സമുദ്രസേതു ; ദുരിതയാത്രയെന്ന് യാത്രക്കാര്‍
മാലി ദ്വീപ് അടക്കുള്ള രാജ്യങ്ങളില്‍ കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ ഇന്ത്യക്കാരെ നാട്ടിലെത്തുക്കുന്നതിനായി തയ്യാറാക്കിയ നാവികസേനയുടെ രണ്ടാം കപ്പലും കൊച്ചിയിലെത്തി. ഇന്നലെ വൈകീട്ട് എത്തിയ ഐഎൻഎസ് മഗറില്‍ 202 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നുത്. ആദ്യമെത്തിച്ചേര്‍ന്ന ഐഎന്‍എസ് ജലാശ്വയില്‍ 698 പേരാണ് ഉണ്ടായിരുന്നത്. ചികിത്സയിലുളളവരും ഗർഭിണികളുമായി 37 പേരും പത്ത് വയസിൽ താഴെ പ്രായമുള്ള 17 കുട്ടികളുമായിരുന്നു ഇരുകപ്പലിലുമായി ഇന്ത്യയിലെത്തിയത്. എന്നാല്‍ കപ്പല്‍ കയറും വരെയുണ്ടായിരുന്ന സാമൂഹിക അകലം പോയിട്ട്, ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു യാത്രക്കാരെ കൊണ്ടുവന്നതെന്ന ആരോപണവുമായി യാത്രക്കാരും രംഗത്തെത്തി.
പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 202 യാത്രാക്കാരുമായാണ് മാലിദ്വീപിൽ നിന്നു ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തുന്നത്. യാത്രക്കാരിൽ 24 സ്ത്രീകളാണ്. ഗർഭിണികളും ചികിത്സയിലുളളവരുമായി 18 പേരും മൂന്നു കുട്ടികളും സംഘത്തിലുണ്ട്.
ഐഎൻഎസ് മഗറിലെ യാത്രക്കാരിൽ ഏറ്റവും കൂടുതൽ മലയാളികളാണ്, 93 പേർ. തമിഴ്നാട്ടിൽ നിന്നുളള 81 പേരും സംഘത്തിലുണ്ട്. കൊച്ചിയിലെത്തുന്നവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവരെ വീടുകളിലേക്കും നിരീക്ഷണ കേന്ദ്രത്തിലേക്കും എത്തിക്കാനായി ബസുകൾ ക്രമീകരിച്ചിരുന്നു. തമിഴ്നാട്ടുകാരെ കൊണ്ട് പോകാനായി ബസ്സുകള്‍ ഏര്‍പ്പാടാക്കി.
ഓരോ യാത്രക്കാരനില്‍ നിന്നും യാത്രാ ചെലവ് ഇനത്തില്‍ 40 ഡോളറാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഐഎന്‍എസ് മഗറിലെ യാത്രയ്ക്കെതിരെ യാത്രക്കാര്‍ തന്നെ രംഗത്തെത്തി. ഐഎൻഎസ് മഗർ കപ്പലിൽ മാലിദ്വീപിൽ നിന്ന് മലയാളികളെ കൊണ്ടുവന്നത് കുത്തിനിറച്ച അവസ്ഥയിലെന്ന് മടങ്ങിയെത്തിയവർ ആരോപിച്ചു.
മഹാമാരിയുടെ കാലത്ത് സ്വന്തം പൗരന്മാരെ നാട്ടില്‍ തിരിച്ചെത്തിക്കാനയച്ച നാവിക സേനയുടെ കപ്പലിനും യാത്രയ്ക്ക് പണമീടാക്കിയത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് ദുരിതയാത്രയാണ് സമുദ്രസേതു സമ്മാനിച്ചതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ 22 പേരാണ് ഒരു ബോഗിയിൽ കുത്തിനിറച്ച നിലയിൽ ഉണ്ടായിരുന്നത്. പുരുഷൻമാരെ ഒരു ഹാളിൽ കിടക്കയിട്ട് നിരത്തിയാണ് കിടത്തിയത്.
നല്ല ശുചിമുറി പോലും സ്ത്രീകൾക്ക് ഉണ്ടായിരുന്നില്ല. ഐഎൻഎസ് ജലാശ്വയിലും സ്ഥിതി ഇത് തന്നെയായിരുന്നുവെന്ന് മടങ്ങിയെത്തിയവർ പറയുന്നു.
തല പൊക്കാൻ പോലും കഴിയാത്ത വിധം 22 ബെഡ്ഡുകളാണ് ഓരോ ബോഗിയിലും ഉണ്ടായിരുന്നതെന്നാണ് തിരികെയെത്തിയ പ്രവാസികളിൽ ഒരാളായ വയനാട് സ്വദേശി ഗ്രീഷ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
''സാമൂഹിക അകലം പാലിച്ചാണ് ഞങ്ങൾ കപ്പലിലേക്ക് കയറിയത്. മാസ്കുകളും മറ്റ് തയ്യാറെടുപ്പുകളും എല്ലാമുണ്ടായിരുന്നു. പക്ഷേ, അവിടെ എത്തിയ ഞങ്ങളുടെ മാസ്കുകൾ ഉപേക്ഷിക്കാൻ പറഞ്ഞ് കപ്പലിൽ നിന്ന് വേറെ മാസ്കുകൾ തന്നു. അവിടെ കിടക്കാൻ തന്ന സ്ഥലം കണ്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. പുരുഷൻമാരെയെല്ലാം അട്ടിയിട്ട പോലെയാണ് കിടത്തിയിരുന്നത്. സാനിറ്റൈസറുകളില്ല. ഇത്രയും പേർക്ക് ഒറ്റ സോപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാർക്കെല്ലാം ഉപയോഗിക്കാൻ ആകെയുള്ളത് ഒരു ടോയ്‍ലറ്റും രണ്ട് ബാത്ത് റൂമുകളും. അതും വൃത്തിഹീനമായിരുന്നു. ഇതിൽ ഒരാൾക്ക് കൊവിഡുണ്ടെങ്കിൽ ഞങ്ങൾക്കെല്ലാവർക്കും പകർന്നിട്ടുണ്ടാകും'', എന്ന് ഗ്രീഷ്മ.
ഈ ദുരിതം സഹിച്ച് നാട്ടിൽ തിരികെയെത്തിയ പ്രവാസികളെ കാത്തിരുന്നത് സംസ്ഥാന സർക്കാരിന്‍റെ കടുത്ത അനാസ്ഥയും ഏകോപനമില്ലായ്മയുമാണ്.
നിലവിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലേക്കുള്ള 9 യാത്രക്കാർ ശുചിമുറി പോലുമില്ലാതെ, പ്രാഥമിക സൗകര്യങ്ങളില്ലാതെ പാതി വഴിയിൽ ബസ്സിൽ കുടുങ്ങി. സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാരെ ഇന്നലെ രാത്രി 12 മണിക്ക് കോഴിക്കോടും മലപ്പുറവും കടന്ന് പോയിട്ടും അവിടെ ഇറക്കാതെ നേരെ കാസർകോട്ടെ യാത്രക്കാരെ ഇറക്കാൻ പോയി.
അതാത് ജില്ലകളിൽ ഒരുക്കിയിരുന്ന ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് ഇറക്കുന്നതിന് പകരമാണ് ഇവരെ ബസ്സിൽത്തന്നെ മണിക്കൂറുകളായി ഇരുത്തിയതെന്ന് യാത്രക്കാര്‍ ആരോപിച്ചു.
കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലേക്കുള്ള 16 യാത്രക്കാരെ ഒരുമിച്ച് ഒരു കെഎസ്ആർടിസി ബസ്സിലാണ് കയറ്റിയിരുന്നത്. ബസ്സിലെ യാത്രക്കാരുടെ വിവരങ്ങളെല്ലാം എമിഗ്രേഷന് ശേഷം എസ്കോർട്ടിന് പോകേണ്ട പൊലീസുദ്യോഗസ്ഥർ ശേഖരിച്ചിരുന്നു.
യാത്രക്കാരെ ബസ്സിലേക്ക് കയറ്റിയ ശേഷം എസ്കോർട്ട് പൊലീസ് വാഹനത്തിന് പിന്നിലായാണ് കെഎസ്ആർടിസി ബസ്സ് പോയത്. കപ്പലിൽ 48 മണിക്കൂർ 40 ഡിഗ്രി ചൂടിൽ കുത്തിയിരുന്ന് യാത്ര ചെയ്തതിനാൽ പലരും ഉറങ്ങിപ്പോയിരുന്നെന്ന് യാത്രക്കാർ പറയുന്നു.
കൊച്ചിയിൽ നിന്ന് മലപ്പുറം വഴി വന്ന ബസ്സ് പക്ഷേ മലപ്പുറത്ത് നിർത്തിയില്ല. അവിടെ ഇറങ്ങേണ്ട മൂന്ന് യാത്രക്കാരെ ഇറക്കിയുമില്ല. നേരെ കോഴിക്കോട് മലാപ്പറമ്പ് എത്തിയപ്പോൾ ബസ്സിലുണ്ടായിരുന്ന വയനാട്ടുകാരുൾപ്പടെ ചിലർ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു.
അത് പൊലീസുകാരാണ് പറയേണ്ടത് എന്നായിരുന്നു കെഎസ്ആർടിസി ബസ്സ് ജീവനക്കാരുടെ മറുപടി. കോഴിക്കോട് ജില്ലക്കാരെയും അതാത് ജില്ലകളിൽ ഇറക്കിയില്ല. തുടർന്ന് വീണ്ടും ചോദിച്ചപ്പോൾ കൊയിലാണ്ടിക്ക് അടുത്ത് വെങ്ങളത്ത് ബസ്സ് നിർത്തി.
തുടർന്ന് കെഎസ്ആർടിസി ജീവനക്കാരും പൊലീസുകാരും തമ്മിൽ തർക്കമായി. രണ്ട് മണിക്കൂറോളം ബസ്സ് അവിടെ നിർത്തിയിട്ടു. പിന്നീട് കോഴിക്കോട് മുക്കം എൻഐടിയിലെ ക്വാറന്‍റൈൻ സെന്‍ററിലാണ് കോഴിക്കോട്ടുള്ളവരെ പാർപ്പിക്കുന്നതെന്ന് പറഞ്ഞ് അവിടേക്ക് ബസ്സ് കൊണ്ടുപോയി.
അവിടെ എത്തിയപ്പോൾ അവിടത്തെ ജീവനക്കാർ വന്ന് കൃത്യമായ വിവരം കിട്ടിയിട്ടില്ലെന്നും, ഇവിടെ ഇറങ്ങരുതെന്നും പറഞ്ഞു.
അങ്ങനെ ഇന്നലെ രാത്രി 12 മണിക്ക് കോഴിക്കോടെത്തിയ ഇവർ ഇനിയെന്ത് ചെയ്യണമെന്ന് പോലുമറിയാതെ ഒമ്പത് മണിക്കൂറോളം ബസ്സിലിക്കേണ്ടിവന്നു.
തുടർന്ന് യാത്രക്കാരെ വയനാട്ടിൽ എത്തിച്ചാൽ അവർക്കുള്ള താമസസൗകര്യമൊരുക്കാമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള വ്യക്തമാക്കിയെങ്കിലും എല്ലാവർക്കും നാട്ടിലെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മടങ്ങാനായിരുന്നു താത്പര്യം.
വൻ രക്ഷാദൗത്യമെന്ന് വിളിച്ച് വന്ദേഭാരത് അഭിയാൻ പദ്ധതിയിലെ സമുദ്രസേതു പദ്ധതി വഴി കപ്പലിൽ കൊണ്ടുവന്ന ഇവർക്ക് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനത്ത് നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് യാത്ര ചെയ്തവർ തന്നെ പറയുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയവരെ കൊച്ചിയിലെത്തിച്ചു. എംവി അറേബ്യൻ സീ എന്ന കപ്പലിലാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും ഉൾപ്പടെ 121 യാത്രക്കാരുമായാണ് കപ്പൽ കൊച്ചി തീരത്തെത്തിയത്. ലക്ഷദ്വീപിൽ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ തന്നെ തിരിച്ചെത്തിയവരെ വീടുകളിൽ ക്വാറന്റീനിൽ അയക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ഐ.എൻ.എസ്. ജലാശ്വ, മാലിയില്‍ നിന്ന് 698 യാത്രക്കാരെ കൊച്ചിയില്‍ എത്തിച്ചിരുന്നു. 19 ഗർഭിണികളും പത്ത് വയസിൽ താഴെ പ്രായമുള്ള 14 കുട്ടികളുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 103 പേർ സ്ത്രീകളും 595 പേർ പുരുഷന്മാരും ഇവരോടൊപ്പമുണ്ടായിരുന്നു.