Bangladesh ferry blaze: ഓടിക്കൊണ്ടിരുന്ന ഫെറി കത്തിയമര്‍ന്നു; 150 പേര്‍ക്ക് പരിക്ക് , 39 മരണം
ഇന്നലെ പുലര്‍ച്ചെ (24.12.'21) തലസ്ഥാനമായ ധാക്കയിൽ (Dhaka) നിന്ന് ബർഗുന പട്ടണത്തിലേക്ക് (Barguna town) പോകുമ്പോൾ മൂന്ന് തട്ടുകളുള്ള ചെറു കപ്പലിലുണ്ടായ (ഫെറി - ferry) തീ പിടിത്തത്തില്‍ 39 ഓളം പേര്‍ മരിച്ചു. 500 യാത്രക്കാരാണ് എംവി അവിജൻ-10 ( MV Avijan-10) എന്ന ചെറു കപ്പലിലുണ്ടായിരുന്നത്. ജലകാത്തി പട്ടണത്തിന് സമീപത്ത് വച്ച് ബിഷ്ഖാലി നദിയുടെ (Bishkhali river) മദ്ധ്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പുലര്‍ച്ചയോടെയാണ് കപ്പലിന് തീപിടിച്ചത്. 37 മൃതദേഹങ്ങള്‍ ഇതുവരെയായി കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക പൊലീസ് മേധാവി മൊയ്‌നുൽ ഇസ്ലാം അറിയിച്ചു. ധാക്കയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവരായിരുന്നു യാത്രക്കാരെന്നാണ് ലഭ്യമായ വിവരം. 310 പേരെ ഉള്‍ക്കാവുന്ന ബോട്ടില്‍ 500 ഓളം പേരുണ്ടായിരുന്നതായി കരുതുന്നു. പുലര്‍ച്ച മൂന്ന് മണിയോടെ എഞ്ചിന്‍ റൂമില്‍ നിന്ന് തീ പടരുകയായിരുന്നെന്ന് കരുതുന്നു.
എഞ്ചില്‍ റൂമില്‍ നിന്ന് തീയാളിക്കത്തിയതോടെ ഭയചികിതരായ യാത്രക്കാര്‍ കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. നീന്തലറിയാത്തതിനാല്‍ പലരും മുങ്ങി മരിക്കുകയായിരുന്നു. 39 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ലോക്കൽ പൊലീസ് മേധാവി മൊയ്‌നുൽ ഇസ്ലാം എഎഫ്‌പിയോട് പറഞ്ഞു
ധാക്കയിൽ നിന്ന് 250 കിലോമീറ്റർ തെക്ക് ജാലകത്തിക്ക് സമീപമുള്ള ഒരു നദിയിൽ ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചവരിലേറെയും ദരിദ്രരായ ഗ്രാമീണവാസികളാണ്. പ്രാദേശിക സമയം പുലർച്ചെ 3 മണിയോടെയാണ് എഞ്ചില്‍ റൂമില്‍ കണ്ട തീ, പെട്ടെന്ന് തന്നെ മറ്റ് ഭാഗങ്ങളിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു.
തീ കണ്ട് പരിഭ്രാന്തരായി ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. പൊള്ളലേറ്റ 150 ഓളം പേരെബാരിസാലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്ന് മൊയ്‌നുൽ ഇസ്ലാം പറഞ്ഞു.
'താഴത്തെ നിലയിലെ ഡെക്കിൽ ഒരു പായ വിരിച്ചാണ് ഞങ്ങൾ ഉറങ്ങിയിരുന്നത്. മറ്റ് യാത്രക്കാരെല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. എന്‍റെ ഒമ്പത് വയസ്സുള്ള ചെറുമകൻ നയീം എന്നോടൊപ്പം ഉണ്ടായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് അവൻ നദിയിലേക്ക് ചാടി. അവന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,' പ്രായമായ ഒരു മുത്തശ്ശി പറഞ്ഞു.
വ്യാഴാഴ്ച രാത്രി 9 മണിക്ക് ധാക്കയിലെ സദർഘട്ട് റിവർ സ്റ്റേഷനിൽ നിന്നാണ് പുറപ്പെട്ടതായിരുന്നു ഫെറി. എഞ്ചിൻ റൂമിൽ ചെറിയ തീപിടുത്തം കണ്ടതായി രക്ഷപ്പെട്ട മറ്റുള്ളവർ പറഞ്ഞു. തീ പടർന്നതിനെത്തുടർന്ന് നിരവധി ആളുകൾ സുരക്ഷയ്ക്കായി ഓടി.
എന്നാല്‍, പലർക്കും ഉറങ്ങിക്കിടന്ന ക്യാബിനുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ചിലര്‍ നദിയിലേക്ക് ചാടി,' ബാരിസൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിജീവിച്ച മറ്റൊരാൾ പറഞ്ഞു. തീപിടിച്ച് ഒരു മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചതായി പ്രാദേശിക ജില്ലാ ഭരണാധികാരി ജോഹർ അലി പറഞ്ഞു.
'ഞങ്ങൾ യാത്രക്കാരുമായി സംസാരിച്ചു. 500 നും 700 നും ഇടയിൽ യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു,' ജോഹർ അലി എഎഫ്‌പിയോട് പറഞ്ഞു. 'തീ അണയ്ക്കുന്നതിന് മുമ്പ് നാലോ അഞ്ചോ മണിക്കൂർ തീ ആളിപ്പടര്‍ന്നിരിക്കാനാണ് സാധ്യത. തീ പിടിത്തത്തില്‍ ഫെറി ഏതാണ്ട് മുഴുവനായും കത്തി നശിച്ചു.
പുലര്‍ച്ചയോടെ നദിയുടെ മദ്ധ്യത്തിലൂടെ പോകുന്ന് ഫെറിയില്‍ നിന്ന് തീ ഉയരുന്നത് കരയില്‍ നിന്നിരുന്ന ചിലര്‍ കാണുകയും അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനാ സേനയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നെന്ന് ജോഹർ അലി പറഞ്ഞു.
കത്തിനശിച്ച മോട്ടോർ സൈക്കിളുകളുടെയും ബോട്ടിനുള്ളിലെ കത്തിനശിച്ച ക്യാബിനുകളുടെയും ചിത്രങ്ങൾ പ്രാദേശിക ടെലിവിഷൻ കാണിച്ചു. അഗ്‌നിശമന സേനയും കോസ്റ്റ് ഗാർഡ് മുങ്ങൽ വിദഗ്ധരും ചെളി നിറഞ്ഞ നദിയില്‍ തിരഞ്ഞപ്പോൾ കരയില്‍ വലിയ ജനക്കൂട്ടവും ഉണ്ടായിരുന്നു.
ബ്രഹ്മപുത്രയുടെ അഴിമുഖമായ മേഘ്ന നദി (Meghna River) അടക്കം ബിഷ്ഖാലി നദി (Bishkhali River), ടെറ്റൂലിയ നദി (Tetulia River), അർപങ്കാസിയ നദി (Arpangasia River), ബാലസ്വർ നദി (Balaswar River), പേറ നദി (Payra River) തുടങ്ങി ചെറുതും വലുതുമായ പത്ത് പതിനഞ്ചോളം നദികളുടെ എക്കല്‍ അടിഞ്ഞാണ് ബംഗ്ലാദേശിന്‍റെ തീര രൂപപ്പെട്ടിട്ടുള്ളത്.
ഇത്രയേറെ നദികള്‍ സമുദ്രത്തിലേക്ക് എത്തിച്ചേരുന്ന തീരദേശമായതിനാല്‍ ഇവിടെ പ്രധാനമായും ബോട്ടുകളാണ് സഞ്ചാരത്തിനായി കൂടുതലും ആശ്രയിക്കുന്നത്. എന്നാല്‍ ബോട്ട് സര്‍വ്വീസുകളില്‍ ഏതാണ്ട് ഭൂരിപക്ഷവും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത കണ്ടം ചെയ്യേണ്ടവയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബോട്ടുകളുടെ കലപ്പഴക്കവും നദിയുടെ കുത്തൊഴുക്കും മൂലം ബംഗ്ലാദേശില്‍ ബോട്ട് അപകടങ്ങള്‍ പതിവാണ്. 170 ദശലക്ഷം ജനങ്ങളുള്ള ബംഗ്ലാദേശിലെ ബോട്ടപകടങ്ങളില്‍ പകുതിയും അറ്റകുറ്റപ്പണികൾ, കപ്പൽശാലകളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തത, വാഹനങ്ങളിലെ തിരക്ക് എന്നിവ കൊണ്ടാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും പ്രശ്നപരിഹാരം മാത്രമുണ്ടാകുന്നില്ലെന്ന് നിരന്തരം പരാതിയുയരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ യാത്രരുമായിവന്ന ബോട്ടും മണൽ നിറച്ച ചരക്ക് കപ്പലും കൂട്ടിയിടിച്ച് 21 പേര്‍ മരിച്ചിരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 54 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ധാക്കയിൽ ഒരു ഫെറിയുടെ പിന്നിൽ നിന്ന് മറ്റൊരു ഫെറിയിൽ ഇടിച്ചതിനെ തുടർന്ന് 32 പേരാണ് മുങ്ങി മരിച്ചത്.
2015 ഫെബ്രുവരിയിൽ, തിങ്ങിനിറഞ്ഞ കപ്പൽ ഒരു ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് 78 പേര്‍ മരിച്ചു. വെള്ളത്തില്‍ മാത്രമല്ല, കരയിലെ അപകടങ്ങളിലും ബംഗ്ലാദേശ് മുന്നിലാണ്. ജൂലൈയിൽ, ധാക്കയ്ക്ക് പുറത്തുള്ള വ്യാവസായിക നഗരമായ രൂപ്ഗഞ്ചിലെ ഭക്ഷണ-പാനീയ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 52 പേരാണ് വെന്ത് മരിച്ചത്.
2019 ഫെബ്രുവരിയിൽ രാസവസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചിരുന്ന ധാക്കയിലെ അപ്പാർട്ടുമെന്റുകളിൽ തീപിടുത്തത്തിൽ 70 പേരെങ്കിലും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യാ വര്‍ദ്ധനവും സുരക്ഷാ വീഴ്ചയുമാണ് അപകടങ്ങള്‍ കൂട്ടുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. അപകടം നടന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അത്യാധുനീക സംവിധാനങ്ങളില്ലാത്തത് മരണ സംഖ്യ ഉയരാന്‍ മറ്റൊരു കാരണമാകുന്നു.