Kingfisher: നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ചത്, അനേക കാലത്തെ ആഗ്രഹം
അലൻ മക്‌ഫാഡിയന്‍ (Alan McFadyen) എന്ന ഫോട്ടോഗ്രാഫര്‍ തന്‍റെ ഇഷ്ട പക്ഷിയായി കരുതുന്നത് 'മീന്‍കൊത്തി' എന്ന് നമ്മള്‍ വിളിക്കുന്ന കിംഗ് ഫിഷറിനെയാണ് (Kingfisher). ലോകത്തിന്‍റെ പല ഭാഗത്തായി കിംഗ് ഫിഷറുകള്‍ പല വര്‍ണ്ണത്തിലുള്ളവയുണ്ട്. അതിനാല്‍ തന്നെ ലോകമെങ്ങ് നിന്നും കിംഗ് ഫിഷറിന്‍റെ നിരവധി ഫോട്ടോകള്‍ ലഭിക്കും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ചിത്രം തനിക്ക് വേണമെന്നത് കുട്ടിക്കാലത്തെയുള്ള ആഗ്രഹമായിരുന്നെന്ന് അലന്‍ പറയുന്നു. ഒടുവില്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അലന്‍ തന്‍റെ ആഗ്രഹത്തിനൊത്ത ഒരു ചിത്രം പകര്‍ത്തി. ചിത്രം ലോകമെങ്ങും വ്യാപകമായി ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കപ്പെട്ടു.
ഒറ്റ കാഴ്ചയില്‍ രണ്ട് മീന്‍കൊത്തികള്‍ തമ്മില്‍ കൊക്കുകള്‍ പരസ്പരം മുട്ടിക്കുന്നതായി തോന്നും. എന്നാല്‍ അതെങ്ങനെ സാധ്യമാകുമെന്ന് അടുത്ത നിമിഷം നമ്മള്‍ സ്വയം സംശയാലുവാകുന്നു. കാരണം, ഒരു മീന്‍കൊത്തി തലകീഴായി പറക്കുമ്പോള്‍ മറ്റേത് അതിന് നേരെ എതിരായി നില്‍ക്കുന്നു.
അതെ, അത് പ്രതിഫലനമാണ്. മീന്‍കൊത്താനായി പറന്നിറങ്ങുന്ന മരം കൊത്തി, ജലോപരിതലത്തില്‍ തന്‍റെ കൊക്കുകള്‍ മുട്ടിക്കുന്ന നിമിഷം, അല്ല അതിലും ചെറിയൊരു നിമിഷം. ആ പക്ഷിയുടെ ജലോപരിതലത്തിലെ പ്രതിഫലനമാണ് കാഴ്ചക്കാരനെ ആദ്യം തെറ്റിദ്ധരിപ്പിച്ചത്.
അത്ര അനായാസതയോടെയല്ല ഈ ചിത്രം പകര്‍ത്തിയതെന്ന് അലന്‍ പറയുന്നു. ആ ചിത്രത്തിന് പിന്നില്‍ നീണ്ട നാളുകളുടെ കാത്തിരിപ്പുണ്ട്. സാധാരണയായി ചെറിയ പക്ഷികൾക്ക് പറന്നിറങ്ങുമ്പോള്‍ ഏകദേശം 25 മൈൽ വേഗതയിൽ പറക്കാന്‍ കഴിയും ഇത്രയും വേഗതയില്‍ പറക്കുന്ന പക്ഷിയുടെ ചിത്രം പകര്‍ത്തുകയെന്നത് ഏറെ ശ്രമകരമാണ്.
ഈ വേഗത കാരണം പലപ്പോഴും ഒരു സെക്കന്‍റിൽ 10 ഫ്രെയിമുകളുള്ള ആക്ഷൻ ഫോട്ടോ എടുക്കാൻ മതിയാകില്ലെന്ന് മക്ഫാഡിയൻ പറയുന്നു. കാരണം മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയുന്നതിനേക്കാൾ വളരെ വേഗത്തിൽ, അതായത് ഒരു സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ അവ ജലത്തിലേക്ക് പറന്നിറങ്ങുകയും മീനുമായി തിരികെ പറക്കുകയും ചെയ്യുന്നു.
സ്‌കോട്ട്‌ലൻഡിലെ കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് അദ്ദേഹത്തിന്‍റെ ഈ കിംഗ്ഫിഷർ സ്നേഹം. അലനെ സംബന്ധിച്ച് കിംഗ്ഫിഷറുകൾ യുകെയിലെ അതുല്യ പക്ഷികളാണ്.
ഇളം നിറമുള്ള പക്ഷികൾ ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് കൂടുതൽ അനുയോജ്യമാണെന്ന് അദ്ദേഹം പറയുന്നു. ഏകദേശം 7,20,000 എക്‌സ്‌പോഷറുകളും 4,200 മണിക്കൂറുകളും തനിക്കിഷ്ടപ്പെട്ട പടമെടുക്കാനായി ചെലവഴിച്ചതായി അദ്ദേഹം പറയുന്നു.
4,200 മണിക്കൂർ എന്നാൽ 5 മുതൽ 6 മാസം വരെ സമയം. എന്നാൽ, യഥാർത്ഥത്തിൽ ഫോട്ടോഗ്രാഫറായുള്ള തന്‍റെ 6 വർഷക്കാലം മുഴുവനും താന്‍ ഇവയ്ക്ക് പുറകെയായിരുന്നുന്നെന്ന് അദ്ദേഹം തുറന്ന് പറയുന്നു.
ഷട്ടർ സ്പീഡ് 1/5000 ആക്കി നീണ്ട കാത്തിരിപ്പിനൊടുവിലാണ് തന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് പകര്‍ത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
കിംഗ്ഫിഷറിന്‍റെ ദൃശ്യം പ്രതിഫലിക്കുന്ന ചിത്രം തനിക്ക് വ്യക്തിപരമായ ഏറെ പ്രിയപ്പെട്ടതാണെന്നും അലന്‍ പറയുന്നു.