യുദ്ധമില്ല ചര്‍ച്ചയെന്ന് പറയുമ്പോഴും താലിബാനെതിരെ തയ്യാറെടുത്ത് പഞ്ച്ശീര്‍ താഴ്‍വാര
കാബൂളിലേക്ക് പ്രതിഷേധങ്ങളില്ലാതെ കടന്നുകയറാന്‍ താലിബാന് കഴിഞ്ഞെങ്കിലും പഞ്ച്ശീര്‍ താലിബാന് മുന്നില്‍ മുട്ട് മടക്കില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ പഞ്ച്ശീറിന് സമീപത്തെ മൂന്ന് ജില്ലകള്‍ താലിബാനെ നേരിടുന്ന പ്രാദേശീക കൂട്ടായ്മ തിരിച്ച് പിടിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷം താലിബാന്‍ ശക്തമായ ഏറ്റുമുട്ടലില്‍ ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകള്‍ ഇന്നലെ തിരിച്ച് പിടിച്ചെന്ന അവകാശവാദമുമായി താലിബാനെത്തി. ആഗസ്റ്റ് 15 ന് അഫ്ഗാന്‍ പൂര്‍ണ്ണമായും കീഴടക്കിയെന്ന താലിബാന്‍റെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് കൊണ്ടായിരുന്നു വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ താഴ്വരയില്‍ പോരാട്ടം തുടങ്ങിയത്. താലിബാന്‍റെ അപ്രമാദിത്വം അംഗീകരിക്കാത്ത പ്രദേശീക സായുധ സംഘങ്ങളാണ് പഞ്ച്ഷീര്‍ താഴ്വരയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലായിരുന്നു ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകൾ പിടിച്ചെടുത്തിരുന്നത്. ഇതോടെ അഫ്ഗാന്‍ താലിബാന് മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങില്ലെന്നും വരും ദിവസങ്ങളില്‍ താലിബാനെതിരെ കൂടുതല്‍ പ്രദേശിക സായുധ സംഘങ്ങള്‍ മുന്നോട്ട് വരാനുമുള്ള സാധ്യത നിലനില്‍ക്കുകയാണ്.
'അഞ്ച് സിംഹ'ങ്ങളുടെ താഴ്വാരയെന്നാണ് പഞ്ച്‌ഷീർ അല്ലെങ്കിൽ പഞ്ച്‌ഷെർ താഴ്‌വര അറിയപ്പെടുന്നത്. കാബൂളിന് 150 കിലോമീറ്റർ വടക്ക് ഹിന്ദു കുഷ് പർവതനിരയിലാണ് ഈ താഴ്വാര. ഈ താഴ്വാരയിലൂടെയാണ് പഞ്ച്ഷീർ നദി ഒഴുകുന്നത്.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വംശീയ താജിക്കുകൾ ഉൾപ്പെടെ 1,00,000 -ലധികം ആളുകൾ ഈ താഴ്വരയിൽ വസിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ് പഞ്ച്ശീര്‍ താഴ്വാര.
പത്താം നൂറ്റാണ്ടിൽ 5 സഹോദരങ്ങൾ ചേര്‍ന്ന് താഴ്വരയിലെ രാജാവായ മഹമൂദ് ഗസ്നിക്ക് വെള്ളപ്പൊക്കം തടയുന്നതിന് ഒരു അണക്കെട്ട് നിർമ്മിച്ചുവെന്ന ഐതിഹ്യത്തില്‍ നിന്നാണ് പഞ്ച്ശീര്‍ എന്ന പ്രദേശമുണ്ടായതെന്ന് കരുതുന്നു. പുരാതന ഹിന്ദു ഗ്രന്ഥമായ മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള പഞ്ചമി നദിയിൽ നിന്നാണ് പഞ്ച്ഷിർ എന്ന പേര് വന്നതെന്ന് മറ്റൊരു വാദമുണ്ട്.
1980 മുതൽ 1985 വരെ സോവിയറ്റ് -അഫ്ഗാൻ യുദ്ധത്തിൽ മുജാഹിദുകൾക്കെതിരെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാനും സോവിയറ്റുകളും നടത്തിയ പഞ്ച്ഷിർ ആക്രമണങ്ങളുടെ കേന്ദ്രമായിരുന്നു ഈ താഴ്വാര. പ്രാദേശിക കമാൻഡർ അഹമ്മദ് ഷാ മസൂദിന്‍റെ നേതൃത്വത്തില്‍ വിജയകരമായ പ്രതിരോധമായിരുന്നു അന്ന് തീര്‍ത്തത്.
1996-2001 വരെ മസൗദിന്‍റെ നേതൃത്വത്തിൽ താലിബാനും വടക്കൻ സഖ്യവും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിൽ ഈ താഴ്‌വര വീണ്ടും യുദ്ധത്തിലേക്ക് നീങ്ങി. ISAF പിന്തുണയുള്ള സർക്കാരിന്‍റെ കാലത്ത് അഫ്ഗാനിസ്ഥാനിലെ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളിലൊന്നായി പഞ്ച്ഷിർ താഴ്വര കണക്കാക്കപ്പെട്ടു.
വീണ്ടും 2021 ല്‍ രണ്ടാം താലിബാന്‍ അക്രമണത്തിലും തീവ്രവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രഖ്യാപനവുമായി തന്നെയാണ് പഞ്ച്ശീര്‍ താഴ്വാര നിലനില്‍ക്കുന്നത്. വെള്ളിക്കും രത്നങ്ങള്‍ക്കും ഏറെ പേരുകേട്ട പ്രദേശം കൂടിയാണ് പഞ്ച്ശീര്‍ താഴ്വാര.
ആഗസ്റ്റ് 15 ന് പ്രതിരോധങ്ങളില്ലാത്ത കാബൂളിലേക്ക് സുഖമമായി കയറാന്‍ താലിബാന് കഴിഞ്ഞതോടെ അഫ്ഗാന്‍ പൂര്‍ണ്ണമായും താലിബാന് കീഴിലായതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തൊട്ട് പുറകെ നാലോളം പെട്ടികളില്‍ ഡോളറുമായി വിദേശരാജ്യത്തേക്ക് ഓടിയ പ്രസിഡന്‍റ് അഷ്റഫ് ഗനിയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നു.
ഇതോടെ അഫ്ഗാന്‍ പ്രതിഷേധങ്ങളില്ലാത്തെ താലിബാന് മുന്നില്‍ കീഴടങ്ങിയതായി ലോകരാജ്യങ്ങള്‍ വിധിയെഴുതി. ചൈനയും റഷ്യയും അഫ്ഗാനിലെ നിക്ഷേപസാധ്യത മുന്നില്‍ കണ്ട് താലിബാനെ അംഗീകരിച്ചതായി അറിയിച്ചു.
എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുല്ല സാലിഹ്, ഓടിപ്പോയ പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ ഭരണഘടനയെ മുന്‍നീര്‍ത്തി രാജ്യത്തെ കേയര്‍ടേക്കര്‍ പ്രസിഡന്‍റായി താന്‍ അധികാരമേറ്റതായി സ്വയം പ്രഖ്യാപിച്ചു.
മാത്രമല്ല, തൊള്ളൂറുകളില്‍ താലിബാനെതിരെ പ്രദേശിക സഖ്യത്തെ ഉയര്‍ത്തി പ്രതിരോധം തീര്‍ത്ത പഞ്ച്ശീര്‍ താഴ്വാരയിലെ താലിബാൻ വിരുദ്ധ കമാൻഡർ അഹ്മദ് ഷാ മസൂദിന്‍റെ മകൻ അഹ്മദ് മസൂദിന്‍റെ പിന്തുണയും അബ്ദുള്ള സാലെയ്ക്കുണ്ട്.
ഇതോടെ താലിബാന് അഫ്ഗാനിസ്ഥാനില്‍ എതിരാളികളുണ്ടെന്ന പ്രതീതി പരന്നു. താലിബാനെ അംഗീകരിക്കുന്നതില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വിട്ടുനിന്നതും താലിബാന് അന്താരാഷ്ട്രാ സമൂഹത്തിന്‍റെ പിന്തുണ നേടുന്നതിന് തടസമായി.
ഇതിന് തൊട്ട് പുറകെയാണ് പഞ്ച്ശീർ താഴ്വരയ്ക്കടുത്തുള്ള ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ എന്നീ ജില്ലകള്‍ കൈവശപ്പെടുത്തിയെന്ന് വടക്കന്‍ സായുധ സംഘം അവകാശവാദമുന്നയിച്ചതും.
പ്രതിഷേധങ്ങളില്ലാതെ കാബൂള്‍ കീഴടക്കാന്‍ കഴിഞ്ഞത് രാജ്യത്തെ ജനത തങ്ങളെ അംഗീകരിക്കുന്നതിന്‍റെ തെളിവാണെന്ന് പറഞ്ഞിരുന്ന താലിബാന് വിമത നീക്കം തീരിച്ചടിയായി. അതിനിടെ രാജ്യത്തെ മൂന്ന് ജില്ലകള്‍ നഷ്ടമായെന്ന വാര്‍ത്തകള്‍ പുറത്ത് വന്നു.
ഇതോടെ മണിക്കൂറുകളുടെ ഇടവേളയ്ക്കിടെ പഞ്ച്ഷീർ താഴ്വരയ്ക്കടുത്തുള്ള ബഡാക്ഷൻ, തഖർ, അന്ദറാബ് എന്നീ പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കിയതായി വക്താവ് സബീഹുല്ല മുജാഹിദിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ കുറിച്ചു.
ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താലിബാന്‍ പുറത്ത് വിട്ടിട്ടില്ല. പഞ്ച്ശീരില്‍ താലിബാന്‍ വിരുദ്ധസഖ്യം രൂപപ്പെടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നൂറുകണക്കിന് താലിബാന്‍ തീവ്രവാദികള്‍ പഞ്ച്ഷീർ താഴ്വാര ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നു.
എന്നാല്‍ ഇതുവരെയായും സൈനീക നടപടിയുടെ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടിലെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ട് പുറകെ അഹ്മദ് ഷാ മസൂദിന്‍റെ മകൻ അഹ്മദ് മസൂദിന്‍റെ പ്രസ്ഥാവനയും പുറത്തെത്തി. സൈനിക നടപടികൾക്ക് വടക്കന്‍ സഖ്യം തയ്യാറാണെന്നായിരുന്നു അത്.
ദക്ഷിണ അഫ്ഗാനിസ്ഥാനിൽ നിന്ന് വടക്കോട്ട് പോകുന്ന പ്രധാന ഹൈവേയിലെ സലാങ് പാസ് തുറന്നിരിക്കുകയാണെന്നും ശത്രുസൈന്യത്തെ തടഞ്ഞെന്നും താലിബാന്‍ നേതാവ് സബീഹുല്ല മുജാഹിദ് അവകാശപ്പെട്ടു.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് നേതാവ് സബിഹുല്ല പറയുമ്പോഴും താലിബാന്‍ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളും പെണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
വടക്കന്‍ സഖ്യവുമായി യുദ്ധത്തിനില്ലെന്നാണ് താലിബാനികള്‍ അറിയിച്ചത്. എന്നാല്‍ താലിബാനുമായി ചര്‍ച്ചകളില്ലെന്നും യുദ്ധത്തിന് തയ്യാറാണെന്നും അഹ്മദ് മസൂദ് പ്രഖ്യാപിച്ച് കഴിഞ്ഞു. 2001 -ന് മുമ്പ് സോവിയറ്റുകളെയും താലിബാനെയും ചെറുത്ത് നിന്ന പഞ്ച്ഷിർ ഇത്തവണയും താലിബാന്‍ തീവ്രവാദികള്‍ക്ക് വെല്ലുവിളിയാകുമെന്ന് കരുതുന്നു.
സാധാരണ സൈന്യത്തിന്‍റെയും പ്രത്യേക സേനയുടെയും സാന്നിധ്യമുള്ള പ്രദേശമാണ് പഞ്ച്ശീര്‍. അതോടൊപ്പം താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത പാരമ്പര്യവും പഞ്ച്ശീര്‍ മേഖലയ്ക്കുണ്ട്.
താലിബാന് അക്രമണത്തിന് മുമ്പ് അഫ്ഗാനിസ്ഥാനിൽ പ്രാദേശിക സംഘങ്ങളെ ഉൾക്കൊള്ളുന്ന ഒരു സർക്കാർ രൂപീകരിക്കാൻ മസൂദ് ചർച്ചകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താലിബാൻ ഇതിനെ എതിർക്കുമെന്ന് അറിയിച്ചു.
ഇതിനിടെയാണ് പഞ്ച്ശീര്‍ താഴ്വാരയ്ക്ക് ചുറ്റും കൂടുതല്‍ തീവ്രവാദികളെയെത്തിക്കാന് താലിബാന് തുടങ്ങിയത്. ഇതോടെ താന്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ യുദ്ധത്തിന് തയ്യാറാണെന്നും താലിബാൻ വിരുദ്ധ കമാൻഡർ അഹ്മദ് ഷാ മസൂദിന്‍റെ മകൻ അഹ്മദ് മസൂദ് അറിയിച്ചു.
ഇതിനിടെ താജിക്കിസ്ഥാനിൽ നിന്ന് ആയുധങ്ങളുമായി ഹെലികോപ്റ്ററുകൾ പഞ്ച്ശീര്‍ മേഖലയിലെത്തിയതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍ ഇവ താലിബാന് തീവ്രവാദികള്‍ക്ക് വേണ്ടിയാണോ അതോ താലിബാന് വിരുദ്ധ സഖ്യത്തിന് വേണ്ടിയാണെയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മസൂദിനൊപ്പം താഴ്വരയില്‍ താലിബാന് വിരുദ്ധ സഖ്യത്തിലുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ വൈസ് പ്രസിഡന്‍റ് അംറുല്ല സാലിഹ്, തന്റെ സൈന്യം സുപ്രധാനമായ സലാങ് ഹൈവേ തടഞ്ഞെന്ന് അവകാശപ്പെട്ടു. എന്നാൽ സലാങ് ഹൈവേ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാനും അവകാശപ്പെട്ടു.
പഞ്ച്ഷീറിന്റെ പ്രവേശന കവാടത്തിനടുത്ത് താലിബാൻ തീവ്രവാദികള്‍ അണിനിരന്നിട്ടുണ്ടെന്നും വിദേശരാജ്യങ്ങളുടെ സഹായം തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും സാലിഹ് അറിയിച്ചു.
പഞ്ച്ഷീർ താഴ്വരയിലെ രാഷ്ട്രീയക്കാരുടെ ഐക്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മസൂദിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ആളുകൾ വളരെ ഐക്യത്തിലാണ്. ഏതെങ്കിലും ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിരോധിക്കാനും പോരാടാനും ചെറുക്കാനും അവർ ആഗ്രഹിക്കുന്നു.
എങ്കിലും, സാമൂഹ്യ മാധ്യമങ്ങില്‍ പല അഫ്ഗാനികളും തങ്ങൾ യുദ്ധത്തിൽ ക്ഷീണിതരാണെന്നും യുദ്ധം ചെയ്യുന്ന കക്ഷികൾ ചർച്ച നടത്തണമെന്നും ആവശ്യപ്പെടുകയാണ്. അതിനേക്കാള്‍ പ്രധാനമായി, ദോസ്തമുകൾ ചില മി -35 ഹെലികോപ്റ്ററുകളും എ -29 വിമാനങ്ങളും അയൽരാജ്യമായ ഉസ്ബക്കിസ്ഥാനിലേക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ കൊണ്ടുപോയതായി മനസ്സിലാക്കുന്നുവെന്നുമായിരുന്നു.
ചർച്ചയിലൂടെ മാത്രമേ താലിബാനെ മുന്നോട്ട് നയിക്കാനാകൂ. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ടെലിഫോണിലൂടെ റോയിട്ടേഴ്സിനോട് പറഞ്ഞു. അതോടൊപ്പം , ഏത് ഏകാധിപത്യ ഭരണകൂടത്തിനെതിരെയും പ്രതിരോധിക്കാനും പോരാടാനും അവര്‍ക്ക് അവകാശവും ആഗ്രഹവുമുണ്ടെന്നും അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇതിനിടെ താലിബാന് കൂഴില്‍ അഫ്ഗാനിസ്ഥാനില്‍ ജീവിക്കാന്‍ സാധ്യമല്ലെന്ന് അറിയിച്ച് പതിനായിരക്കണക്കിനാളുകളാണ് കാബൂള്‍ വിമാനത്താവളത്തില്‍ ഇപ്പോഴും നില്‍ക്കുന്നത്. വിമാനത്താവളത്തില്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര് ഇതിനകം കൊല്ലപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona