് പിടിച്ചതായി റിപ്പോര്‍ട്ടുണ്ട്.
തീ പടർന്നതിനെ തുടര്‍ന്ന് ബോഡ്രം പട്ടണത്തിനടുത്തുള്ള ഈജിയൻ ബീച്ച് റിസോർട്ടായ ഗുവർസിൻലിക്കിലെ ഒരു ഹോട്ടല്‍ പൂര്‍ണ്ണമായും ഒഴിപ്പിച്ചു.
കാട്ടുതീയെ കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി തുർക്കി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫഹ്രെറ്റിൻ അൽതൂൺ പറഞ്ഞു.
ബുധനാഴ്ചയും വ്യാഴാഴ്ചയും രാജ്യത്ത് 53 കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ മിക്കതും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് പക്ഡെമിർലി പറഞ്ഞു.
മൂന്ന് വിമാനങ്ങളും 38 ഹെലികോപ്റ്ററുകളും 4,000 അഗ്നിശമന സേനാംഗങ്ങളും തീയണയ്ക്കാൻ വിന്യസിച്ചതായി അദ്ദേഹം പറഞ്ഞു.
വരണ്ട വേനൽക്കാലത്ത് തുർക്കിയിലെ മെഡിറ്ററേനിയൻ, ഈജിയൻ പ്രദേശങ്ങളിൽ കാട്ടുതീ സാധാരണമാണ്. എന്നാല്‍ ചില തീപിടിത്തങ്ങള്‍ കുർദിഷ് തീവ്രവാദികളിട്ടതാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
അന്‍റാലിയയിലുണ്ടായ തീപിടുത്തത്തിൽ 82 വയസ്സുള്ള ഒരാളും മരിച്ചു. അവിടെ 80% വീടുകളും കത്തിച്ചതായി ജില്ലാ ഗവർണർ വോൾക്കൻ ഹുലൂർ അനഡോളുവിനോട് പറഞ്ഞു.
തീപിടിത്തത്തിൽ മരിച്ച മൂന്ന് പേരെ കൂടാതെ കുറഞ്ഞത് 112 പേരെ തീ നേരിട്ട് ബാധിച്ചതായി തുർക്കി സർക്കാരിന്‍റെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് പ്രസിഡൻസി അഥവാ എ.എഫ്.എ.ഡി അറിയിച്ചു.
തീ പിടിത്തത്തെ തുടര്‍ന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്സെക്കിക്കടുത്തുള്ള റെസ്റ്റോറന്‍റിൽ കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ആയിരത്തിലധികം വളര്‍ത്തുമൃഗങ്ങൾ തീ പിടിത്തത്തില്‍ വെന്തുമരിച്ചു. മാനവ്ഗട്ടിൽ 1,500 ഏക്കർ കൃഷി ഭൂമിയും 120 ഏക്കർ കൃഷിക്കായി നിര്‍മ്മിച്ച ഗ്ലാസ് ഹൗസുകളും കത്തി നശിച്ചതായി പക്ദേമിർലി പറഞ്ഞു.
മാനവഗത്തിലെ സംസ്ഥാന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള 10 രോഗികളെ മുൻകരുതലായി മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു.
തീപിടിത്തത്തെത്തുടർന്ന് തുർക്കിയിലെ ടൈറ്റാനിക് ഡീലക്സ് ബോഡ്രം ഹോട്ടലിൽ നിന്ന് 100 റഷ്യൻ വിനോദസഞ്ചാരികളെ ഒഴിപ്പിച്ചെന്ന് റഷ്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് (എടിഒആർ) വ്യാഴാഴ്ച പറഞ്ഞു. ഇവരെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഒഴിപ്പിക്കുകയാണ്.
ടൈറ്റാനിക് ഡീലക്സ് ബോഡ്രം ഹോട്ടൽ കെട്ടിടങ്ങളോട് ചേർന്നുള്ള ഒരു കുന്നിൻ മുകളിലുള്ള വനം ഏതാണ്ട് പൂര്‍ണ്ണമായും കത്തിക്കൊണ്ടിരിക്കുകയാണെന്ന് വാര്‍ത്തകള്‍.
വിനോദസഞ്ചാരികളെ അടുത്തുള്ള ലുജോ ഹോട്ടൽ ബോഡ്രം, ലാ ബ്ലാഞ്ചെ റിസോർട്ട് ബോഡ്രം എന്നിവിടങ്ങളിലേക്ക് മാറ്റുകയാണ്.
എന്നാല്‍ സമീപത്തെ മറ്റ് രണ്ട് ഹോട്ടലുകളെ സംബന്ധിച്ചിടത്തോളം വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അനക്സ് ടൂർ കമ്പനി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ യാന മുരോമോവ പറഞ്ഞതായി ടാസ് റിപ്പോർട്ട് ചെയ്തു.
കാട്ടുതീയ്ക്ക് പിന്നില്‍ “അട്ടിമറി” സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് മർമാരിസ് മേയർ മെഹ്മെത് ഒക്റ്റെ എൻടിവിയോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona