കര്‍ഷക സമരം; ദില്ലി ദേശീയ പാതയെ ഇളക്കി മറിച്ച് കർഷകരുടെ ട്രാക്ടർ റാലി
കേന്ദ്രസര്‍ക്കാരിന്‍റെ വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കഴിഞ്ഞ 42 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നൂറ് കണക്കിന് ട്രാക്ക്ടറുകളുമായി ദില്ലിക്ക് മാര്‍ച്ച് നടത്തി. പതിനായിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 3,500 ഓളം ട്രാക്ടറുകളും ട്രോളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്ത് ഉഗ്രഹന്‍) തലവന്‍ ജോഗീന്ദര്‍ സിങ് ഉഗ്രഹാന്‍ പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ റാലി ആരംഭിച്ചു. ദില്ലി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ഡല്‍ഹിയില്‍ സ്ത്രീകളുടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് നേരത്തെ കര്‍ഷകര്‍ പറഞ്ഞിരുന്നു. അതിന് മുന്നോടിയായ റിഹേഴ്സലാണ് ഇപ്പോള്‍ നടക്കുന്ന റാലിയെന്ന കര്‍ഷക സംഘടനകള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടന്ന ആറ് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാളെ ഏട്ടാം വട്ട ചര്‍ച്ച നടക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാറില്‍ കൂടുതല്‍ സമ്മദ്ദം ചെലുത്താനാണ് കർഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. ദില്ലി കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വസീം സെയ്ദി, റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.
പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയ ദില്ലിയിലെ കടുത്ത തണുപ്പിനെയും മൂടല്‍ മഞ്ഞിനെയും വകവെക്കാതെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. കഴിഞ്ഞ 42 ദിവസമായി വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം നടത്തുന്നു.
ഡല്‍ഹി അതിര്‍ത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളില്‍ രണ്ടായിരത്തോളം ട്രാക്ടറുകളും രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് അഞ്ഞൂറോളം ട്രാക്ടറുകളും റാലി നടത്തുനുണ്ട്.
അതേസമയം രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ റാലി തടയാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചെന്ന് ആദ്യം വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് ഹരിയാന റാലിക്ക് അനുമതി നല്‍കി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 26ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമാന്തര റിപ്പബ്ലിക് ദിന പരേഡുകള്‍ നടത്തുമെന്നും തൊഴിലാളി സംഘടനകള്‍ പറഞ്ഞു. യു പിയിലെ കർഷകർ ഗാസിപ്പൂരിൽ നിന്നുമാണ് മാർച്ച് തുടങ്ങി.
23 - 25 തീയതികളില്‍ ഗവര്‍ണര്‍മാരുടെ വസതികള്‍ ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുമെന്നു സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി അടക്കമുള്ള 10 സംഘടനകള്‍ വ്യക്തമാക്കി.
നാല് ഇടങ്ങളിൽ നിന്ന് പുറപ്പെടുന്ന കർഷകർ ദേശീയ പാതയിൽ കണ്ടു മുട്ടിയതിന് ശേഷം തിരിച്ചു പോകുമെന്നാണ് അറിയിപ്പ്. ട്രാക്ടര്‍ മാര്‍ച്ചിനെ തുടര്‍ന്ന് കുണ്ട്ലി- മനേസര്‍-പല്‍വാല്‍ അതിവേഗ പാത പൂര്‍ണ്ണമായും സ്തംഭിച്ചു.
സമരക്കാരെ നേരിടാന്‍ പ്രധാന പാതകളിലെല്ലാം വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ദില്ലി അതിര്‍ത്തിയിലേക്ക് കടത്താതിരിക്കാന്‍ കനത്ത പൊലീസ് വലയമാണ് അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
സമരക്കാരെ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ അനുവദിക്കാതെ ദേശീയപാതകളില്‍ തന്നെ തടഞ്ഞ് നിര്‍ത്താനാണ് ദില്ലി പൊലീസിന്‍റെ ലക്ഷ്യം. റോഡില്‍ ബാരിക്കേഡുകളും സിമന്‍റ് ബീമുകളും നിരത്തി കര്‍ഷകരുടെ ട്രാക്ടറുകള്‍ തടയാനാണ് ദില്ലി പൊലീസിന്‍റെ ശ്രമം.
എന്നാല്‍, ജനുവരി 26 വരെ ദില്ലി അതിര്‍ത്തികടക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. നാളെ നടക്കുന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെടുകയാണെങ്കില്‍ 26 ന് എല്ലാ പ്രതിബന്ധങ്ങളെയും മാറ്റി ട്രാക്ടറുകളുമായി ദില്ലി അതിര്‍ത്തി കടന്ന് പരേഡ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.
ഇതിനിടെ റിപ്പബ്ലിക്ക് ദിനത്തില്‍ അതിഥിയായി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്തില്ലെന്ന് അറിയിച്ചു. ബ്രിട്ടനില്‍ അതിതീവ്ര കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്നാണ് ബോറിസ് ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയത്. ഇതോടെ പുതിയ അതിഥിക്കായി കേന്ദ്രസര്‍ക്കാര്‍ ശ്രമമാരംഭിച്ചു.
ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയത് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്ന് കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ പത്രകുറിപ്പില്‍ അവകാശപ്പെട്ടു.
സമരം തുടങ്ങിയ ശേഷം 80 -ളം കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ മരിച്ചു വീണു. ഇവര്‍ സമരത്തിന്‍റെ രക്തസാക്ഷികളാണെന്ന് കിസാന്‍ മോര്‍ച്ചയുടെ പത്രകുറിപ്പില്‍ പറയുന്നു.
ജനുവരി 25, 26 തീയതികളില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് ദര്‍ശന്‍ പാല്‍ പ്രഖ്യാപിച്ചു.
ജനുവരി 18 മഹിളാ കിസാന്‍ ദിവസ് ആയി ആചരിക്കും. സുബാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ 23 ന് ആസാദ് ഹിന്ദ് കിസാന്‍ ആയി ആചരിക്കും.
അതിനിടെ റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടറോടിക്കാനായി ഹരിയാനയില്‍ നിന്നുള്ള കര്‍ഷക സ്ത്രീകള്‍ എത്തിചേര്‍ന്നെന്നും അവര്‍ ട്രാക്ടറോടിക്കാനായി പരിശീലനം നടത്തുകയാണെന്നും വാര്‍ത്തകളുണ്ട്. നിയമങ്ങള്‍ പിന്‍വലിക്കാതെ മരിച്ച് വീണാലും വീടുകളിലേക്ക് മടങ്ങില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് കര്‍ഷകര്‍.