Jahangirpuri Demolition: പെട്ടിക്കട പൊളിക്കാന്‍ എന്തിനാണ് ബുള്‍ഡോസര്‍? സുപ്രീംകോടതി
ദില്ലി ജഹാംഗീർപുരിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ ഉത്തരവ്. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതി ഉത്തരവിന് ശേഷവും പൊളിക്കൽ നടപടികൾ തുടർന്നത് ഗൗരവമായി കാണുന്നുവെന്നും കോടതി പറഞ്ഞു.നോട്ടീസ് നൽകിയതിനെ തുടര്‍ന്നാണ് പൊളിക്കൽ നടപടികൾ ഉണ്ടായതെന്ന് സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ളവർ കോടതിയിൽ വാദിച്ചു. എന്നാല്‍, ഇങ്ങനെയൊരു നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ചൂണ്ടിക്കാട്ടി ജഹാംഗിൽപുരിയിൽ ഉള്ളവരും ഹർജിക്കാരും സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നോർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഇതു സംബന്ധിച്ച് എതിർവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി. വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾക്കാണ് ഇന്ന് കോടതി സാക്ഷ്യം വഹിച്ചത്. റിപ്പോര്‍ട്ട് ധനേഷ് രവീന്ദ്രന്‍. ചിത്രങ്ങള്‍ വസീം സെയ്ദി.
പൊളിക്കൽ നിർത്തിവെക്കണമെന്ന കോടതിയുടെ ഉത്തരവ് വന്നശേഷവും പൊളിക്കൽ നടപടികൾ ഒരു മണിക്കൂറോളം തുടർന്നെന്ന വാദം സുപ്രീംകോടതിയില്‍ ഉയര്‍ന്നു. നോർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയറടക്കം നടത്തിയ പ്രതികരണങ്ങളും കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
വളരെ ഗൗരവത്തോടെ ഈ കാര്യം കാണുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത് പിന്നീട് പ്രത്യേകം പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇത് സംബന്ധിച്ച ഹര്‍ജികളും കോടതിക്ക് മുന്നിലെത്തിയിരുന്നു. സംഭവം കോടതിയലക്ഷ്യ നടപടിയാണെന്ന ഹര്‍ജിയുമായി ബൃന്ദാ കാരാട്ടും കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പ്രത്യേകമായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യംവച്ചാണ് ഈ പൊളിക്കൽ നടപടികൾ എന്നതടക്കമുള്ള വാദങ്ങളാണ് ദുഷ്യന്ത് ദവേ നിരത്തിയത്. ഹനുമാന്‍ ജയന്തിക്കിടെയുണ്ടായ കലാപശ്രമത്തിന് പിന്നാലെ ബിജെപി നേതാവിന്‍റെ കത്ത് നോർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷന് ലഭിക്കുകയും തുടര്‍ന്ന് പൊളിക്കല്‍ നടപടി ആരംഭിക്കുകയുമായിരുന്നു.
' സർക്കാർ നയത്തിന്‍റെ ഉപകരണമാണോ ബുൾഡോസർ ? കാടിന്‍റെ നീതിയാണ് നടപ്പാക്കുന്നത്. നോട്ടീസിനും അപ്പീലിനും വ്യവസ്ഥയുണ്ട് ഇതൊന്നും ഇവിടെ പാലിച്ചിട്ടില്ലെന്നും ദുഷ്യന്ത് ദവേ വാദിച്ചു. സമാനമായ വാദമാണ് കപിൽ സിബലും ഉന്നയിച്ചത്.
മതപരമായ യാത്രകൾ നടന്നതിന് പിന്നാലെ സംഘർഷമുണ്ടായാൽ ഒരു വിഭാഗത്തിന്‍റെ വീടുകൾ പൊളിക്കുന്ന രീതി തുടരുകയാണെന്നും കപിൽ സിബൽ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്ന പൊളിക്കല്‍ നടപടികളില്‍ സ്റ്റേ വേണമെന്നും കപിൽ സിബിൽ വാദിച്ചു. രാജ്യത്താകമാനമുള്ള പൊളിക്കല്‍ നടപടികള്‍ നിര്‍ത്തവയ്ക്കണമെന്നും കപില്‍ സിംബല്‍ വാദിച്ചു.
ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിയെങ്കിലും തടയണമെന്നും കപില്‍ സിംബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എന്നാല്‍, രാജ്യത്തെ മുഴുവന്‍ പൊളിക്കല്‍ നടപടികളും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി അറിയിച്ചു.
വിഷയത്തിൽ ദേശീയ പ്രാധാന്യമെന്തെന്നും സുപ്രീംകോടതി ചോദിച്ചു. രാജ്യത്തെ ബാധിക്കുന്ന വിഷയമാണിതെന്നായിരുന്നു ഹർജിക്കാരുടെ മറുപടി. കോടതി ഉത്തരവിന് ഒരു മണിക്കൂറിന് ശേഷം 12.45 വരെ പൊളിക്കൽ നടപടികൾ നിർത്തിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ് അറിയിച്ചു.
എല്ലാ രേഖകളും ഉണ്ടായിട്ടും തന്‍റെ കട പൊളിച്ചെന്ന് ജഹാംഗീർ പുരി സ്വദേശി ഗണേഷ് ഗുപ്ത കോടതിയിൽ പറഞ്ഞു. നഷ്ടപരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് രേഖകൾ സമര്‍പ്പിക്കാന്‍ സോളിറ്റർ ജനറൽ ആവശ്യപ്പെട്ടു. ദില്ലി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു.
ജഹാംഗീര്‍പുരിയില്‍ ഡിഡിഎ നല്‍കിയ കടയിലാണ് താന്‍ കച്ചവടം നടത്തിയിരുന്നതെന്നും ഈ കെട്ടിടം അനധികൃതമാണെന്ന് പറഞ്ഞ് അധിതര്‍ പൊളിച്ച് കളഞ്ഞെന്നും ഇതിനാല്‍ തന്‍റെ ജീവിത മാര്‍ഗ്ഗം അടഞ്ഞെന്നും വാദിച്ച ഗണേഷ് ഗുപ്ത തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഗണേഷ് ഗുപ്തയുടെ അഭിഭാഷകനോട്, കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് നോട്ടീസ് കൈപ്പറ്റിയിരുന്നോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ അത്തരമൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു അഭിഭാഷകനായ സഞ്ജയ് ഹെഡ്ഗെ കോടതിയില്‍ പറഞ്ഞത്.
എന്നാല്‍, പൊളിക്കല്‍ നോട്ടീസ് നല്‍കിയെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചത്. അതോടൊപ്പം സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ചില കണക്കുകള്‍ അവതരിപ്പിച്ചു. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടി നിയമവിധേയമായി നടത്തിയ ഒന്നാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു.
കഴിഞ്ഞ വര്‍ഷവും ഇവിടത്തെ ചില കെട്ടിടങ്ങള്‍ പൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ പൊളിക്കല്‍ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി പൊളിക്കല്‍ നടപടി പുനരാരംഭിക്കാനായിരുന്നു ഉത്തരവിട്ടത്.
ജനുവരി 19 ന് തുടങ്ങിയ നടപടിയാണ് ഇത്. മധ്യപ്രദേശിലെ ഖാർഗാവിൽ നടന്ന പൊളിക്കൽ നടപടികൾ പെട്ടവരിൽ 88 പേർ ഹിന്ദുക്കളും 26 പേർ മുസ്ലിങ്ങളുമാണ്. ഇന്നലെ നടന്നത് ചെറിയ സ്റ്റാളുകൾ, കസേരകൾ മാറ്റുക എന്നിവ മാത്രമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാല്‍, ഇതൊക്കെ മാറ്റാൻ എന്തിന് ബുൾഡോസറെന്നായിരുന്നു കോടതിയുടെ ചോദ്യം.
നോട്ടീസ് നൽകിയില്ലെന്ന് ഹർജിക്കാരും നൽകിയെന്ന് സർക്കാരും പറഞ്ഞ സാഹചര്യത്തിലാണ് സത്യവാങ്മൂലം നൽകാൻ ഇരുകൂട്ടരോടും സുപ്രീംകോടതി ആവശ്യപ്പെട്ടത്. രാജ്യതലസ്ഥാനത്തെ ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് എതിരെ നാല് ഹർജികളാണ് സുപ്രീംകോടതിക്ക് മുമ്പിൽ എത്തിയിട്ടുള്ളത്.
കെട്ടിടങ്ങൾ പൊളിക്കുന്നതിന് എതിരായ ഹർജികൾ ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് പരിഗണിച്ചത്. ജംഇയ്യത്തുൽ ഉലമ ഹിന്ദ്, സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് തുടങ്ങി നിരവധി പേരാണ് വിഷയത്തില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ഇന്നലെ നടന്ന ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പരാതി ലഭിച്ചു. കോടതിയിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന ഏകപ്രതീക്ഷയിലാണ് ജഹാംഗീർപുരിയിലെ താമസക്കാർ.
അന്തിമ വിധി മറിച്ചായാൽ കൂടുതൽ ഒഴിപ്പിക്കൽ നടപടികൾ മുനിസപ്പൽ കോർപ്പറേഷൻറെ ഭാഗത്ത് നിന്നും ഉണ്ടാകും. സംഘർഷ സാഹചര്യം ഇല്ലെന്നും കോടതി ഉത്തരവുള്ളതിനാൽ കൂടുതൽ ഒഴിപ്പക്കൽ തത്കാലം ഉണ്ടാകില്ലെന്നും ദില്ലി പൊലീസ് സ്പെഷ്യൽ കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉത്തർപ്രദേശിലെ ബുൾഡോസർ കാഴ്ചകൾ രാജ്യതലസ്ഥാനത്തും ആവർത്തിക്കുമ്പോൾ ഭരണപക്ഷത്തിൻറെ വ്യക്തമായ ആസൂത്രണം സംശയിക്കുകയാണ് പ്രതിപക്ഷം. ഇടതുകക്ഷികൾ ഒഴികെയുള്ള പാർട്ടികൾ കരുതലോടെയാണ് പ്രതികരിക്കുന്നത്. കലാപകാരികളെ പ്രതിപക്ഷം സഹായിക്കുന്നു എന്ന വാദം ഉയർത്തി രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശ്രമം.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മുഴങ്ങിയ വാക്കായിരുന്നു ബുൾഡോസർ. യോഗി ആദിത്യനാഥ് തൻറെ ഭരണത്തിൻറെ പ്രതീകമായി ബുൾഡോസറിനെ ചിത്രീകരിച്ചു. യുപി തെരഞ്ഞടുപ്പില്‍ ബോള്‍ഡോസര്‍ രാഷ്ട്രീയം തങ്ങള്‍ക്ക് വിജയം നേടിതന്നുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
ഇതേ തുടര്‍ന്ന് യുപിയിലെ ബിജെപി വിജയം ബുൾഡോസർ രാഷ്ട്രീയത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കരുത്തുപകര്‍ന്നു. മധ്യപ്രദേശിലെ കർഗാവിൽ രാമനവമിക്ക് ശേഷം സംഘർഷം ഉണ്ടായപ്പോഴും ബുൾഡോസർ ഉപയോഗിച്ചിരുന്നു. ഇപ്പോൾ ദില്ലിയിൽ ഹനുമാൻ ജയന്തി ദിവസത്തെ സംഘർഷത്തിൻറെ പേരിലും ബുൾഡോസർ ആയുധമാകുമ്പോൾ, പ്രതിപക്ഷം ഒരു രാഷ്ട്രീയ പദ്ധതി ഭയക്കുന്നു. ബുൾഡോസറിനെ ഇന്ന് എതിർത്തവർ കലാപകാരികൾക്കൊപ്പമാണെന്ന പ്രചാരണം ബിജെപി തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കരുതലോടെ പ്രതികരണം നൽകുകയാണ് പ്രതിപക്ഷം.