'മഡ് ബാത്ത്' കഴിഞ്ഞിറങ്ങിയ കടുവ
മഹാരാഷ്ട്രയിലെ തഡോബാ ദേശീയോദ്യാനത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍ ഹർഷൽ മാൽവങ്കര്‍ കണ്ടത് അതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച. മുന്നില്‍ നിന്ന് നോക്കിയാല്‍ ഒത്ത ബംഗാള്‍ കടുവ. എന്നാല്‍ വശങ്ങളില്‍ നിന്ന് നോക്കിയാല്‍ മുന്‍കാലുകള്‍ കഴിഞ്ഞുള്ള ശരീരഭാഗം സമാനമായ മറ്റൊരു ജീവിയുടേതാണോയെന്ന് തോന്നും. ബംഗാള്‍ കടുവയുടെ നിറത്തില്‍ നിന്നും ഭിന്നമായി ഒരൊറ്റ നിറം. വരകളില്ല. നല്ല മണ്ണിന്‍റെ നിറം. പെട്ടെന്ന് മുന്നിലൂടെ അവന്‍ കടന്ന് പോകുമ്പോള്‍ ഇതേത് ജീവിയെന്ന് ആര്‍ക്കും തോന്നാവുന്ന രൂപം.
ശിശിരകാലത്ത് 25 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് തഡോബാ ദേശീയോദ്യാനത്തിലെ പകല്‍ താപനില. എന്നാല്‍ വേനല്‍കാലത്ത് ഇത് 40 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും.
ഇത്തരമൊരു ചൂട് കൂടിയ ദിവസമായിരുന്നു ഹർഷൽ മാൽവങ്കര്‍, തഡോബയുടെ ചിത്രങ്ങള്‍ പകര്‍ത്താനായെത്തിയത്. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ മുന്നില്‍ വന്ന് പെട്ടതാകട്ടെ കടുവയാണോ അതോ മറ്റേതെങ്കിലും ജീവിയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരണ്ണവും.
എന്നാല്‍, സൂക്ഷിച്ച് നോക്കിയാല്‍ അവന്‍റെ പിന്നില് നിന്നും ചെളി ഊര്‍ന്നിറങ്ങുന്നത് കാണാം. കടുത്ത ചൂട് താങ്ങാനാകാതെ ഒരു ചെളി കുളി നടത്തിയുള്ള വരവായിരുന്നു അത്. കടുത്ത ചൂടില്‍ ശരീരത്തിന്‍റെ പാതി ചെളിയില്‍ താഴ്ത്തി ശരീരം തണുപ്പിച്ച ശേഷം തിരിച്ച് പോകുന്ന വഴിയാണ് അവനെ ഹർഷൽ മാൽവങ്കര്‍ കണ്ടതും ചിത്രമാക്കിയതും.
അതി കഠിനമായ ചൂടിനെ അകറ്റാന്‍ സ്വന്തമായി മഡ് സ്പായുള്ള കടുവയായിരുന്നു അവന്‍ എന്നാണ് ഹർഷൽ തന്‍റെ ചിത്രത്തിലെ കടുവയെ കുറിച്ച് പറഞ്ഞത്. വനനശീകരണവും വേട്ടയാടലും കാരണം വംശനാശ ഭീഷണിയിലാണ് ബംഗാള്‍ കടുവകളും.