സൂര്യനെ പോലും മറച്ച് കൊതുകുകള്‍; കൊതുകുകളുടെ ഇണചേരല്‍ പ്രതിഭാസമെന്ന് വിദഗ്ദര്‍
മലേറിയ, ചിക്കന്‍ഗുനിയ, ഡെങ്കി, വെസ്റ്റ് നൈല്‍ വൈറസ്, സിക്ക വൈറസ് തുടങ്ങി അനേകം രോഗങ്ങളുടെ വാഹകരാണ് കൊതുകുകള്‍. അതൊക്കെ കൊണ്ടായിരിക്കാം കിടക്കുമ്പോള്‍ ഒരു കൊതികിന്‍റെ മൂളലെങ്ങാനും കേട്ടാല്‍ തന്നെ അന്നത്തെ ഉറക്കം നഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. അപ്പോഴാണ് അങ്ങ് റഷ്യയില്‍ നിന്ന് ഒരു വിചിത്ര വാര്‍ത്ത വരുന്നത്. ഒന്നും രണ്ടുമല്ല, കൊതുകിന്‍റെ ഒരു ചുഴലിക്കാറ്റ് സൂര്യനെ തന്നെ മറയ്ക്കുന്നവെന്നാണ് ആ വാര്‍ത്ത. റഷ്യയിലെ അസ്റ്റ് കാംചാറ്റ്സ്ക് മേഖലയിലൂടെ കൊതുകിന്‍റെ നിരവധി കൂട്ടങ്ങള്‍ തന്നെ പറന്നുയര്‍ന്നതായിട്ടാണ് വാര്‍ത്ത. ദൂരെ നിന്ന് നോക്കുമ്പോള്‍ പൊടിക്കാറ്റ് പോലെ തോന്നുമെങ്കിലും ദശലക്ഷക്കണക്കിന് കൊതുകളുടെ കൂട്ടമായിരുന്നു അത്. 2020 -ൽ യുഎസിൽ ഇത്തരത്തില്‍ ഉയര്‍ന്ന കൊതുകിന്‍ കൂട്ടങ്ങള്‍ നൂറുകണക്കിന് കന്നുകാലികളുടെ മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പുറകെയാണ് ഇപ്പോള്‍ റഷ്യയില്‍ ഇത്രയേറെ കൊതുകിന്‍ കൂട്ടങ്ങള്‍ ഉയര്‍ന്നത്.
Mosquito tornado in Russia pic.twitter.com/LsK1m8qtDE
— Russia No Context (@officialrus1) July 18, 2021
This is a video of a tornado of mosquitoes in Russia. pic.twitter.com/RVj5rWvl5d
— Noah's Ark (@qorfus112) March 25, 2021
റഷ്യൻ അസ്റ്റ് കാംചാറ്റ്സ്ക് പ്രദേശത്ത് പൊടിപടലങ്ങളുടെ ചുഴലിക്കാറ്റെന്ന് തോന്നുന്ന വീഡിയോ പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്. ഒറ്റ നോട്ടത്തില്‍ പൊടിപടലങ്ങളുടെ ചെറിയൊരു ചുഴലിക്കാറ്റെന്ന് തോന്നുമെങ്കിലും ശ്രദ്ധിച്ചാല്‍ അത് പൊടിപടലമല്ലെന്നും കൊതുകിന്‍ കൂട്ടമാണെന്നും തിരിച്ചറിയാം. ഇത്തരത്തില്‍ ചെറുതും വലുതുമായ നൂറുകണക്കന് ചെറു ചുഴലിക്കാറ്റ് പോലുള്ള കൊതുകിന്‍ കൂട്ടങ്ങള്‍ പറന്നുയരുന്നത് വീഡിയോയില്‍ കാണാം.
കൊതുകുകള്‍ ഒന്നിച്ച് പറന്നുയര്‍ന്നപ്പോള്‍ ചുഴലിക്കാറ്റിന് സമാനമായ അനുഭവമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കൊതുകുകളുടെ കൂട്ടം സൂര്യനെ പോലും മറച്ചതായി പ്രദേശവാസികള്‍ പറയുന്നു. ഈ സമയം വീടിന് പുറത്തിറങ്ങാന്‍ പോലും പുറ്റാത്ത അവസ്ഥയായിരുന്നു.
'കൊതുകുകളുടെ മേഘത്തിനിടയിലൂടെ ഞാൻ നൂറുകണക്കിന് മീറ്ററോളം സഞ്ചരിച്ചു. റോഡ് കാണാൻ കഴിയാത്തതിനാൽ ഇത് ഒരു സുഖകരമായ അനുഭവമായിരുന്നില്ല. യാത്രയിലുടനീളം വണ്ടിയുടെ ഗ്ലാസ് തുറക്കാന്‍ പോലും ഞാൻ ധൈര്യപ്പെട്ടില്ല.' അസ്റ്റ് കാംചാറ്റ്സ്കിൽ നിന്നുള്ള അലക്സി പറഞ്ഞു.
ആദ്യം ചുഴലിക്കാറ്റാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് അത് കൊതുകിന്‍ കൂട്ടമാണെന്ന് വ്യക്തമായത്. നോക്കുന്നിടത്തെല്ലാം കൊതുകുകളുടെ ഭീമൻ തൂണുകൾ ആകാശത്തേക്ക് ഉയരുന്നത് കാണാമായിരുന്നു. ഒരു പുതിയ ചുഴലിക്കാറ്റായി മാറാന്‍ അവയില്‍ ചിലത് കൂട്ടം പിരിയുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.' അലക്സി പറയുന്നു. കൊതുകിന്‍റെ ചുഴലിക്കാറ്റിനിടയിലൂടെ വാഹനമോടിക്കുന്നതിനിടെ അല്കസി പകര്‍ത്തിയ വീഡിയോയില്‍ ദശലക്ഷക്കണക്കിന് കൊതുകുകള്‍ ഒരു ചുഴലിക്കാറ്റ് പോലെ പറന്നുയരുന്നത് കാണാം.
ദശലക്ഷക്കണക്കിന് കൊതുകുകളുടെ കൂട്ടം പ്രദേശവാസികളില്‍ ഏറെ നാശനഷ്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇത് പുതുതായി പറന്നുയര്‍ന്ന കൊതുകിന്‍ കൂട്ടമല്ലെന്നും മറിച്ച് കൊതുകുകളുടെ ഇണചേരൽ പ്രതിഭാസമാണെന്നും വിദഗ്ദര്‍ പറയുന്നു. കൊതുകുകളുടെ ഇണചേരൽ പ്രതിഭാസമായ ഈ കൂട്ടത്തെക്കുറിച്ച് പ്രദേശവാസികൾ വിഷമിക്കേണ്ടതില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഇണചേരാനായി പെണ്‍കൊതുകിന് ചുറ്റും ചുറ്റിക്കറങ്ങുന്ന അനേകായിരം പുരുഷ കൊതുകുകളുടെ കൂട്ടമാണിത്. ഇതിൽ തെറ്റൊന്നുമില്ലെന്നാണ് എൻടോമോളജിസ്റ്റ് ല്യൂഡ്‌മില ലോബ്കോവ പറയുന്നത്. ഇത്തരം കൊതുകിന്‍ കൂട്ടങ്ങള്‍ മനുഷ്യരെ അക്രമിക്കില്ല. എന്നാല്‍, കൂതുകുകളുടെ ഈ വലിയ നിര മേഘങ്ങളെപ്പോലെ തോന്നിച്ചെന്ന് ദൃക്സാക്ഷികള്‍ വാചാലരാകുന്നു.
കഴിഞ്ഞ വർഷം അമേരിക്കയിൽ വീശിയടിച്ച ലോറ കൊടുങ്കാറ്റിന് പുറകെ പറന്നുയര്‍ന്ന ദശലക്ഷക്കണക്കിന് കൊതുകിന്‍ കൂട്ടങ്ങള്‍ 300 മുതല്‍ 400 വരെ കന്നുകാലികളുടെ മരണത്തിന് കാരണമായതായി കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. ഇവ കന്നുകാലികളുടെ രക്തം ഊറ്റിക്കുടിച്ചതിനെ തുടര്‍ന്നാണ് അവ മരിച്ചുവീണതെന്നായിരുന്നു കര്‍ഷകരുടെ പരാതി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona