ഇന്ന് മുതല്‍ രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്നു; യുപിയിലും പഞ്ചാബിലും അനുമതി, നിലപാടറിയിച്ച് കേരളം
രാജ്യത്ത് ഇന്ന് മുതലാണ് സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഡിറ്റോറിയങ്ങള്‍ ഇന്ന് മുതല്‍ തുറക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
കണ്ടെയ്‌മെന്‍റ്സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രാനുമതി ഉള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക.
രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായാണ് നടപടി. എന്നാല്‍, സ്കൂളുകള്‍ തുറക്കാമെന്നുള്ള കേന്ദ്രത്തിന്‍റെ നിര്‍ദേശത്തോടുള്ള സംസ്ഥാനങ്ങളുടെ പ്രതികരണം ഇങ്ങനെ
കേന്ദ്രത്തിന്‍റെ അനുമതി ഉണ്ടെങ്കിലും സ്കൂളുകള്‍ ഉടന്‍ തുറക്കേണ്ടെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും നിലപാട് എടുത്തിരിക്കുന്നത്.
ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങാന്‍ ഉത്തര്‍പ്രദേശും പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്.
20 കുട്ടികള്‍ മാത്രം ഒരു സെഷനില്‍ എന്നാണ് ഉത്തര്‍പ്രദേശും പഞ്ചാബും പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും സ്കൂളുകള്‍ തുറക്കാനുള്ള സാഹചര്യം ഇപ്പോഴായിട്ടില്ലെന്നാണ് വിലയിരുത്തുന്നത്.
കേരളം, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഉടന്‍ തുറക്കില്ല. നവംബറിന് ശേഷം തീരുമാനമെന്നാണ് നിലപാട്.
കര്‍ശന മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് സ്കൂള്‍ തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
സ്കൂൾ പ്രവർത്തി സമയങ്ങളിൽ മുഴുവൻ വൈദ്യ സഹായം ലഭ്യമാക്കണം. സ്കൂളിലോ തൊട്ടടുത്തോ പ്രവർത്തി സമയത്ത് അടിയന്തിര വൈദ്യ സഹായം വേണ്ടി വന്നാൽ അതിന് വേണ്ട സൗകര്യം ഒരുക്കണം
സ്കൂളുകൾ തുറന്ന ശേഷം കുട്ടികളെ ക്ലാസിൽ വരാൻ നിർബന്ധിക്കരുത്. മാതാപിതാക്കളുടെ സമ്മതത്തോടെയാകണം കുട്ടികൾ സ്കൂളിൽ വരേണ്ടത്
വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം എല്ലാവരും മാസ്ക്ക് ധരിക്കണം. പൊതു പരിപാടികള്‍ സ്കൂളിൽ സംഘടിപ്പിക്കരുത്
വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണം. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. അല്ലെങ്കിൽ അതിന് തത്തുല്യമായ സാമ്പത്തിക സാമ്പത്തിക സഹായം സ്കൂളുകൾക്ക് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു
അറ്റൻഡൻസിൻ്റെ കാര്യത്തിൽ കടുംപിടിത്തം പാടില്ല, സിക്ക് ലീവിന്റെ കാര്യത്തിലും വ്യക്തത വരുത്തണം
വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന കാലത്തെ പരീക്ഷകൾ, ഇടവേളകൾ തുടങ്ങി എല്ലാ കാര്യങ്ങളെയും കുറിച്ച് വിശദീകരിച്ച് കൊടുക്കണം
എല്ലാ കുട്ടികളുടെയും പക്കൽ ടെക്സ്റ്റ്ബുക്കുകൾ ഉണ്ടെന്ന് ഉറപ്പാക്കണം
കൃത്യമായ ഇടവേളകളിൽ വിദ്യാർത്ഥികളിലും അധ്യാപകരിലും മെഡിക്കൽ ചെക്കപ്പ് നടത്തണം
സ്കൂൾ തുറക്കും മുൻപ് എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസ്ഥിതി എന്താണെന്ന് ചോദിച്ച് മനസിലാക്കണം
രോഗബാധിതരായ വിദ്യാർത്ഥികളെയും അധ്യാപകരെയും വീട്ടിൽ ഇരിക്കാൻ പ്രോത്സാഹിപ്പിക്കണം
ഒരു കൊവിഡ് കേസുണ്ടെന്ന് തോന്നിയാൽ സർക്കാർ വ്യക്തമാക്കിയ പ്രോട്ടോക്കോൾ പ്രകാരം നടപടിയെടുക്കണം
വീടില്ലാത്ത, ഇതര സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ വന്ന വിദ്യാർത്ഥികളുടെ കാര്യം പ്രാധാന്യത്തോടെ പരിഗണിക്കണം
ശാരീരികമായി അവശത അനുഭവിക്കുന്നവർ, കൊവിഡ് ബാധ സ്ഥിരീകരിച്ചവർ എന്നിവരുടെ കാര്യവും പ്രാധാന്യത്തോടെ പരിഗണിക്കണം
വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം