കൊവിഡ് 19 മരണസംഖ്യയില്‍ ചൈനയെയും മറികടന്ന് ഇന്ത്യ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 7466 കൊവിഡ് കേസുകളാണ്. ഇതാദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം ഏഴായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 6000 മേലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഇന്നലെ ഒറ്റദിവസം 7000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ച് വീണത് 175 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 4706 ആയി. 71,105 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്. ചിത്രങ്ങള്‍: ഗെറ്റി.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ, ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും മറികടക്കുകയാണ് ഇന്ത്യ.
ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാൾ കൂടുതൽ മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
വിവിധ സംസ്ഥാനസർക്കാരുകളുടെ വെബ്സൈറ്റുകളും അമേരിക്കയുടെ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ സമഗ്രമായ ഡാഷ്ബോർഡും കണക്കുകൂട്ടിയാൽ ഇന്ത്യയിലെ മരണസംഖ്യ ആശങ്കാജനകമാം വിധം കൂടുകയാണ്.
1,65,386 കൊവിഡ് രോഗികളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൈന പുറത്തുവിട്ട എണ്ണത്തേക്കാൾ ഇരട്ടി വരുമിത്.
ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. മരണസംഖ്യയിൽ പക്ഷേ, ചൈനയെയും ഇന്ത്യ മറികടക്കുന്നു എന്നത് കടുത്ത ആശങ്കയ്ക്കാണ് വഴി വയ്ക്കുന്നത്.
രാജ്യത്ത് ഇതുവരെ മരണം 4706 ആണെങ്കിൽ, ചൈനയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണം 4638 ആണ്.
2010 നവംബര്‍ അവസാനം ചൈനയില്‍ കൊറോണാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ചൈനീസ് സര്‍ക്കാറിന്റെ കണക്കില്‍ ഡിസംബറിലാണ് ചൈനയിൽ ആദ്യത്തെ നോവൽകൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വുഹാനിൽ നിന്ന് വൈറസ് ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും പടർന്നുപിടിച്ചു. 59,20,258 പേര്‍ക്ക് ഇതുവരെയായി രോഗം ഇതുവരെ ബാധിച്ചു.
3,62,365 പേർ ഇതിനകം ലോകത്ത് കൊറോണാ വൈറസ് ബാധമൂലം മരിച്ചു. ചൈനയിൽ രോഗം നിയന്ത്രണവിധേയമാണ് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
കഴിഞ്ഞ ഒരു മാസം, മുമ്പത്തേതിനെ അപേക്ഷിച്ച്, വളരെക്കുറവ് രോഗികൾ മാത്രമാണ് ചൈനയിൽ ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
രോഗികളുടെ എണ്ണത്തിലും മരണത്തിലും ഏറ്റവും മുന്നിൽ അമേരിക്ക തന്നെയാണ്.
17,68,461 പേര്‍ക്ക് ഇതുവരെയായി രോഗം സ്ഥിരീകരിച്ചു. 1,03,330 പേരാണ് അമേരിക്കയില്‍ മാത്രം ഇതുവരെയായി മരിച്ചത്.
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. അമേരിക്ക, ബ്രസീൽ, റഷ്യ, സ്പെയിൻ, യുകെ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നിവയാണ് ഇന്ത്യയേക്കാൾ രോഗികളുള്ള രാജ്യങ്ങൾ.
രോഗികളുടെ എണ്ണത്തിൽ ഇപ്പോൾ പതിനാലാമതാണ് ചൈന. ഇറാനും, പെറുവിനും കാനഡയ്ക്കും താഴെയാണ് ഇപ്പോള്‍ ചൈനയുടെ സ്ഥാനം.
അമേരിക്ക കഴിഞ്ഞാല്‍ മരണസംഖ്യയില്‍ രണ്ടാമത് യുകെയും. പിന്നാലെ ഇറ്റലി, ഫ്രാൻസ്, സ്പെയ്ൻ, ബ്രസീൽ, ബെൽജിയം, മെക്സിക്കോ, ജർമനി, ഇറാൻ എന്നീ രാജ്യങ്ങളാണുള്ളത്.
ഈ പട്ടികയിൽ ഇന്ത്യ 13-ാം സ്ഥാനത്താണുള്ളത്. കാനഡയും നെതർലൻഡ്സുമാണ് പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളിൽ.
ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയ ഈ മാസമാണ് ഇന്ത്യയിൽ കേസുകളുടെ എണ്ണം കുതിച്ചുയർന്നത് എന്നത് ശ്രദ്ധേയമാണ്.
പ്രത്യേക തീവണ്ടികളിലും വിമാനങ്ങളിലുമായി പ്രവാസികളും വിവിധ നഗരങ്ങളിൽ നിന്ന് കുടിയേറ്റത്തൊഴിലാളികളും നാട്ടിലേക്ക് യാത്ര പുറപ്പെട്ടതിന് ശേഷം പ്രത്യേകിച്ച് എണ്ണം കുത്തനെ കൂടി.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയല്ലാതെ, രോഗബാധ തടയാൻ ഫലപ്രദമായ മറ്റൊരു നടപടികളും വ്യവസായനഗരങ്ങൾ കൂടിയായ മെട്രോ നഗരങ്ങളിൽ സർക്കാർ സ്വീകരിച്ചില്ല എന്നതിന്റെ തെളിവായി മുംബൈ, ദില്ലി, ചെന്നൈ എന്നീ നഗരങ്ങളിലെ രോഗവ്യാപനത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 24 മുതലാണ് രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വന്നത്. 21 ദിവത്തേക്കുള്ള ലോക്ക്ഡൗണാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും അത് മൂന്ന് തവണ നീട്ടി, നാലാംഘട്ടം മെയ് 31 വരെ തുടരുകയാണ്.
ലോക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമെന്നാണ് കേന്ദ്രം നല്കുന്ന സൂചന. പക്ഷേ കൂടുതൽ ഇളവുകളുണ്ടാകും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ഇന്നലെ ഉന്നതതലയോഗവും വിളിച്ച് ചേർത്തിരുന്നു. ഇതിന് ശേഷം അമിത് ഷാ പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം.
രാജ്യത്ത് സ്ഥിതി ഏറ്റവും ഗുരുതരമായ 13 നഗരങ്ങളിലെ മുൻസിപ്പൽ കമ്മീഷണർമാരുമായും ജില്ലാ മജിസ്ട്രേറ്റുമാരുമായും നിലവിലെ സാഹചര്യം വിലയിരുത്താൻ ചർച്ച നടത്തുകയും ചെയ്തു.
ഇതുവരെ ഇന്ത്യ ഏതാണ്ട് 33 ലക്ഷം ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത് എന്നാണ് കണക്ക്. ഇന്ത്യയുടെ ജനസംഖ്യയെ അപേക്ഷിച്ച് വളരെ കുറവ് ജനസംഖ്യയുള്ള അമേരിക്കയിൽ 1.5 കോടി ടെസ്റ്റുകൾ നടന്നിട്ടുണ്ട്.
റഷ്യയിൽ ഏതാണ്ട് 97 ലക്ഷം ടെസ്റ്റുകൾ നടത്തി, ജർമനിയിൽ ഏതാണ്ട് 40 ലക്ഷം, ഇറ്റലിയിൽ ഏതാണ്ട് 36 ലക്ഷം, സ്പെയിനിൽ ഏതാണ്ട് 35 ലക്ഷം എന്നതാണ് കണക്കുകൾ.
ജനസംഖ്യയെ അപേക്ഷിച്ചുള്ള ടെസ്റ്റുകളുടെ കണക്കിൽ ഇന്ത്യ ലോകരാജ്യങ്ങളിൽ ആദ്യ നൂറിൽപ്പോലും എത്തില്ലെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ലോക്ക്ഡൗണിൽ കൂടുതൽ ഇളവ് വേണം എന്ന നിലപാടാണ് പല സംസ്ഥാനങ്ങളും പ്രകടിപ്പിച്ചത് എന്നാണ് സൂചന.
എന്നാൽ അന്താരാഷ്ട്ര വിമാന സർവ്വീസ് ഉടനെ വേണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചത്.
സ്കൂളുകൾ അടുത്ത ഒരു മാസത്തിൽ തുറക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന നിർദ്ദേശം ചില സംസ്ഥാനങ്ങൾ മുന്നോട്ടു വച്ചു.
പുതുക്കിയ മാർഗ്ഗനിർദ്ദേശം ഉടൻ കേന്ദ്രം പുറത്തിറക്കുമെന്നാണ് സൂചന. രാജ്യത്തെ പൊതുസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മൻ കി ബാത്ത് പരിപാടിയിൽ വിശദീകരിക്കുമെന്ന് കരുതുന്നു.
രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ ഏഴുപത് ശതമാനവും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ് എന്നതിനാൽ തീവ്രബാധിത മേഖലകളിൽ നിയന്ത്രണം തുടരാനാണ് സാധ്യത.
ലോക്ക് ഡൗൺ തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കവേ ലോക്ക് ഡൗൺ പിൻവലിക്കാൻ സാധ്യതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
രോഗബാധ രൂക്ഷമായ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയുന്നു. ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലും മതിയായ കിടക്കകള്‍ ഉണ്ടെന്ന് സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും പെരുവഴിയില്‍ കിടക്കേണ്ട ഗതികേടിലാണ് രോഗികള്‍.
സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി 176 ആശുപത്രികളുളള ദില്ലിയില്‍ 39, 455 കിടക്കകളും ഏതാണ്ട് നിറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച സ്വകാര്യ ആശുപത്രികളും 80 ശതമാനം നിറഞ്ഞ് കഴിഞ്ഞു.
സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 3203 ആശുപത്രികളും, അഞ്ഞൂറോളം കൊവിഡ് കെയര്‍ സെന്ററുകളുമുള്ള മഹാരാഷ്ട്രയിലും സമാന സാഹചര്യമാണ്. 2,31,739 കിടക്കകള്‍ സജ്ജമെന്ന സര്‍ക്കാര്‍ അവകാശവാദം നിലനില്‍ക്കുമ്പോഴാണ് രോഗികള്‍ക്ക് പെരുവഴിയില്‍ കിടക്കേണ്ട ഗതികേട് ഉണ്ടാകുന്നത്.
സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 2439 ആശുപത്രികളുള്ള ചെന്നൈയില്‍ ആശുപത്രികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് സജ്ജമാക്കിയ താല്‍ക്കാലിക കേന്ദ്രത്തിലും രോഗികള്‍ ദുരിതത്തിലാണ്.
ഗുജറാത്ത് ഹൈക്കോടതി ഇരുട്ടറയെന്ന് വിശേഷിപ്പിച്ച അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട മൂന്ന് പേരാണ് അടുത്തിടെ മരിച്ചത്. ചെന്നൈയില്‍ ഒരാളും മഹാരാഷ്ട്രയില്‍ എട്ട് പേരും ചികിത്സ കിട്ടാതെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ കൊവിഡ് ലോകത്തെ 49 ദശലക്ഷം പേരെ കൊടുംപട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട് പുറത്ത് വന്നു.
1.90 ഡോളറോ അതിൽ കുറവോ പ്രതിദിന വരുമാനമുള്ളവരാണ് ഇവർ. ഇതിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിരിക്കുമെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്. 12 ദശലക്ഷം പേരാണ് ഇന്ത്യയിൽ ഈ അവസ്ഥയിലേക്ക് എത്തുക.
ഏപ്രിൽ മാസത്തിൽ മാത്രം 122 ദശലക്ഷം ഇന്ത്യാക്കാർക്ക് ജോലി നഷ്ടമായെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്ക്.
ദിവസക്കൂലിക്കാരും ചെറുകിട കച്ചവടക്കാരുമാണ് മഹാമാരിയെ തുടർന്ന് സാമ്പത്തിക തിരിച്ചടിയേറ്റവരിൽ കൂടുതൽ.
രാജ്യത്തെ 104 ദശലക്ഷം പേരും ലോകബാങ്ക് നിശ്ചയിച്ച 3.2 ഡോളർ വരെ വരുമാനമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാകുമെന്നാണ് യുണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി പഠനം.
നിലവിൽ രാജ്യത്തെ 812 ദശലക്ഷം ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. ഇത് 920 ദശലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഒരു പതിറ്റാണ്ട് മുൻപത്തെ നിലയിലേക്ക് രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ എണ്ണം വർധിക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.