അഫ്ഗാനിലെ 'ലോയ ജിർഗ' യ്ക്ക് സമീപം സ്ഫോടനം; ഏറ്റെടുത്ത് ഫ്രീഡം ഫൈറ്റേഴ്സ് ഫ്രണ്ട്
അഫ്ഗാനില്‍ മതപണ്ഡിതരുടെ യോഗം നടക്കുന്ന 'ലോയ ജിർഗ' (Loya Jirga ) യ്ക്ക് സമീപം വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേട്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രീഡം ഫൈറ്റേഴ്‌സ് ഫ്രണ്ടാണ് (National Freedom Front) കാബൂളില്‍ അക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. അക്രമണത്തിന് ശേഷം താലിബാന്‍ ഹെലികോപ്റ്ററുകള്‍ ലോയ ജിര്‍ഗയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. കൂടാതെ തലസ്ഥാനത്ത് താലിബാന്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ലോയ ജിര്‍ഗയിലേക്കുള്ള വഴികള്‍ തടയുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. താലിബാന്‍റെ പരമോന്നത നേതാവ് മുല്ല ഹെബത്തുള്ള അഖുന്ദ്‌സാദ (Mullah Hebatullah Akhundzada), ലോയ ജിർഗയിലെ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
രാജ്യത്തെ മതപണ്ഡിതന്മാരുടെയും മുതിർന്നവരുടെയും മഹാസമ്മേളനം നടക്കുന്ന 'ലോയ ജിർഗ' ഹാളിന് സമീപത്ത് നിരവധി സ്ഫോടനങ്ങളും വെടിവയ്പ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കാബൂളിൽ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതയായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അക്രമണത്തില്‍ മൂന്ന് പേരെ വധിച്ചതായും ഒരാളെ അറസ്റ്റ് ചെയ്തതായും കാബുള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വെടിവെപ്പിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. തങ്ങളുടെ പ്രത്യേക സേനയാണ് താലിബാൻ സമ്മേളനത്തിന് നേരെ ആക്രമണം നടത്തിയതെന്ന് ഫ്രീഡം ഫൈറ്റേഴ്സ് ഫ്രണ്ട് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ താലിബാൻ ഭരണകൂടം ഇതിനെതിരെ പ്രതികരിച്ചിട്ടില്ലെന്ന് ആമാജ് ന്യൂസ് ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് താലിബാന്‍ നഗരത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. നഗരത്തിലെമ്പാടും ചെക്ക് പോസ്റ്റുകള്‍ തുറന്നു.
മൂന്ന് ദിവസത്തെ മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്ഥാനിലെമ്പാടുമുള്ള 3,500-ലധികം മതപണ്ഡിതന്മാരെയും മുതിർന്ന പൗരന്മാരെയും താലിബാന്‍ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. എന്നാൽ, രാജ്യത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസം ചർച്ച ചെയ്യുന്ന താലിബാന്‍റെ അസംബ്ലിയിൽ പങ്കെടുക്കാൻ ഒരു സ്ത്രീയെ പോലും അനുവദിച്ചില്ല.
താലിബാന്‍റെ രണ്ടാം വരവിനെ തുടര്‍ന്ന് രാജ്യം വിട്ട് പാകിസ്ഥാനില്‍ അഭയം തേടിയ അഫ്ഗാനികളെ പ്രതിനിധീകരിച്ച് 70 ഓളം വ്യക്തികളും ഇറാനിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പ്രതിനിധീകരിച്ച് 30 ഓളം വ്യക്തികളും ജിർഗയിൽ പങ്കെടുക്കുന്നുണ്ട്. ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും പതിനായിരത്തിലധികം പൗരന്മാരെ ഭവനരഹിതരാക്കുകയും ചെയ്ത തെക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ വൻ ഭൂകമ്പത്തിന് ദിവസങ്ങൾക്ക് ശേഷമാണ് താലിബാനി 'ജിർഗ' നടക്കുന്നത്.
തുര്‍ക്കിയില്‍ അഭയം തേടിയ മുന്‍ അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്‍റും യുദ്ധ പ്രഭുവുമായ അബ്ദുൾ റാഷിദ് ദോസ്തം കഴിഞ്ഞ മെയ് മാസത്തില്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കളുടെ യോഗം വിളിച്ചിരുന്നു. ദോസ്തത്തിന്‍റെ ക്ഷണപ്രകാരം 40 തോളം അഫ്ഗാന്‍ യുദ്ധ പ്രഭുക്കളടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഈ യോഗത്തില്‍ ഒന്നെങ്കില്‍ ഭരണത്തില്‍ പങ്കാളിത്തം അല്ലെങ്കില്‍ യുദ്ധം എന്നായിരുന്നു കൂട്ടായ തീരുമാനം. "ഹൈ കൗൺസിൽ ഓഫ് നാഷണൽ റെസിസ്റ്റൻസ്" താലിബാനെതിരെ ശക്തമായി നീങ്ങാനാണ് തീരുമാനമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പഞ്ച്ശീര്‍ താഴ്വരയില്‍ വീണ്ടും വെടിയൊച്ചകള്‍ കേട്ടെന്നും താലിബാനെതിരെ പ്രാദേശിക യുദ്ധ പ്രഭുക്കളുടെ നേതൃത്വത്തില്‍ ചെറുത്ത് നില്‍പ്പിന് സാധ്യതയുണ്ടെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് താലിബാന്‍ തങ്ങളെ അനുകൂലിക്കുന്ന രാജ്യത്തെ മതപണ്ഡിതരുടെ യോഗം വിളിച്ചത്. മൂന്ന് ദിവസത്തെ യോഗത്തില്‍ ഏതാണ്ട് 3,500-ലധികം മതപണ്ഡിതന്മാരെയും മുതിര്‍ന്ന വ്യക്തികളും പങ്കെടുക്കുന്നു. ഈ യോഗത്തിനിടയ്ക്ക് സ്ഫോടനവും വെടിവെപ്പുമുണ്ടായത് താലിബാനെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശത്ത് കുറഞ്ഞത് മൂന്ന് സ്‌ഫോടനങ്ങളെങ്കിലും ഉണ്ടായി. സുരക്ഷാ ഭീഷണിയെ തുടർന്ന് താലിബാന്‍ സുരക്ഷാ സേന വെടിയുതിർത്തെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഫോടനത്തില്‍ ആളപായമില്ലെന്ന് ക്രൈസിസ് 24 റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നാഷണൽ ലിബറേഷൻ ഫ്രണ്ട് (എൻഎൽഎഫ്) ഏറ്റെടുത്തു.
ലോയ ജിർഗയില്‍ ഇന്നലെയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനം മൂന്ന് ദിവസം നീളും. രാജ്യത്തെ പല നിയമങ്ങളും മതപരമായ കാര്യങ്ങളിലും ഈ യോഗത്തില്‍ വച്ചാകും തീരുമാനമുണ്ടാവുക. 2018 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ ബോംബാക്രമണം നടത്തിയതും ലോയ ജിർഗയ്ക്ക് നേരെയായിരുന്നു. ഇതിനിടെ അഫ്ഗാനിസ്ഥാനിലെമ്പാടും താലിബാനെതിരെ ചെറുത്ത് നില്‍പ്പുകള്‍ ആരംഭിച്ചു.
നാഷണൽ ഫ്രീഡം ഫ്രണ്ടിന്‍റെ കപിസയിലെ ഗറില്ലകള്‍ ഹെസ അവാൽ കൊഹിസ്ഥാൻ ജില്ലയിലെ കുലലനില്‍ താലിബാന്‍റെ ഒരു സ്റ്റേഷനിൽ ആക്രമച്ചു. 5 താലിബാൻ തീവ്രവാകള്‍ കൊല്ലപ്പെടുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നാഷണൽ ഫ്രീഡം ഫ്രണ്ട് അവകാശപ്പെട്ടതായി അമാജ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംചരക്, സർ-ഇ-പുൾ, സാരി, ബൽഖ് എന്നീ പ്രദേശങ്ങള്‍ തിരിച്ച് പിടിച്ചതായും നാഷണൽ ഫ്രീഡം ഫ്രണ്ട് ബൽഖാബിന് സമീപത്ത് യുദ്ധം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.