ഇറാന്‍ ഭൂകമ്പം; മരണം അഞ്ച്, 44 പേര്‍ക്ക് പരിക്ക്
ഇറാനില്‍ (Iran) ഇന്ന് (2.7.2022) പുലര്‍ച്ചെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ (Earthquake) പ്രകമ്പനം യുഎഇയില്‍ വരെ അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ 5 പേര്‍ മരിച്ചതായും 44 പേര്‍ക്ക് പരിക്കേറ്റതായി രാജ്യത്തെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ FARS റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമായ തെക്കന്‍ ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെയ്ക്ക് ശേഷം അഞ്ച് തവണയോളമാണ് ഭൂചലനമുണ്ടായത്. 4.3 മുതല്‍ 6.3 വരെയായിരുന്നു ഇവയുടെ തീവ്രത രേഖപ്പെടുത്തിയത്. ഇവയില്‍ പുലര്‍ച്ചെ 1.32നും 3.24നും അനുഭവപ്പെട്ട രണ്ട് ഭൂചലനങ്ങള്‍ 6.3 തീവ്രതയുള്ളതായിരുന്നുവെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) വെബ്‌സൈറ്റ് അനുസരിച്ച്, 6.1 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ ഭൂകമ്പ കേന്ദ്രമായ തെക്കൻ തുറമുഖ നഗരമായ ബന്ദർ-ഇ ലെംഗെക്ക് സമീപം നാല് വ്യത്യസ്ത ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. അതേസമയം യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍റര്‍ 6.2 തീവ്രതയുള്ള ഭൂചലനവും പ്രദേശത്ത് രേഖപ്പെടുത്തി.
ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ പന്ത്രണ്ട് ഗ്രാമങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി വീടുകൾ തകർന്ന സയേഖോഷ് ഗ്രാമത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ഭൂചലനത്തെ തുടർന്ന് അഞ്ച് ഗ്രാമങ്ങളിൽ വൈദ്യുതി നഷ്ടപ്പെട്ടതായും അധികൃതർ അറിയിച്ചു. നിലവിൽ, 75 രക്ഷാപ്രവർത്തന സേനകളും എമർജൻസി ടീമുകളും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ 12 ഓളം രക്ഷാവാഹനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇറാന്‍റെ റെഡ് ക്രസന്‍റ് സൊസൈറ്റി ട്വിറ്ററിൽ കുറിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. യുഎസ്ജിഎസ് പ്രകാരം ബഹ്‌റൈൻ, സൗദി അറേബ്യ, ഇറാൻ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഈ പ്രദേശം നേരത്തെ തന്നെ ഭൂകമ്പബാധിത പ്രദേശമാണ്. കഴിഞ്ഞ നവംബറിൽ തെക്കൻ ഇറാനിൽ തുടർച്ചയായുണ്ടായ ഭൂകമ്പങ്ങളിൽ ഒരാള്‍ മരിച്ചിരുന്നു.
യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെട്ടത് ഈ രണ്ട് ഭൂചലനങ്ങളിലാണെന്നാണ് വിലയിരുത്തല്‍. യുഎഇയില്‍ എവിടെയും മറ്റ് നാശനഷ്‍ടങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. യുഎഇക്ക് പുറമെ ബഹ്റൈന്‍, സൗദി അറേബ്യ, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, അഫ്‍ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് അമേരിക്കന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു.
പുലര്‍ച്ചെ രണ്ട് തവണ ഭൂചലനമുണ്ടായതായി യുഎഇയില്‍ നിന്നുള്ള നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. യുഎഇയില്‍ ദുബൈ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടിങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ഇവിടെ നിന്നുള്ള താമസക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇറാനില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 44 പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഭൂകമ്പം അനുഭവപ്പെട്ട പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ 1000 ഓളം പേര്‍ മരിക്കുകയും 1500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.