Jahangirpuri: കേന്ദ്രസേനയുടെ കാവലില്‍ ഞെട്ടല്‍ മാറാതെ ജഹാംഗീർപുരി
കഴിഞ്ഞ ദിവസം ദില്ലി (Delhi) ജഹാംഗീർപുരിയില്‍ (jahangirpuri) ഹനുമാന്‍ ജയന്തിക്ക് (hanuman jayanti) ഇടെയുണ്ടായ അപ്രതീക്ഷിത സംഘര്‍ഷത്തിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. പൊലീസ് വേണ്ടത്ര സുരക്ഷ ആദ്യ തന്നെ ഒരുക്കിയിരുന്നെങ്കിൽ ഈ സാഹചര്യമുണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വടക്കു പടിഞ്ഞാറാൻ ദില്ലിയിലെ ജഹാംഗീർപൂരി, ചെറുകിട കച്ചവടക്കാർ , തൊഴിലാളികൾ, ആക്ര പെറുക്കി ജീവിക്കുന്നവർ എന്നിങ്ങനെ സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ തിങ്ങി പാർക്കുന്ന പ്രദേശം. 55 വയസുകാരി രാംകുമാരി മുപ്പത് വർഷമായി ഇവിടെയാണ് താമസിക്കുന്നത്. ജീവിതത്തിൽ ആദ്യമായി ഇത്രയും വലിയ സംഘർഷം നേരിട്ട കണ്ടതിന്‍റെ ഞെട്ടലിലാണ് ഇന്നും രാംകുമാരി. എന്തിനു വേണ്ടിയാണ് ഈ സംഘർഷമെന്നാണ് രാംകുമാരി ചോദിക്കുന്നത്.... ജഹാംഗീർപുരിയില്‍ നിന്ന് റിപ്പോര്‍ട്ടും ചിത്രങ്ങളും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.
സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഞങ്ങളെ കണ്ടതും രാംകുമാരിയുടെ ചോദ്യമെത്തി. "അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലേണ്ട ആവശ്യം എന്താ, എല്ലാവരും ഭക്ഷണത്തിനായി ജോലി എടുക്കുന്നവരല്ലേ?" രാംകുമാരിയുടെ ചോദ്യം ശരിയായിരുന്നു.
ജഹാംഗീര്‍പൂരിയിലെ ഭൂരിഭാഗം ജനങ്ങളുടെ അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താന്‍ നഗരങ്ങളിലേക്ക് അതിരാവിലെ തന്നെ നീങ്ങുന്നവരാണ്. ഇതിനിടെ സംഭവിക്കുന്ന ഓരോ തടസങ്ങളും അവരുടെ ജീവിതത്തെ തന്നെയാണ് പുറകോട്ട് പിടിച്ച് വലിക്കുന്നത്.
എല്ലാ ആഘോഷങ്ങളിലും മതത്തിനപ്പുറം സഹകരിച്ചാണ് ജഹാംഗീര്‍പൂരിയിലെ ജനം ഇത്രയും കാലം മുന്നോട്ട് നീങ്ങിയത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സംഘര്‍ഷം പുറത്ത് നിന്ന് എത്തിവരുണ്ടാക്കിയതാണെന്ന് ഇവിടുത്തുക്കാര്‍ ആണയിട്ട് പറയുന്നു.
ഇവിടെ നടന്ന സംഘര്‍ഷങ്ങളുടെയെല്ലാം കാരണം രാഷ്ട്രീയമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇപ്പോൾ ജഹാംഗീർപൂരിയിലെ ഒരോ ഗല്ലികളിലും കേന്ദ്രസേനയുടെ കാവിലുണ്ട്. ഗേറ്റിനപ്പുറം ആശങ്ക നിറഞ്ഞ, ഭയം നിഴചില്ല നോട്ടങ്ങളും.
ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ചുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ 23 പേരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു.
ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭയാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് ദില്ലി പൊലീസിന്‍റെ എഫ് ഐആറിൽ പറയുന്നു. ഇപ്പോള്‍ തലസ്ഥാനത്തെ സ്ഥിതി ശാന്തമാണെങ്കിലും കനത്ത ജാഗ്രത തുടരുകയാണ്.
ജഹാംഗീർപൂരിയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ദില്ലി പൊലീസിനെ കൂടാതെ കേന്ദ്രസേനയും സംഭവസമയം രംഗത്തെത്തിയിരുന്നു. വടക്കു പടിഞ്ഞാറാൻ ഡിസിപിയുടെ നേതൃത്വത്തിൽ കൂടിയ സമാധാനയോഗത്തിൽ ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും നിക്ഷപക്ഷ അന്വേഷണം നടത്തുമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.
അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദില്ലി പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചെന്നാണ് പൊലീസിന്‍റെ നിരീക്ഷണം. കലാപം, കൊലപാതക ശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അക്രമത്തില്‍ ഒരു പൊലീസുകാരന് വെടിയേറ്റതുള്‍പ്പടെ എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. അതേ സമയം അക്രമത്തില്‍ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. പിടിയിലായവരിൽ നിന്ന് മൂന്ന് നാടൻ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
സംഘര്‍ഷത്തിനിടെ ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് കല്ലേറ് നടന്നതായും നിരവധി വാഹനങ്ങൾ തകർത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രസർക്കാരിനാണ് ദില്ലിയുടെ സുരക്ഷണ ചുമതല. എല്ലാവരും സമാധാനം പാലിക്കണമെന്നും ക്രമസമാധാന പാലനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഘോഷയാത്ര നടന്നത്. ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷം രൂക്ഷമായ കല്ലേറിന് വഴിമാറുകയായിരുന്നു. ദില്ലി പോലീസ് സബ് ഇൻസ്‌പെക്ടർ മെദലാൽ മീണയ്ക്ക് നേരെ വെടിയുതിർത്തയാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അവകാശപ്പെട്ടു. ഇയാളുടെ പക്കൽ നിന്ന് ഒരു നാടൻ പിസ്റ്റൾ കണ്ടെടുത്തു. നാലോ അഞ്ചോ പേര്‍ക്കൊപ്പം നിന്ന് ഘോഷയാത്രക്കാരുമായി തർക്കം ആരംഭിച്ചയാളും പൊലീസ് പിടിയിലായി. ഈ തർക്കത്തെ തുടര്‍ന്നാണ് ഇരുവശത്തുനിന്നും കല്ലേറ് ആരംഭിച്ചതെന്നും ഇതാണ് പിന്നീട് കലാപമായി വളര്‍ന്നതെന്നും പൊലീസ് പറയുന്നു. എന്നാൽ ശോഭായാത്രക്കായി പുറത്ത് നിന്ന് എത്തിയ ചിലരാണ് സംഘർഷമുണ്ടാക്കിയെന്നാണ് മറുവിഭാഗത്തിന്‍റെ ആരോപണം.