പ്രസിഡന്‍റിനും മുകളില്‍, ഇനി 'നമ്മുടെ ഭരണാധികാരി'; റഷ്യയില്‍ പുടിനെ മഹത്വവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ ശക്തം
പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍ (President Vladimir Putin), കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി റഷ്യന്‍ രാഷ്ട്രീയത്തില്‍ ഏകാധിപത്യ ഭരണമാണ് നിലനിര്‍ത്തുന്നത്. രാജ്യത്ത് അദ്ദേഹത്തിന്‍റെ സ്വേച്ഛാധിപത്യം അതിന്‍റെ പരമകാഷ്ഠയിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ റഷ്യന്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന പുടിന്‍ തന്‍റെ സ്വേച്ഛാധിപത്യത്തിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്ന്. തന്‍റെ രാഷ്ട്രീയ ലക്ഷ്യത്തിനായി യുക്രൈനെ അക്രമിക്കാന്‍ മടികാണിക്കാതിരുന്ന പുടിന്‍, ലോക രാഷ്ട്രങ്ങളെല്ലാം നിയന്ത്രണങ്ങളും ഉപരോധങ്ങളും ഉയര്‍ത്തി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പുടിന്‍റെ അപ്രമാധിത്വത്തെ അംഗീകരിക്കാന്‍ ഇന്ന് രാജ്യത്തെ ജനങ്ങളോട് അദ്ദേഹത്തന്‍റെ സഖ്യ കക്ഷികള്‍ ആവശ്യപ്പെടുന്നിടം വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.
Vladimir Putin
റഷ്യന്‍ ഭരണത്തിലെ സഖ്യകക്ഷികൾ വ്‌ളാഡിമിർ പുടിനെ നിലവിലെ 'പ്രസിഡന്‍റ്' (President) എന്നതിനേക്കാൾ രാജ്യത്തിന്‍റെ 'ഭരണാധികാരി' (Pravitel) എന്ന് അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയാണ് (Liberal Democratic Party) റഷ്യൻ ഭരണാധികാരിയെ അഭിസംബോധന ചെയ്യാന്‍ പുതിയ പദം ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചത്.
കാരണം, അത് പുടിന്‍റെ പദവിക്ക് കൂടുതൽ അനുയോജ്യമാണെന്നാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കണ്ടെത്തല്‍. റഷ്യന്‍ പാർലമെന്‍റില്‍ 450-ൽ 22 സീറ്റുകളാണ് ഈ വലതുപക്ഷ ഭരണകക്ഷിക്കുള്ളത്. റഷ്യ തങ്ങളുടെ ആശയങ്ങള്‍ സൗമ്യമായി പ്രചരിപ്പിക്കാനും അതിലൂടെ പ്രസിഡന്‍റിന്‍റെ ജനപ്രീയതയുടെ ആഴം അളക്കാനുമുള്ള ശ്രമമാണിതെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു.
കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷി രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ നൂറ് കണക്കിന് ഉത്പന്നങ്ങളുടെ വാണിജ്യ ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മൂലം റഷ്യയില്‍ നിരവധി അടിസ്ഥാന സാധനങ്ങള്‍ക്ക് വില കുത്തനെ ഉയര്‍ന്നെന്നും രാജ്യത്തെ സാധാരണക്കാരുടെ ജനജീവിതം ദുസഹമായെന്നും പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ ആരോപണത്തെ മറിക്കടക്കാനും രാജ്യത്തെ ജനത തങ്ങളുടെ ഭരണാധികരിക്ക് പുറകില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെന്നും ലോക രാജ്യങ്ങളെ കാണിക്കാനാണ് പുതിയ നീക്കമെന്നും പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധത്തെ മറിക്കടക്കുന്നതിന് തദ്ദേശീയ ഉത്പന്നങ്ങളുടെ ഉത്പാദനം റഷ്യ വര്‍ദ്ധിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.
നിലവില്‍ പുടിന്‍റെ 'പ്രസിഡന്‍റ്' പദവി യഥാർത്ഥത്തിൽ 18-ാം നൂറ്റാണ്ടിൽ യുഎസിൽ ആദ്യമായി രൂപപ്പെടുത്തിയതാണെന്ന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി റഷ്യൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാദിച്ചെന്ന് ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. 'നമ്മുടെ ഭരണാധികാരി' (Our Ruler - Pravitel) എന്ന വാക്ക് അതിന്‍റെ സ്വേച്ഛാധിപത്യ അർത്ഥങ്ങൾക്കിടയിലും ഉപയോഗിക്കണമെന്നാണ് ലിബറൽ ഡെമോക്രാറ്റിക്കുകള്‍ വാദിക്കുന്നത്.
റഷ്യന്‍ രാഷ്ട്രീയ നേതാവായിരുന്ന വ്‌ളാഡിമിർ ഷിരിനോവ്‌സ്‌കി (Vladimir Zhirinovsky)യാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപകന്‍. മരണം വരെ അദ്ദേഹം തന്നെയായിരുന്നു പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവും. 2021 ഡിസംബർ 22 ന് റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഫെബ്രുവരി 22 ന് ആരംഭിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് വ്‌ളാഡിമിർ ഷിരിനോവ്‌സ്‌കിയാണ്.
ഫെബ്രുവരി ഫെബ്രുവരി 23 ന് വൈകുന്നേരത്തോടെ ആരംഭിച്ച അധിനിവേശം പൂര്‍ണ്ണാര്‍ത്ഥത്തില്‍ തുടങ്ങിയത് ഫെബ്രുവരി 24 നും. നിരവധി വിവാദങ്ങൾക്കും നാറ്റോയ്‌ക്കെതിരായ റഷ്യൻ സൈനിക നടപടിക്ക് വേണ്ടിയും ശക്തമായി വാദിച്ചിരുന്നയാളാണ് വ്‌ളാഡിമിർ ഷിരിനോവ്‌സ്‌കി. യുക്രൈന്‍ അധിനിവേശത്തോടെയാണ് റഷ്യ തങ്ങളുടെ വിദേശ നയത്തില്‍ പുതിയ ദിശയ്ക്ക് തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചിരുന്നു.
സ്റ്റേറ്റ് ഡുമയിലെ ഷിറിനോവ്‌സ്‌കിയുടെ അവസാനത്തെ പ്രസംഗമായിരുന്നു 2021 ഡിസംബർ 22 ന് നടന്നത്. ആ സമയത്ത് പുടിൻ പുറത്ത് വിടാന്‍ ആഗ്രഹിക്കാത്തത് സ്വയം ഏറ്റെടുത്ത് പ്രഖ്യാപിച്ച ഷിറിനോവ്‌സ്‌കിയുടെ നടപടിയോട് പുടിന് നീരസമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു 2022 ഏപ്രില്‍ ആറിന് ഷിറിനോവ്‌സ്‌കിയുടെ അപ്രതീക്ഷിത മരണം.
Vladimir Putin
വ്‌ളാഡിമിർ ഷിരിനോവ്‌സ്‌കി മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ശവസംസ്‌കാര ചടങ്ങിൽ പുടിന്‍റെ സജീവ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രകോപനപരമായ വാക്കുകള്‍ക്കും പാശ്ചാത്യ വിരുദ്ധതയ്ക്കും പേരുകേട്ടയാളാണ് ഷിറിനോവ്‌സ്‌കി, പലപ്പോഴും നാറ്റോയെ റഷ്യന്‍ സൈന്യം ആക്രമിക്കണമെന്ന് വാദമുയര്‍ത്തിയിരുന്നു. ഈ പാശ്ചാത്യ വിരോധം മുപ്പത് വര്‍ഷത്തോളം അദ്ദേഹത്തെ റഷ്യന്‍ രാഷ്ട്രീയത്തിന്‍റെ മുന്‍നിരയില്‍ തന്നെ നിര്‍ത്തി.
1613 മുതൽ 1917 വരെയുള്ള മൂന്ന് നൂറ്റാണ്ട് കാലം സര്‍ ചക്രവര്‍ത്തിമാരായിരുന്ന റൊമാനോവ് കുടുംബത്തിന്‍റെ സമ്പൂർണ നിയന്ത്രണത്തിലായിരുന്ന രാജ്യത്ത് 'ഏകാധിപത്യത്തിന്' ആഴമേറിയതും ശക്തവുമായ ചരിത്രമുണ്ട്. യുഎസ്എസ്ആര്‍ ആയിരുന്ന കാലത്തും രാജ്യത്തെ ഏകാധിപത്യ ഭരണ സ്വഭാവത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ലെന്ന് ചരിത്രം തന്നെ തെളിവ് നല്‍കുന്നു.
Vladimir Putin
കഴിഞ്ഞ നൂറ്റാണ്ടുകളിലെ രാഷ്ട്രീയ ചരിത്രത്തിന്‍റെ തുടര്‍ച്ച തന്നെയാണ് ഇന്നത്തെ റഷ്യയില്‍ അരങ്ങേറുന്നത്. സര്‍ പദവിക്കും ഭരണാധികാരി എന്നതിനും സമാനമായ അര്‍ത്ഥം വഹിക്കാന്‍ കഴിയുമെങ്കിലും അത് സാധാരണയായി 'ചക്രവര്‍ത്തി'മാരെ സൂചിപ്പിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്.
'ഭരണാധികരിക്ക്' പകരം 'പ്രസിഡന്‍റ് 'എന്ന് പദവി റഷ്യയില്‍ സാര്‍വത്രികമായത് സോവിയറ്റ് യൂണിയന്‍റെ അവസാന കാലത്ത് മിഖായേൽ ഗോർബച്ചേവ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. അതിനുമുമ്പ്, സോവിയറ്റ് യൂണിയന്‍ നേതാക്കൾ, 'കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ' അല്ലെങ്കിൽ 'ജനറൽ സെക്രട്ടറി' എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.
Vladimir Zhirinovsky
പുടിന്‍റെ രാഷ്ട്രീയ വിമർശകർ വാദിക്കുന്നത് അദ്ദേഹത്തിന് ഇപ്പോള്‍ തന്നെ റഷ്യയുടെ സമ്പൂർണ അധികാരമുണ്ടെന്നും ഒരു 'സ്വേച്ഛാധിപത്യ സർ' എന്ന നിലയിലാണ് പുടിന്‍ രാജ്യത്തെ ഭരണം നിയന്ത്രിക്കുന്നതെന്നുമാണ്. ഇതിനിടെയാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഈ വാദത്തെ മറയില്ലാതെ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നിലേക്ക് വയ്ക്കുന്നത്. അതിനിടെ റഷ്യയുടെ കരുതല്‍ യുദ്ധോപകരണങ്ങളും യുക്രൈന്‍ അതിര്‍ത്തിയിലേക്ക് മാറ്റുകയാണെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈന്‍റെ മണ്ണില്‍ റഷ്യന്‍ അധിനിവേശത്തിന് തുടക്കമിട്ടിട്ട് നീണ്ട അഞ്ച് മാസം പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് രാജ്യത്തെ ഭരണാധികാരിയെന്ന വിശേഷണത്തിന് പുടിന്‍ യോഗ്യനാണെന്ന വാദങ്ങള്‍ റഷ്യയില്‍ ശക്തിപ്രാപിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അഞ്ച് മാസത്തിനിടെ ലോകത്തിലെ സൈനിക ശക്തിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയ്ക്ക് കാര്യമായ വിജയം യുക്രൈന് മേല്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും മറ്റൊരു യാഥാര്‍ത്ഥ്യം.
Vladimir Putin
കിഴക്കന്‍ യുക്രൈനിലെ പല പ്രദേശങ്ങളും പിടിച്ചെടക്കിയെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും ഇവിടെയെല്ലാം അവശേഷിക്കുന്ന സാധാരണക്കാര്‍ അടക്കമുള്ളവര്‍ റഷ്യന്‍ സൈന്യത്തിന് നേരെ ഒളിയുദ്ധത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈനികളുടെ ഒളിയുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടിയാണ് പലപ്പോഴും നേരിടുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'റഷ്യ രാജ്യത്തുടനീളമുള്ള റിസർവ് സേനയെ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് മാറ്റുകയാണെന്നും ഭാവിയിലെ ആക്രമണ പ്രവർത്തനങ്ങൾക്കായി യുക്രൈന് സമീപത്ത് ഇവരെ നിലയുറപ്പിക്കാനാണ് ഈ നീക്കമെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. റഷ്യ തങ്ങളുടെ കരുതല്‍ സൈന്യത്തെ വിന്യസിക്കുന്നുണ്ടെങ്കിലും അവ കാലഹരണപ്പെട്ടതാണെന്നും ബ്രിട്ടീഷ് പ്രതിരോധ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
യുക്രൈന്‍ അതിര്‍ത്തിയിലേക്ക് നീക്കുന്ന പല സൈനികോപകരണങ്ങളും കാലഹരണപ്പെട്ടതോ അനുചിതമോ ആയ ഉപകരണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതേ സമയം നാറ്റോയുടെ നേതൃത്വത്തിലും അതല്ലാതെയും നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈനിലേക്ക് അത്യാധുനീക സൈനിക ഉപകരണങ്ങള്‍ ഇടമുറിയാതെ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
അഞ്ച് മാസം നീണ്ട യുദ്ധത്തിനിടെ സൈനിക ശക്തിയില്‍ 22 -ാം സ്ഥാനം മാത്രമുണ്ടായിരുന്ന യുക്രൈനെ പരാജയപ്പെടുത്താന്‍ കഴിയാത്തത് രാജ്യത്തിനകത്ത് പ്രസിഡന്‍റിനെതിരെയുള്ള വികാരം ശക്തമാക്കിയേക്കാം എന്ന് റഷ്യ ഭയക്കുന്നു. ഈ ഭയത്തെ മറികടക്കാനാണ് പ്രസിഡന്‍റ് എന്ന അഭിസംബോധനയ്ക്ക് പകരം ഭരണാധികാരി എന്ന വാക്ക് ഉപയോഗിക്കാനുള്ള ആഹ്വാനങ്ങള്‍ ഉയരുന്നതെന്നും പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.