ധാക്കയില്‍ ജ്യൂസ് ഫാക്ടറിയില്‍ തീപിടിത്തം ; 52 മരണം
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ കിഴക്ക് രൂപഗഞ്ചിലെ ആറ് നിലകളുള്ള ഹാഷെം ഫുഡ്സ് ലിമിറ്റഡ് ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കളുടെ സാന്നിധ്യം, പോളിത്തീൻ, വെണ്ണ എന്നീ വസ്തുക്കൾ ഫാക്ടറിയിലെ തീപിടുത്തം ശക്തമാക്കി. കത്താന്‍ സഹായിക്കുന്ന സാധനങ്ങളുടെ സാന്നിത്യം തീ നിയന്ത്രണവിധേയമാക്കുന്നത് ഏറെ പ്രയാസകരമാക്കിയതായി സർക്കാറിന് കീഴിലുള്ള ബംഗ്ലാദേശ് സാങ്ബാദ് സംഗസ്ത വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാനായി ജനല്‍ വഴി ചാടിയ മൂന്ന് പേർ മരിച്ചെന്ന് നാരായൺഗഞ്ച് ജില്ലാ അഗ്നിശമന സേവന, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ അൽ ആരിഫ് പറഞ്ഞതായി ബിഎസ്എസ് റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. മൃതദേഹങ്ങളൊന്നും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് അഗ്നിശമന സേനയും സിവിൽ ഡിഫൻസ് ഡയറക്ടറുമായ ലഫ്റ്റനന്റ് കേണൽ സിലൂർ റഹ്മാൻ പറഞ്ഞു.
കെട്ടിടത്തിന്‍റെ ഓരോ നിലയും ഏകദേശം 35,000 ചതുരശ്ര അടി (3,250 ചതുരശ്ര മീറ്റർ) ആണെന്നും എന്നാൽ വെറും രണ്ട് ഗോവണിയിലൂടെ മാത്രമേ ഈ നിലകളിലേക്ക് പ്രവേശിക്കാൻ കഴിയൂവെന്നും അൽ അരിഫിൻ പറഞ്ഞു.
താഴെത്തെ കെട്ടിടത്തില്‍ തീ പടകരുമ്പോള്‍ മുകളിലെ നിലയിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് രക്ഷപ്പെടുക ഏറെ ദുഷ്കരമായിരുന്നു. അതേസമയം ഒരു നിലയില്‍ നിന്ന് മുകളിലെ നിലയിലേക്കുള്ള വാതിലുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കെട്ടിടത്തില്‍ കുടുങ്ങിയ ഇരുപത്തിയഞ്ച് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഫാക്ടറി തൊഴിലാളികളും ജീവനക്കാരുമായി 50 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പടരാനാരംഭിച്ച തീ വെള്ളിയാഴ്ച ഉച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രക്ഷപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായെന്നാരോപിച്ച് കാണാതായ തൊഴിലാളികളുടെ ബന്ധുക്കൾ ഇതേസമയം ഫാക്ടറിക്ക് പുറത്ത് പ്രകടനം നടത്തി. സംഭവത്തെ കുറിച്ച് പരിശോധിക്കാൻ നാരായൺഗഞ്ച് ജില്ലാ ഭരണകൂടം അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ചതായി അൽ ആരിഫ് പറഞ്ഞു.
2013 ൽ ബംഗ്ലാദേശിന്റെ തലസ്ഥാനത്ത് ഒരു വസ്ത്രനിർമ്മാണശാല തകർന്നപ്പോൾ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ ഫാക്ടറി തൊഴിലാളികൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു.
അന്ന് 200 ഓളം ബ്രാൻഡുകളും 1,600 ൽ അധികം ഫാക്ടറികളും തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്ന കരാറിൽ സര്‍ക്കാറുമായി ഒപ്പുവച്ചു.
എന്നാല്‍, യാതൊരു സുരക്ഷാമാനദണ്ഡവുമില്ലാതെയാണ് ബംഗ്ലാദേശിലെ മിക്ക ഫാക്ടറികളും പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുറഞ്ഞ വേതനവും കൂടിയ തൊഴില്‍ സമയവും ബംഗ്ലാദേശിലെ പ്രധാന വ്യവസായമായ തുണിവ്യവസായത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
പല ഫാക്ടറികളും കെട്ടിടസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും പരാതി ഉയരുന്നു. വ്യാഴാഴ്ച തീ പിടിത്തമുണ്ടായ ഷെസാൻ ജ്യൂസ് ഫാക്ടറിയില്‍ ആറ് നിലകളിലേക്ക് കയറാന്‍ ആകെ ഉണ്ടായിരുന്നത് രണ്ട് വഴികള്‍ മാത്രമാണ്. ഓരോ നിലയിലും 3,250 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്.
ഹാഷെം ഫുഡ്സ് ലിമിറ്റഡിന്‍റെ ഫാക്ടറി കെട്ടിടത്തിലെ തീ അണയ്ക്കാൻ പതിനെട്ട് അഗ്നിശമന യൂണിറ്റുകൾ ഏതാണ്ട് ഒരു ദിവസം മുഴുവനും ജോലി ചെയ്യേണ്ടിവന്നു. 44 തൊഴിലാളികളെ കാണാതായതായി സ്ഥിരീകരിച്ചു.
തീപിടുത്ത സമയത്ത് ഫാക്ടറിയുടെ മുൻവശത്തെ ഗേറ്റും പുറത്തേക്കുള്ള വഴിയും പൂട്ടിയിരിക്കുകയാണെന്ന് രക്ഷപ്പെട്ട തൊഴിലാളികളും ബന്ധുക്കളും ആരോപിച്ചു. കെട്ടിടത്തിന് ശരിയായ അഗ്നി സുരക്ഷാ മാനദണ്ഡങ്ങളൊന്നും ഇല്ലെന്നും ഇവര്‍ ആരോപിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona