ലോക്ഡൗണിനിടെ കൊടുങ്കാറ്റ്; ഫിലിപ്പീൻസില്‍ 10,000 പേരെ ഒഴിപ്പിച്ചു
കൊവിഡ്19 ന്‍റെ വ്യാപനത്തിനിടെ ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച വോങ്‌ഫോംഗ് കൊടുങ്കാറ്റ് വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. കിഴക്കൻ ഫിലിപ്പീൻസില്‍ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ അടിയന്തര അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ഉഷ്ണമേഖലാ കൊടുങ്കാറ്റായ വോങ്‌ഫോംഗ് വീശിയടിച്ചതിനെ തുടര്‍ന്ന് നിരവധി വീടുകൾ തകര്‍ന്നു. മധ്യ ദ്വീപായ സമറിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. 12,305 പേര്‍ക്കാണ് ഇതുവരെയായി ഫിലിപ്പീന്‍സില്‍ കൊറോണ വൈറസ് ബാധയേറ്റത്. 817 പേര്‍ കൊറോണാ വൈറസ് ബാധമൂലം മരിച്ചു.അതിനിടെയാണ് ഫിലീപ്പീന്‍സില്‍ ഇപ്പോള്‍ കൊടുംങ്കാറ്റ് വീശിയത്.
കിഴക്കൻ സമർ പ്രവിശ്യയിൽ വീശിയടിച്ച വോങ്‌ഫോംഗ് കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ നൂറുകണക്കിന് കെട്ടിടങ്ങളും വിളകളും മത്സ്യബന്ധന ബോട്ടുകളും നശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ, ചുഴലിക്കാറ്റ് ഒരു പരിധിവരെ ദുർബലമാവുകയും കടുത്ത ഉഷ്ണമേഖലാ കൊടുങ്കാറ്റായി തരംതിരിക്കപ്പെടുകയും ചെയ്തു.
കൊറോണ വൈറസ് പടരാതിരിക്കാനായി ഏകദേശം 60 ദശലക്ഷം ആളുകൾ താമസിക്കുന്ന ലുസോൺ വിപുലീകൃത ലോക്ക്ഡൗണിലാണ്.
പലായനം ചെയ്യാനുള്ള കേന്ദ്രങ്ങൾ ഇപ്പോൾ തന്നെ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ, വൈറസ് കൂടുതൽ പടരുന്നതിനുള്ള കേന്ദ്രങ്ങളായി അഭയകേന്ദ്രങ്ങള്‍ മാറുമോയെന്ന ഭയത്തിലാണ് അധികാരികള്‍.
50,000 ത്തിലധികം ആളുകൾ കേന്ദ്രങ്ങളിൽ അഭയം തേടിയതായി അധികൃതർ അറിയിച്ചു.
കാറ്റഗറി 3 ചുഴലിക്കാറ്റിന്‍റെ ശക്തിയോടെ വ്യാഴാഴ്ച ഉച്ചയ്ക്ക് കിഴക്കൻ ദ്വീപായ സമറിൽ വോങ്‌ഫോംഗ് ചുഴലിക്കാറ്റ് ആഞ്ഞുവീശുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയോടെ, ലുസോണിന്‍റെ തെക്കേ അറ്റത്തുള്ള മാസ്ബേറ്റ് ദ്വീപിലും ക്യൂസോൺ പ്രവിശ്യയുടെ ചില ഭാഗങ്ങളിലും വോങ്‌ഫോംഗ് കനത്ത നാശം വിതച്ചിരുന്നു.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ, കൊടുങ്കാറ്റ് ദുർബലമായി. എന്നാല്‍ ലുസോണില്‍ മണിക്കൂറിൽ 70 മൈൽ വേഗതയിലാണ് കാറ്റ് വീശിയത്.
"ഇത് ഏറെ സങ്കീര്‍ണ്ണമായ സാഹചര്യമാണ്. ഒരേ സമയം മഹാമാരിയേയും കൊടുങ്കാറ്റിനെയും നേരിടണം. അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ സാമൂഹിക സുരക്ഷയുറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു." മനിലയിലെ സിവിൽ ഡിഫൻസ് ഓഫീസ് വക്താവ് മാർക്ക് ടിമ്പാൽ മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന മൂവായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചതായി കിഴക്കൻ ലുസോണിലെ അറോറ പ്രവിശ്യയിലെ ഡിംഗലൻ പട്ടണത്തിലെ മേയർ ഷിവിൻ തായ് പ്രാദേശിക റേഡിയോയിൽ പറഞ്ഞു. “പേടിസ്വപ്നം” എന്നാണ് അദ്ദേഹം സാഹചര്യത്തെ വിശേഷിപ്പിച്ചത്.
“ഞങ്ങൾ സഹായത്തിനായി അഭ്യർത്ഥിക്കുന്നു,” എന്നാണ് ദുരന്തസാധ്യതാ റിഡക്ഷൻ മാനേജ്മെന്റ് ഓഫീസർ റോഡ കോസിപാഗ് ബാരിസ് പറഞ്ഞത്.
കൃഷി, മത്സ്യബന്ധനം എന്നിവ തകർന്നതായി ബാരിസ് പറഞ്ഞു. ഞങ്ങളുടെ കൃഷിക്കാരെ കൊടുങ്കാറ്റ് തകര്‍ത്തുകളഞ്ഞു. അവരുടെ പച്ചക്കറിത്തോട്ടങ്ങളും മറ്റ് കാർഷിക ഉൽപന്നങ്ങളും കൊടുങ്കാറ്റ് അക്ഷരാർത്ഥത്തിൽ പിഴുതുമാറ്റി. മത്സ്യബന്ധന ബോട്ടുകൾ കടലില്‍ നഷ്ടമായതായും അവർ പറഞ്ഞു.
സമർ, തെക്കൻ ലുസോൺ, ബിക്കോൾ മേഖല എന്നിവയുടെ കിഴക്ക് ഭാഗത്തായി നിരവധി മത്സ്യത്തൊഴിലാളികളും കർഷകരും കൊടുങ്കാറ്റിനെ തുടര്‍ന്ന് പലായനം ചെയ്തതായി മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന പമലകായ മേധാവി ഫെർണാണ്ടോ ഹികാപ്പ് പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നൽകണമെന്ന് അദ്ദേഹം അധികാരികളോട് അഭ്യർത്ഥിച്ചു. ഇല്ലെങ്കില്‍ കൊവിഡ്19 പ്രതിരോധം പാളുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിവർഷം കുറഞ്ഞത് 20 ചുഴലിക്കാറ്റുകൾ ഫിലിപ്പീൻസിൽ വീശിയടിക്കുന്നു. അവയിൽ ചിലത് മാരകമാണ്. 2013 ൽ സൂപ്പർ ടൈഫൂൺ ഹയാൻ മധ്യ ഫിലിപ്പൈൻസില്‍ വീശിയപ്പോള്‍ ജീവന്‍ നഷ്ടമായത് 6,000 പേർക്കായിരുന്നു.