ശ്രീലങ്ക; പ്രതിഷേധ മുദ്രാവാക്യങ്ങള്‍ നിറഞ്ഞ് ഒരു രാഷ്ട്രപതി ഭവനം
ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ക്ക് നിരവധി കാരണങ്ങളാണ് ഉള്ളത്. ഒരൊറ്റ ദിവസത്തില്‍ ഉത്ഭവിച്ച പ്രശ്നങ്ങളല്ല ഇവയൊന്നും തന്നെ. ഭരണത്തിലെ അപ്രമാധിത്വം, ഭരണാധികരികളിലുണ്ടാക്കുന്ന അധികാരഭ്രമം ജനങ്ങളുടെ സ്വാതന്ത്രത്തെയും സ്വൈരജീവിതത്തെതും ബാധിച്ച് തുടങ്ങിയപ്പോഴാണ് ജനം ഭരണാധികാരികള്‍ക്കെതിരെ തെരുവിലിറങ്ങിയതും അതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ഗോത്തബയ രാജപക്സെയ്ക്ക് രാജ്യം വിട്ട് ഓടേണ്ടി വന്നതും. പ്രസിഡന്‍റിനെതിരെ മാത്രമല്ല പ്രധാനമന്ത്രിക്കെതിരെയും ജനങ്ങള്‍ പ്രതിഷേധത്തിലാണ്. പ്രസിഡന്‍റിന്‍റെ വസതിയിലും പ്രധാനമന്ത്രിയുടെ വസതിയിലും മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലെല്ലാം തന്നെ ഈ അമര്‍ഷം ഉണ്ടായിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി എന്ന് തീരുമെന്ന ആശങ്കയിലാണ് ജനങ്ങളെല്ലാവരും. കൊളംബോയിലെ ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ കൊട്ടാര വളപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട് മനു ശങ്കര്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അക്ഷയ്.
'Go Gota, Go Home', 'Go Home Gota', 'Go Gota Jail', 'Power to the People beyond Parliament', 'Gota, Ranil get Out', ഇതൊന്നും കൊളംബോയിലെ തെരുവില്‍ മാത്രം കാണുന്ന വാചകങ്ങളല്ല. മറിച്ച് പ്രസിഡന്‍റ് ഗോത്താബയ രാജപക്സെയുടെ ഔദ്ധ്യോഗിക വസതിയിലെ ചുമരുകളില്‍ വരെ എഴുതിവയ്ക്കപ്പെട്ട വാക്കുകളാണ്.
പ്രസിഡന്‍റ് രാജ്യം വിട്ടെന്ന ഔദ്ധ്യോഗിക സ്ഥിരീകരണം വരുന്നതിന് ഒരു ദിവസം മുമ്പ് തന്നെ പ്രക്ഷോഭകാരികള്‍ പ്രസിഡന്‍റ് കൊട്ടാരം കൈയടക്കിയിരുന്നു. ഭരണകാലത്ത് ജനങ്ങളുടെ സ്വപ്നങ്ങളില്‍ മാത്രമുണ്ടായിരുന്ന ആ കൊട്ടാരത്തിലേക്ക് ശ്രീലങ്കയിലെ ഏറ്റവും സാധാരണക്കാരന്‍ പോലും കയറിച്ചെന്നു.
റെഡ് കാര്‍പ്പറ്റ് വിരിച്ച് ലോകത്തിലെ രാഷ്ട്രത്തലവന്മാരെ സ്വീകരിച്ച ഇടനാളികളിലൂടെ അവര്‍ ചൂളം വിളിച്ച് കയറിച്ചെന്നു. സ്വിമ്മിഗ് പൂളുകളില്‍ അവര്‍ നീന്തി കുളിച്ചു. പ്രസിഡന്‍റിന്‍റെ കിടപ്പുമുറികളില്‍ അവര്‍ വിശ്രമിച്ചു. തീന്‍ മേശകളില്‍ അവര്‍ ബ്രഡ്ഡും ജാമ്മും ചേര്‍ത്ത് കഴിച്ചു. പ്രസിഡന്‍റിന്‍റെ വിശ്രമമുറികളില്‍ അവര്‍ ചീട്ട് കളിച്ച് സമയം നീക്കി. പ്രസിഡന്‍റിന്‍റെ മേശയ്ക്ക് പിന്നിലെ കസേരയില്‍ ഇരുന്ന് അവര്‍ സെല്‍ഫികളെടുത്തു...
മറ്റ് ചിലര്‍ പ്രസിഡന്‍റിന്‍റെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു. വേറെ ചിലര്‍ പ്രസിഡന്‍റിന്‍റെ പിയാനോയില്‍ വിരലുകളോടിച്ചു. ചിലര്‍ വസ്ത്രങ്ങള്‍ മാറിമാറി ധരിച്ച് സെല്‍ഫികളെടുത്തു. ജനം ഇതുവരെ കണ്ടിട്ടില്ലാത്ത വിലകൂടിയ എല്ലാ വസ്തുക്കളോടെപ്പവും സെല്‍ഫികളെടുക്കാന്‍ ക്യൂ നിന്നു. ഓരോ ക്യൂവും കിലോമീറ്ററുകളോളം നീണ്ടു.ചുമരുകളിലെല്ലാം കറുത്ത തുണിയിലെഴുതി തൂക്കിയ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ കാറ്റിലാടി.
തങ്ങളുടെ പ്രതിഷേധങ്ങളെല്ലാം എഴുതി അവര്‍ ആ കൊട്ടാരത്തില്‍ മുഴുവനും തൂക്കി. വന്നവരെല്ലാം പക്ഷേ തിരിച്ച് പോയില്ല. ചിലര്‍ ഇപ്പോഴും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ തന്നെ താമസിക്കുന്നു. അവര്‍ പ്രസിഡന്‍റ് കൊട്ടാരത്തിലെ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്ത്, പ്രസിഡന്‍റിന്‍റെ വിരുന്നു മേശകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നു. കൊട്ടാരത്തില്‍ തന്നെ ഉണ്ടുറങ്ങിക്കിടക്കുന്നു.
പ്രസിഡന്‍റ് കൊട്ടാരത്തിലെ പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവും സമീപത്തെ യൂണിവേഴ്സിറ്റികളില്‍ നിന്നും പിന്നെ മറ്റ്ചിലരുടെ സ്പോണ്‍സര്‍ഷിപ്പിലുമാണ് ലഭിക്കുന്നതെന്ന് താമസക്കാര്‍ പറയുന്നു. ഒന്നും രണ്ടുമല്ല, നിരവധി പേരാണ് ആ വിശാലമായ കൊട്ടാരത്തിനുള്ളില്‍ ഇപ്പോഴുള്ളത്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും പുറത്ത് നിന്ന് കൊണ്ടുവന്ന് അവിടെ പാചകം ചെയ്താണ് കഴിക്കുന്നത്.
വൈദ്യുതിയും മരുന്നുമില്ലാത്തതിനാല്‍ തുറക്കാതെ കിടക്കുന്ന ആശുപത്രികള്‍, കടലാസ് ഇല്ലാത്തതിനാല്‍ നടക്കാതെ പോയ സ്കൂള്‍ പരീക്ഷകള്‍, അടച്ചിട്ട സ്കൂളുകള്‍, ഇന്ധനത്തിനും പാചകവാതകത്തിനും വേണ്ടി കിലോമീറ്റര്‍ പൊരിവെയ്‍ലത്ത് ക്യൂനില്‍ക്കുന്ന സ്ത്രീകളും പുരുഷന്മാരും. ഇതെല്ലാമാണ് ശ്രീലങ്കയില്‍ നിന്നുള്ള ദൃശ്യങ്ങള്‍.
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും ദ്വീപ് ജനതയുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമാക്കിത്തീര്‍ത്തു. ലങ്കയില്‍ നിന്നും രക്ഷപ്പെട്ട് മാലിയിലെത്തിയ പ്രസിഡന്‍റ് ഗോത്താബയാ രാജപക്സെ അവിടെ നിന്നും സിംഗപ്പൂരിലേക്കും പിന്നീട് സൗദി അറേബ്യയിലേക്കും അദ്ദേഹം പലായനം ചെയ്തെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നു. പുതിയ പ്രസിഡന്‍റായി റനിൽ വിക്രമസിംഗെ അധികാരമേറ്റെങ്കിലും പ്രതിഷേധക്കാര്‍ അദ്ദേഹത്തെ വിശ്വാസത്തിലെടുത്തിട്ടില്ല.
ഏതാണ്ട് ഓരാഴ്ചയോളമായി പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലാണ് ശ്രീലങ്കയിലെ പ്രസിഡന്‍റ് കൊട്ടാരം. എന്നാല്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസംഗയുടെ സ്വകാര്യ വസതി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ജനങ്ങള്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ പല രൂപത്തിലും പ്രകടിപ്പിക്കുകയാണ്. അപ്പോഴും നാഥനില്ലാത്ത ഒരു രാജ്യവും ഇന്ധനവും ഭക്ഷണവും മരുന്നും തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്ലാതെ ഒരു ജനതയും ഭാവിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്നു.
ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും ധൂര്‍ത്തും ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടില്ലായ്മയും സത്യത്തില്‍ ശ്രീലങ്കന്‍ ജനതയെ നടുക്കടലിലിറക്കിയ അവസ്ഥയിലാക്കി. ഇനിയൊരു തിരിച്ചു വരവിന് കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കും. പക്ഷേ അതിന് ശക്തമായൊരു രാഷ്ട്രീയ നേതൃത്വം ആവശ്യമാണ്. ഇനി അങ്ങനെയൊന്ന് ഉണ്ടായാല്‍ തന്നെ രാജ്യത്തേക്ക് പണവും ഇന്ധനവും മരുന്നും ഭക്ഷണവും അടിയന്തരമായി എത്തിക്കാനുള്ള പ്രാപ്തിയുണ്ടാകണം. ദ്വീപ് ജനത കാത്തിരിക്കുകയാണ്. മറ്റൊരു പ്രഭാതത്തിനായി.