Covid 19 in China: കൊവിഡ് വ്യാപനത്തില്‍ അടച്ച് പൂട്ടി ചൈന; ക്ഷമ നശിച്ച് ചീനക്കാര്‍
നാലാം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈന തങ്ങളുടെ നഗരങ്ങള്‍ അടച്ച് പൂട്ടി. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഗരത്തില്‍ ഒന്നോ രണ്ടോ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലും നഗരം മൊത്തം അടച്ച് പൂട്ടുന്ന നിലപാടിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. എന്നാല്‍, സഹിഷ്ണുത തീരെയില്ലാത്ത ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒത്തുകൂടി. 26 ദശലക്ഷം ആളുകൾ താമസിക്കുന്ന ഷാങ്ഹായി നഗരം ഒറ്റയടിക്ക് അടച്ചിട്ടതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രിത ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കും ഭക്ഷണം വാങ്ങുന്നതിനുമായി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സഹായാഭ്യര്‍ത്ഥന നടത്തിയത്.ഇതോടെ ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രിത ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും ക്ഷാമം രേഖപ്പെടുത്തി.
ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോയില്‍ ഷാങ്ഹായ് വേൾഡ് എക്‌സ്‌പോ സെന്‍റിറിലെ ഒരു ക്വാറന്‍റീന്‍ കേന്ദ്രത്തിലെ രോഗികളും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെടുന്നത് കാണിക്കുന്നു.
ചൈനയിലെ പല ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലും മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ഷാങ്ഹായ് വേൾഡ് എക്‌സ്‌പോ സെന്‍റിറില്‍ ക്വാറന്‍റീന്‍ കേന്ദ്രം സജ്ജീകരിക്കപ്പെട്ടത്.
"ഞങ്ങൾ ഒരു വിശദീകരണം ആവശ്യപ്പെടുന്നു!" വീഡിയോയില്‍ ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോട് ആക്രോശിക്കുന്നതായി കാണിക്കുന്നു. “ഇവിടെ ആവർത്തിച്ചുള്ള ക്രോസ്-ഇൻഫെക്ഷൻ ഉണ്ട്. ടോയ്‌ലറ്റുകളില്‍ വെള്ളമില്ല, എല്ലായിടത്തും മലവും മൂത്രവും മാത്രം. ഇവിടെ സര്‍വത്ര കുഴപ്പമാണ്!”. ജനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിട്ട വീഡിയോകളില്‍ പറയുന്നു.
ഷാങ്ഹായി നഗരത്തിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അതിഭീമമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗികളുടെ എണ്ണത്തിലുണ്ടായ ഭീമമായ വര്‍ദ്ധനവിനെ തുടര്‍ന്ന് രണ്ട് നിലകളിലായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നെന്നായിരുന്നു സര്‍ക്കാര്‍ ആദ്യ അറിയിച്ചിരുന്നത്.
എന്നാല്‍, വെറും ഒമ്പത് ദിവസത്തിനുള്ളില്‍ 13,000 ത്തിന് മുകളില്‍ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയോടെ പുതിയ പ്രതിദിന കേസുകള്‍ മാര്‍ച്ച് 29 ന് മുന്‍പുള്ള ദിവസങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്ന് വര്‍ദ്ധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. '
എന്നാല്‍, ചൈനയിലെ രോഗികളുടെ എണ്ണം ആഗോള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന വളരെ ചെറിയ കണക്കുകളാണ്. എന്നാല്‍, കൊവിഡ് കേസുകളോട് ചൈനയുടെ സമീപനം വളരെ കര്‍ക്കശമാണ്.
കൊവിഡ് രോഗവ്യാപനത്തോട് "ഡൈനാമിക് ക്ലിയറൻസ്" (dynamic clearance) സമീപനമാണ് ചൈനയ്ക്ക്. അതായത് നരഗത്തില്‍ ഒരാള്‍ക്ക് കൊവിഡ് പോസറ്റീവാണെന്ന് രേഖപ്പെടുത്തിയാല്‍ പോലും രോഗവ്യാപനം തടയാനെന്ന പേരില്‍ നഗരം മുഴുവനായും അടച്ചിടും.
തുടര്‍ന്ന് രോഗബാധ സ്ഥിരീകരിച്ചവരെയും രോഗിയുമായി സമ്പര്‍ക്കമുള്ളവരെയും ഒരുപോലെ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള സെന്‍ട്രല്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. രോഗിയുടെ വീടിന് സമീപത്തുള്ളവര്‍ പോലും ഇത്തരം ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകും.
കേസുകൾ വേഗത്തിൽ കണ്ടെത്തുന്നതിനായി ഷാങ്ഹായ് ഭരണകൂടം ദശലക്ഷക്കണക്കിന് സ്വയം നിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന ആന്‍റിജൻ ടെസ്റ്റിംഗ് കിറ്റുകളുടെ വിതരണം ഈ മാസം ചൈന അംഗീകരിച്ചതും ആശയക്കുഴപ്പങ്ങളും ഭയവും വിതച്ചു.
കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തിയ സ്വകാര്യത കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു രോഗി താനും 10 സഹപ്രവര്‍ത്തകരും കേന്ദ്ര ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണെന്ന് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
'
എന്നാല്‍, ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലുള്ളവര്‍ പലരും വൈദ്യസഹായം ലഭിക്കുന്നതിലെ കാലതാമസവും നിരാശ പ്രകടിപ്പിച്ചു. ഇത്തരം കേന്ദ്രങ്ങളിലെ ഡെലിവറി സേവനങ്ങൾ അമിതമായി പണം ഈടാക്കുന്നതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോലും ബുദ്ധിമുട്ടാണെന്ന് ചില രോഗികള്‍ പരാതിപ്പെടുന്നു.
നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെ ഭക്ഷ്യ വിതരണ രംഗം കാര്യക്ഷമമാക്കാനും ആളുകൾക്ക് അത്യാവശ്യ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അധികാരികൾ കര്‍ശനമായ നടപടിയെടുത്തു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം സാധാരണയായി സന്ദർശിക്കുന്ന ആശുപത്രി അടച്ചുപൂട്ടിയെന്നും ഇതിനെ തുടര്‍ന്ന് പിതാവിന് ഡയാലിസിസ് ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന് കാവോ എന്ന് പേരുള്ള ഒരാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
രോഗികളെ, ഞങ്ങൾ അങ്ങേയറ്റം നിസ്സഹായരാണെന്ന് ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആളുകള്‍ തങ്ങളുടെ പേര് വിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ ആശങ്കാകുലരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍, ഷാങ്ഹായ് നഗരത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച് അഭിപ്രായം പറയാന്‍ ഷാങ്ഹായ് സർക്കാർ വിസമ്മതിച്ചു. ജനങ്ങള്‍ പോലും കാര്യമായി പ്രതികരണങ്ങളിലേക്ക് കടക്കാന്‍ വിസമ്മതിക്കുന്നു. ചൈനീസ് സര്‍ക്കാര്‍ നയത്തോട്, അത് ഏത്രമാത്രം അപര്യാപ്തമായിരുന്നാല്‍ പോലും പ്രദേശിക ഭരണകൂടങ്ങള്‍ അനുസരിക്കുന്നു.
ചൈനയില്‍ ഇതുവരെ കൊവിഡ് രോഗം ബാധിച്ച് മരിച്ച ആളുകളെ കൃത്യമായ കണക്കുകള്‍ പോലും ലഭ്യമല്ലാതിരിക്കാനുള്ള കാരണമായി വിദേശ മാധ്യമങ്ങള്‍ പറയുന്നതും ഈ പ്രദേശിക ഭരണകൂടങ്ങളുടെ, കേന്ദ്രഭരണകൂടത്തോടുള്ള ഈ വിധേയത്വമാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയതോടെ ഷാങ്ഹായിലെ 'ഡൈനാമിക് ക്ലിയറൻസിന്‍റെ' സാധ്യത സര്‍ക്കാര്‍ പുനപരിശോധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.