Resident Doctors Strike: ദില്ലി ആരോഗ്യമേഖലയെ നിശ്ചലമാക്കി റെസിഡന്‍റ് ഡോക്ടര്‍മാരുടെ സമരം
കര്‍ഷക പ്രക്ഷോഭങ്ങള്‍ അവസാനിച്ച് ആഴ്ചകള്‍ കഴിയുന്നതിന് മുന്നേ ദില്ലി അടുത്ത സമരച്ചൂടിലേക്ക് നീങ്ങി. ഇത്തവണ ഡോക്ടര്‍മാരാണ് സമരമുഖത്ത്. കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) രാജ്യത്ത് വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതെന്നത് സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിവാദമായ കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയതെങ്കില്‍ നീറ്റ് കൗൺസിലിങ് (neet counselling) വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് രാജ്യ വ്യാപകമായി ഡോക്ടര്‍മാരെ സമരത്തിനിറക്കിയത്. കഴിഞ്ഞ ഒമ്പത് ദിവസമായി ദില്ലിയില്‍ ആരോഗ്യമന്ത്രാലയം സ്ഥിതി ചെയ്യുന്ന നിര്‍മാണ്‍ ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്നുള്ള സമര ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍, റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.
ഇന്നലെയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധ സമരം കടുപ്പിച്ച് രംഗത്തെത്തിയത്. നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ രാവിലെ മുതല്‍ ആരോഗ്യമന്ത്രാലയം സ്ഥിതി ചെയ്യുന്ന നിര്‍മാണ്‍ ഭവന് മുന്നില്‍ ഡോക്ടർമാര്‍ തെരുവില്‍ പ്രതിഷേധം ആരംഭിച്ചത്. സമരത്തിനിടെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ മാര്‍ച്ചിനിടെ ദില്ലി പൊലീസ് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കി.
എന്നാല്‍, പൊലീസ് നടപടി സംഘര്‍ഷത്തിനിടയാക്കി. വനിതാ ഡോക്ടര്‍മാരോടടക്കം പുരുഷ പൊലീസ് മോശമായി പെരുമാറിയെന്ന് സമരം നടത്തിയ ഡോക്ടര്‍മാര്‍ ആരോപിച്ചു. പൊലീസുകാർ ആക്രമിച്ചെന്നും ശരീരഭാഗങ്ങളില്‍ പിടിച്ചെന്നും വനിതാ ഡോക്ടർമാർ പറഞ്ഞു. അതിനിടെ ഡോക്ടര്‍മാര്‍ ഉപരോധിച്ച ഐടിഒയിലെ റോഡ് പൊലീസ് ബലം പ്രയോഗിച്ച് തുറന്ന് കൊടുത്തു.
ഇതേ തുടര്‍ന്ന് ഇന്നലെ പ്രദേശത്ത് വലിയതോതില്‍ സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. പൊലീസുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കൂടുതല്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഇന്നലെ മുതല്‍ ഡ്യൂട്ടി ബഹിഷ്ക്കരിക്കാൻ റസിഡന്‍റ് ഡോക്ടർമാരുടെ സംഘടന ആഹ്വാനം ചെയ്തു. ഇന്നലെ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സമരത്തിന് പിന്തുണയുമായി വിവിധ സംഘടകള്‍ രംഗത്തെത്തി.
വിവിധ സംസ്ഥാനങ്ങളിലെ റെസിഡൻറ് ഡോക്ടർമാരുടെ (resident doctors)സംഘടനകൾ സമരത്തിന് പിന്തുണ അറിയിച്ചു. സഅഹമ്മദാബാദ്, ഭോപ്പാൽ, ഛണ്ഡിഗഡ് എന്നിവിടങ്ങളിലെ ഡോക്ടർമാരും കർണാടകത്തിലെ റെസിഡന്‍റ് ഡോക്ടർമാരുമടക്കം ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ ഡോക്ടര്‍മാര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.
ദില്ലി എംയിസിലെ റസിഡൻറ് ഡോക്ടർമാരും സമരത്തിനൊപ്പം ചേര്‍ന്നു. ഇന്ന് മുതല്‍ ഫ്ദർജംഗ് ആശുപത്രിയിൽ വമ്പൻ പ്രതിഷേധം നടത്തുമെന്ന് റസിഡന്‍റ് ഡോക്ടർമാരുടെ സംഘടനയായ ഫോർഡാ അറിയിച്ചു. ഡോക്ടർമാർക്ക് എതിരെ ഇന്നലെ ദില്ലിയില്‍ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം.
പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇന്നലെ ദില്ലി പൊലീസ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഘർഷത്തിൽ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ് അവകാശപ്പെട്ടു. എന്നാല്‍, എത്ര ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റെന്നതിന്‍റെ കണക്കുകള്‍ ലഭ്യമല്ല. ഡ്യൂട്ടി ബഹിഷ്ക്കരിച്ചാണ് റസിഡന്‍റ് ഡോക്ടർമാരുടെ സമരം.
24 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇന്ന് മുതൽ എംയിസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്ക്കരിച്ച് സമരത്തിന് ഇറങ്ങുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് ദില്ലിയില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ളവ എല്ലാ സേവനങ്ങളും തടസപ്പെട്ടു.
കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് വ്യാപകമാകുന്നുവെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പുറകെ ഡോക്ടര്‍മാരുടെ സമരം ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതിനിടെ പ്രശ്ന പരിഹരത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ റസിഡന്‍റ് ഡോക്ടര്‍മാര്‍ കൊവിഡ് ഡ്യൂട്ടി അടക്കം ബഹിഷ്ക്കരിക്കുമെന്ന് റസിഡന്‍റ് ഡോക്ടർമാരുടെ സംഘടനയായ ഫോർഡായുടെ അധ്യക്ഷന്‍ മനീഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
രാജ്യത്തെമ്പാടുമുള്ള റസിഡന്‍റ് ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അതോടൊപ്പം സമരത്തിന് കേരളത്തിലെ ഡോക്ടര്‍മാരുടെ പിന്തുണ തേടുന്നതായും അദ്ദേഹം പുറഞ്ഞു. റസിഡന്‍റ് ഡോക്ടര്‍മാരുടെ സമരം ശക്തമായതോടെ ദില്ലിയില്‍ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും താളം തെറ്റി.
പ്രത്യേകിച്ചും കൊവിഡ് വ്യാപനം കൂടുകയും രാത്രിയാത്ര നിരോധനമടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് ദില്ലി കടക്കുകയും ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരത്തിനിറങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സഫ്ദര്‍ജംഗ് ആശുപത്രി, രാം മനോഹര്‍ ലോഹ്യ ആശുപത്രി, ലേഡി ഹാര്‍ഡ്ലിങ്ങ്‍സ് ലോക്നായക്, അബേദ്കര്‍ ആശുപത്രി, ജിബി പന്ഥ് , ജിപിബി ആശുപത്രി, ഡിഡിബി ആശുപത്രി എന്നിവ അടക്കമുള്ള ദില്ലിയിലെ പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം തന്നെ വലിയ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്.
റസിഡന്‍ഷ്യല്‍ ഡോക്ടര്‍മാരാണ് ദില്ലിയിലെ മിക്ക ആശുപത്രികളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ സമരം ദില്ലിയുടെ ആരോഗ്യമേഖലയെ ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലമാക്കി. അടിയന്തര ശസ്ത്രക്രിയകള്‍ പോലും നടക്കുന്നില്ലെന്നാണ് അശുപത്രികളുമായി ബന്ധപ്പെട്ടുമ്പോള്‍ ലഭിക്കുന്ന വിവരം.
സമരം ശക്തമാവുകയും അടിയന്തര ശസ്ത്രക്രിയും, കൊവിഡ് പരിശോധനയും മുടങ്ങിയത് കേന്ദ്രസര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരം അവസാനിപ്പിച്ചതിന് തൊട്ട് പിന്നാലെ ഉയര്‍ന്ന റസിഡന്‍ഷ്യല്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.