Same-Sex Marriage: സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കുന്ന ഏഴാമത്തെ ലാന്‍റിനമേരിക്കന്‍ രാജ്യമായി ചിലി
യാഥാസ്ഥിതിക തെക്കേ അമേരിക്കൻ രാജ്യമായ ചിലിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള നിയമം ചിലിയന്‍ കോൺഗ്രസ് പാസാക്കി. 'ഇന്ന് ഒരു ചരിത്ര ദിനമാണ്, നമ്മുടെ രാജ്യം സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകി. നീതിയുടെ കാര്യത്തിൽ, സമത്വത്തിന്‍റെ കാര്യത്തിൽ, സ്നേഹം പ്രണയമാണെന്ന് അംഗീകരിച്ചുകൊണ്ട് ഒരു പടി കൂടി മുന്നോട്ട് പോയി.' വോട്ടെടുപ്പിന് ശേഷം ചിലി സെനറ്റ് അംഗവും സാമൂഹിക ക്ഷേമ മന്ത്രിയുമായ കാർല റൂബിലാർ (Karla Rubilar) പറഞ്ഞു. വോട്ടെടുപ്പില്‍ 20 നെതിരെ 82 അംഗങ്ങളുടെ പിന്തുണയോടെയാണ് നിയമം പാസായത്.
പാർലമെന്‍റിന്‍റെ അധോസഭയും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. കഴിഞ്ഞ നവംബറിൽ ഭാഗികമായി അംഗീകാരം ലഭിച്ച ബില്ലാണിത്. ബില്ലിലെ അവ്യക്തതകൾ വ്യക്തമാക്കുന്നതിനായി സെനറ്റ് ഒരു കമ്മിറ്റിക്ക് തിരിച്ചയച്ചു.
മാർച്ചിൽ സ്ഥാനമൊഴിയുന്ന നിലവിലെ പ്രസിഡന്‍റ് സെബാസ്റ്റ്യൻ പിനേര ബില്ലിനെ പിന്തുണക്കുകയും നിയമത്തിൽ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.
2017-ൽ അന്നത്തെ പ്രസിഡന്‍റ് മിഷേൽ ബാച്ചലെറ്റിന്‍റെ പിന്തുണയോടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചപ്പോൾ ആരംഭിച്ച ഒരു പ്രക്രിയകളുടെ അന്ത്യമായിരുന്നു കഴിഞ്ഞ ദിവസം തടന്ന വോട്ടെടുപ്പോടെ അവസാനിച്ചത്.
ലാറ്റിനമേരിക്കയിലെ അർജന്‍റീന, ഇക്വഡോർ, ബ്രസീൽ, കൊളംബിയ, കോസ്റ്ററിക്ക, ഉറുഗ്വേ എന്നിവയുൾപ്പെടെ നിയമപരമായ സ്വവർഗ വിവാഹം അംഗീകരിച്ച 30 രാജ്യങ്ങളിൽ ഒന്നാകാനുള്ള ഒരുക്കത്തിലാണ് ചിലി.
മെക്സിക്കയിലാകട്ടെ 24 സംസ്ഥാനങ്ങളില്‍ ഒരേ ലിംഗത്തിലുള്ളവർ തമ്മിലുള്ള ബന്ധം നിയമപരമാണ്. എന്നാല്‍ രാജ്യത്തെ മറ്റ് 8 സംസ്ഥാനങ്ങള്‍ക്ക് സ്വവര്‍ഗ്ഗ വിവാഹം സാധുവാകുന്നതിന് ഒരു ഉത്തരവ് ആവശ്യമാണ്.
'ഇന്ന് ഞങ്ങൾ ഈ നടപടി സ്വീകരിക്കുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്,' ബില്ലിന്‍റെ പ്രധാന പിന്തുണക്കാരിൽ ഒരാളായ എൽജിബിടി റൈറ്റ്സ് ഗ്രൂപ്പ് അംഗമായ മൊവിലിൽ നിന്നുള്ള റൊളാൻഡോ ജിമെനെസ് പറഞ്ഞു.
ഇത് ഒരു ദശാബ്ദത്തിലേറെയായി സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള ചിലിയന്‍ ജനതയുടെ ശ്രമത്തിന്‍റെ വിജയമാണ്. ഡിസംബര്‍ 19 നാണ് ചിലിയന്‍ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ചിലി സ്വവര്‍ഗ്ഗ രതി അംഗീകരിക്കുന്ന ബില്ല് പാസാക്കിയതെന്നത് ശ്രദ്ധേയമാണ്.
രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള പുരോഗമനവാദിയായ ഗബ്രിയേൽ ബോറിക്കും സാമൂഹിക യാഥാസ്ഥിതികനായ ജോസ് അന്‍റോണിയോ കാസ്റ്റിനുമാണ് പ്രസിഡന്ന്‍റ് സ്ഥാനാര്‍ത്ഥികള്‍.
ജോസ് അന്‍റോണിയോ കാസ്റ്റ് സ്വവർഗ വിവാഹത്തോട് വിയോജിക്കുന്നുവെങ്കിലും, താന്‍ പ്രസിഡണ്ടായിരിക്കാൻ സാധ്യതയുള്ള സമയത്താണ് കോൺഗ്രസ് ഈ ബില്ല് പാസാക്കിയിരുന്നെങ്കിൽ, എന്തായാലും താൻ ബില്ലിൽ ഒപ്പുവെക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇത് വെറും തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എങ്കിലും ചിലിയില്‍ പൊതുവെ സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള എതിര്‍പ്പുകള്‍ ഏറെ കുറഞ്ഞെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചിലിയില്‍ സാമൂഹികവും സാംസ്കാരികവുമായി ഇടത്പക്ഷ രാഷ്ട്രീയത്തിന് ഏറെ വേരോട്ടം ലഭിക്കുന്നുവെന്നാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന.
2015 മുതൽ ചിലിയിൽ സിവിൽ യൂണിയനുകൾ അനുവദനീയമാണ്. ഇത് സ്വവർഗ പങ്കാളികൾക്ക് ഏറെ ആശ്വാസം നല്‍ക്കുന്നു. വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും ദത്തെടുക്കല്‍ പോലുള്ള കാര്യങ്ങളില്‍ സ്വവര്‍ഗ പങ്കാളികള്‍ക്ക് ഇതുവരെ അവകാശം നല്‍കിയിട്ടില്ല.