പുതിയ സുരക്ഷാ നിയമം; വിമര്‍ശിച്ച പത്രസ്ഥാപനം പൂട്ടിച്ച് ചൈന
മഹാമാരിയുടെ കാലത്ത് മറ്റ് സ്ഥാനങ്ങളെ പോലെ തന്നെ ലോകമെങ്ങുമുള്ള നിരവധി പത്രസ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. അതിനിടെ ചൈനയുടെ അമിതാധികാരത്തിനെതിരെ തുറന്നെഴുതിയ ഹോങ്കോംഗിലെ ആപ്പില്‍ ഡയ്‍ലി പൂട്ടുന്നുവെന്ന വാര്‍ത്ത വരുന്നത്. മഹാമാരിയില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതല്ല ആപ്പിള്‍ ഡെയ്‍ലിക്ക് തിരിച്ചടിയായത്. മറിച്ച് ചൈനയുടെ അമിതാധികാര പ്രയോഗമായിരുന്നു ആപ്പിള്‍ ഡെയ്‍ലിയുടെ മരണമണി മുഴക്കിയത്. ചൈനീസ് അനുഗ്രഹാശിസുകളോടെ പ്രഖ്യാപിക്കപ്പെട്ട പുതിയ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അധികൃതർ സ്വത്തുക്കൾ മരവിപ്പിച്ചതിനെത്തുടർന്നാണ് അവസാന പതിപ്പ് അച്ചടിക്കുകയാണെന്ന് ഹോങ്കോംഗിലെ ജനാധിപത്യ അനുകൂല പത്രമായ ആപ്പിൾ ഡെയ്‌ലി ബുധനാഴ്ച പ്രഖ്യാപിച്ചത്. ഇതോടെ ഹോങ്കോംഗിലെ ചൈനീസ് വിരുദ്ധ ശബ്ദങ്ങളെല്ലാം നിശബ്ദമാക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞു. ബുധനാഴ്ച അച്ചടിച്ച അവസാനത്തെ പത്രം വാങ്ങാന്‍ പുലര്‍ച്ചെ തന്നെ നീണ്ട ക്യൂ ആയിരുന്നു. നിമിഷ നേരം കൊണ്ട് പത്രം വിറ്റുപോകുകയും ചെയ്തു. (ചിത്രങ്ങള്‍ റോയിറ്റേഴ്സ്)
ഹോങ്കോംഗിലെ ഏറ്റവും വലിയ ചൈനീസ് വിമര്‍ശകരായിരുന്നു ആപ്പിള്‍ ഡെയ്‍ലി. പത്രം പൂട്ടാനുള്ള തീരുമാനം ഹോങ്കോങ്ങിന്‍റെ സ്വാതന്ത്ര്യത്തിന് മേലുള്ള ഏറ്റവും പുതിയ തിരിച്ചടിയാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.
ബുധനാഴ്ച വൈകുന്നേരം പത്രം ഒരു ദശലക്ഷം കോപ്പികളാണ് ഒറ്റരാത്രി കൊണ്ട് അച്ചടിച്ച് വിതരണം ചെയ്തത്. ഹോങ്കോംഗിലെ ജനസംഖ്യ 7.5 ദശലക്ഷമാണെന്നിരിക്കെയാണ് അവസാന എഡിഷനില്‍ ഒരു ദശലക്ഷം കോപ്പികളടിച്ച് പത്രം പ്രസിദ്ധീകരണം നിര്‍ത്തിയത്.
പത്രം അടച്ചതിനെ തുടര്‍ന്ന് ആയിരത്തോളം പേര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. “എന്‍റെ ഹൃദയത്തിൽ പതിനായിരക്കണക്കിന് വാക്കുകൾ ഉണ്ട്, പക്ഷേ ഇപ്പോൾ ഞാൻ സംസാരിക്കുന്നില്ല,” എന്നായിരുന്നു ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് പത്രത്തിന്‍റെ മാതൃ കമ്പനിയായ നെക്സ്റ്റ് ഡിജിറ്റൽ ചെയർമാൻ ഐപി യുറ്റ്-കിൻ എഎഫ്‌പിയോട് പറഞ്ഞത്.
ഹോങ്കോങ്ങിന്‍റെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കുന്ന പത്രം ചൈനയുടെ സ്വേച്ഛാധിപത്യശ്രമങ്ങളെ എന്നും നിശിതമായി വിമര്‍ശിച്ചിരുന്നു. ഹോങ്കോംഗിലെ തങ്ങളുടെ അമിതാധികാര പ്രയോഗം സുഖമമാക്കാന്‍ ചൈനയ്ക്ക് ഹോങ്കോംഗിലെ എതിര്‍ സ്വരങ്ങളുടെ മുനയൊടുക്കേണ്ടത് ആവശ്യമായിരുന്നു.
ആപ്പിൾ ഡെയ്‌ലി ഏറെ കാലമായി ബീജിംഗിനെതിരായ വാര്‍ത്തകള്‍ക്കാണ് പ്രമുഖ്യം നല്‍കിയിരുന്നതും. സ്വാഭാവികമായും പത്രം നിര്‍ത്തേണ്ടത് ചൈനയിലെ ഏകാധിപത്യ ഭരണകൂടത്തിന്‍റെ മാത്രം ആവശ്യമായിരുന്നു.
ഹോങ്കോംഗിലെ ജനാധിപത്യ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ജയിലിൽ കഴിയുകയാണ് ആപ്പിള്‍ ഡെയ്‍ലി പത്രത്തിന്‍റെ ഉടമ ജിമ്മി ലായ്. കഴിഞ്ഞ വർഷം പൂതിയ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് ആദ്യം കുറ്റം ചുമത്തപ്പെട്ട് അഴിക്കുള്ളിലായ വ്യക്തികൂടിയാണ് ജിമ്മി ലായ്.
ന്യൂസ് റൂം റെയ്ഡ് ചെയ്യാനും മുതിർന്ന എക്സിക്യൂട്ടീവുകളെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ മരവിപ്പിക്കാനും അധികൃതർ സുരക്ഷാ നിയമം ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പത്രം പൂട്ടുന്നതിനെ കുറിച്ച് ആലോചനകള്‍ ഉയര്‍ന്നത്.
സര്‍ക്കാര്‍ നീക്കങ്ങള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് പോലും പത്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ ബുധനാഴ്ച തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയെ പരിഗണിച്ച് പത്രം പൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
എല്ലാ എതിര്‍ശബ്ദങ്ങളും നിശബ്ദമാക്കാനുള്ള അവരുടെ ശ്രമമാണ് ഈ നിര്‍ബന്ധിത അടച്ച് പൂട്ടലിലൂടെ വെളിവാകുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
ലോകത്തിലെ ഒരു ബിസിനസ് കേന്ദ്രമെന്ന നിലയിൽ ഹോങ്കോങ്ങിനുള്ള ഉത്തരവാദിത്വത്തിന് മേല്‍ മാധ്യമ സ്വാതന്ത്ര്യത്തെ ഗുരുതരമായി ദുർബലപ്പെടുത്തുന്നതാണ് ഈ അടച്ചുപൂട്ടലെന്ന് യൂറോപ്യൻ യൂണിയൻ അഭിപ്രായപ്പെട്ടു.
ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമാകുന്ന വേളയില്‍ ചൈന നടത്തിയ ഇടപെടലുകളാണ് ഇപ്പോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഹോങ്കോംഗിനെ നയിക്കുന്നത്. ചൈനയ്ക്കെതിരെ കൌമാരക്കാരും വിദ്യാര്‍ത്ഥികളും തൊഴിലാളികളും തെരുവിലിറങ്ങി.
ഈ തെരുവ് പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ചൈന പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതിനായി പുതിയ സുരക്ഷാ നിയമം കൊണ്ട് വന്നത്. ഹോങ്കോംഗില്‍ നിന്നുള്ള ചൈനീസ് വിമര്‍ശനങ്ങളെ നിശബ്ദമാക്കുന്നതാണ് പുതിയ സുരക്ഷാ നിയമം.
ചൈനയ്‌ക്കെതിരായ അന്താരാഷ്ട്ര ഉപരോധത്തെ പിന്തുണച്ച ലേഖനങ്ങളും വാര്‍ത്തകളുമാണ് ആപ്പിൾ ഡെയ്‌ലിയെ പ്രോസിക്യൂട്ട് ചെയ്താന്‍ കാരണമെന്ന് അധികൃതർ പറഞ്ഞു. ഇതാദ്യമായാണ് ഹോങ്കോങ്ങില്‍, പ്രസിദ്ധികരിച്ച വാര്‍ത്തകളുടെ പേരില്‍ ഒരു മാധ്യമസ്ഥാപനത്തിന് അടച്ച്പൂട്ടല്‍ നേരിടേണ്ടിവരുന്നത്.
അടച്ച് പൂട്ടിയതിന് പിന്നാലെ പത്രത്തിലെ നിരവധി പത്രപ്രവര്‍ത്തകര്‍ അറസ്റ്റിലായി. ചീഫ് എഡിറ്റർ റയാൻ ലോ, സിഇഒ ച്യൂങ് കിം-ഹംഗ് എന്നിവർക്കെതിരേയും പത്രത്തിലെ കോളമിസ്റ്റുകളിലൊരാളായ യെങ് ചിംഗ്-കീയെയും ദേശീയ സുരക്ഷയുടെ പേരില്‍ അറസ്റ്റ് ചെയ്തു.
ആപ്പിൾ ഡെയ്‌ലിയുടെ സ്വത്തുക്കൾ മരവിപ്പിക്കാനുള്ള തീരുമാനത്തോടെ ഹോങ്കോംഗില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഭരണകൂടം കരുതുന്ന ഏതൊരു കമ്പനിയെയും പൂട്ടിക്കാനും ചൈന തയ്യാറാകുമെന്ന് കരുതുന്നു. ഇത്തരം സ്ഥാപനങ്ങളുടെ സ്വത്ത് മരവിപ്പിക്കാൻ കോടതി ഉത്തരവോ ക്രിമിനൽ ആരോപണമോ ആവശ്യമില്ല.
ലോകത്തിലെ ഒന്നിലധികം അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഹോങ്കോങ്ങിൽ പ്രാദേശിക ആസ്ഥാനമുണ്ട്. പുതിയ സുരക്ഷാ നിയമത്തിന് കീഴില്‍ ഇനി ഹോങ്കോംഗിലെ അന്താരാഷ്ട്രാ മാധ്യമങ്ങലുടെ ഭാവിയെന്താകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
"നിങ്ങളുടെ എഴുത്തിന്‍റെ ഫലം ആജീവനാന്ത തടവിന് കാരണമാകുമ്പോൾ, നിങ്ങൾ സെൻസർ ചെയ്യപ്പെടുന്നു. ആപ്പിൾ അവസാനത്തേതായിരിക്കില്ല. ഒരുപക്ഷം ഏറ്റവും പുതിയതാകും." ഹോങ്കോംഗ് സർവകലാശാലയുടെ ജേണലിസം സ്കൂളിലെ ലക്ചറർ ഷാരോൺ ഫാസ്റ്റ് എഎഫ്‌പിയോട് പറഞ്ഞു.
റിപ്പോർട്ടർസ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സ്ഥാപനം, ഹോങ്കോംഗിന്റെ വാർഷിക മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗ് താഴ്ത്തി. 2002 ൽ 18 ആം സ്ഥാനത്ത് നിന്ന് ഈ വർഷം 80 ലേക്കേക്കാണ് ഹോങ്കോംഗിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ റേറ്റിംഗ് കൂപ്പ് കുത്തിയത്.
മാധ്യമ സ്വാതന്ത്രത്തിന്റെ കാര്യത്തില്‍ ഏകാധിപത്യ രാജ്യമായ ചൈന 180 ല്‍ 177 -ാം സ്ഥാനത്താണ്. തുർക്ക്മെനിസ്ഥാൻ, ഉത്തര കൊറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് ചൈനയ്ക്ക് താഴെ.
നിലവില്‍ ചൈനയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഹോങ്കോംഗിലെ 60-ഓളം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പുതിയ സുരക്ഷാ നിയമം ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona