Chinese Y 20: ചൈന, റഷ്യന്‍ സഖ്യകക്ഷിക്ക് വിമാനവേധ ആയുധം നല്‍കി
യുക്രൈന് യുദ്ധം ആരംഭിച്ച് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ റഷ്യ. ചൈനയില്‍ നിന്നും ആയുധങ്ങള്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍, ചൈനയും റഷ്യയും ഈ ആരോപണത്തെ നിഷേധിച്ചു. ഒടുവില്‍ യുക്രൈന്‍ യുദ്ധത്തില്‍ തങ്ങള്‍ക്ക് വലിയ നഷ്ടം നേരിട്ടെന്ന് മോസ്കോ തന്നെ വെളിപ്പെടുത്തുകയും പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ കീവിന് കിഴക്ക് പടിഞ്ഞാറുള്ള തങ്ങളുടെ സൈന്യത്തെ മുഴുവനായും റഷ്യ പിന്‍വലിക്കുകയും യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുകയാണ്. റഷ്യയുടെ ആക്രമണം അമ്പതാം ദിവസത്തേക്ക് അടുക്കുന്നതിനിടെയാണ് ചൈന, റഷ്യയുടെ സഖ്യകക്ഷിയായ സെർബിയയ്ക്ക് വിമാനവിരുദ്ധ ആയുധങ്ങള്‍ നല്‍കിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടെ യൂറോപ്പും ഇപ്പോള്‍ റഷ്യയുടെ അക്രമണ ഭീഷണിയിലാണ്. ഇതിനിടെയാണ് ചൈന, സെർബിയയ്ക്ക് ആയുധം നല്‍കിയെന്ന് വാര്‍ത്ത പുറത്ത് വരുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ യൂറോപ്പിലാകെ ആശങ്ക വര്‍ദ്ധിച്ചു.
റഷ്യയുടെയും ചൈനയുടെയും സഹായത്തോടെ ബെൽഗ്രേഡ് സമീപ വർഷങ്ങളിൽ സ്വന്തം ആയുധശേഖരം ശക്തമാക്കിയിട്ടുണ്ട്. 2008-ലാണ് സെർബിയയിൽ നിന്ന് കോസോവോ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. മൂന്ന് രാജ്യങ്ങളും കൊസോവോയുടെ സംസ്ഥാന പദവി അംഗീകരിക്കുന്നില്ലെന്നും ശ്രദ്ധേയമാണ്.
യുക്രൈന്‍റെ പടിഞ്ഞാന്‍ അതിര്‍ത്തി രാജ്യമായ റോമാനിയയ്ക്ക് പടിഞ്ഞാറാണ് സെര്‍ബിയ സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും സെര്‍ബിയിയില്‍ നിന്ന് എളുപ്പം എത്തിച്ചേരാന്‍ സാധിക്കുന്നു.
സെര്‍ബിയയുടെ ഈ നിര്‍ണ്ണായക സ്ഥാനമാണ് യൂറോപ്യന്‍ രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നതും. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സെര്‍ബിയയ്ക്ക് റഷ്യയോടും ചൈനയോടുമാണ് അടുപ്പമെന്നതും മറ്റ് രാജ്യങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു .
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ബെൽഗ്രേഡിലെ സിവിലിയൻ വിമാനത്താവളത്തിൽ ചൈനീസ് വ്യോമസേനയുടെ ആറ് വൈ-20 ട്രാൻസ്പോർട്ട് വിമാനങ്ങൾ ലാൻഡ് ചെയ്തതായി മാധ്യമങ്ങളും സൈനിക വിദഗ്ധരും റിപ്പോര്‍ട്ട് ചെയ്തു. ബെൽഗ്രേഡിലെ നിക്കോള ടെസ്‌ല വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്.
എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച എപി വാര്‍ത്താ ഏജന്‍സിയോട് സെര്‍ബിയന്‍ പ്രതിരോധമന്ത്രാലയം ഉടന്‍ പ്രതികരണം നടത്തിയില്ല. കുറഞ്ഞത് രണ്ട് നാറ്റോ അംഗരാജ്യങ്ങളായ തുർക്കിയുടെയും ബൾഗേറിയയുടെയും പ്രദേശത്ത് ആയുധങ്ങൾ വിതരണം ചെയ്യുന്നത് ചൈനയുടെ വർദ്ധിച്ചുവരുന്ന ആഗോള വ്യാപനത്തിന്‍റെ പ്രകടനമായാണ് വിദഗ്ധർ കണ്ടത്.'
'വൈ-20' (Y20) ആറ് വിമാനങ്ങള്‍ ഒന്നിച്ച് പറന്നുയര്‍ന്നപ്പോള്‍ അവയൊരു പുരികക്കൊടിപോലെ കാണപ്പെട്ടു എന്ന് ഒരു ഓണ്‍ലൈന്‍ മാഗസിന്‍ ആയ ദി വാര്‍സോണ്‍ എഴുതി. Y-20 യുടെ യൂറോപ്പിലെ സാന്നിധ്യം ഇപ്പോള്‍ തികച്ചും പുതിയൊരു സംഭവവികാസമാണ്.
'ചൈന തങ്ങളുടെ ശക്തിപ്രകടനം നടത്തി' എന്നായിരുന്നു സംഭവത്തോട് 'സെർബിയൻ മിലിട്ടറി അനലിസ്റ്റ് അലക്‌സാണ്ടർ റാഡിക് പ്രതികരിച്ചത്. 2019-ൽ അംഗീകരിച്ച മീഡിയം റേഞ്ച് ആയുധങ്ങളുടെ വിതരണമാണ് ഇപ്പോള്‍ നടന്നതെന്ന് സെർബിയൻ പ്രസിഡന്‍റ് അലക്‌സാണ്ടർ വുചിച്ച് (Aleksandar Vučić) സ്ഥിരീകരിച്ചു.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സെർബിയൻ സൈന്യത്തിന്‍റെ 'ഏറ്റവും പുതിയ അഭിമാനം' അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെര്‍ബിയയുടെ അയല്‍രാജ്യങ്ങളെതാണ്ടെല്ലാം തന്നെ നാറ്റോ സഖ്യ കക്ഷികളാണ്. റഷ്യയുടെ അക്രമണ സമയത്ത് സെര്‍ബിയയുടെ ആകാശം ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന് നാറ്റോ നേരത്തെ സെര്‍ബിയയോട് പരാതിപ്പെട്ടിരുന്നു.
യുക്രൈനിലെ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തോട് സെര്‍ബിയ അനുകൂലമായാണ് വോട്ട് ചെയ്തിരുന്നതെങ്കിലും അന്താരാഷ്ട്രാ ഉപരോധത്തില്‍ യൂറോപ്യന്‍ യൂണിയനൊപ്പം ചേരാന്‍ സെര്‍ബിയ വിസമ്മതിച്ചു. റഷ്യന്‍ നടപടിയെ വിമര്‍ശിക്കാനും സെര്‍ബിയ തയ്യാറായില്ല.
2020 ൽ HQ-22 ആന്‍റി-എയർക്രാഫ്റ്റ് സിസ്റ്റങ്ങൾ വാങ്ങുന്നതിനെതിരെ യുഎസ് ഉദ്യോഗസ്ഥർ സെര്‍ബിയയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. യൂറോപ്യൻ യൂണിയനിലും മറ്റ് പാശ്ചാത്യ സഖ്യങ്ങളിലും ചേരാൻ സെർബിയ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അതിന്‍റെതന്നെ സൈനിക ഉപകരണങ്ങളെ പാശ്ചാത്യ മാനദണ്ഡങ്ങളുമായി ചേര്‍ത്ത് വിന്യസിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടിരുന്നു.
ചൈനീസ് മിസൈൽ സംവിധാനത്തെ, അമേരിക്കൻ പാട്രിയറ്റ്, റഷ്യൻ എസ്-300 ഉപരിതല-വായു മിസൈൽ സംവിധാനങ്ങൾ എന്നിവയുമായി താരതമ്യപ്പെടുത്തുന്നു. കൂടുതൽ നൂതനമായ S-300-കളേക്കാൾ ചെറിയ റേഞ്ചാണ് ഈ ആയുധങ്ങള്‍ക്ക്. ഈ കൈമാറ്റത്തോടെ യൂറോപ്പിലെ ചൈനീസ് മിസൈലുകളുടെ ആദ്യ ഓപ്പറേറ്ററായിരിക്കും സെർബിയ.
1990-കളിൽ അയൽരാജ്യങ്ങളുമായി സെർബിയ അവസാനമായി യുദ്ധം ചെയ്തു. ഔപചാരികമായി സെര്‍ബിയ യൂറോപ്യൻ യൂണിയൻ അംഗത്വം തേടിയ രാജ്യമാണ്. എന്നാല്‍, യുദ്ധവിമാനങ്ങൾ, യുദ്ധ ടാങ്കുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ റഷ്യൻ, ചൈനീസ് ആയുധങ്ങൾ ഉപയോഗിച്ചാണ് സെര്‍ബിയ തങ്ങളുടെ സായുധ സേനയെ ശക്തിപ്പെടുത്തിയ്ത്.
നിരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന യുദ്ധ ഡ്രോണുകളില്‍ ബോംബുകളും മിസൈലുകളും ഘടിപ്പിച്ച് ശത്രുവിന്‍റെ ആയുധങ്ങള്‍ക്ക് മുകളില്‍ കനത്ത നാശമേല്‍പ്പിക്കാന്‍ സാധിക്കും. ഇത് യുക്രൈന്‍, റഷ്യന്‍ സേനയ്ക്കെതിരെ പ്രയോഗിച്ച് വിജയിച്ച ഒന്നാണ്.
റഷ്യയും ചൈനയും സെർബിയയെ ആയുധമാക്കുന്നത് ബാൾക്കൻ രാജ്യത്തെ മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് യൂറോപ്പിന്‍റെ ആശങ്ക. അങ്ങനെയെങ്കില്‍ സെര്‍ബിയ ആദ്യം തന്നെ അക്രമിക്കാന്‍ സാധ്യതയുള്ളത് 2009 ല്‍ തങ്ങളില്‍ നിന്നും സ്വാതന്ത്ര പ്രഖ്യാപിനം നടത്തിയ കോസോവയ്ക്ക് നേരെയാകുമെന്നും യൂറോപ്പ് ഭയക്കുന്നു.