Heavy rain: അസമില്‍ 7 മരണം, രണ്ട് ലക്ഷം പേരെ ബാധിച്ചു, റോഡ്-റെയില്‍ സംവിധാനങ്ങള്‍ തകര്‍ന്നു
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ അതിശക്തമായ മഴയെ (Heavy Rain) തുടര്‍ന്നുണ്ടായ പ്രളയത്തിലും (Flood) മണ്ണിടിച്ചലിലും (Landslide) വടക്ക് കിഴക്കന്‍ (North East) സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടം. പ്രത്യേകിച്ചും അസ്സമിലാണ് (Assam) ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത്. അസ്സമില്‍ മണ്ണിടിച്ചലിലും മഴയിലും പെട്ട് ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആറ് പേരെ കാണാതായി. അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അസ്സമില്‍ മാത്രം രണ്ട് ലക്ഷം പേരെയാണ് മഴ പ്രശ്നകരമായി ബാധിച്ചത്. അസം, അരുണാചല്‍ പ്രദേശ്, ത്രിപുരം, മിസോറാം, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. പല സ്ഥലങ്ങളിലും റോഡും റെയില്‍ പാളവും ഒഴുകിപ്പോയി.
ഏപ്രിൽ 6 മുതൽ പെയ്യുന്ന മഴ, അസ്സമിലെ 33 ജില്ലകളിൽ 24-ലും പ്രശ്നകരമായി ബാധിച്ചു. രണ്ട് ലക്ഷത്തിലധികം ആളുകളെ മഴ ബാധിച്ചതായി അസം സംസ്ഥാന അധികൃതർ അറിയിച്ചു. നിലവിൽ 20 ജില്ലകൾ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുകയാണ്.
തെക്കൻ അസമിലെ കച്ചാർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരും ദിമ ഹസാവോ (4), ലഖിംപൂർ (1) എന്നീ ജില്ലകളിലുണ്ടായ മണ്ണിടിച്ചിലിൽ മൊത്തം അഞ്ചുപേരും നേരത്തെ മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി (എഎസ്ഡിഎംഎ) ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാച്ചാർ ജില്ലയിൽ ആറ് പേരെ കാണാതായതായും അധികൃതർ അറിയിച്ചു. 24 ജില്ലകളിലെ 811 വില്ലേജുകളിലായി കുറഞ്ഞത് 2,02,385 പേരെ മഴ മൂലമുണ്ടായ ദുരിതം ബാധിക്കുകയും 6,540 വീടുകൾക്ക് ഭാഗികമായും പൂർണമായും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി എഎസ്ഡിഎംഎയുടെ ബുള്ളറ്റിൻ പറയുന്നു.
72 ദുരിതാശ്വാസ ക്യാമ്പുകളിലായി മൊത്തം 33,300 പേർ അഭയം പ്രാപിച്ചു. അതോടൊപ്പം 27 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും ജില്ലാ ഭരണകൂടങ്ങൾ തുറന്നു. അസമിലെ കച്ചാർ, ദിമ ഹസാവോ, ഹോജായ്, ചറൈഡിയോ എന്നീ ജില്ലകളെയാണ് മഴ ഏറ്റവും മോശമായി ബാധിച്ചത്.
വടക്കുകിഴക്കൻ അതിർത്തി റെയിൽവേയുടെ (എൻഎഫ്ആർ) ദിമ-ഹസാവോ ജില്ലയുടെ കീഴിലുള്ള ഹിൽ സെക്ഷനിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ന്യൂ ഹഫ്‍ലോങ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ഭോഗികള്‍ മണ്ണിടിച്ചലിനെ തുടര്‍ന്ന് മറിഞ്ഞു. ചൊവ്വാഴ്ച പെയ്തിറങ്ങിയ മഴ പർവതമേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചു.
ത്രിപുര, മിസോറാം, മണിപ്പൂർ, അസമിന്‍റെ തെക്കൻ ഭാഗങ്ങൾ എന്നിവയെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏക പാതയാണ് അസമിലെ ലുംഡിംഗ്-ബദർപൂർ സിംഗിൾ ലൈൻ റെയിൽവേ റൂട്ട്. ഈ റെയിൽപാത കഴിഞ്ഞ നാല് ദിവസമായി നിലച്ചത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി.
കേന്ദ്ര ആഭ്യന്തരമന്ത്രി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വിളിച്ച് സംസ്ഥാനത്തിന് കേന്ദ്രത്തിന്‍റെ സഹായം വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ റെയില്‍, റോഡ് ഗതാഗതത്തെ സാരമായ രീതിയില്‍ മഴ ബാധിച്ചു.
അസമിലെ ബരാക് വാലി, ദിമ ഹസാവോ ജില്ലകളുമായും അയൽ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലേക്കുള്ള റോഡ് ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുകയാണ്.
ഏകദേശം 1,97,248 പേരെ പ്രളയം ബാധിച്ചു. ഹോജായ്, കച്ചാർ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എഎസ്ഡിഎംഎ) ബുള്ളറ്റിൻ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ഫയർ ആൻഡ് എമർജൻസി സർവീസ്, പ്രദേശവാസികൾ എന്നിവരും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്.
ഉരുൾപൊട്ടലും വാർത്താവിനിമയ സംവിധാനങ്ങളുടെ തകർച്ചയും കാരണം ദിമ ഹസാവോ ജില്ലയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂർണ്ണമായും ഇല്ലാതായെന്നും ഹഫ്‌ലോംഗിലേക്കുള്ള എല്ലാ റോഡുകളും റെയിൽപാതകളും മെയ് 15 മുതൽ തടഞ്ഞിരിക്കുകയാണെന്നും സംസ്ഥാന ബുള്ളറ്റിൻ അറിയിച്ചു.
മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും രണ്ട് ലോക്കോമോട്ടീവുകൾ ട്രാക്കിൽ കുടുങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച വ്യോമസേനയുടെയും മറ്റ് ഏജൻസികളുടെയും സഹായത്തോടെ രണ്ട് ട്രെയിനുകളിലായി 2800 ഓളം യാത്രക്കാരെ ഒഴിപ്പിക്കൽ പൂർത്തിയാക്കി.