Sri Lankan crisis: രാജി വച്ച് പുറത്ത് പോകൂ; പ്രസിഡന്‍റിനോട് ശ്രീലങ്കന്‍ ജനത ആവശ്യപ്പെടുന്നു
1948-ൽ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയിൽ രോഷം ആളിപ്പടരുകയാണ്. കടമെത്രവാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്ത പ്രസിഡന്‍റിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി ശ്രീലങ്കന്‍ ജനത തെരുവുകളില്‍ നിറയുന്നു. 'ഗോ ഹോം ഗോട്ട' (Go home Gota) എന്നാണ് ഇന്ന് ശ്രീലങ്കന്‍ തെരുവുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രതിഷേധ സ്വരം. കനത്ത വേനലിനിടെയിലും 13 മണിക്കൂര്‍ പവര്‍ കട്ടുകൂടി വന്നതോടെ ജനം അക്ഷരാര്‍ത്ഥത്തില്‍ വലയുകയാണ്. അതിനിടെ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതും ജനജീവിതം ദുസഹമാക്കി. പൊറുതിമുട്ടിയ ജനം തെരുവുകളിലിറങ്ങി. അറബ് വസന്തമെന്ന് അറിയപ്പെടുന്ന മുല്ലപ്പൂ വിപ്ലവത്തന്‍റെ മാതൃകയില്‍ ശ്രീലങ്കയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
ജനജീവിതം ദുസഹമായതോടെ ശ്രീലങ്കയില്‍ അവിടിവിടെയായി പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മിരിഹനയില്‍ നടന്ന പ്രതിഷേധങ്ങള്‍ കലാപത്തിന്‍റെ വക്കോളമെത്തി. തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയ ജനങ്ങള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു.
ഇതേ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. നാളെ അതിശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ നാളത്തെ പ്രതിഷേധത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ച് നേരിടില്ലെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.
ഇന്നലെയും കോളംബോയില്‍ നിന്നുള്ള പ്രധാന റോഡുകളെല്ലാം സമരക്കാര്‍ ഉപരോധിച്ചിരുന്നു. മോറത്തുവ മേയറുടെ വസതിക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. ഡീസല്‍ ക്ഷാമം ഉണ്ടായതോടെ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങാതെയായി.
സര്‍ക്കാര്‍ വില്‍പന കേന്ദ്രങ്ങളില്‍ ഡീസലില്ലെങ്കിലും ബ്ലാക്ക് മാര്‍ക്കറ്റില്‍ ഡീസല്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഇരട്ടിയോളമാണ് വില. വ്യാഴാഴ്ച നടന്ന കലാപത്തെ തുടര്‍ന്ന് 55 പേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി ആരോപണമുയര്‍ന്നു.
കലാപത്തിനിടെ 2 മാധ്യമപ്രവര്‍ത്തകരും 5 പൊലീസുകാരും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. അതിനിടെ അറസ്റ്റ് ചെയ്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണമുയര്‍ന്നു. ഇതോടെ 300 ഓളം അഭിഭാഷകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത് നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്.
പ്രതിഷേധക്കാര്‍ക്ക് നേരെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. ഇതോടെ സര്‍ക്കാര്‍ നിലപാട് മാറ്റി രംഗത്തെത്തി. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രതിപക്ഷ കക്ഷികളുടെ ആഹ്വാനമില്ലാതെ തന്നെ ജനം തെരുവിലിറങ്ങിയത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. ഒരു പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു. പ്രസിഡന്‍റും മന്ത്രിസഭയും രാജിവച്ച് ഇടക്കാലെ സര്‍ക്കാറിനെ നിയമിക്കണമെന്ന് രാജ്യത്തെ 11 പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ശ്രീലങ്കന്‍ രൂപയുടെ തകര്‍ച്ച ഏറ്റവും വലിയ ഉയരത്തിലെത്തി. കഴിഞ്ഞ ദിവസം കരിഞ്ചന്തയില്‍ ഒരു ഡോളറിന് 400 ശ്രീലങ്കന്‍ രൂപയായിരുന്നു വില. ഓഹരി വിപണി കൂപ്പു കുത്തിയതിനെ തുടര്‍ന്ന് ഓഹരി വിപണി നിര്‍ത്തിവച്ചു. ജനുവരിക്ക് ശേഷം 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഇതിനിടെ ആശ്വാസമായി 12 മണിക്കൂര്‍ പവര്‍ക്കട്ട് എട്ടര മണിക്കൂറായി കുറച്ചു. ഐഎംഎഫ് ശ്രീലങ്കയുടെ വായിപാ അപേക്ഷ പരിശോധിക്കുകയാണെന്ന് പറഞ്ഞതും അല്‍പം ആശ്വാസത്തിന് വക നല്‍കുന്നു. എന്നാല്‍ പെട്ടെന്ന് പരിഹാരം കാണാവുന്ന ഒന്നല്ല ശ്രീലങ്കന്‍ സാമ്പത്തിക വ്യവസ്ഥയെന്നത് ആശങ്കയെ നിലനിര്‍ത്തുന്നു.