ഫ്രാന്‍സില്‍ ടൂര്‍ ഡി ഫ്രാന്‍സ് റാലിക്കിടെ അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഫ്രാന്‍സിലെ ജനപ്രിയ കായികമേളകള്‍ക്കും ആരംഭമായി. എന്നാല്‍, ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ടൂര്‍ ഡി ഫ്രാന്‍സിനിടെ ആരാധകരുടെ അമിതാവേശത്തെ തുടര്‍ന്ന് റാലിക്കിടെ അപകടമുണ്ടായി. ഇത്തവണത്തേത് 108 മത്തെ ടൂര്‍ ഡി ഫ്രാന്‍സ് സൈക്കിള്‍ റാലിയാണ് നടന്നത്. റാലിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വലിയൊരു വിഭാഗം മത്സരാത്ഥികള്‍ക്കും റാലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ ജൂലിയൻ അലാഫിലിപ്പും അപകടത്തില്‍ വീണെങ്കിലും അദ്ദേഹം റാലി തുടരുകയും എട്ട് സെക്കന്‍റിന്‍റെ വ്യത്യസത്തില്‍ വീണ്ടും ചാമ്പ്യനാകുകയും ചെയ്തു.
ഫ്രാൻസില്‍ കൊറോണാ വ്യാപനത്തില്‍ ഉണ്ടായ ഗണ്യമായ കുറവിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളോടെ റാലി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പടിഞ്ഞാറൻ തുറമുഖ നഗരമായ ബ്രെസ്റ്റിൽ നിന്ന് ഉത്സവാന്തരീക്ഷത്തിലാണ് ടൂർ സംഘടിപ്പിച്ചത്.
ദിവസം മുഴുവൻ, ആവേശഭരിതരായ ആരാധകർ മനോഹരമായ ഗ്രാമങ്ങളിലെ തെരുവിലേക്കിറങ്ങി. ആയിരക്കണക്കിന് ആളുകളാണ് ഫ്രാന്‍സിലെ ബ്രിട്ടാനി ഗ്രാമപ്രദേശങ്ങളിലെ റോഡുകളിൽ മത്സരം കാണാനായി നിരന്നത്.
ഏറെ നാളത്തെ നിയന്ത്രണങ്ങളില്‍ അയവ് വന്നതിനാല്‍ കാണികളില്‍ പലരും അശ്രദ്ധമായാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്ലേക്കാര്‍ഡുമായെത്തിയ കാണികള്‍ സൈക്കിള്‍ റാലി കടന്ന് പോകുമ്പോള്‍ സെല്‍ഫികളെടുക്കാനായി ശ്രമിച്ചിരുന്നെന്ന് റാലിയുടെ സംഘാടകര്‍ പറഞ്ഞു.
രണ്ട് തവണയാണ് ഇത്തരത്തില്‍ റാലിക്കിടെ അപകടമുണ്ടായത്. 197.87 കിലോമീറ്റര്‍ ദൂരമുള്ള റാലിയിലെ ആദ്യ ഏഴര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ ആദ്യ അപകടമുണ്ടായി.
കാണികളിലൊരാളുടെ കൈയിലിരുന്ന് പ്ലേകാര്‍ഡ് മത്സരാര്‍ത്ഥികളുടെ നീണ്ടപ്പോള്‍ മത്സരാര്‍ത്ഥികള്‍ നിയന്ത്രണം തെറ്റി വീഴുകയായിരുന്നു. നല്ല വേഗതയിലായിരുന്നതിനാല്‍ ഒന്നിന് മുകളില്‍ മറ്റൊന്നെന്ന തരത്തില്‍ നിരവധി മത്സരാര്‍ത്ഥികള്‍ വീണു.
ചിലര്‍ മത്സരം പാതി വഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ മറ്റ് ചിലര്‍ മത്സരം തുടര്‍ന്നു. എന്നാല്‍ മത്സരം അവസാനിക്കുന്നതിന് 45 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോള്‍ വീണ്ടും സമാനമായ രീതിയില്‍ അപകടമുണ്ടായി.
പ്രശസ്ത സൈക്കിളിസ്റ്റുകളായ ബ്രിട്ടനിലെ ടാവോ ജിയോഗെഗൻ ഹാർട്ട്, കൊളംബിയൻ മിഗുവൽ ഏഞ്ചൽ ലോപ്പസ് , ടീം ഡിഎസ്‌എമ്മിലെ ജർമ്മൻ ജാഷ സ്യൂട്ടെർലിൻ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
മത്സരത്തില്‍ വിജയിച്ച ജൂലിയൻ അലഫിലിപ്പിനും പരിക്കേറ്റെങ്കിലും അദ്ദേഹം മത്സരം ഒന്നാം സ്ഥാനത്തോടെ പൂര്‍ത്തിയാക്കുകയായിരുന്നു.
മത്സരത്തില്‍ വിജയിച്ച അലഫിലിപ്പ് അവസാന ലാപ്പില്‍ സന്തോഷം പങ്കുവെയ്ക്കുന്നു.
"എല്ലാവരും ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ആരാധകരോട് ശ്രദ്ധാലുവായിരിക്കാൻ പറയുന്നുണ്ടായിരുന്നു. ആരാധകർ റോഡിന്‍റെ വശങ്ങളില്‍ ആവേശത്തോടെ തിരിച്ചെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷേ, എല്ലാവരും ദയവായി ശ്രദ്ധയോടെ ഇരിക്കുക." അലഫിലിപ്പ് പറഞ്ഞു.
റൈഡേഴ്‌സിന്‍റെ സുരക്ഷയെ കാണികള്‍ മാനിക്കണമെന്നും ഒരു ഫോട്ടോയ്‌ക്കോ ടിവിയില്‍ കാണുന്നതിനോ വേണ്ടി എല്ലാം അപകടപ്പെടുത്തരുതെന്നും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.
മത്സരം വിജയകരമാണെന്ന് പറയാൻ കഴിയുമെന്ന് അലഫിലിപ്പ് പറഞ്ഞു. 1934 ൽ ജോർജ്ജ് സ്പീച്ചറിനും 1981 ൽ ബെർണാഡ് ഹിനോൾട്ടിനും ശേഷം മത്സരത്തിന്‍റെ ആദ്യ ദിവസം മഞ്ഞ ജേഴ്സി ധരിച്ച മൂന്നാമത്തെ ഫ്രഞ്ച് ലോക ചാമ്പ്യനാണ് അലഫിലിപ്പ്.
മൊത്തം 21 മത്സരങ്ങളാണ് ഉള്ളത്. രണ്ട് മത്സരങ്ങളാണ് ഇതുവരെ കഴിഞ്ഞത്. ജൂണ്‍ 26 നാണ് മത്സരം ആരംഭിച്ചത്. ജൂലൈ 18 ന് സമാപിക്കും. ഫ്രാന്‍സിലെ വിവിധ ഭൂഭാഗങ്ങളിലൂടെയാണ് റാലികള്‍ പലതും കടന്ന് പോകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona