മീനുകള്‍ക്കും ആമകള്‍ക്കും ജീവിക്കണം; കടല്‍ മാലിന്യം നീക്കം ചെയ്ത് 'നീന'യെന്ന നാല് വയസ്സുകാരി
അവള്‍ക്ക് പ്രായം നാല്. എന്നാല്‍ ചെയ്യുന്നതോ മുതിര്‍ന്നവരെ പോലും നിശബ്ദരാക്കുന്ന പ്രവര്‍ത്തികള്‍. അതെന്താണെന്നല്ലേ ? ബ്രസീലിലെ ലോക പ്രശസ്ത ബീച്ചായ റിയോ ഡി ജനീറോയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ആ നാല് വയസ്സുകാരിയാണ്. കുട്ടികളുടെ വ്യക്തിത്വ വികാസമുമായി ബന്ധപ്പെട്ട് മുതര്‍ന്നവര്‍ ഉണ്ടാക്കിയ ഒരു സിദ്ധാന്തമാണ് ' ചെറുപ്പത്തിലെ പിടികൂടുക'യെന്നത്. എന്നാല്‍ ഈ നാല് വയസ്സുകാരി മുതിര്‍ന്നവരെ പോലും ലജ്ജിപ്പിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്യുന്നത്. നീന ഗോമസ് എന്നാണ് അവളുടെ പേര്. നീന, ലോകത്തിലെ ഏറ്റവും പുതിയ തലമുറയിലെ കുരുന്നാണ്. ഞങ്ങള്‍ക്കും ഈ ഭൂമുഖത്ത് ജീവിക്കാന്‍ അവകാശമുണ്ടെന്ന് വിളിച്ച് പറഞ്ഞ് ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റാ തുംബര്‍ഗ് എന്ന കൌമാരക്കാരിയുടെ പിന്‍ഗാമിയാണവള്‍. അറിയാം നീനയുടെ പ്രവര്‍ത്തികള്‍.
Four-year-old Nina Gomes is no average environmentalist, she is already a 'mini-defender of the ocean' https://t.co/ZT7gwRsK72 pic.twitter.com/EOtL3x6DpD
— Reuters (@Reuters) July 22, 2021
വെറും നാല് വയസ്സ് മാത്രമാണെങ്കിലും നീന എന്നും അച്ഛനോടൊപ്പം കടലിലിറങ്ങും. ഒരു കുട്ടിയുടെ കൌതുകങ്ങള്‍ക്കപ്പുറം താനും കൂടി ജീവിക്കാനുള്ള ഈ ലോകത്തിലെ മാലിന്യം നീക്കം ചെയ്യാനുള്ള കഠിന ശ്രമത്തിലാണവള്‍.
എന്തുകൊണ്ടാണ് കടലിലെ മാലിന്യം നീക്കം ചെയ്യാന്‍ ഇറങ്ങിയതെന്ന് ചോദിച്ചാല്‍ ഉടനെ അവളുടെ മറുപടിയെത്തും , "കാരണം മത്സ്യങ്ങളും ആമകളും മരിക്കുന്നു." അതെ ഈ ലോകത്തില്‍ തനിക്കൊപ്പം ജീവിക്കാന്‍ മത്സ്യങ്ങള്‍ക്കും ആമകള്‍ക്കും അവകാശമുണ്ടെന്ന് ആ നാല് വയസ്സുകാരി കരുതുന്നു.
"അവൾ ഇതിനകം സമുദ്രത്തിന്‍റെ ഒരു ചെറിയ പ്രതിരോധക്കാരിയാണ്." നീനയുടെ അച്ഛന്‍ ഗോമസ് പറയുന്നു. ഗ്വാനബറ ബേയിലെ അണ്ടർവാട്ടർ ലോകത്തെക്കുറിച്ച് 2017 ൽ ഒരു സിനിമ നിർമ്മിച്ചിട്ടുണ്ട് നീനയുടെ അച്ഛന്‍ ഗോമസ്. അതുകൊണ്ട് തന്നെ കടലിലെ മാലിന്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്.
റിയോയിലെ ഗ്വാനബാര ബേയിലെ മനോഹരമായ എന്നാൽ അത്ര തന്നെ മലിനമായ കടലിലേക്ക് പാഡിൽബോർഡിൽ പോകുമ്പോള്‍ അദ്ദേഹം തന്‍റെ നാല് വയസ്സുകാരി മകളെയും ഒപ്പം കൂട്ടുന്നു. ഗോമസ് പാഡില്‍ ബോര്‍ഡ് നിയന്ത്രിക്കുമ്പോള്‍ നീന കടലില്‍ നിന്ന് തന്‍റെ കൊച്ച് കൈയാല്‍ മാലിന്യങ്ങള്‍ ശേഖരിക്കുകയാവും.
തന്‍റെ പ്രയത്തിലുള്ള കുട്ടികള്‍ കടലില്‍ തീരത്ത് കളിച്ചുല്ലസിക്കുമ്പോഴും അവള്‍ അച്ഛനോടൊപ്പം കടലിലിറങ്ങുന്നു. മാലിന്യങ്ങള്‍ സമുദ്രത്തിനും അതിലെ ജീവികള്‍ക്കും ഭീഷണിയാണ്. അവയെ സംരക്ഷിക്കേണ്ടത് തന്‍റെ കൂടി ഉത്തരവാദിത്വമാണെന്ന് അവള്‍ കരുതുന്നു. മകള്‍ ജനിച്ചപ്പോള്‍ ഗോമസ്, റിയോ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ടോ മാർ അർബറോ എന്ന പഠന കേന്ദ്രം സ്ഥാപിക്കുകയും സമുദ്ര ദുരന്തങ്ങളെ ചെറുക്കാൻ മകളെയും കൂടെക്കൂട്ടുകയുമായിരുന്നു.
ബ്രസീലിലെ ചിക്കോ മെൻഡിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ നടത്തിയ പഠനങ്ങളിൽ ഗ്വാനബറ ബേയുടെ പരിധിക്കകത്തോ പരിസരത്തോ ആയി 400 വ്യത്യസ്ത ഇനം പക്ഷികൾ, മത്സ്യം, ഉരഗങ്ങൾ, സസ്തനികൾ എന്നിവ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ആയിരക്കണക്കിന് റിയോ നിവാസികളും മത്സ്യബന്ധനത്തിലൂടെ തങ്ങളുടെ ഉപജീവനമാർഗത്തിനായി ഈ തുറമുഖത്തെയാണ് ആശ്രയിക്കുന്നത്. ഉൾക്കടലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ 10 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. ഇവര്‍ പുറം തള്ളുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ എത്തുന്നതാകട്ടെ കടലിലും. നീനയുടെ പ്രവര്‍ത്തി, സ്നേഹത്തിനും സഹാനുഭൂതിക്കും പ്രചോദനമാകുമെന്നും ബ്രസീലിലെ പരിസ്ഥിതി സംരക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള പൊതുജനങ്ങളുടെ നിസ്സംഗത ഇല്ലാതാക്കുമെന്നും ഗോമസ് പ്രതീക്ഷിക്കുന്നു.
“കോൺക്രീറ്റിനുള്ളിൽ മാത്രം വളർത്തുന്ന കുട്ടികൾ പ്രകൃതിയുടെയും സമുദ്രത്തിന്‍റെയും സംരക്ഷകരാകില്ല,” ഗോമസ് തന്‍റെ നയം വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയുടെ കണക്കനുസരിച്ച് പ്രതിവർഷം 11 ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണ് സമുദ്രത്തിലേക്ക് ഉപേക്ഷിക്കപ്പെടുന്നത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കടൽ പക്ഷികളുടെയും മറ്റ് സമുദ്രജീവികളുടെയും ജീവന് ഏറെ ഭീഷണിയുയര്‍ത്തുന്നു.
ഓരോ വർഷവും ആയിരക്കണക്കിന് സമുദ്ര സസ്തനികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിക്കുക വഴി മരിക്കുന്നുണ്ടെന്നും പഠനം പറയുന്നു. മനുഷ്യന്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം ഉയര്‍ത്തുന്ന പാരിസ്ഥിതികാഘാതം ഏറെ ഭീകരമാണെന്ന് ഇത് സംബന്ധിച്ച പഠനങ്ങളും പറയുന്നു.
ലോകത്തില്‍, മുതിര്‍ന്നവര്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ മൂലം ഈ ഭൂമിയില്‍ സ്വസ്ഥമായി ജീവിക്കാനുള്ള തങ്ങളുടെ അവകാശമാണ് ഇല്ലാതാകുന്നതെന്ന് വിളിച്ച് പറഞ്ഞ് കൊണ്ടാണ് ഗ്രേറ്റാ തുംബര്‍ഗ് എന്ന സ്വിഡിഷ് കൌമാരക്കാരി രംഗത്തെത്തിയത്.
തൊട്ട് പുറകെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ച് കൌമാരക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഇന്ന് ഓസ്ട്രേലിയയില്‍ മാലിന്യം സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കല്‍ക്കരി ഖനനത്തിനെതിരെ നിയമയുദ്ധം നടത്തുന്നത് പോലും കൌമാരക്കാരായാ നിയമ വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘമാണ്.
അതിനിടെയാണ് തന്‍റെ വീടിന് സമീപത്തെ കടലിലെ മാലിന്യം നീക്കം ചെയ്യാന്‍ നാല് വയസ്സുകാരി നീന ഗോമസ് രംഗത്തിറങ്ങുന്നത്. നീനയുടെ പ്രവര്‍ത്തിയില്‍ ഒരാളെങ്കിലും ആകൃഷ്ടനായാല്‍ അത്രയും മാലിന്യം കടലില്‍ നിന്നോ കരയില്‍ നിന്നോ നീക്കം ചെയ്യപ്പെടുമെന്നത് തന്നെയാണ് ഗോമസും പ്രതീക്ഷിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona