കുഴിച്ചിട്ട 'നെഗറ്റീവുകളില്‍' ജൂതരുടെ വേദനയൊപ്പിയ ജൂത ഫോട്ടോഗ്രാഫര്‍; കാണാം ആ ചരിത്ര ചിത്രങ്ങള്‍
മനുഷ്യന്‍ നടത്തിയ മനുഷ്യക്കുരുതികളില്‍ ഒട്ടുമിക്കതും മത / വംശീയ സംഘര്‍ഷങ്ങളായിരുന്നെന്നത് ചരിത്രം. ഭൂരിപക്ഷ വംശീയതയ്ക്ക് വേണ്ടി ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയ ചരിത്രമാണ് ആ കൂട്ടക്കുരുതികളില്‍ ഏതാണ്ട് ഒട്ടുമിക്കതും. ഇന്നും ഈ ന്യൂനപക്ഷ വേട്ട സംഭവിച്ചു കൊണ്ടേയിരിക്കുന്നു. റോഹിംഗ്യകള്‍, ഹസാരകള്‍, ഉറുഗോയ് , കറുത്ത വംശജര്‍, മുസ്ലീംങ്ങള്‍, ദളിതുകള്‍, എന്നിങ്ങനെ ന്യൂനപക്ഷ ജനവിഭാഗങ്ങളെല്ലാം അവരവരുടെ ദേശാതിര്‍ത്തികളില്‍ ഭൂരിപക്ഷ വംശീയതയുടെ അടിച്ചമര്‍ത്തലുകള്‍ പല തരത്തില്‍ അനുഭവിക്കുകയാണ്. അത്തതരത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വംശീയ കൂട്ടക്കുരുതികളിലൊന്നായിരുന്നു ഹിറ്റ്ലറിന്‍റെ ജൂതവേട്ട. സ്വന്തം പിതാവ് ജൂതനായിരുന്നെന്ന കാരണത്താല്‍ പിതാവിന്‍റെ ശവകൂടീരം തന്നെ തകര്‍ത്തു കൊണ്ടായിരുന്നു ഹിറ്റ്ലര്‍ തന്‍റെ ജൂതവേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്നങ്ങോട്ട് ലോകം അതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നരഹത്യയാണ് നാസികള്‍ കഴ്ചവെച്ചത്. തെളിവുകളില്‍ മിക്കതും നശിപ്പിക്കപ്പെട്ടെങ്കിലും ചില തെളിവുകള്‍ ആ ക്രൂരത ലോകത്തിന് കാണിക്കാനായി സൂക്ഷിക്കപ്പെട്ടു. ഹിറ്റ്ലറിന്‍റെ ഭരണത്തിന്‍ കീഴില്‍ ജൂതന്മാര്‍ അനുഭവിക്കേണ്ടിവന്ന അതിക്രൂരമായ പീഡനങ്ങള്‍ രഹസ്യമായി ചിത്രീകരിക്കപ്പെട്ടു, അതും ഒരു ജൂതനാല്‍. ഹെൻറിക് റോസ് എന്ന ജൂത ഫോട്ടോഗ്രാഫര്‍ അന്ന് രഹസ്യമായി ചിത്രീകരിച്ച ഫോട്ടോകളുടെ നെഗറ്റീവുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. 1941 മുതൽ 1944 വരെയുള്ള കാലത്തിനിടെയില്‍ മതത്തിന്‍റെ പേരില്‍ കൊന്ന് തള്ളപ്പെട്ട ആ നിസഹായരായ മനുഷ്യരുടെ ചിത്രങ്ങള്‍ കാണാം.
രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനായി നാസികൾ പോളിഷ് അതിർത്തി കടന്ന് ഒരാഴ്ച കഴിഞ്ഞ്, ജർമ്മൻ സൈന്യം തിരക്കേറിയ ടെക്സ്റ്റൈൽ നഗരമായ ലോഡ്സ് 1939 സെപ്റ്റംബർ 8 ന് പിടിച്ചെടുത്തു.
തുടര്‍ന്ന് നഗരത്തെ ചുറ്റിവരിഞ്ഞ് 1.6 ചതുരശ്ര മൈൽ ദൂരം ഒരു തടവറ എന്ന പോലെ മാറ്റിയെടുത്തു. നഗരാതിര്‍ത്തിയില്‍ കമ്പിവേലിനും ആയുധധാരികളും.
നഗരത്തിലുണ്ടായിരുന്നവര്‍ മുഴുവനും തടവുകാരെന്ന പോലെ ആ വലിയ നഗരത്തിനുള്ളില്‍ ജീവിക്കേണ്ടിവന്നു. എവിടെയും നാസി പട്ടാളക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു.
കിഴക്കൻ യൂറോപ്പിലുടനീളമുള്ള നഗരങ്ങളിലെ ജൂത ജനസംഖ്യയെ വേർതിരിക്കുന്നതിനായി നാസികൾ സൃഷ്ടിച്ച 1,000 ഗെട്ടോകളിൽ, വാർസോയിലുള്ള തടവറ ഏറ്റവും വലുതായിരുന്നു.
1940 ഏപ്രിലോടെ, വാർസോയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഗെട്ടോയില്‍ പുതിയ തടവറകള്‍ തുറക്കപ്പെട്ടു. ഇതോടെ 2,10,000 -ലധികം ആളുകൾ ലോഡ്‌സിൽ തടവിലായി.
ലോഡ്സിലെ മുൻ പത്രപ്രവർത്തകനും സ്പോർട്സ് ഫോട്ടോഗ്രാഫറുമായ ഹെന്‍റിക് റോസിന്‍റെ ക്യാമറ നാസികള്‍ പിടിച്ചെടുത്തിരുന്നു. കാരണം അദ്ദേഹം ജൂതനായിരുന്നു. എന്നാല്‍ പിന്നീട് ഗെട്ടോയിലെ നാസി ഭരണകൂടത്തിന്‍റെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് വേണ്ടി ഫോട്ടോഗ്രാഫുകൾ എടുക്കുന്നതിനായി അവര്‍ക്ക് ക്യാമറ ഉപയോഗിക്കുന്ന ആളെ ആവശ്യമായി വന്നു.
നാസികളുടെ ഈ ആവശ്യമായിരുന്നു ഹെന്‍റിക് റോസിന്‍റെ ജീവന്‍ തീരിച്ച് നല്‍കിയാത്. അദ്ദേഹത്തിന് ക്യാമറ തിരിച്ച് നല്‍കിയ നാസികള്‍ ജോലിയും കൊടുത്തു. സ്വന്തം ജനത അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുമ്പോള്‍ റോസ് എല്ലാറ്റിനും സാക്ഷിയായി ഒപ്പം നിന്നു. നാസികളുടെ വാഴ്ത്തുപ്പാട്ടിനാവശ്യമായ ഫോട്ടോഗ്രാഫുകള്‍ അയാള്‍ എടുത്ത് നല്‍കി.
തിരിച്ചറിയൽ കാർഡിനായി താമസക്കാരുടെ ഫോട്ടോ എടുക്കുന്നതിനും തൊഴിലാളികളുടെ ഉൽപാദനക്ഷമത പ്രദർശിപ്പിക്കുന്നതിനായി ഗെട്ടോയിലെ തൊഴിലാളി ചിത്രങ്ങളും തുകൽ ഫാക്ടറികളിലുമുള്ള തൊഴിലാളികളുടെ ചിത്രങ്ങളും റോസ് പകര്‍ത്തി.
അതോടൊപ്പം അദ്ദേഹം അതീവരഹസ്യമായി മറ്റ് ചിലത് കൂടി ചെയ്തു. നാസികളുടെ ശ്രദ്ധമാറുമ്പോള്‍, അതീവ രഹസ്യമായി അദ്ദേഹം ഫിലിം സ്റ്റോക്കുകള്‍ മോഷ്ടിച്ചു. അതിനേക്കാള്‍ രഹസ്യമായി നാസികളുടെ ജൂത ക്രൂരതയുടെ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി. ലോഡ്സിലെ ജൂതരുടെ ദുരിതജീവിതം ആരുമറിയാതെ പകര്‍ത്തപ്പെട്ടു.
"ഒരു ഔദ്യോഗിക ക്യാമറ ഉണ്ടായിരുന്നതിനാൽ, ലോഡ്സ് ഗെറ്റോയിലെ എല്ലാ ദുരന്തകാലവും പകർത്താൻ എനിക്ക് കഴിഞ്ഞു, പിടിക്കപ്പെട്ടാല്‍ ഞാനും എന്‍റെ കുടുംബവും അകത്താക്കുകയും കൊല്ലപ്പെടുകയും ചെയ്യുമെന്ന് അറിഞ്ഞ് കൊണ്ടാണ് ഞാൻ അത് ചെയ്തത്." അദ്ദേഹം പിന്നീട് പറഞ്ഞു.
പലപ്പോഴും ഓവര്‍കോട്ടിന്‍റെ ഉള്ളില്‍ ക്യാമറകള്‍ ഉളിപ്പിച്ച് കൊണ്ട് നടന്നു. മറ്റ് ചിലപ്പോള്‍ വാതിലിന്‍റെ അല്ലെങ്കില്‍ ചുമരിലെ ഒരു വിള്ളലിനിടയിലൂടെ അദ്ദേഹം തനിക്കാവശ്യമുള്ള ചിത്രങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചു.
എങ്കിലും അതിക്രൂരന്മാരായ നാസികളെ നിരന്തരം കബളിപ്പിച്ച് അദ്ദേഹം ജൂതവേട്ടയുടെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തി. രഹസ്യമായി പകര്‍ത്തിയ ചിത്രങ്ങളുടെ നെഗറ്റീവുകള്‍ അദ്ദേഹം അവിടെ തന്നെ അതീവരഹസ്യമായി കുഴിച്ചിട്ടു.
ഒടുവില്‍ നാസീ പീഡനത്തിന്‍റെ ഫലമായി ലോഡ്സ് ഗെറ്റോയ്ക്കുള്ളിലുണ്ടായിരുന്ന നാലിലൊന്ന് പേരും പട്ടിണി മൂലം മരിച്ചു. ഏകദേശം 1,00,000 പേരെ ചെൽമോ നാഡ് നെറെം, ഓഷ്വിറ്റ്സ് എന്നിവിടങ്ങളിലെ മരണ ക്യാമ്പുകളിലേക്ക് നാടുകടത്തി.
നഗരത്തിലെ ആളുകള്‍ തുടര്‍ച്ചയായി മരിച്ചുകൊണ്ടിരുന്നപ്പോള്‍, ശൂന്യമായിക്കൊണ്ടിരുന്ന വലിയ കെട്ടിടങ്ങളില്‍ സൂക്ഷിച്ചിരുന്ന രത്നങ്ങളും പണവും ശേഖരിക്കുന്ന നഗരത്തിലെ ശുചീകരണ സംഘത്തിലെ അംഗമായി റോസിന് സ്ഥാനചലനമുണ്ടായി.
ഏത് നിമിഷവും പിടിക്കപ്പെടാമെന്നും തന്‍റെ മരണം സംഭവിക്കാമെന്നും ഭയന്നാണ് അദ്ദേഹം ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ താന്‍ എടുത്ത ചിത്രങ്ങളുടെ നെഗറ്റീവുകള്‍ , അദ്ദേഹം രഹസ്യമായി സൂക്ഷിച്ചു.
എന്തെങ്കിലും ഒരു കാലത്ത് കണ്ടെടുക്കപ്പെടുമെന്ന വിശ്വാസത്തില്‍ നാസി ക്രൂരത പകര്‍ത്തിയ 6,000 നെഗറ്റീവുകള്‍ അദ്ദേഹം ഒരു ഇരുമ്പ് പെട്ടിയിലാക്കി തന്‍റെ വീടിന് സമീപത്തായി കുഴിച്ചിട്ടു.
"പോളിഷ് ജൂതരുടെ മൊത്തം നാശം ഞാൻ പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ രക്തസാക്ഷിത്വത്തിന്‍റെ ആ ചരിത്രരേഖ ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ” പിന്നീട് ഒരു ഇന്‍റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞു.
ഒടുവില്‍ 1945 ജനുവരിയിൽ സോവിയറ്റ് റെഡ് ആർമി ടാങ്കുകൾ ലോഡ്സ് നഗരത്തിലേക്ക് എത്തിചേര്‍ന്നു. 1939 കളുടെ അവസാനം നഗരത്തിലുണ്ടായിരുന്ന 10,000 ജൂതന്മാരില്‍ റോസും ഭാര്യ സ്റ്റെഫാനിയയും ഉൾപ്പെടെ വെറും 877 പേർ മാത്രമാണ് അപ്പോള്‍ അവിടെ അവശേഷിച്ചിരുന്നത്.
പിന്നീട് അദ്ദേഹം തന്‍റെ ഫോട്ടോഗ്രഫുകള്‍ വീണ്ടെടുത്തു. തന്‍റെ ജനതയെ ഹിറ്റ്ലറും അയാളുടെ നാസി സംഘവും കൊന്നൊടുക്കിയതെങ്ങനെയെന്ന് തെളിവ് സഹിതം ലോകത്തിന് കാണിച്ചു നല്‍കി. ഒടുവില്‍ 1956 -ൽ റോസും ഭാര്യയും ഇസ്രായേലിലേക്ക് കുടിയേറി. 1961 -ൽ, അഡോൾഫ് ഹിറ്റ്ലറുടെ പ്രതീകാത്മക യുദ്ധക്കുറ്റ വിചാരണയിൽ അദ്ദേഹം സാക്ഷിയായെത്തി. റോസിന്‍റെ ഫോട്ടോകൾ തെളിവായി അവിടെ സ്വീകരിക്കപ്പെട്ടു. 1991 ലാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫോട്ടോഗ്രാഫുകൾ ആർക്കൈവ് ഓഫ് മോഡേൺ കോൺഫ്ലിക്റ്റില്‍ സൂക്ഷിച്ചിരിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.