ലോക്ഡൗണ്‍; റോഡിലും റെയില്‍വേ ട്രാക്കിലും മരിച്ചുവീഴുന്ന ഇന്ത്യന്‍ തൊഴിലാളികള്‍
ഇന്ത്യയില്‍ ഇന്ന് തൊഴിലാളികളില്ല. പകരം അന്യസംസ്ഥാന തൊഴിലാളി, ഇതരസംസ്ഥാന തൊളിലാളി, കുടിയേറ്റ തൊഴിലാളി, അതിഥി തൊഴിലാളി എന്നിങ്ങനെ പല പല പേരുകളില്‍ അറിയപ്പെടുന്ന അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളാണ് ഉള്ളത്. ഒരൊറ്റ അഭിസംബോധനയില്‍ നിന്ന് വിവിധ വിളിപ്പേരുകളിലേക്ക് മാറ്റപ്പെട്ടുന്നതിനിടെ തൊഴിലാളി വര്‍ഗ്ഗത്തിന് സ്വന്തം കാലിനടിയിലെ മണ്ണ് തന്നെയാണ് നഷ്ടമായത്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മൂട്ടിക്കാനായി സ്വന്തം സംസ്ഥാനത്ത് നിന്നും മുന്നൂറും അഞ്ചൂറും കിലോമീറ്ററുകള്‍ അകലെയുള്ള വ്യവസായ നഗരങ്ങളില്‍ ജോലിക്ക് പോകേണ്ടിവരുന്ന തൊഴിലാളികള്‍ ഇന്ന് കൊവിഡ് മഹാമാരിക്കിടെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ച് നടക്കുകയാണ്.
ഇന്ത്യയെ പോലൊരു മൂന്നാം ലോക രാജ്യത്ത് കര്‍ഷകരെയും അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളെയും കണക്കിലെടുക്കാതെയുള്ള ഏത് തീരുമാനും സൃഷ്ടിക്കുന്ന ആഘാതം എന്തായിരിക്കുമെന്നതിന്‍റെ പ്രത്യക്ഷ ഉദാരണമാണ് ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങില്‍ ഉണ്ടാകുന്ന റോഡപകടങ്ങളില്‍ മരിച്ചു വീഴുന്ന തൊഴിലാളികളുടെ കണക്കുകള്‍ കാണിക്കുന്നത്.
ഏറ്റവും അവസാനമായി ഇന്നലെ രാത്രി (15.6.20202) ഉത്തര്‍പ്രദേശിലെ ഔരയ ജില്ലയിൽ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 തൊഴിലാളികളാണ് മരിച്ചത്.
രാജസ്ഥാനിൽ നിന്ന് ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സ്വദേശത്തേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ അപകടങ്ങളില്‍ മാത്രം മരിക്കുന്ന തൊഴിലാളികളുടെ എണ്ണം നൂറിന് മുകളിലായി.
കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
2020 മാർച്ച് 28 ന് കർണാടകയിലെ റായിച്ചൂരിൽ വെച്ച്, ജന്മനാട്ടിലേക്ക് കാൽനടയായി പോയിരുന്ന 8 കുടിയേറ്റ തൊഴിലാളികൾ റോഡപകടത്തിൽ കൊല്ലപ്പെട്ടു.
2020 മേയ് 8 പുലർച്ചെ 5.20 ന് മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് സമീപത്തെ റെയില്‍വേ പാളത്തില്‍ കിടന്നുറങ്ങിയ കുട്ടികളടക്കമുള്ള പതിനാറ് തൊഴിലാളികളാണ് ചരക്ക് വണ്ടി കയറി മരിച്ചത്.
ലോക്ഡൗണിനെ തുടര്‍ന്ന് ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേപാളത്തിലൂടെ കിലോമീറ്ററോളം നടന്ന് പോവുകയായിരുന്ന ഇവര്‍ രാത്രിയായതിനെ തുടര്‍ന്ന് പാളത്തിൽ തന്നെ കിടന്നുറങ്ങുകയായിരുന്നു.
കുഞ്ഞു കുട്ടികളടക്കം 16 തൊഴിലാളികളാണ് അതുവഴി വന്ന ചരക്ക് തീവണ്ടിക്ക് അടിയിൽപ്പെട്ട് മരിച്ചത്.
ട്രെയിന്‍ ഓടിച്ചിരുന്ന ലോക്കോപൈലറ്റ് പാളത്തില്‍ കിടന്നുറങ്ങുന്നവരെ കണ്ടെങ്കിലും വേഗത നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല.
മധ്യപ്രദേശിൽ നിന്നുള്ളവർ നല്ലൊരു ജീവിതം സ്വപ്നം കണ്ട് മഹാരാഷ്ട്രയിലെ ജൽനയിലെ സ്വകാര്യ സ്റ്റീൽ കമ്പനിയിലെത്തിയ തൊഴിലാളികളായിരുന്നു ഇവര്‍.
2020 മേയ് 9 ന് ഹൈദരാബാദിൽ നിന്ന് ആഗ്രയിലേക്ക് മാമ്പഴവും കയറ്റി പോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ട് മരിച്ചത് 5 തൊഴിലാളികളാണ്.
ഹൈദ്രാബാദില്‍ നിന്ന് യുപിയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ട്രക്കില്‍ 18 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
രാത്രിയിൽ മധ്യപ്രദേശിലെ നരസിംഹപുര ജില്ലയിൽ പത ഗ്രാമത്തിൽ വെച്ച് അധികവേഗത കാരണമാണ് ട്രക്ക് മറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.
2020 മേയ് 13 രാത്രി 11.30 - പഞ്ചാബിൽ നിന്ന് ബീഹാറിലേക്ക് നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് മേൽ അമിത വേഗതയിൽ വന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് പാഞ്ഞു കയറി 6 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് മാരകമായി പരുക്കേറ്റു. യുപിയിലെ മുസാഫർനഗറിൽ ദില്ലി-സഹരൻപുർ ഹൈവേയിലാണ് അപകടം നടന്നത്
2020 മേയ് 14 - മുംബൈയിൽ നിന്ന് യുപിയിലേക്ക് കുടിയേറ്റ തൊഴിലാളികളെയും കയറ്റിക്കൊണ്ടുവന്ന ട്രക്ക് മധ്യപ്രദേശിലെ ഗുണായിൽവെച്ച് ഹൈവേയിൽ ബസുമായി കൂട്ടിയിടിച്ച് 9 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതോടെ, ഇന്ത്യയില്‍ ഇതുവരെയായി ലോക്ക് ഡൗൺ കാരണം മരിച്ചവരുടെ എണ്ണം 393 പേരാണ്. റോഡ് വഴിയും ട്രെയിന്‍ പാളത്തിലൂടെയും സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നു പോകവേയുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 89 ആയി.
ഇതിനിടെയാണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ ഔരയ ജില്ലയിലുണ്ടായ അപകടം. മരിച്ച 24 കുടിയേറ്റക്കാരിൽ പലരും ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ഔറയ്യ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിംഗ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ 15 പേരെ ഇറ്റാവയിലെ സൈഫായ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
നിർമാണ സാമഗ്രികൾ നിറച്ച ട്രെയിലർ ട്രക്ക് രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് ഗോരഖ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
ട്രെയിലർ ട്രക്കിൽ സഞ്ചരിച്ച തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്ന് യുപിയിലെ എ.ഡി.ജി ജയ് നാരായൺ സിംഗ് പറഞ്ഞു.
ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
അപകടം നടന്ന രണ്ട് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രണ്ട് ട്രക്കുകളുടെ ഉടമകൾക്കെതിരെ കേസെടുക്കാനും വാഹനങ്ങൾ പിടിച്ചെടുക്കാനും മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടു.
മരിച്ചവരുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം ഡോളർ വീതം നഷ്ടപരിഹാരം നൽകുമെന്ന് സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് അറിയിച്ചു.
ധാർമ്മിക ഉത്തരവാദിത്തം ബിജെപി സർക്കാർ ഏറ്റെടുക്കണമെന്നും ഈ കുടുംബങ്ങൾക്ക് 10 ലക്ഷം ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വതന്ത്ര ഗവേഷകരായ തേജേഷ് ജി എന് , കനികാ ശര്മ്മ, അമന് എന്നിവര് മാര്‍ച്ച് 9 വരെയുള്ള മാധ്യമറിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് തയ്യാറാക്കിയ റിപ്പോര്ട്ട് പ്രകാരം ഇന്ത്യയില്‍ ലോക്ക്ഡൗണില്പ്പെട്ട് കോവിഡ് അല്ലാത്ത കാരണത്താൽ മരിച്ചവരുടെ എണ്ണം 378 കവിഞ്ഞു.
ഇവരുടെ കണക്ക് പ്രകാരം സാമ്പത്തിക ബുദ്ധിമുട്ടും പട്ടിണിയും കാരണം ഇന്ത്യയില്‍ ഇതിനികം 47 പേര് മരിച്ചു. ക്യൂവിൽ നിന്നും നടന്നും കുഴഞ്ഞു വീണ് മരിച്ചവർ 26 പേര്വരും.
വിവിധ സംസ്ഥാനങ്ങളില് ലോക്ഡൗണിനിടെ നടന്ന പൊലീസ് മർദ്ദനത്തിലോ ഭരണകൂട അക്രമത്തിലോ കൊല്ലപ്പെട്ടവർ 12 പേരാണ്. മതിയായ ചികിൽസ കിട്ടാതെ മരിച്ച പ്രായം ചെന്നവരും രോഗികളും 40 തോളം പേര് വരും.
രോഗഭയം, ഏകാന്തത, ഒറ്റപ്പെടൽ കാരണം ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത് 83 പേരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
മദ്യം ലഭിക്കാതെ ആത്മഹത്യ ചെയ്തവരാകട്ടെ 46 പേരാണ്. പ്രധാനമന്ത്രി ലോക്ഡൗണിനിടെ വീട്ടിലിരിക്കാന് പറഞ്ഞതിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന സംസ്ഥാനത്ത് നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്ന് പോകുന്നതിനിടെ റോഡിലും ട്രെയിന്‍ അപകടങ്ങളെ തുടര്ന്നും മരിച്ചവരുടെ എണ്ണം 74.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വർഗ്ഗീയമല്ലാത്ത കുറ്റകൃത്യങ്ങളിൽപ്പെട്ട് മരിച്ചവരാകട്ടെ 14 പേര്. മറ്റ് കാരണങ്ങളാൽ മരിച്ചവർ 41 പേരും. മാർച്ച് 24 മുതൽ മേയ് 9 വരെ ഇന്ത്യയില്‍ ആകെ 378 പേര് മരിച്ചെന്ന് ഇവരുടെ പഠന റിപ്പോര്ട്ട് പറയുന്നു.
ഇതിനിടെയാണ് ബിജെപി ഭരിക്കുന്ന ഉത്തര്പ്രദേശില് നാല് വര്ഷത്തേക്ക് തൊഴില് നിയമങ്ങളെല്ലാം അസാധുവാക്കാനായി കേന്ദ്രസര്ക്കാറിന് റിപ്പോര്ട്ട് സമര്പ്പിച്ചിരിക്കുന്നത്.
ഉത്തര്പ്രദേശ് മാത്രമല്ല ബിജെപി ഭരിക്കുന്ന എല്ലാം സംസ്ഥാനങ്ങളും തൊഴില് നിയമങ്ങളില് ഇളവുകള് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ഇതോടെ ലോക്ഡൗണ്‍ കഴിഞ്ഞാല് തൊഴിലാളികളുടെ സംരക്ഷണം സര്ക്കാറിന്റെ ബാധ്യതയല്ലാതായി മാറും.