ലോക്ഡൌണ്‍; തൊഴില്‍ നഷ്ടപ്പെടുന്നത് 40 കോടി ഇന്ത്യക്കാര്‍ക്ക്
ഇന്ത്യ ലോക്ഡൌണിലേക്ക് നീങ്ങിയിട്ട് 51 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനിടെ തൊഴില്‍ നഷ്ടമായ ഇന്ത്യക്കാരുടെ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. ലോക്ഡൌണില്‍ രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്. ഈ വറുതിക്കാലത്ത് ജോലി നഷ്ടമായത് കോടിക്കണക്കിന് ആളുകള്‍ക്കാണ്. കുട്ടികള്‍ക്ക് ആഹാരം പോലും വാങ്ങികൊടുക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് മാതാപിതാക്കള്‍. ഇന്ത്യയിലെ പകുതിയിലധികം ജനങ്ങളും പട്ടിണിയിലേയ്ക്ക് നീങ്ങുകയാണെന്നാണ് അടുത്തകാലത്തായി നടന്ന ഒരു സർവ്വേ സൂചിപ്പിക്കുന്നത്. 130 കോടിക്ക് മേലെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 40 കോടി അടിസ്ഥാന വര്‍ഗ്ഗത്തിനാണ് തൊഴിലും അതുവഴി വരുമാനവും നഷ്ടമായത്. ലോക്ഡൌണ്‍ പ്രഖ്യാപിച്ച് സമയത്ത് 500 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി നല്‍കിയിത്. എന്നാല്‍ നല്‍കിയതിന്‍റെ നാലിരട്ടി കാശാണ് അവരെ സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാന്‍ റെയില്‍വേയിലൂടെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വാങ്ങിയത്. ദുരിതങ്ങളില്‍ നിന്ന് ദുരിതക്കയത്തിലേക്കാണ് ഇന്ത്യയുടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ യാത്ര. ചിത്രങ്ങള്‍ : അരുണ്‍ എസ് നായര്‍. (ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍)
കഴിഞ്ഞ ഏപ്രിലില്‍ അന്താരാഷ്‌ട്ര തൊഴിൽ സംഘടന (ഐഎൽഒ) പറഞ്ഞത്, ഈ മഹാമാരി കാരണം ഇന്ത്യയിലെ 40 കോടിയോളം വരുന്ന തൊഴിലാളികൾ പട്ടിണിയിലാകുമെന്നാണ്.
സമസ്ത തൊഴില്‍ മേഖലയെയും ഇത് കാര്യമായി ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് സർവ്വേകൾ പറയുന്നത്.
സർവ്വേ പ്രകാരം, ഈ മഹാമാരിയുടെ സമയത്ത് മൂന്നിൽ രണ്ട് അഥവാ 67 ശതമാനം തൊഴിലാളികൾക്കും ജോലി നഷ്ടമായി.
ഇന്ത്യയുടെ നഗരങ്ങളിൽ 10 തൊഴിലാളികളിൽ എട്ട് പേർക്കും ഗ്രാമീണ മേഖലയിലെ 10 തൊഴിലാളികളിൽ 6 പേർക്കും തൊഴിൽ നഷ്ടം രേഖപ്പെടുത്തുന്നു.
10 സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായി സഹകരിച്ച് അസിം പ്രേംജി സർവകലാശാല നടത്തിയ ഫോൺ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.
4,000 -ത്തോളം ആളുകളെയാണ് ഇതിനായി ബന്ധപ്പെട്ടത്. നഗരങ്ങളിലെ സ്വയംതൊഴിൽ ചെയ്യുന്നവർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്.
അവരിൽ 84 ശതമാനം പേർക്കും ജോലി പോയി. തൊഴിൽ മേഖലയിൽ 76 ശതമാനം ശമ്പളക്കാരും 81 ശതമാനം കാഷ്വൽ തൊഴിലാളികളും ജോലി പോയി വീട്ടിലിരിപ്പാണ്.
ഗ്രാമപ്രദേശങ്ങളിൽ 66 ശതമാനം കാഷ്വൽ കൂലിത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്യുന്നു.
62 ശതമാനം വരുന്ന ശമ്പള തൊഴിലാളികളുടെയും, 47 ശതമാനം ഗ്രാമീണ തൊഴിലാളികളുടെയും അവസ്ഥ ഇത് തന്നെ.
കാർഷികേതര സ്വയംതൊഴിൽ ചെയ്യുന്നവരുടെ വരുമാനത്തിൽ 90 ശതമാനമാണ് കുറവുണ്ടായത്.
അവരുടെ ശരാശരി പ്രതിവാര വരുമാനം 2,240 രൂപയിൽ നിന്ന് 218 രൂപയായി കുറഞ്ഞു.
ഇപ്പോഴും ജോലി ചെയ്യുന്ന കാഷ്വൽ തൊഴിലാളികൾക്ക് ശരാശരി പ്രതിവാര വരുമാനം ഫെബ്രുവരിയിൽ 940 രൂപയിൽ നിന്ന് 495 രൂപയായി കുറഞ്ഞു.
എല്ലാ ശമ്പളക്കാരായ തൊഴിലാളികളിൽ പകുതി പേർക്കും, പകുതി ശമ്പളമോ, അല്ലെങ്കിൽ ശമ്പളം ലഭിക്കാത്ത അവസ്ഥയോ ആണ് നിലനിൽക്കുന്നത്.
തൊഴിലാളികളുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും ഉത്പാദനത്തിലും വിപണനത്തിലും ഉണ്ടായ നിശ്ചലത മുതലെടുത്ത് പല സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളം കുറച്ചു.
ചെറുകിട കമ്പനികള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ വരെ ഇത്തരത്തില്‍ തൊഴിലാളികളില്‍ ശമ്പളത്തില്‍ കത്രികവച്ചവരുടെ കൂട്ടത്തില്‍പ്പെടുന്നു.
ഇന്ത്യയില്‍ പകുതിയോളം, അതായത് 49 ശതമാനം വരുന്ന വീടുകളിലും ഒരാഴ്ചത്തെ അവശ്യവസ്തുക്കൾ പോലും വാങ്ങാൻ പോലും മതിയായ പണമില്ലെന്നാണ് സർവ്വേ പറയുന്നത്.
അതേസമയം, 80 ശതമാനം വരുന്ന നഗരവാസികളും, ഗ്രാമീണ മേഖലയിലെ 70 ശതമാനത്തോളം വരുന്ന ആളുകളും മുമ്പത്തേതിനേക്കാൾ കുറവ് ഭക്ഷണം മാത്രമാണ് കഴിക്കുന്നതെന്നെന്നും റിപ്പോർട്ട് പറയുന്നു.
സർവേ പ്രകാരം, ഇന്ത്യയിലെ നഗരങ്ങളിൽ ദരിദ്രരായ കുടുംബങ്ങളിൽ മൂന്നിലൊന്ന് അല്ലെങ്കിൽ 36 ശതമാനം, സർക്കാരിൽ നിന്ന് കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റി എന്നാണ് പറയുന്നത്.
ഗ്രാമങ്ങളിൽ 53 ശതമാനം കുടുംബങ്ങൾക്കും ഈ ആനുകൂല്യം ലഭിച്ചു. ഇങ്ങനെ പോയാൽ, ഇന്ത്യയേ പോലൊരു മൂന്നാം ലോക രാജ്യത്തിന് എത്രത്തോളം പിടിച്ച് നില്ക്കാൻ കഴിയുമെന്നത് ഒരു ചോദ്യമാണ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തൊടു സംസാരിച്ചപ്പോൾ, ഈ മഹാമാരിയെ നേരിടാനായി, ഇരുപത് കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനുള്ള പണം എവിടെനിന്നാണെന്നോ, ഇതെങ്ങനെ ചെലവാക്കുമെന്നോ അദ്ദേഹം പറഞ്ഞില്ല.