'എല്‍സ'യ്ക്ക് മുന്നേ അവശേഷിച്ച ചാംപ്ലെയ്ന്‍ ടവറും പൊളിച്ചു; കണ്ടെത്താനുള്ളത് 117 പേരെ
മിയാമി ബീച്ചിന്‍റെ സർഫ്സൈഡ് മേഖലയ്ക്ക് തെക്ക് തലയുയര്‍ത്തി നിന്നിരുന്ന ചാംപ്യന്‍ ടവേഴ്സ് സൗത്ത് കെട്ടിടത്തിനിടെയില്‍പ്പെട്ട് മരിച്ച 28 പേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. അപ്പോഴും 117 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനിടെ ഫ്ലോറിഡയില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റായ എല്‍സ ശക്തിപ്രാപിച്ചതോടെ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടായി. സൗത്ത് ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. മിന്നൽ കാരണം തിങ്കളാഴ്ച വൈകുന്നേരം നിരവധി തവണ തിരച്ചിൽ താൽക്കാലികമായി നിർത്തിയതായി മിയാമി-ഡേഡ് കൗണ്ടി മേയർ ഡാനിയേൽ ലെവിൻ കാവ പറഞ്ഞു. തകരാതെ ബാക്കി നിന്നിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി രക്ഷാപ്രവര്‍ത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
തകർന്ന കെട്ടിടാവശിഷ്ടത്തില്‍ നിന്ന് 4.8 ദശലക്ഷം പൗണ്ട് കോൺക്രീറ്റ് നീക്കം ചെയ്തതായി ലെവിൻ കാവ അറിയിച്ചു. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ട്. രക്ഷാപ്രവർത്തകർ ഒരു സ്റ്റെയർവെൽ വിഭാഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മിയാമി-ഡേഡ് അസിസ്റ്റന്റ് ഫയർ ചീഫ് റെയ്ഡ് ജഡല്ല പറഞ്ഞു.
ഫ്ലോറിഡയില്‍ വീശുമെന്ന് കരുതിയ ഉഷ്ണമേഖലാ കൊടുങ്കാറ്റായ എല്‍സ നിലവില്‍ പടിഞ്ഞാറോട്ടാണ് സഞ്ചരിക്കുന്നതെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എങ്കിലും ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രമറിയിച്ചു.
വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അതിശക്തമായ വേനല്‍ കടുക്കുമ്പോഴാണ് തെക്ക് പടിഞ്ഞാറ് ഊഷ്ണമേഖലാ കൊടുങ്കാറ്റ് ശക്തിപ്രപിക്കുന്നത്. കൊടുങ്കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് ആദ്യ കെട്ടിടം തകര്‍ന്ന് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ബാക്കി നിന്നിരുന്ന കെട്ടിടം തകര്‍ത്തത്.
2018 മുതല്‍ കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2021 ഏപ്രിലിൽ കെട്ടിടത്തിന്‍റെ സ്ഥിതി 'വളരെ മോശമായത്' എന്നാണ് പരിശോധനാ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്.
ജലത്തിന്‍റെ സാന്നിധ്യത്തെ തുടര്‍ന്ന് കെട്ടിടത്തിന് ഉപയോഗിച്ചിരുന്ന ഉരുക്കിന് ബലക്ഷയമുണ്ടാവുകയും ഇത് ഭൂഗര്‍ഭ ഗാരേജിലെ കോണ്‍ക്രീറ്റിന്‍റെ നാശത്തിന് വഴിവെച്ചെന്നുമാണ് കണ്ടെത്തല്‍. 12 സെക്കന്‍റിനുള്ളിലാണ് ആദ്യ കെട്ടിടം തകര്‍ന്ന് വീണത്.
ഇത്രയും ചെറിയ സമയത്തിനിടെ 138 ജീവനുകളാണ് കെട്ടിടത്തിനടിയില്‍പ്പെട്ടത്. ഇതില്‍ 28 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. 117 പേരെ കുറിച്ച് ഇതുവരെയായി വിവരമൊന്നുമില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
കെട്ടിടം തകരുന്നതിന്‍റെ നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ കെട്ടിടവട്ടിന്‍റെ വടക്ക്- മധ്യഭാഗം ആദ്യം തന്നെ തകര്‍ന്ന് വീണു. കെട്ടിടത്തിന്റെ വടക്കുകിഴക്കൻ മൂലയിലായിരുന്നു ബലക്ഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കെട്ടിടം ആദ്യം തകര്‍ന്ന് തുടങ്ങിയതിന് പിന്നാലെ ഏകദേശം ഒൻപത് സെക്കൻഡുകൾക്ക് ശേഷം കെട്ടിടം പൂര്‍ണ്ണമായും ഇടിഞ്ഞ് വീണു. 12 നിലകളുള്ള കെട്ടിടം നിമിഷ നേരം കൊണ്ട് കോണ്‍ക്രീറ്റ് കൂമ്പാരമായി.
11 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്‍റെ തകരാതിരുന്ന ഭാഗത്ത് നിന്ന് 35 പേരെയും രക്ഷപ്പെടുത്തി. ഒരാളെ അവശിഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടുത്തി. ഉഷ്ണമേഖലാ കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ ശേഷിച്ച ഘടനയും 11 ദിവസങ്ങള്‍ക്ക് ശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു.
"ദിവസം കഴിയുന്തോറും അത്ഭുതം സംഭവിക്കില്ലെന്ന് ഞങ്ങൾക്കറിയാം,” മിയാമി-ഡേഡ് ഫയർ റെസ്ക്യൂവിന്‍റെ അഗ്നിശമന സേനയും പാരാമെഡിക്കുമായ മാഗി കാസ്ട്രോ പറഞ്ഞു. തകർച്ചയ്ക്ക് ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ മാത്രമേ ജീവനോടെ ആരെയെങ്കിലും ലഭിച്ചിരുന്നൊള്ളൂ. 11 ദിവസങ്ങള്‍ക്ക് ശേഷവും ആ പ്രതീക്ഷ വെയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
തകരാതെ നിന്നിരുന്ന കെട്ടിടം നിയന്ത്രിത സ്ഫോടനം നടത്തിയാണ് പൊളിച്ച് കളഞ്ഞത്. ഇതിനായി 15 മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. കെട്ടിടം തകര്‍ക്കുന്നതിന് മുമ്പായി ഡ്രോണ്‍ പരിശോധന നടന്നു. 40 വർഷം പഴക്കമുള്ള സമുച്ചയം തകരാനുള്ള യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഉപ്പ് വെള്ളത്തിന്‍റെ സാന്നിധ്യവും കാലപ്പഴക്കത്തെ തുടര്‍ന്ന് കോണ്‍ക്രീറ്റിനുണ്ടായ ബലക്ഷയവും കടല്‍ജലത്തിരപ്പ് ഉയരുന്നതും കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമാകുന്നതായി പറയുന്നു. അതേ സമയം ഈ പ്രദേശത്ത് അപ്പാര്‍ട്ട്മെന്‍റിന് ലക്ഷക്കണക്കിന് ഡോളറുകളാണ് വില.
അതിനിടെ തകര്‍ന്ന കെട്ടിടത്തിനേക്കാള്‍ പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ പ്രദേശത്തുണ്ടെന്നും ഇവയില്‍ പലതും തകര്‍ച്ചയുടെ വക്കിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. 17 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഒരു വര്‍ഷം മുന്നേ റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു. എന്നാല്‍ പലപ്പോഴും കേസുകള്‍ നടക്കുന്നതിനാല്‍ കെട്ടിടം പൊളിക്കാതെ നീണ്ട് പോവുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona