'ഞങ്ങള്‍ക്കും സ്വാതന്ത്ര്യം' വേണമെന്ന് ക്യൂബന്‍ ജനത; തെരുവില്‍ പ്രതിഷേധം, ഒരു മരണം
കമ്മ്യൂണിസ്റ്റ് നിയന്ത്രിത ഭരണകൂടമുള്ള ലോകത്തെ പ്രധാനപ്പെട്ട രണ്ടാമത്തെ രാജ്യമായ ക്യൂബയില്‍ സ്വതന്ത്രത്തിനായി പ്രക്ഷോഭം. കൊറോണാ വ്യാപനം നടയുന്നതിലും രാജ്യത്ത് അടച്ച് പൂട്ടല്‍ നിയന്ത്രിക്കുന്നതിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം പരാജയപ്പെട്ടെന്ന് പ്രക്ഷോഭകാരികള്‍ ആരോപിച്ചു. എന്നാല്‍, കൊറോണാ വ്യാപനത്തെ തുടര്‍ന്ന് രാജ്യം അടച്ച് പൂട്ടലിലേക്ക് പോയതോടെ നിയന്ത്രിത വ്യാപാരമേഖല തകരുകയും രാജ്യത്ത് ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും വ്യാപകമായി. ഇതിന്‍റെ പ്രതിഫലനമാണ് പ്രക്ഷോഭങ്ങളെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അമേരിക്കന്‍ ധനസഹായത്തോടെ കാലാപകാരികള്‍ രാജ്യത്ത് മനഃപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ക്യൂബന്‍ സര്‍ക്കാര്‍ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.
രാജ്യ തലസ്ഥാനമായ ഹവാനയുടെ പ്രാന്തപ്രദേശത്തുള്ള അറോയോ നാരൻജോ മുനിസിപ്പാലിറ്റിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് ഡ്യൂബിസ് ലോറൻസിയോ തെജെഡ (36) മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കലാപത്തിന് നേതൃത്വം കൊടുത്ത നിരവധി പേരെ അറസ്റ്റ് ചെയ്തെന്നും ചിലര്‍ക്ക് പരിക്കുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രകടനക്കാർ വീടുകൾക്ക് തീയിട്ടതായും വൈദ്യുതി ലൈനുകൾ തകരാറിലായതായും സര്‍ക്കാര്‍ ആരോപിച്ചു. കലാപകാരികള്‍ പൊലീസിനെയും സാധാരണക്കാരെയും കത്തി, കല്ല്, മറ്റ് മാരകായുധങ്ങള്‍ എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായും സര്‍ക്കാര്‍ ആരോപിച്ചു.
പ്രതിധേഷത്തിലുടനീളം ഭക്ഷ്യവസ്തുക്കളുടെ അഭാവത്തെ കുറിച്ചും വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്കെതിരെയും അവശ്യസാധനങ്ങളും വിലക്കയറ്റത്തിനുമെതിരെ ജനം മുദ്രാവാക്യം മുഴക്കി.
കമ്മ്യൂണിസത്തിന് ക്യൂബയെ രക്ഷിക്കാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നിലവിലെ സര്‍ക്കാറിനെ പിരിച്ച് വിട്ട് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാനമായ ഹവാനയില്‍ കനത്ത പൊലീസ് സാന്നിധ്യമുണ്ടെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാലെകോൺ കോസ്റ്റൽ പ്രൊമെനേഡ്, ക്യാപിറ്റൽ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സൈനീകരുടെ കാവലുണ്ട്.
ഇതിനിടെ പ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ചതോടെ രാജ്യത്തെ ഇന്‍റ്ർനെറ്റ്, സെൽഫോൺ ഡാറ്റ സേവനം എന്നിവ സര്‍ക്കാര്‍ തടസ്സപ്പെടുത്തിയതായി സമരക്കാരും ആരോപിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് ക്യൂബന്‍ അമേരിക്കക്കാര്‍ രാജ്യത്ത് കലാപത്തിന് നേതൃത്വം കൊടുക്കുകയാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു.
കർശനമായ സര്‍ക്കാര്‍ നിയന്ത്രണങ്ങളുള്ള ക്യൂബയിൽ വർഷങ്ങളായി ഉറഞ്ഞ് കിടന്ന സര്‍ക്കാര്‍ വിരുദ്ധവികാരം കൊറോണാ വ്യാപനത്തിനിടെ പൊതുജനമദ്ധ്യത്തില്‍ പ്രകടമാവുകയായിരുന്നെന്ന് പ്രതിഷേധക്കാരും വാദിക്കുന്നു.
യുഎസ് ഉപരോധത്തെ തുടര്‍ന്ന് പതിറ്റാണ്ടുകളായി വ്യാപാര നിയന്ത്രണം നേരിടുന്ന ക്യൂബയില്‍ ഡൊണാൾഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ ഉപരോധത്തെ തുടര്‍ന്ന് വിവിധ ഭക്ഷ്യവിഭവങ്ങള്‍ക്കും ക്ഷാമം രേഖപ്പെടുത്തിയിരുന്നു.
അതിനിടെ കൊറോണാ വ്യാപനത്തെ തുടര്‍ന്ന് രാജ്യം അടച്ചിട്ടതോടെ പൊതുമേഖലയിലെ മിക്ക സ്ഥാപനങ്ങളും അടച്ചു. ഇതോടെ തൊഴില്‍ നഷ്ടമായ യുവാക്കളും പ്രതിഷേധത്തിന്‍റെ ഭാഗമായതായി കണക്കുകൂട്ടുന്നു.
രാജ്യത്ത് പ്രതിഷേധമുയര്‍ന്നതോടെ രാഷ്ട്രപതി റൌള്‍ കാസ്ട്രേ രാജ്യത്തെ ഉന്നത നേതാക്കളുമായി കൂടിക്കാഴ് നടത്തി. റൌള്‍ കാസ്ട്രോയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ അനുകൂലികളും തെരുവിലിറങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ജൂലൈ 11 രാജ്യത്ത് കലാപശ്രമമുണ്ടായതായി വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് സമ്മതിക്കുന്നു. എന്നാലത് രാജ്യത്തെ സര്‍ക്കാറിന്‍റെയോ ജനങ്ങളുടെയോ സഹകരണത്തോടെയല്ലെന്നും അദ്ദേഹം പറയുന്നു. കലാപത്തിന് പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിരുന്നുവെന്നതിന്‍റെ തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
അക്രമസംഭവങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ക്യൂബയിലെ റോമൻ കത്തോലിക്കാ മെത്രാന്മാർ ആവശ്യപ്പെട്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തെ തുടര്‍ന്ന് കുറഞ്ഞത് 140 ക്യൂബക്കാരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടാകാമെന്ന് ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ അമേരിക്കാസ് ഡയറക്ടർ എറിക ഗുവേര-റോസസ് പറഞ്ഞു.
പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ “സ്വേച്ഛാധിപത്യവുമായി ഇറങ്ങുക ”,“ ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം. ” എന്നി ബാനറുകള്‍ ഉയര്‍ത്തി. ക്യൂബയുടെ ചരിത്രത്തിലാദ്യമായാണ് സര്‍ക്കാറിനെതിരെ ഇത്രയും വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നത്.
“സർക്കാരിനെ വെല്ലുവിളിക്കാൻ ധൈര്യപ്പെടുന്നവരെ ശിക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവഴി കൂടുതല്‍ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന സന്ദേശം നല്‍കുക." ഹുവാന ഉൾപ്പെടെ 48 പ്രത്യേക സ്ഥലങ്ങളിലെങ്കിലും സമാധാനപരവുമായ റാലികൾ നടന്നിട്ടുണ്ടെന്ന് ചെ ഗുവേര-റോസസ് പറഞ്ഞു.
ചൊവ്വാഴ്ച സ്‌പെയിനിന്‍റെ വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബാരസ് അറസ്റ്റ് ചെയ്ത ക്യൂബൻ പത്രപ്രവർത്തകയായ കാമില അക്കോസ്റ്റയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെ തലസ്ഥാനത്തെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്.
എന്നാല്‍, അക്കോസ്റ്റയ്‌ക്കെതിരെ സംസ്ഥാന സുരക്ഷാ നിയമം ഉപയോഗിച്ചുള്ള കേസാണ് ചുമത്തിയിരിക്കുന്നതെന്ന് റിപ്പോടുകളുണ്ട്. സ്വതന്ത്രവും സമാധാനപരമായും പ്രകടനം നടത്താനുള്ള ജനങ്ങള്‍ക്കുള്ള അവകാശത്തെ അംഗീകരിക്കാനും അതിനെ ബഹുമാനിക്കാനും ക്യൂബൻ അധികാരികളോട് സ്പെയിൻ ആവശ്യപ്പെട്ടു.
നിക്കരാഗ്വയുടെ സ്വേച്ഛാധിപത്യ നേതാവ് ഡാനിയേൽ ഒർടേഗ, ബ്രസീലിന്‍റെ തീവ്ര വലത് പ്രസിഡന്‍റ് ജെയർ ബോൾസോനാരോ എന്നിവരോടൊപ്പം ക്യൂബൻ പ്രസിഡന്‍റ് മിഗുവൽ ഡിയാസ്-കാനലിനെ 2021 ലെ “പത്രസ്വാതന്ത്ര്യ വേട്ടക്കാരിൽ” ഒരാളായി റിപ്പോർട്ടർ വിത്തൗട്ട് ബോർഡേഴ്സ് നിര്‍ദ്ദേശിച്ചു.
ആക്ടിവിസ്റ്റ് കരോലിന ബാരെറോ പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുക മാത്രമല്ല, ഇനിയൊരു കാലത്ത് ഉയര്‍ന്ന് വരാത്ത രീതിയില്‍ അതിനെ ഇല്ലായ്മ ചെയ്യുകയാണെന്നാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇവര്‍ വീട്ടുതടങ്കലിലാണ്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സ്വതന്ത്ര പത്രപ്രവർത്തകർ, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന കലാകാരന്മാരുടെയും പ്രവർത്തകരുടെയും കൂട്ടായ മോവിമിയന്‍റോ സാൻ ഇസിഡ്രോയുടെ പ്രവര്‍ത്തകര്‍ എന്നിവരെല്ലാമായിരുന്നു സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്.
അറസ്റ്റിലായ ഡസൻ കണക്കിന് ആളുകളെ തനിക്ക് അറിയാമെന്ന് ഫെമിനിസ്റ്റും എൽജിബിടി പ്രവർത്തകയുമായ മാർട്ട മരിയ റാമെറസ് (46) പറഞ്ഞു. അവരിൽ ഒരു യുവ ചലച്ചിത്ര സംവിധായകൻ ഗ്രെറ്റൽ മദീനയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
“സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശവും അവരുടെ ഭാവി സ്വതന്ത്രമായി നിർണ്ണയിക്കാനുള്ള അവകാശവും ഉൾപ്പെടെ” പൗരന്റെ അവകാശങ്ങളെ മാനിക്കാൻ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ തിങ്കളാഴ്ച ക്യൂബൻ അധികാരികളോട് ആവശ്യപ്പെട്ടു.
ക്യൂബയുടെ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് യുഎസ് രാഷ്ട്രീയക്കാരുടെ “അസാധാരണമായ നിഗൂഢതയും കാപട്യവുമാണ്" കലാപത്തിന് കാരണമെന്ന് ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചു.
ആഫ്രിക്കൻ അമേരിക്കക്കാർക്കും മാധ്യമപ്രവർത്തകർക്കും മേൽ യുഎസ് പോലീസ് സേന നടത്തുന്ന ക്രൂരമായ അടിച്ചമർത്തൽ അവസാനിപ്പിക്കണമെന്ന് റോഡ്രിഗസ് അമേരിക്കൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
“കോവിഡിൽ നിന്നുള്ള ലക്ഷക്കണക്കിന് ബ്രസീലുകാരുടെ നിന്ദ്യമായ മരണത്തിന് കാരണമായ പ്രകടനത്തെ കുറിച്ച് ബ്രസീൽ പ്രസിഡന്‍റ് ബോൾസോനാരോ വിശദീകരിക്കണം… ക്യൂബയിൽ ഉപരിപ്ലവമായ ഒരു കണ്ണ് ഇടുന്നതിലൂടെ സ്വന്തം രാജ്യത്തെ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതിന് പകരം അദ്ദേഹം ഉൾപ്പെട്ടിരിക്കുന്ന അഴിമതി നടപടികളെക്കുറിച്ച് ആശങ്കപ്പെടുന്നു,” റോഡ്രിഗസ് ബ്രസീല്‍ പ്രസിഡന്റിനെതിരെയും ട്വീറ്റുകളിട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona