അഫ്ഗാനില്‍ നിന്നുള്ള സോവിയറ്റ് പിന്മാറ്റം ; 32 വര്‍ഷങ്ങള്‍ക്ക് മുമ്പ്
മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1989 ഫെബ്രുവരി 15 ന് സോവിയറ്റ് യൂണിയന്‍, അഫ്ഗാന്‍റെ മണ്ണില്‍ നിന്നുള്ള പൂര്‍ണ്ണപിന്മടക്കം നടത്തി. സോവിയറ്റ് യൂണിയന്‍ പ്രസിഡന്‍റായിരുന്ന മിഖായേൽ ഗോർബച്ചേവാണ് ഈ പിന്‍മടക്കത്തിന് തുടക്കം കുറിച്ചത്. എന്നാല്‍, ഇന്ന് ഇരുപത് വര്‍ഷത്തെ അധിനിവേശത്തിന് ശേഷം അമേരിക്ക നടത്തുന്നത് പോലുള്ളൊരു ഒളിച്ചോട്ടമായിരുന്നില്ല ആ പിന്‍മടക്കമെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റും. പിന്‍മാറുന്നതിന് മുമ്പ് സോവിയറ്റ് യൂണിയന്‍ , അഫ്ഗാന്‍ സര്‍ക്കാറിന്‍റെ സുരക്ഷയ്ക്ക് മുന്‍ തൂക്കം നല്‍കിയിരുന്നു. അതോടൊപ്പം യുഎസ്, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ, റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാൻ (1989) എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായും സോവിയറ്റ് യൂണിയന്‍ കരാര്‍ ഒപ്പിട്ടു. ഇതിന് ശേഷമായിരുന്നു സോവിയറ്റ് യൂണിയന്‍റെ സുരക്ഷിത പിന്‍വാങ്ങല്‍. അക്കാലം ചിത്രങ്ങളിലൂടെ കാണാം.
സോവിയറ്റ് യൂണിയന്‍റെ ആന്തരികമായ പ്രശ്നങ്ങളും അഫ്ഗാന്‍ യുദ്ധം നല്‍കിയ സാമ്പത്തീക പരാധീനതകളും സോവിയറ്റ് യൂണിയന്‍റെ പിന്‍മാറ്റത്തിന്‍റെ ആക്കം കൂട്ടി. അതിനായി ഗോര്‍ബച്ചേവിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളെയും കൂടെക്കൂട്ടേണ്ടതുണ്ടായിരുന്നു.
1985 ല്‍ റഷ്യയുടെ അഫ്ഗാന്‍ പിന്‍മാറ്റത്തെ കുറിച്ച് ആദ്യമായി ഗോര്‍ബച്ചേവ് റഷ്യന്‍ പോളിറ്റ് ബ്യൂറോയുടെ പിന്‍ന്തുണ തേടി. എങ്കിലും പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ 1989 വരെ കാത്തിരിക്കേണ്ടിവന്നു. ആ പിന്‍മടക്കം പക്ഷേ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ അന്താരാഷ്ട്ര അംഗീകാരം ഉറപ്പിച്ച് കൊണ്ടായിരുന്നു.
ഈ നാല് വര്‍ഷ കാലത്തിനുള്ളില്‍ ഗോര്‍ബച്ചേവിന് റഷ്യയിലെ സൈനിക രഹസ്യാന്വേഷണ ഏജൻസികളെയും അവയുടെ നേതൃത്വത്തെയും വ്യാവസായിക താത്പര്യങ്ങളെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞു. അതോടൊപ്പം അഫ്ഗാനിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യത്തെയും നയതന്ത്രപരമായി നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
എന്നാല്‍, 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത് വര്‍ഷത്തെ അധിനിവേശം ഉപേക്ഷിച്ചുള്ള ബെഡന്‍റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പിന്‍മടക്കം തീര്‍ത്തും ഒളിച്ചോട്ട സമാനമായിരുന്നെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനില്‍ നിന്നും പുറത്ത് വരുന്ന വര്‍ത്തകള്‍ തെളിവ് നല്‍കുന്നു.
എന്നാല്‍, 32 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സോവിയറ്റ് യൂണിയന്‍റെ പിന്‍വാങ്ങല്‍ ഏറെ സമാധാനപരമായിരുന്നു. എങ്കിലും അത് വിജയകരമായ ഒരു പിന്‍വാങ്ങലായിരുന്നില്ല. ഒരു പക്ഷേ സോവിയറ്റ് യൂണിയന്‍റെ അഫ്ഗാന്‍ പിന്‍വാങ്ങലിന്‍റെ ബാക്കിപത്രം കൂടിയാണ് ഇന്നത്തെ അഫ്ഗാന്‍റെ അവസ്ഥയെന്ന് പറയേണ്ടിവരും.
സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുമ്പോഴും അഫ്ഗാന്‍ എന്ന രാജ്യത്തിന്‍റെ സുരക്ഷയ്ക്കോ സമാധാനത്തിനോ അല്ല പ്രാധാന്യം നല്‍കിയിരുന്നത്. മറിച്ച് തങ്ങളുടെ സുഗമമായ പിന്‍മാറ്റത്തിനായിരുന്നു. പക്ഷേ അപ്പോഴും സാമാധാനത്തിനുള്ള സാധ്യതകള്‍ തേടാന്‍ സോവിയറ്റ് യൂണിയന്‍ മടിച്ചിരുന്നില്ലെന്ന് പറയാം.
അഫ്ഗാനില്‍ സോവിയറ്റ്-കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തെക്കാള്‍ സോവിയറ്റ് യൂണിയന്‍ , പ്രദേശിക ഗോത്ര വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരുന്നു. അഫ്ഗാനില്‍ സോവിയറ്റ് യൂണിയന്‍ പിന്തുടര്‍ന്ന 'ഗോത്ര ബോധം' തന്നെയാണ് അഫ്ഗാനെ നിലവിലെ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് നയിച്ചതെന്ന് പറയാം.
രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിന് പകരം വിമത ഗ്രൂപ്പുകളോട് സമാധാന ചര്‍ച്ചയ്ക്ക് പ്രേയരിപ്പിക്കുകയും സര്‍ക്കാരുമായി സമവായത്തിന് തയ്യാറാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു സോവിയറ്റ് യൂണിയന്‍ ചെയ്തത്. ഇത് ഗോത്ര ബോധത്തിന് വീണ്ടും ഊര്‍ജ്ജം പകരുന്നതായിരുന്നു. സോവിയറ്റ് യൂണിയന്‍റെ ഈ നീക്കം നല്ലൊരവസരത്തിനായി കാത്തിരിക്കാന്‍ ഗോത്ര നേതാക്കളെ പ്രേയരിപ്പിച്ചു.
അഫ്ഗാന്‍ മണ്ണില്‍ നിന്ന് ഗോത്ര ബോധത്തെ തുടച്ച് നീക്കതെ ഊട്ടിയുറപ്പിക്കുന്നതിമുള്ള സാധ്യതകള്‍ തുറന്ന് വച്ച സോവിയറ്റ് യൂണിയന്‍ , നയതന്ത്രപര പിന്‍മടക്കത്തില്‍ വിജയിച്ചെങ്കിലും അഫ്ഗാന്‍ അനുഭവിക്കാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നൊള്ളൂവെന്ന് ചരിത്രം തെളിയിച്ചു.
നജീബുള്ള ഗവൺമെന്‍റിനെ രാജ്യത്തെ വിമരുമായി അനുരഞ്ജനത്തിന് സോവിയറ്റ് യൂണിയന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അതിനായി പിന്‍മാറുമ്പോള്‍ അവശേഷിപ്പിക്കുന്ന ആയുധങ്ങളും മറ്റ് സഹായങ്ങളും അഫ്ഗാന്‍ സൈന്യത്തിന് കൈമാറാന്‍ തയ്യാറാണെന്നും സോവിയറ്റ് യൂണിയന്‍ പ്രഖ്യാപിച്ചു.
കബൂളിലും രാജ്യത്തെ മറ്റ് ചില മേഖലകളിലും നജീബുള്ളയ്ക്ക് ലഭിച്ച സ്വീകാര്യതയും നിയന്ത്രണവും അഫ്ഗാനില്‍ മുഴുവനുമുണ്ടാകുമെന്ന മിഥ്യാധാരണ സോവിയറ്റ് യൂണിയന്‍ ചാര സംഘടനയായിരുന്ന കെജിബി വച്ച് പുലര്‍ത്തിയിരുന്നെന്ന് കെജിബി ഫസ്റ്റ് ഡയറക്ടറേറ്റിന്‍റെ ഡെപ്യൂട്ടി ചീഫ് വാദിം കിർപിചെങ്കോ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
വിമത നേതാവും പിന്നീട് ദേശീയ ഹീറോയുമായ അഹ്മദ് ഷാ മസൂദുമായി സഖ്യമുണ്ടാക്കാനും അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കാനും സോവിയറ്റ് യൂണിയന്‍ നേതൃത്വം ശ്രമം നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി വിമതരുടെ നിരായുധീകരണം എന്ന ലക്ഷ്യത്തില്‍ നിന്ന് അഫ്ഗാന്‍ സര്‍ക്കാറിന് പിന്നോട്ട് പോകേണ്ടിവന്നു.
പിന്നാലെ 1987-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന പേരില്‍ നിന്ന് ഡെമോക്രാറ്റിക് എന്ന പദം മാറ്റപ്പെടുകയും റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടുകയും ചെയ്തു. ഇതോടെ അതുവരെ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഇസ്ലാമിക സ്വത്വം രാജ്യത്ത് പുനഃസ്ഥാപിക്കപ്പെട്ടു.
നജീബുള്ളയെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയും അംഗീകരിക്കാനും മുജാഹിദ്ദീനുകള്‍ക്ക് ആയുധം നല്‍കുന്നതില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാനും സോവിയറ്റ് യൂണിയന്‍ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങള്‍ ഒരു പരിധിവരെ മാത്രമേ വിജയം കണ്ടൊള്ളൂ.
കമ്മ്യൂണിസമോ മുതലാളിത്തമോ എന്ന ശീതയുദ്ധ സമരസിദ്ധാന്തത്തില്‍ അമേരിക്ക, തീവ്രമതബോധം വച്ച് പുലര്‍ത്തിയ മുജാഹിദ്ദീനുകളെ സഹായിക്കുന്നത് തുടര്‍ന്നതിന്‍റെ ബാക്കിപത്രം കൂടിയാണ് ഇന്നത്തെ അഫ്ഗാന്‍. അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും അഫ്ഗാനുമൊപ്പം ജനീവ കരാറില്‍ ഒപ്പുവച്ച പാകിസ്ഥാനും ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടിയ ഘടകമാണ്.
പാകിസ്ഥാന്‍ അതിര്‍ത്തി വഴി അഫ്ഗാനിലേക്കൊഴുകിയ അമേരിക്കന്‍ ആയുധങ്ങള്‍ പിന്നീട് അഫ്ഗാനെ കുടുതല്‍ ദുരുതക്കയത്തിലേക്ക് എത്തിച്ചത് മറ്റൊരു ചരിത്രം. ഗോര്‍ബച്ചേവ് 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണിച്ച ഒരു യുദ്ധനയതന്ത്ര മര്യാദയും ഇന്ന് ബെഡന്‍ ഭരണകൂടം കാണിച്ചിട്ടില്ലെന്നത് കൊണ്ട് തന്നെ താലിബാന് ആഴ്ചകള്‍ക്കുള്ളില്‍ അഫ്ഗാന്‍ പാര്‍ലമെന്‍റ് പിടിച്ചടക്കാന്‍ കഴിഞ്ഞു. ലോകരാജ്യങ്ങളോട് മൊത്തം അഫ്ഗാന്‍ ജനത താലിബാനില്‍ നിന്ന് രക്ഷിക്കാനായി നിലവിളിച്ചു. പക്ഷേ ആ നിലവിളി കേള്‍ക്കാന്‍ ഒരു രാജ്യവും തയ്യാറായില്ലെന്ന് മാത്രമല്ല, ചൈന താലിബാനെ സുഹൃത്തായി അംഗീകരിക്കുകയും ചെയ്തു. സ്വന്തം രാജ്യത്തിന്‍റെ വാണിജ്യം മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍ രാഷ്ട്രനേതൃത്വങ്ങള്‍ മനുഷ്യത്വത്തില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും നൂറ്റാണ്ട് പിറകിലേക്ക് പിന്‍മടക്കം നടത്തുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona