മേഘവിസ്ഫോടനമോ ? ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ പ്രളയം, 18 മരണം
കഴിഞ്ഞ ദിവസം ചൈനയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ മധ്യ പ്രവിശ്യയായ ഹെനാനിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 1000 വര്‍ഷത്തിനിടെ ചൈനയില്‍ പെയ്ത കനത്ത മഴയാണിതെന്ന് കണക്കാക്കുന്നു. ഷെങ്‌ഷൌവിലെ സബ് വേകളില്‍ വെള്ളകയറിയതിനെ തുടര്‍ന്ന് 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഭൂഗർഭ റെയിൽ സംവിധാനം ഏതാണ്ട് പകുതിയോളം മുങ്ങിയതായി ഇവിടെ നിന്നുള്ള ഫുട്ടേജുകള്‍ കാണിക്കുന്നു. 10 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരമായ ഷെങ്‌ഷൌവില്‍ സൈന്യമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏതാണ്ട് 2,00,000 പേരെ മാറ്റിത്താമസിപ്പിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. മഴയോടൊപ്പം അതിശക്തമായ കാറ്റും വീശിയടിച്ചു.
മഞ്ഞ നദിയുടെ തീരത്തുള്ള ഹെനാന്‍ പ്രവശിയയുടെ തലസ്ഥാനമായ ഷെങ്‌ഷൌവിൽ ചൊവ്വാഴ്ച ഒരു മണിക്കൂറിനുള്ളിൽ 200 മില്ലി മീറ്ററിലധികമാണ് മഴ പെയ്തത്. ചൈനയിലെ ഒരു പ്രധാന ലോജിസ്റ്റിക് ഹബായ ഹെനാനില്‍ വെള്ളം കയറിയതോടെ എല്ലാ സബ്‌വേ ട്രെയിൻ സർവീസുകളും നിർത്തി വച്ചു.
ഷെങ്‌ഷൌ നഗരത്തിലെ 'ലൈൻ 5' മെട്രോയിസാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. ബോഗികളുടെ മുക്കാല്‍ ഭാഗത്തോളം വെള്ളം കയറി. വെള്ളം കയറിയതോടെ ഭൂഗര്‍ഭ റെയിലിനുള്ളിലെ വായു സഞ്ചാരം കുറഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു.
ഭൂഗര്‍ഭ റെയിവേയ്ക്കുള്ളില്‍ നെഞ്ചോളം ഉയരത്തില്‍ വെള്ളം കയറിയതായി യാത്രക്കാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഈ ഭാഗത്തുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ശക്തമായ കാറ്റും മഴയേയും തുടര്‍ന്ന് ഈ ഷെങ്‌ഷൌ നഗരത്തിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി.
ഇതോടെ റോഡ്, റെയില്‍, വ്യോമ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ഷെങ്‌ഷൌ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടുകയും ചെയ്തു. ഓസ്ട്രിയയുടെ ഇരട്ടി ജനസംഖ്യയുള്ള ഹെനാൻ പ്രവിശ്യയില്‍ കഴിഞ്ഞ ആഴ്ചയവസാനം മുതല്‍ അതിശക്തമായ കാറ്റാണ് അനുഭവപ്പെട്ടിരുന്നത്. ഈ മേഖല സ്ഥിരമായി കൊടുങ്കാറ്റ് വീശുന്ന മേഖല കൂടിയാണ്.
യി നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ലോംഗ്മെൻ ഗ്രോട്ടോസ് വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വെള്ളം കയറിയതോടെ ലുവോയാങ് നഗരത്തിനടുത്തുള്ള ചുണ്ണാമ്പുകല്ലുകളിൽ നിര്‍മ്മിച്ച സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ബുദ്ധപ്രതിമകൾ നാശത്തിന്‍റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ട്.
ആയോധനകലകൾക്ക് പ്രസിദ്ധമായ പടിഞ്ഞാറ് നഗരമായ ഡെങ്‌ഫെങിലെ ഷാവോലിൻ ക്ഷേത്രവും താൽക്കാലികമായി അടച്ചു. കനത്ത മഴയെ തുടര്‍ന്ന് ഡെങ്‌ഫെങ്ങിലെ ഒരു അലുമിനിയം അലോയ് പ്ലാന്‍റ് പൊട്ടിത്തെറിച്ച് നദിയിൽ നിന്നുള്ള വെള്ളം ഫാക്ടറിയിലേക്ക് കയറിയത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രവിശ്യയിലെ കുറഞ്ഞത് 31 വലുതും ഇടത്തരവുമായ ജലസംഭരണികളില്‍ ജലം അപകടകരമായ രീതിയില്‍ ഉയരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് ഒറ്റ ദിവസം പ്രദേശത്ത് പെയ്തിറങ്ങിയത്.
ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയുള്ള നാല് ദിവസത്തിനിടെ ഹെനാനിലെ 3,535 കാലാവസ്ഥാ സ്റ്റേഷനുകളിൽ 50 മില്ലിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തി. അതിൽ 1,614 സേറ്റഷനുകളില്‍ പെയ്ത മഴ 100 മില്ലിമീറ്ററിനും മുകളിലാണ്. 151 കാലാവസ്ഥാ കേന്ദ്രങ്ങളില്‍ 250 മില്ലിമീറ്ററിനും മുകളില്‍ മഴ രേഖപ്പെടുത്തി.
പ്രവിശ്യാ കാലാവസ്ഥാ ബ്യൂറോയുടെ കണക്കനുസരിച്ച് 498 മില്ലിമീറ്റർ മഴ പെയ്ത ലുഷാൻ നഗരത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. നാളെയോടെ മഴയ്ക്ക് ശമനമാകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ ശക്തമായ കൊടുങ്കാറ്റുകളാണ് ഹെനാൻ പ്രവിശ്യയിൽ ആഞ്ഞടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊട്ട് പുറകെ മഴ ശക്തമായതോടെ മഞ്ഞ നദിയടക്കമുള്ള പ്രധാനപ്പെട്ട നദികളെല്ലാം കരകവിഞ്ഞു. ഏതാണ്ട് ഒരു ഡസന്‍ നഗരങ്ങളിലെങ്കിലും വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്.
ബീജിംഗിന് തെക്കുകിഴക്കായി 700 കിലോമീറ്റർ (431 മൈൽ) തെക്ക് - പടിഞ്ഞാറുള്ള ഷെങ്‌ഷൌവിലെ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ 60 വർഷം മുമ്പ് മഴയുടെ കണക്കെടുപ്പ് തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് നഗരത്തില്‍ ലഭിച്ചതെന്ന് പറയുന്നു.
നഗരത്തിന്‍റെ വാർഷിക മഴ ശരാശരിയായ 640.8 മില്ലീമീറ്ററുമായി (25.2 ഇഞ്ച്) താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് 617.1 മില്ലിമീറ്റർ (24.3 ഇഞ്ച്) മഴ യാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയ്ച്ചു. അതായത് ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ ഏതാണ്ട് 94.6 ശതമാനം മഴയാണ് നാല് ദിവസം കൊണ്ട് ഹനാന്‍ പ്രവിശ്യയില്‍ പെയ്തൊഴിഞ്ഞത്.
“ആയിരം വർഷത്തിലൊരിക്കൽ” മാത്രമാണ് മഴയുടെ അളവ് ഇത്രയും ഉയര്‍ന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ കാലാവസ്ഥാ നിരീക്ഷകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തതായി അല്‍ജറീസ റിപ്പോര്‍ട്ട് ചെയ്തു.
വീടുകളും മതിലുകളും തകർന്ന ഗോംഗി നഗരത്തിൽ നാല് പേർ മരിച്ചു. അതിശക്തമായ മഴയേ തുടര്‍ന്ന് നിരവധി മണ്ണിടിച്ചിലാണ് പ്രദേശത്ത് ഉണ്ടായതെന്ന് സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു.
ഏകദേശം ഏഴ് ദശലക്ഷം ജനങ്ങളുള്ള ലുവോയാങ്ങിലെ യിഹതൻ ഡാമിൽ 20 മീറ്റർ (66 അടി) ജലമുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഒറ്റരാത്രികൊണ്ട് അധികൃതർ മുന്നറിയിപ്പ് നൽകിയ മുന്നറിയിപ്പ് “എപ്പോൾ വേണമെങ്കിലും തകർന്നേക്കാം” എന്നായിരുന്നു. അത് ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കി.
ബുധനാഴ്ച മഴ തുടരുന്നതിനാൽ, തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായിക്കുന്നതിനായി ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങളെയും സൈനികരെയും ഈ പ്രദേശത്ത് വിന്യസിച്ചു.
പ്രസിഡന്‍റ് ഷി ജിൻപിംഗ് സര്‍ക്കാര്‍ ടെലിവിഷനില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ പ്രദേശിക അധികാരികളും മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു.
ചില ജലസംഭരണികള്‍ തകര്‍ന്നതായും ഏറെ പേര്‍ക്ക് സ്വത്ത് നഷ്ടവും ജീവഹാനിയും സംഭവിച്ചതായി ഷി ജിൻപിംഗ് പറഞ്ഞു. “വെള്ളപ്പൊക്ക നിയന്ത്രണ സാഹചര്യം അങ്ങേയറ്റം കഠിനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഴക്കാലത്ത് ചൈനയില്‍ വെള്ളപ്പൊക്കം സാധാരണമായ ഒരു കാര്യമാണ്. എന്നാല്‍ അടുത്തകാലത്തായി ഉയര്‍ന്ന് അനേകം അണക്കെട്ടുകള്‍ സ്ഥിതി വഷളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona