കശ്മീരിന് സംസ്ഥാന പദവി തെരഞ്ഞെടുപ്പിന് ശേഷം; പാര്‍ലമെന്‍റിന് നല്‍കിയ വാക്ക് പാലിക്കും: പ്രധാനമന്ത്രി
കശ്മീരിന്‍റെ സമാധാനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, കശ്മീരിന് നേരത്തെയുണ്ടായിരുന്ന പ്രത്യേക പദവി പുനസ്ഥാപിക്കുന്ന വിഷയം ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലെ ചർച്ചയില്‍ ഉണ്ടായിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മൂന്നരമണിക്കൂറോളം നീണ്ടു നിന്ന യോഗത്തിൽ സമവായത്തിന്‍റെ ഭാഷയിലായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 'ദേശസ്നേഹികളായ ജമ്മുകശ്മീർ ജനത'യ്ക്കൊപ്പം നില്‍ക്കും. കശ്മീരില്‍ സമാധാനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
ദില്ലിക്കും കശ്മീരിനും ഇടയിൽ ദൂരം പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കണം എന്ന ആവശ്യം ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലും കശ്മീരില്‍ നിന്നെത്തിയ പാർട്ടി പ്രതിനിധികള്‍ ഉന്നയിച്ചു.
പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഈ ആവശ്യത്തോട് മൗനം പാലിച്ചു. എന്നാല്‍, ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തന്ത്രപരമായി ഈ ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നു.
കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ആഞ്ഞടിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പക്ഷേ, തെരഞ്ഞെടുപ്പുമായി സഹകരിക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചു.
ഭൂമി, തൊഴിൽ എന്നിവയിൽ കശ്മീർ ജനതയുടെ പ്രത്യേക അവകാശം സംരക്ഷിക്കണം എന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷം പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും അറിയിച്ചു.
കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കണം എന്ന ആവശ്യം കോൺഗ്രസും ബിജെപിയും ഉന്നയിച്ചു. തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തോട് എല്ലാ പാർട്ടികളും യോജിച്ചു.
എന്നാല്‍, ഇപ്പോൾ നടത്തുന്ന രീതിയില്‍ മണ്ഡല പുനർനിർണ്ണയം നടത്തുന്നതിനോട് താഴ്പരയില്‍ നിന്നുളഅള പാർട്ടി പ്രതിനിധികൾ വിയോജിച്ചു. യോഗത്തില്‍ ജമ്മുകശ്മീരിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രധാമന്ത്രി ഉന്നിപ്പറഞ്ഞു.
ജമ്മുവിലുണ്ടായ വികസനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാമനന്ത്രി ഇത് ജനതയ്ക്ക് നല്‍കുന്നത് പുത്തന്‍ പ്രതീക്ഷയാണെന്നും പറഞ്ഞു. കശ്മീര്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കണം. രാജ്യത്തിനായി അവര്‍ അതിലേറെ തിരിച്ചുതരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് ഇടയിലും രാജ്യത്തിന്‍റെ ഉന്നമനത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു. കശ്മീരിലെ ഒരു മരണം പോലും ഹൃദയഭേദകമെന്നും പുതുതലമുറയെ നമ്മള്‍ സംരക്ഷിക്കമെന്നും മോദി വ്യക്തമാക്കി.
ജമ്മുവിലെ എല്ലാ ജനതയ്ക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ടതിനെക്കുറിച്ചും യോഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത നേതാക്കളുടെ ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള പ്രതിജ്ഞാബദ്ധതയില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona