മെഡിറ്ററേനിയന്‍ കടലില്‍ യന്ത്രം നിലച്ച അഭയാര്‍ത്ഥി ബോട്ടില്‍ നിന്ന് 394 പേരെ രക്ഷപ്പെടുത്തി
അവരുടെ പ്രതീക്ഷകളെല്ലാം അവസാനിച്ചിരുന്നു, നടുക്കടലിലെ മുങ്ങി മരണത്തെ കുറിച്ചായിരുന്നു അവരെല്ലാം ആ രാത്രി ആലോചിച്ചിരുന്നത്. സീ വാച്ച് 3 എന്ന രക്ഷാ കപ്പല്‍ കണ്ടെത്തും വരെ ജീവിതത്തെ കുറിച്ച് ആ അഭയാര്‍ത്ഥികളുടെ മുന്നില്‍ അതിവിശാലമായ കടല്‍ മാത്രമായിരുന്നു. കാലാവസ്ഥ നല്ലതായിരുന്നതിനാല്‍ ആഫ്രിക്കന്‍ വന്‍ കരയില്‍ നിന്ന് നൂറ് കണക്കിന് ബോട്ടുകളാണ് യൂറോപ്പ് ലക്ഷ്യമായി അഭയാര്‍ത്ഥികളെയും കൊണ്ട് മുന്നേറിയത്. പക്ഷേ പലതും തടിയില്‍ നിര്‍മ്മിച്ചതും പഴയതുമായ ബോട്ടുകളായിരുന്നു. ഉള്‍ക്കൊള്ളാവുന്നതിന്‍റെ രണ്ടും മൂന്നും ഇരട്ടി അഭയാര്‍ത്ഥികള്‍ ഓരോ ബോട്ടിലുമുണ്ടായിരുന്നു. വടക്കേ ആഫ്രിക്കൻ തീരത്ത് നിന്ന് 68 കിലോമീറ്റർ (42 മൈൽ) അകലെ വച്ച് അഭയാര്‍ത്ഥികളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സീ വാച്ച് എന്ന എന്‍ജിയോയുടെ കപ്പല്‍ ഇവരെ കാണുമ്പോള്‍ ബോട്ടിന്‍റെ നിയന്ത്രണം നഷ്ടമായി കടലില്‍ അത് ഒഴുകി നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ടുണീഷ്യയില്‍ നിന്നുള്ള 400 ഓളം അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ആഴ്ച മാത്രം രക്ഷിച്ചത്. മരം കൊണ്ട് നിര്‍മ്മിച്ച ബോട്ടില്‍ അനധികൃതമായി യൂറോപിലേക്ക് കുടിയേറാന്‍ ശ്രമിക്കവേയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന് വള്ളത്തിന്‍റെ എഞ്ചിന്‍ യന്ത്രതകരാറിനെ തുടര്‍ന്ന് നിലച്ചിരുന്നു. യന്ത്രം നിലച്ച വള്ളം നടുക്കടലില്‍ ഒഴുകി നടക്കവേയാണ് സീ വാച്ച് 3 എന്ന കപ്പല്‍ ഇത്രയധികം അഭയാര്‍ത്ഥികളെ കണ്ടെത്തിയതും രക്ഷിച്ചതും.
ബോട്ടില്‍ 394 പേരുണ്ടായിരുന്നതായി സീ-വാച്ച് 3 കപ്പലിന്‍റെ കമാന്‍ഡര്‍ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ജര്‍മ്മന്‍ സന്നദ്ധ സംഘടനയായ സീ വാച്ച് 3 -യാണ് ആദ്യം അഭയാര്‍ത്ഥികളെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ ഇത്രയധികം അഭയാര്‍ത്ഥികളുണ്ടെന്ന് മനസിലായത്.
141 പേരെ സീ-വാച്ച് 3 യില്‍ കൊണ്ടുപോയപ്പോള്‍ ബാക്കിയുള്ളവരെ ഓഷ്യൻ വിക്കിംഗിലേക്ക് മാറ്റി. രണ്ട് കപ്പലുകളും കൂടി മെഡിറ്ററേനിയൻ കടലിൽ നിന്ന് 394 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
ജര്‍മ്മന്‍ എന്‍ജിഒയായ സീ വാച്ച്, അഭയാര്‍ത്ഥികളെ നിരീക്ഷിക്കുകയും കടലില്‍ ഒറ്റപ്പെടുന്ന അഭയാര്‍ത്ഥി ബോട്ടുകളെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയിലേര്‍പ്പെടുന്ന സന്നദ്ധ സംഘടനയാണ്.
1986 ല്‍ മെഡിറ്ററേനിയന്‍ കടലിലെ എണ്ണക്കപ്പലുകളെ സഹായിക്കാനായി ഇറക്കിയ ചരക്ക് കപ്പലാണ് ഓഷ്യന്‍ വിക്കിങ്ങ്. എന്നാല്‍ പിന്നീട് നോർവീജിയൻ പിന്തുണയോടെ ഈ ചരക്ക് കപ്പലിനെ അഭയാര്‍ത്ഥികളെ രക്ഷിക്കുന്നതിനുള്ള കപ്പലായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു.
2019 മുതല്‍ മെഡിറ്ററേനിയന്‍ കടലില്‍ ഒറ്റപ്പെടുന്ന അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്താനായി ഓഷ്യന്‍ വിക്കിങ്ങ് പ്രവര്‍ത്തിക്കുന്നു.
മുപ്പതോളം ആളുകൾ (ഒൻപത് ക്രൂ അംഗങ്ങൾ, ഒരു സെർച്ച് ആൻഡ് റെസ്ക്യൂ ടീം, മെഡിക്കൽ ഉദ്യോഗസ്ഥർ) എന്നിവരുള്‍പ്പെടുന്ന ഈ കപ്പലില്‍ ഒരേ സമയത്ത് 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ഓഷ്യന്‍ വിക്കിങ്ങ് എന്ന കപ്പല്‍ മാത്രം 555 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇനി അവരെ സുരക്ഷിതമായി കരയിലിറക്കാന്‍ ഒരു തുറമുഖം അന്വേഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രക്ഷപ്പെടുത്തിയ അഭയാര്‍ത്ഥി ബോട്ടില്‍ എത്രപേരുണ്ടായിരുന്നെന്നോ അതില്‍ എത്രപേര് മരിച്ചെന്നോ വ്യക്തമല്ല. രക്ഷപ്പെട്ടവരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്.
ബെർലിൻ ആസ്ഥാനമായുള്ള സീ-വാച്ച് ഓർഗനൈസേഷൻ മെഡിറ്ററേനിയനിലെ നിലവിലെ അവസ്ഥയെ "അങ്ങേയറ്റം നിർണായകമാണ്" എന്നാണ് വിശേഷിപ്പിച്ചത്. രക്ഷപ്പെടുത്തിയതില്‍ ആരോഗ്യം മോശമായതിനാൽ ആറുപേരെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡ് കരയ്ക്കെത്തിച്ചു.
ഞായറാഴ്ച, കപ്പൽ 26 പേരെ കൂടി കടലില്‍ നിന്ന് കണ്ടെടുത്തെന്ന് റിപ്പോര്‍ട്ടുണ്ട്. കപ്പലിലെ മൊത്തം ആളുകളുടെ എണ്ണം ഇതോടെ 250 ആയി.
കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ കഴിഞ്ഞ മാസങ്ങളില്‍ ലിബിയയിൽ നിന്നും ടുണീഷ്യയിൽ നിന്നും ഇറ്റലിയിലേക്കും യൂറോപിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കൂടുതല്‍ കുടിയേറ്റ ബോട്ടുകള്‍ പുറപ്പെട്ടിട്ടുണ്ടെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്‍റെ കണക്കനുസരിച്ച് ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സംഘർഷത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും പലായനം ചെയ്യുന്ന 1,100 ൽ അധികം ആളുകൾ ഈ വർഷം മെഡിറ്ററേനിയനിൽ കടലില്‍ മരിച്ച് വീണിട്ടുണ്ടെന്നാണ് കണക്ക്.
സെൻട്രൽ മെഡിറ്ററേനിയൻ വഴി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തിച്ചേരാനുള്ള അഭയാര്‍ത്ഥികളുടെ ശ്രമം ഏറെ അപകടകരമാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
തിരക്കേറിയ കപ്പല്‍ പാതയിലൂടെ സുരക്ഷിതമല്ലാത്ത ബോട്ടുകളിലുള്ള യാത്ര ഏറ്റവും അപകടം നിറഞ്ഞതാണ്. അവസാനം രക്ഷപ്പെടുത്തിയ അഭയാര്‍ത്ഥികളടങ്ങിയ ബോട്ടിന്‍റെ എഞ്ചിന്‍ നിശ്ചലമായിരുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നും ഈ രംഗത്തുള്ള എന്‍ജിയോകള്‍ പറയുന്നു. മൊറോക്കോ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും കുടിയേറ്റക്കാർ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona