ഹസാരകള്‍ ; താലിബാന്‍ തീവ്രവാദികള്‍ വേട്ടയാടുന്ന അഫ്ഗാനിലെ 'കാഫിറു'കള്‍
അഫ്ഗാനില്‍ ആഗസ്റ്റ് 15 ന് ആയുധമുപയോഗിച്ച് രണ്ടാമതും അധികാരം കൈയാളിയ താലിബാന്‍ തീവ്രവാദികള്‍ക്ക് കീഴില്‍ അഫ്ഗാനില്‍ ഏറ്റവുമധികം പീഢനമേല്‍ക്കാന്‍ പോകുന്നത് മുസ്ലീം മതന്യൂനപക്ഷ ജനവിഭാഗമായ ഹസാരകളെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനിലെ ഹസാരകള്‍ ഷിയാ വിശ്വാസികളാണ്. സുന്നി വിശ്വാസികളായ താലിബാന്‍ തീവ്രവാദികള്‍, തങ്ങളുടെ മതത്തിലെ നൂനപക്ഷമായ ഷിയാകള്‍ക്കെതിരെ കടുത്ത നടപടികള്‍ തുടര്‍ന്നേക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ സഹായ മിഷൻ (UNAMA) നാണ് റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ സിവിലിയന്മാർക്ക് നേരെ താലിബാൻ നടത്തുന്ന മിക്ക ആക്രമണങ്ങളും രാജ്യത്തെ മുസ്ലീം ന്യൂനപക്ഷ ജനവിഭാഗത്തെ ലക്ഷ്യമാക്കിയുള്ളതാണെന്നും അവരിൽ തന്നെ ഭൂരിഭാഗവും വംശീയ ന്യൂനപക്ഷമായ ഹസാരകളെയായിരിക്കുമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ സഹായ മിഷന്‍റെ പഠനം. കാബൂള്‍ കീഴടക്കുന്നതിന് മുമ്പ് തന്നെ താലിബാന്‍ തീവ്രവാദികള്‍ ഒമ്പത് ഹസാര പുരുഷന്മാരെ വെടിവെച്ച് കൊന്നിരുന്നതായി ആംനസ്റ്റി ഇന്‍റർനാഷണൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാഫിറുകള്‍ എന്നാണ് ഹസാരകളെ ഒരിക്കല്‍ താലിബാന്‍ തീവ്രവാദികള്‍ വിശേഷിപ്പിച്ചിരുന്നതും.
അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ വംശീയ വിഭാഗവും മതന്യൂനപക്ഷവുമാണ് ഹസാരകൾ. സുന്നി ഭൂരിപക്ഷമുള്ള അഫ്ഗാനിസ്ഥാനിലെ ഏകദേശം 10 ശതമാനം (35 ലക്ഷം) മുസ്ലീങ്ങൾ ഷിയകളാണ്.
ഇവരില്‍ മിക്കവാറും പേരും ഹസാരക്കാരാണ്. താലിബാന്‍ തീവ്രവാദികളാകട്ടെ സുന്നി ഗ്രൂപ്പുകള്‍ മാത്രമുള്‍പ്പെട്ട ഇസ്ലാമിക് സ്റ്റേറ്റായാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.
ഹസാരകള്‍ 13 -ആം നൂറ്റാണ്ടിൽ അഫ്ഗാനിസ്ഥാൻ ആക്രമിച്ച മംഗോളിയൻ നേതാവ് ചെങ്കിസ് ഖാന്‍റെ പിൻഗാമികളാണെന്നും പറയപ്പെടുന്നു.
അതിനാല്‍ ഹസാരകള്‍ മംഗോളിയൻ വംശജരാണെന്നും മധ്യേഷ്യൻ വംശജരാണെന്നും വാദമുണ്ട്. ഈ വംശീയ തിരിവാണ് സുന്നികളുടെ വംശശുദ്ധ അക്രമണങ്ങളുടെ അടിസ്ഥാനവും.
മധ്യേഷ്യ കീഴടക്കിയ ചെങ്കിസ് ഖാന്‍റെ അധിനിവേശ സേനയ്ക്ക് ആയിരം സൈനീകരുള്‍പ്പെട്ട ഒരു ദളമുണ്ടായിരുന്നു. അഫ്ഗാന്‍ ആക്രമണം കഴിഞ്ഞ് ചെങ്കിസ് ഖാൻ പോയിട്ടും ആയിരം പേരുടെ ആ ദളം അഫ്ഗാനിസ്ഥാനിൽ തന്നെ തുടർന്നു.
ഈ സൈനികരും അഫ്ഗാനിസ്ഥാൻ സ്വദേശികളും തമ്മിൽ കലർന്നുണ്ടായ വംശത്തെയാണ് 'ഹസാരകൾ' എന്ന് പറയുന്നതെന്ന് ഒരു കഥ. ഈ മംഗോൾ-തുർക്ക് വംശങ്ങളുടെ മിശ്രണമാണ് ഹസാരകളുടെ വംശീയ പശ്ചാത്തലമെന്ന് കരുതുന്നു.
മധ്യ അഫ്ഗാനിസ്ഥാനിലെ പർവതപ്രദേശമായ ‘ഹസാരിസ്ഥാൻ’ അല്ലെങ്കിൽ ഹസാരകളുടെ നാട് എന്ന പ്രദേശത്തായിരുന്നു ഇവര്‍ കൂടുതലായും ജീവിച്ചിരുന്നത്. പേർഷ്യൻ ഭാഷയായ 'ഹസാരാഗി' എന്ന ഡാരിയുടെ ഒരു ഭാഷയാണ് ഹസാരകൾ സംസാരിക്കുന്നത്.
ഹസാരകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദം, 'ഓസ്‌ല' എന്നതാണ്. 'ഓ' 'സല' എന്നീ രണ്ട് പഷ്തൂനി പദങ്ങൾ ചേർന്നുണ്ടായ ഈ വാക്കിന്‍റെ അർഥം 'സന്തുഷ്ടൻ' എന്നാണ്.
അഫ്ഗാനിലെ ഹസാരിസ്ഥാനിലെ മലകളിൽ നിന്നും ആയിരത്തോളം കുഞ്ഞരുവികൾ പുറപ്പെട്ടിരുന്നത് കൊണ്ടാണ് ഹസാരിസ്ഥാൻ എന്ന് സ്ഥല പേര് വന്നതെന്നും മറ്റൊരു വാദമുണ്ട്.
ഹസാരിസ്ഥാന്‍ നിവാസികള്‍ എന്ന അർത്ഥത്തിൽ അവിടെനിന്നുള്ളവരെ ഹസാരകൾ എന്ന് വിളിച്ചു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ ഉള്ള പ്രദേശമായിരുന്നു ഇവര്‍ കൂടുതലായുമുണ്ടായിരുന്നത്.
താലിബാന്‍ തീവ്രവാദികളുടെ ആദ്യ അഫ്ഗാന്‍ ആക്രമണത്തില്‍ ഈ ബുദ്ധപ്രതിമകള്‍ നിശേഷം തകര്‍ക്കപ്പെട്ടു.ഹസാരകള്‍ക്കെതിരെയുള്ള സുന്നി പീഡനത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
1880 കളിൽ പഷ്തൂൺ സുന്നി നേതാവ് അമീർ അബ്ദുൽ റഹ്മാന്‍റെ ഭരണകാലത്ത്, സുന്നി നേതാക്കൾ രാജ്യത്തെ എല്ലാ ഷിയാക്കള്‍ക്കെതിരെയും ജിഹാദ് പ്രഖ്യാപിച്ചു.
ഇതോടെ ഇവരില്‍ ഭൂരിഭാഗം പേരും പാകിസ്ഥാനിലെ ബലൂച്ചിസ്ഥാനിലേക്ക് കുടിയേറി. നൂറ്റാണ്ടിനിപ്പുറത്ത് 1990 കളിൽ താലിബാന്‍ തീവ്രവാദികളുടെ ഭരണകാലത്ത്, ഹസാരകളെ അമുസ്ലിംകളായി (കാഫിറുകൾ) പ്രഖ്യാപിക്കുകയും അവരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവിടുകയും ചെയ്തു.
1990 കളിൽ താലിബാൻ കമാൻഡർ മൗലവിയായ മുഹമ്മദ് ഹനീഫ് പുറപ്പെടുവിച്ച ഫത്‍വ പറയുന്നത്. "ഹസാരകൾ മുസ്ലീങ്ങളല്ല, നിങ്ങൾക്ക് അവരെ കൊല്ലാൻ കഴിയും" എന്നാണ്.
1996 ൽ അഫ്ഗാനിസ്ഥാൻ, താലിബാന്‍റെ അധീനതയിലായ ശേഷം ഹസാരകള്‍ക്കെതിരെ ക്രൂരമായ ആക്രമണമായിരുന്നു താലിബാന്‍ നടത്തിയത്. 1998-ൽ മസാർ-ഇ-ഷെരീഫിൽ ആയിരക്കണക്കിന് ഹസാരകളെ വധിക്കപ്പെട്ടു.
താലിബാന്‍റെ ആദ്യ പിന്‍വാങ്ങലിന് ശേഷം 2004 ൽ അഫ്ഗാനിസ്ഥാൻ ഭരണഘടന ഹസാരകൾക്ക് തുല്യ അവകാശങ്ങൾ നൽകി. മുൻ പ്രസിഡന്‍റ് ഹമീദ് കർസായി, മന്ത്രിസഭയിൽ ഹസാരക്കാരെ ഉൾപ്പെടുത്തിയിയെങ്കിലും രാജ്യത്തെ ഹസാര വിഭാഗം വിവേചനം നേരിട്ടുകൊണ്ടേയിരുന്നു.
കാഴ്ചയിലുള്ള ചൈനീസ് - മംഗോളിയന്‍ രൂപസാദൃശ്യവും വേഷവിധാനത്തിലുള്ള വ്യത്യാസവും മൂലം ഹസാരകളെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ കഴിയും. ഈ പ്രത്യേകത കൊണ്ട് തന്നെ താലിബാന്‍ തീവ്രവാദികള്‍ക്ക് ഇവരെ എഴുപ്പത്തില്‍ ഇരകളാക്കാന്‍ കഴിയുന്നു.
“നിങ്ങൾ എവിടെ പോയാലും ഞങ്ങൾ നിങ്ങളെ പിടിക്കും, നിങ്ങൾ മുകളിലേക്ക് പോയാൽ, ഞങ്ങൾ നിങ്ങളെ നിങ്ങളുടെ കാലുകളിലൂടെ താഴേക്ക് വലിക്കും; നിങ്ങൾ താഴെ ഒളിച്ചിരിക്കുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളുടെ തലമുടിയിൽ പിടിക്കും, ” എന്നാണ് മസാർ-ഇ-ഷെരീഫ് മുൻ താലിബാൻ ഗവർണർ മുല്ല മനോൻ നിയാസി ഒരിക്കല്‍ പറഞ്ഞത്.
ആദ്യ താലിബാന്‍റെ അഫ്ഗാന്‍ അക്രമണ കാലമായ 1996 നും 2001 നും ഇടയിൽ നൂറ് കണക്കിന് ഹസാരകളാണ് കൊല ചെയ്യപ്പെട്ടത്. 1998-ൽ മസാർ-ഇ-ഷെരീഫിലും മധ്യ ബാമിയൻ പ്രവിശ്യയിലും 2000-ലും 2001-ലും ഹസാരകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു.
2001 ൽ താലിബാൻ ഹസാരകളുടെ ദേശത്തെ തന്നെ തകര്‍ത്തെറിഞ്ഞു. 1995 ല്‍ നടന്ന ആഭ്യന്തരയുദ്ധത്തിനിടെ താലിബാന്‍ തീവ്രവാദികള്‍ കൊല ചെയ്ത ഹസാര നേതാവ് അബ്ദുൽ അലി മസാരിയുടെ പ്രതിമയെ പോലും തകര്‍ത്തെറിഞ്ഞാണ് താലിബാന്‍ തീവ്രവാദികള്‍ തങ്ങളുടെ രണ്ടാം വരവ് ആഘോഷിച്ചത്.
അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിലുള്ള മതപരമായ കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തരായവരെല്ലാം ഇപ്പോൾ നടപ്പാക്കിയ ശരീഅത്ത് നിയമം അനുസരിക്കുകയാണെങ്കില്‍ , മത വിവേചനം കാണിക്കില്ലെന്ന് താലിബാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അബ്ദുൽ അലി മസാരിയുടെ പ്രതിമ തകര്‍ക്കപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.
അഫ്ഗാനിസ്ഥാനിൽ ഏകദേശം 38-40 ലക്ഷം ഹസാരകൾ താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇത് അവരെ അഫ്ഗാനിസ്ഥാന്റെ 3.8 കോടി ജനസംഖ്യയുടെ 10-12 ശതമാനമാണ്.
ദോഹ ആസ്ഥാനമായുള്ള താലിബാൻ വക്താവ് സുഹൈൽ ഷഹീൻ, ഷിയകൾക്ക് അഫ്ഗാനിസ്ഥാനിൽ സമാധാനപരമായി ജീവിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഈ വർഷം മെയ് മാസത്തിൽ, ഐഎസ് ഐഎസ് ഹസാര-ആധിപത്യമുള്ള കാബൂളിലെ ബാർച്ചി പ്രദേശമായന ദഷ്ത്-ഇയിലെ ഒരു പെണ്‍കുട്ടികളുടെ സ്കൂളിന് മുന്നിൽ കാർ ബോംബാക്രമണം നടത്തി. 60 ലധികം പേരാണ് അന്ന് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്കൂൾ വിദ്യാർത്ഥിനികളായിരുന്നു.
രണ്ടാം വരവില്‍ ഹസാരകള്‍ അഫ്ഗാനികളാണെന്നും തങ്ങള്‍ക്ക് അവരോട് പ്രശ്നങ്ങളില്ലെന്നും താലിബാന്‍ തീവ്രവാദികള്‍ പല വേദിയിലും ആവര്‍ത്തിക്കുന്നു.
അപ്പോള്‍ തന്നെ കഴിഞ്ഞ 16-ാം തിയതി താലിബാന്‍ തീവ്രവാദികള്‍ പിടിച്ച് കൊണ്ട് പോയ ചാഹര്കിന്റ് ജില്ലയുടെ ഗവര്‍ണറും ഹസാരാവംശജയുമായ സലീമാ മസാരിയെ കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഫ്ഗാനിലും പാകിസ്ഥാനിലുമുള്ള ഷിയാ വിശ്വാസികള്‍ക്കെതിരെ അതിക്രൂരമായ അക്രമണമാണ് ഐഎസ്ഐഎസ് എന്ന മറ്റൊരു സുന്നി തീവ്രവാദി സംഘം നടത്തുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
രണ്ടാം വരവില്‍ ചൈനയോട് സൌഹൃദം പുലര്‍ത്തുമെന്ന് പറയുന്ന, പ്രഖ്യാപിത ഇസ്ലാമിക്ക് സ്റ്റേറ്റ് പദവി ഏറ്റെടുത്ത താലിബാന്‍ പക്ഷേ, ചൈനയിലെ മതന്യൂനപക്ഷമായ ഉയിഗുര്‍ മുസ്ലിമുകളോട് പോലും താത്പര്യമില്ലെന്നാണ് പുറത്ത് വരുന്ന വര്‍ത്തകള്‍.
ഉയിഗുര്‍ പ്രശ്നം വേട്ടയാടപ്പെടുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രശ്നമെന്നതിലുപരി ചൈനയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നായിരുന്നു ഈ വിഷയത്തില്‍ താലിബാന്‍ നിലപാട്.
ചൈനയിലെ ഉയിഗുര്‍, മ്യാന്മാറിലെ റോഹിംഗ്യന്‍, അഫ്ഗാനിസ്ഥാനിലെ ഹസാരകള്‍ ഇങ്ങനെ ലോകത്തുള്ള ഇസ്ലാം മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വേട്ടയ്ക്കെതിരെ പ്രതികരിക്കാതെ തങ്ങള്‍ ഇസ്ലാം മതത്തിന്റെ സംരക്ഷകരാണെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് സുന്നി വിശ്വാസികളായ താലിബാന്‍ തീവ്രവാദികള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona