ചൈനയ്ക്കും മേലെ; 10,200 കിടക്കകളുള്ള ഏറ്റവും വലിയ കൊവിഡ് ആശുപത്രിയുമായി ഇന്ത്യ
കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ അസുഖം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച ചൈനയുടെ റിക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ. ആയിരമല്ല, പതിനായിരത്തി ഇരുന്നൂറ് കിടക്കകളുള്ള ആശുപത്രിയാണ് ഇപ്പോള്‍ ഇന്ത്യ പണിതിരിക്കുന്നത്. ദില്ലി ഛത്തർപൂർ പ്രദേശത്ത് പ്രവർത്തനക്ഷമമാക്കയ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രമായ ഈ ആശുപത്രിക്ക് സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍റര്‍ എന്നാണ് പേര് നല്‍കിയിക്കുന്നത്. ജൂലായ് ഏഴിന് പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങുന്ന ആശുപത്രിയില്‍ പതിനായിരത്തിലേറെ കിടക്കകളാണ് സജ്ജമാക്കുന്നത്. 70 ഏക്കറിൽ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം. 10,200 കിടക്കകൾ. 10 ശതമാനം കിടക്കകൾക്ക് ഓക്സിജൻ സൗകര്യം. ഇവയ്ക്ക് പുറമേ നടത്തിപ്പ് ചുമതല ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിനാണ് നല്‍കിയിരിക്കുന്നത്. പരിചരിക്കാൻ മൂവായിരത്തോളം ആരോഗ്യപ്രവർത്തകർ. 57 ആംബുലൻസും ഇ റിക്ഷകളും സജ്ജം. ബയോ ടോയിലറ്റുകൾ അടക്കം 950 ശുചിമുറികൾ. മുഴുവനായി ശീതീകരിച്ച ഉൾവശം. ദില്ലി പൊലീസിന്‍റെ സിസിടിവി നിരീക്ഷണവും ഉണ്ടാകും. ലോകത്ത് ആദ്യമായി കൊവിഡ്19 രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒരാഴ്ച കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി ചൈന, വുഹാനില്‍ പണിതുയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 10,000 ത്തോളം കിടക്കകളുള്ള ആശുപത്രിയാണ് ഇന്ത്യ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രങ്ങള്‍: ധനേഷ് രവീന്ദ്രന്‍
ചൈനയിലെ ഏത് കൊറോണ വൈറസ് കേന്ദ്രത്തേക്കാളും 10 മടങ്ങ് വലുതാണ് ഇവിടത്തെ സൗകര്യങ്ങള്‍.
20 ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ ഒരു സ്ഥലത്താണ് സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍റര്‍ നിർമ്മിച്ചിരിക്കുന്നത്.
ഛത്തർപൂരിലെ രാധ സോമി ബിയാസിലാണ് ഈ ആശുപത്രി.
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൽ നിന്നും (ഐടിബിപി) മറ്റ് കേന്ദ്ര സായുധ പൊലീസ് സേനയിൽ നിന്നും (സിഎപിഎഫ്) മൂവായിരത്തിലധികം ഡോക്ടർമാരെയും നഴ്സുമാരെയും ഇവിടെ വിന്യസിച്ചു.
ദില്ലിയിലെ രാധോ സ്വാമി സത്സംഗ് ആശ്രമത്തിന്‍റെ മൂന്നൂറ് ഏക്കർ ഭൂമിയിൽ ഏഴുപത് ഏക്കറാണ് സെന്‍ററിന്‍റെ നിർമ്മാണത്തിനായി നൽകിയിരിക്കുന്നത്.
10,200 കിടക്കകളാണ് ഈ 70 ഏക്കര്‍ സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്.
രോഗലക്ഷണമുള്ളവർക്കും ലക്ഷണമില്ലാത്തവർക്കും രണ്ട് വിഭാഗങ്ങളായിട്ടാണ് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സെന്‍ററിലെ പത്ത് ശതമാനം കിടക്കകൾ ഗുരുതര രോഗികൾക്കായി ഓക്സിജൻ സഹായം നൽകുന്ന രീതിയിലാണ് ക്രമികരിച്ചിരിക്കുന്നത്.
കട്ടിലുകള്‍ ഗുണമേന്മ കൂടിയ കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്.
കിടക്കകള്‍ ജൈവവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ ജീര്‍ണ്ണിക്കുന്നവയാണ്.
ഐടിബിപിയുടെയും മറ്റ് സിഎപിഎഫുകളുടെയും ആയിരത്തിലധികം ഡോക്ടർമാരെയാണ് ഇവിടെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്.
രണ്ടായിരത്തിലധികം പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കോവിഡ് കേന്ദ്രത്തിൽ വിന്യസിക്കും.
500 ലധികം മൂത്രപ്പുരകളും ബയോ ടോയ്‌ലറ്റുകൾ ഉൾപ്പെടെ 450 ബാത്ത് റൂമുകളും ഇവിടെ സജ്ജമാക്കി.
57 ഓളം ആംബുലൻസുകളും 50 ഇ-റിക്ഷകളും കോവിഡ് കേന്ദ്രത്തിൽ വിന്യസിച്ചിട്ടുണ്ട്.
ഓരോ രോഗിക്കും പ്രത്യേക കിടക്ക, ഉപകരണം, കസേര, പ്ലാസ്റ്റിക് അലമാര, ഡസ്റ്റ്ബിൻ, ടോയ്‌ലറ്ററി കിറ്റ്, വ്യക്തിഗത ഫോണ്‍ ചാർജിംഗ് സൗകര്യം എന്നിവ നൽകും.
വിനോദ ആവശ്യങ്ങൾക്കായി ഒന്നിലധികം എൽഇഡി സ്ക്രീനുകൾ ഈ സൗകര്യത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
ആശുപത്രിയുടെ ഉള്‍വശം മുഴുവനായും ശീതീകരിച്ച ഈ ആശുപത്രി ദില്ലി പൊലീസിന്‍റെ സിസിടിവി നിരീക്ഷണത്തിലായിരിക്കും.
റിപ്പോർട്ടുകൾ പ്രകാരം, 18,000 ത്തിലധികം എയർകണ്ടീഷണറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
22 കിലോമീറ്റർ ഭൂഗർഭ കേബിളുകളും 20 ട്രാൻസ്ഫോർമറുകളും കൂടി 18 മെഗാവാട്ട് വൈദ്യുതി കൈകാര്യം ചെയ്യുന്നു.
20 ഫുട്ബോൾ സ്റ്റേഡിയത്തിന്റെ വലിപ്പുമുള്ള സെന്‍റര്‍ ചൈനയിലെ ഏത് കൊവിഡ് കെയർ സെന്ററിനെക്കാളും വലുതാണെന്നാണ് ദില്ലി സർക്കാരിന്റെ അവകാശവാദം.
അതേസമയം ദില്ലിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.