Taliban Law: അനാവശ്യം; തെരഞ്ഞെടുപ്പ്-സമാധാന-പാർലമെന്‍റേറികാര്യ മന്ത്രാലയങ്ങളെല്ലാം പിരിച്ച് വിട്ട് താലിബാന്‍
അഫ്ഗാനിസ്ഥാനില്‍ (Afghanistan) സ്ത്രീകള്‍ക്ക് പുതിയ നിയമാവലികള്‍ പ്രഖ്യാപിക്കപ്പെട്ടു. താലിബാന്‍റെ (Taliban) ശരീയത്ത് വ്യാഖ്യാന പ്രകാരമാണ് പുതിയ സ്ത്രീ സുരക്ഷാ നിയമം പ്രഖ്യാപിക്കപ്പെട്ടത്. ധർമ്മം പ്രോത്സാഹിപ്പിക്കുന്നതിനും ദുരാചാരം തടയുന്നതിനുമുള്ള മന്ത്രാലയമാണ് (The Ministry for the Promotion of Virtue and Prevention of Vice) പുതിയ സ്ത്രീ സുരക്ഷാ നിയമം പ്രഖ്യാപിച്ചത്. പുതിയ നിയമ പ്രകാരം സ്ത്രീകള്‍ക്ക്, കുടുംബത്തിലെ പുരുഷനോടൊപ്പമല്ലാതെ 45 മൈല്‍ (72 കിലോമീറ്റര്‍) ദൂരം സഞ്ചരിക്കാം. അതില്‍ കൂടുതല്‍ ദൂരം സ്ത്രീകള്‍ക്ക് സഞ്ചരിക്കണമെങ്കില്‍ കൂടെ കുടുംബത്തിലെ ഒരു പുരുഷന്‍ ഒപ്പമുണ്ടാകണം. ഇതിന് പുറമേ, ഒറ്റയ്ക്ക് ഹിജാബ് ധരിക്കാത്ത സഞ്ചരിക്കുന്ന സ്ത്രീകളെ വാഹനങ്ങളില്‍ കയറ്റരുതെന്നും മന്ത്രാലയം വക്താവ് സദേഖ് അകിഫ് മുഹാജിർ പറഞ്ഞു. രാജ്യത്തെ അനാവശ്യ മന്ത്രാലയങ്ങളെന്ന മുദ്രകുത്തി വനിതാകാര്യ മന്ത്രാലയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് മന്ത്രാലയവും സമാധാന മന്ത്രാലയവും പാർലമെന്‍റേറി കാര്യ മന്ത്രാലയവും താലിബാന്‍ നിര്‍ത്തലാക്കി. രാജ്യം അതിഭീകരമായ ഭക്ഷ്യക്ഷ്യാമത്തെ നേരിടാന്‍ പോവുകയാണെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് താലിബാന്‍റെ പുതിയ ഭരണ പരിഷ്ക്കാരങ്ങള്‍.
രാജ്യത്തെ സാമ്പത്തിക-ഭക്ഷ്യസുരക്ഷാ കാര്യങ്ങള്‍ കൈവിട്ട നിലയിലാണെങ്കിലും താലിബാന്‍ രണ്ട് സുപ്രധാന തീരുമാനങ്ങള്‍ കഴിഞ്ഞ ആഴ്ച നടപ്പാക്കി. അതിലൊന്ന്, സമാധാന, പാർലമെന്‍റേറിയൻ കാര്യങ്ങളുടെ കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍ താലിബാൻ പിരിച്ചുവിട്ടതാണ്. മറ്റൊന്ന് അഫ്ഗാനിസ്ഥാനിലെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനുകളും പിരിച്ചു വിട്ടതാണ്.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിന് അനാവശ്യമായ സ്ഥാപനങ്ങളാണ് ഇവയെന്നാണ് താലിബാൻ സർക്കാരിന്‍റെ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമി പറയുന്നത്. ഭാവിയിൽ കമ്മീഷനുകളുടെ ആവശ്യമുണ്ടെങ്കിൽ താലിബാൻ സർക്കാരിന് അവയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രസിഡൻഷ്യൽ, പാർലമെന്‍ററി, പ്രവിശ്യാ കൗൺസിൽ തെരഞ്ഞെടുപ്പുകൾ ഉള്‍പ്പെടെ രാജ്യത്തെ എല്ലാത്തരം തെരഞ്ഞെടുപ്പുകളും നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളായിരുന്നു രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനുകളും. തെരഞ്ഞെടുപ്പ് കമ്മീഷനുകനുകള്‍ പിരിച്ച് വിട്ടതിന് പിന്നാലെ താലിബാൻ, സമാധാന മന്ത്രാലയവും പാർലമെന്‍റേറി കാര്യ മന്ത്രാലയവും പിരിച്ചുവിട്ടുവെന്നും കരിമി പറഞ്ഞു.
സർക്കാരിന്‍റെ നിലവിലെ ഘടനയിൽ അവ അനാവശ്യ മന്ത്രാലയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാകാര്യ മന്ത്രാലയം താലിബാൻ നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു. ഇതോടൊപ്പമാണ് സ്ത്രീ സുരക്ഷയ്ക്കെന്ന പേരില്‍ പുതിയ സ്ത്രീ നിയമങ്ങള്‍ താലിബാന്‍ പ്രഖ്യാപിച്ചത്.
പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളുപയോഗിച്ച് രാജ്യം മുഴുവനും പ്രചരിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. വനിതാ അഭിനേതാക്കളെ അവതരിപ്പിക്കുന്ന നാടകങ്ങളും ഓപ്പറകളും പ്രദർശിപ്പിക്കുന്നത് നിർത്താൻ അഫ്ഗാനിസ്ഥാനിലെ ടെലിവിഷൻ ചാനലുകളോട് മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമം പ്രഖ്യാപിക്കപ്പെട്ടത്.
സ്ത്രീകൾ ഒറ്റയ്ക്ക് ഗണ്യമായ ദൂരത്തേക്ക് യാത്ര ചെയ്യുന്നത് തടയുന്ന മന്ത്രാലയത്തിന്‍റെ പുതിയ നിർദ്ദേശത്തിൽ ആളുകൾ അവരുടെ വാഹനങ്ങളിൽ സംഗീതം കളിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെടുന്നു. ടെലിവിഷനില്‍ സ്ത്രീകള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍, അവതരണ സമയത്ത് ഹിജാബ് ധരിക്കാൻ വനിതാ ടിവി മാധ്യമപ്രവർത്തകരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
എന്നാല്‍, മുടി മറയ്ക്കുന്നത് മുതൽ മുഖം മൂടുകയോ ശരീരം മുഴുവൻ മൂടുകയോ ചെയ്യാവുന്ന ഹിജാബിനെക്കുറിച്ചുള്ള താലിബാന്‍റെ വ്യാഖ്യാനം വ്യക്തമല്ല. അഫ്ഗാൻ സ്ത്രീകളിൽ ഭൂരിഭാഗവും താലിബാന്‍റെ രണ്ടാം വരവോടെ ശിരോവസ്ത്രം ധരിക്കുന്നത് പതിവാക്കിയതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഒന്നാം താലിബാന്‍ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായിരിക്കും രണ്ടാം താലിബാന്‍ സര്‍ക്കാരെന്നായിരുന്ന കഴിഞ്ഞ വര്‍ഷം അധികാരമേറ്റെടുത്ത ഓഗസ്റ്റ് മാസം മുതല്‍ താലിബാന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ സംഗീതം നിരോധിക്കുന്നത്, സ്ത്രീസ്വാതന്ത്രത്തിലെ അമിത കൈകടത്തല്‍ എന്നിങ്ങനെ ചില കാര്യങ്ങള്‍ പഴയ രീതിയില്‍ തന്നെയാണ് താലിബാന്‍ ഇപ്പോഴും പിന്തുടരുന്നതെന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ പറയുന്നു.
വിവിധ പ്രവിശ്യകളില്‍, സ്‌കൂളുകൾ വീണ്ടും തുറക്കാൻ പ്രാദേശിക താലിബാൻ, അധികാരികളെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ, നിരവധി പെൺകുട്ടികൾ ഇപ്പോഴും സെക്കണ്ടറി വിദ്യാഭ്യാസത്തിൽ നിന്നും അകലെയാണ്. ഈ മാസം ആദ്യം, സ്ത്രീകളുടെ അവകാശങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് നിർദ്ദേശം നൽകികൊണ്ട് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് അവരുടെ പരമോന്നത നേതാവിന്‍റെ പേരിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതിന്‍റെ പിന്നാലെയാണ് താലിബാന്‍റെ ധർമ്മം പ്രോത്സാഹിപ്പിക്കുന്നതിനും ദുരാചാരം തടയുന്നതിനുമുള്ള മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. നിലവില്‍ രാജ്യം വലിയൊരു സാമ്പത്തീക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തീക സഹായങ്ങളെല്ലാം നിലച്ചു. യുഎന്‍ അടക്കമുള്ള ഏജന്‍സികളില്‍ നിന്നുള്ള സഹായവും ഇപ്പോള്‍ അഫ്ഗാനിസ്ഥാന് ലഭിക്കുന്നില്ല.
മറ്റ് രാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കാനും നിഷേധിക്കപ്പെട്ട സാമ്പാത്തിക സഹായം അനുവദിക്കപ്പെടാനുമായി തങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന തോന്നലുണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ താലിബാന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് നിരീക്ഷകരും വിലയിരുത്തുന്നു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ സ്വാതന്ത്രവും ആദരവും നല്‍കണമെന്നാണ് ആഗോള സാമ്പത്തിക ദാതാക്കള്‍ താലിബാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാന്‍റെ മുൻ ഭരണകാലത്ത് സ്ത്രീകളുടെ അവകാശങ്ങൾക്ക് മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ശരീരം മുഴുവൻ മൂടുന്ന ബുർഖ ധരിക്കാൻ അഫ്ഗാനിലെ സ്ത്രീകള്‍ നിര്‍ബന്ധിതരായി. കുടുംബത്തിലെ പുരുഷനൊപ്പമല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനോ, ജോലിക്കോ എന്തിന് സ്കൂളിലേക്ക് പോലും പോകുന്നത് വിലക്കപ്പെട്ടിരുന്നു.
എന്നാല്‍, രണ്ടാം തവണ അധികാരമേറ്റടുത്ത ശേഷം രാജ്യത്തെ സാമ്പത്തീകനില നാള്‍ക്കുനാള്‍ താഴേക്കാണ്. രാജ്യം ഇന്ന് വരെ കാണാത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. ആഭ്യന്തര യുദ്ധവും വരൾച്ചയും കുറഞ്ഞ സാമ്പത്തീക സഹായ പദ്ധതികളും ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ കടുത്ത ഭക്ഷ്യക്ഷാമത്തിന്‍റെ പിടിയിലേക്ക് തള്ളിയിട്ടു.
ഈ ദുരിതങ്ങള്‍ക്കിടെയാണ് താലിബാന്‍ പുതിയ സ്ത്രീ സുരക്ഷാ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. വരൾച്ച ആശങ്കാജനകമായ ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുകയാണെന്ന് ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആന്‍റ് റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ അഫ്ഗാനിസ്ഥാൻ ഡെലിഗേഷൻ മേധാവി നെസെഫോർ മഗേണ്ടി പറയുന്നു.
ഏകദേശം 22.8 ദശലക്ഷം ആളുകൾ, അതായത് അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ 55 % ത്തിലധികം - ഉയർന്ന തോതിലുള്ള
ഭക്ഷ്യക്ഷാമത്തിന്‍റെ പിടിയിലായിക്കഴിഞ്ഞു. രാജ്യത്തെ 60 % പ്രവിശ്യകളെയും കടുത്ത വരൾച്ച ബാധിച്ച് കഴിഞ്ഞു.
എന്നാൽ നേരത്തെയും ചില പ്രവിശ്യകള്‍ ഗുരുതരമോ മിതമായതോ ആയ വരൾച്ചയെ അഭിമുഖീകരിച്ചിരുന്നതിനാല്‍ ഈ പ്രതിസന്ധിയെ ഏത്ര കണ്ട് മറികടക്കാന്‍ കഴിയുമെന്ന് നിശ്ചയമില്ല. അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് അതികഠിനമായ സാഹചര്യങ്ങളാകും മുന്നിലുണ്ടാവുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ഇപ്പോള്‍ തന്നെ ലോകത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധിയിലൂടെയാണ് അഫ്ഗാന്‍ കടന്ന് പോകുന്നത്. ഏറ്റവും ദുഖകരമായ കാര്യം നേരത്തെ നടപടി തുടങ്ങിയിരുന്നെങ്കില്‍ അത്രയെങ്കിലും ദുരന്തവ്യാപ്തി കുറയ്ക്കാന്‍ കഴിയുമെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.