മരണം 3,156 രോഗബാധിതര്‍ 1,01,139 ; ഇന്ത്യയില്‍ കൊവിഡ് കണക്കുകള്‍ക്ക് അതിവേഗം ?
ഇന്ത്യയില്‍ ലോക്ഡൗൺ പ്രഖ്യാപിച്ച് 57 ദിവസങ്ങള്‍ കഴിയുമ്പോള്‍ കൊവിഡ് രോഗബാധിതരുടെ കണക്കുകളില്‍ ഇന്ത്യയില്‍ വന്‍വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന വേളയില്‍ നീതി ആയോഗ് മെയ് 16 ഓടുകൂടി കൊവിഡില്‍ നിന്ന് ഇന്ത്യ മുക്തി നേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ കണക്കുകളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യയില്‍ രോഗ വ്യാപനം ഉണ്ടാകുന്നത്. ഓരോ ദിവസവും മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഉണ്ടാകുന്ന വര്‍ദ്ധനവും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയിലും ഉണ്ടായ രോഗവ്യാപനവും ലോക്ഡൗണ്‍ ആരംഭിച്ച് രണ്ട് മാസമാകാറായിട്ടും ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് സര്‍ക്കാര്‍ പരാജയത്തെയാണ് ചൂണ്ടികാണിക്കുന്നത്. ലോകത്ത് മറ്റ് രാജ്യങ്ങളില്‍ കൊവിഡ് കേസുകളില്‍ പ്രകടമായ കുറവ് രേഖപ്പെടുത്തുന്നതിനിടെയിലാണ് ഇന്ത്യയിലെ കൊവിഡ് കേസുകളുടെ ഗ്രാഫ് മുകളിലേക്ക് പോകുന്നതെന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ലോക്ക്ഡൗണിന്‍റെ നാലാംഘട്ടം കൂടുതൽ ഇളവുകളോടെ തുടങ്ങി മൂന്നാം ദിനമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്.
ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൃത്യമായി പറഞ്ഞാൽ, 1,01,139 ആണ്. നാലാംഘട്ട ലോക്ക്ഡൗൺ ഇളവുകളുടെ ആദ്യ രണ്ട് ദിവസങ്ങളിലും അയ്യായിരത്തോളം രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കണക്കുകള്‍ ഇതുപോലെ പോകുകയാണെങ്കില്‍ രണ്ട് ദിവസത്തിനകം ഇന്ത്യയില്‍ പതിനായിരത്തിലധികം രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും.
24 മണിക്കൂറിൽ 4,970 പേർക്കാണ് ഇന്ത്യയില്‍ പുതുതായി രോഗബാധയുണ്ടായത്. ഇന്നലെ 5,242 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. 134 പേര്‍ ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുമ്പോഴും, ഇളവുകളിൽ രാജ്യത്തെ രോഗവ്യാപനം എങ്ങനെയാകുമെന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
രാജ്യത്തെ രോഗബാധിതരുടെ എണ്ണം 30,000 എത്താന്‍ 90 ദിവസം എടുത്തു. 30,000 ത്തില്‍ നിന്ന് 60,000 ല്‍ എത്താന്‍ വെറും 11 ദിവസമാണ് എടുത്തത്. 60,000 ല്‍ നിന്ന് 90,000 മാകാന്‍ 8 ദിവസാണ് വേണ്ടിവന്നത്.
90,000 ല്‍ നിന്ന് 1,00,000 കടക്കാന്‍ വെറും രണ്ട് ദിവസം മാത്രമാണ് വേണ്ടിവന്നത്. ഇതില്‍ നിന്ന് രോഗവ്യാപന തീവ്രത എത്രത്തോളമുണ്ടെന്ന് മനസിലാക്കാം.
രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് അറുപതിനായിരത്തോളം പേരാണ്. രോഗമുക്തി നേടിയത് 40,000-ത്തോളം പേർ മാത്രം.
കണക്കുകളില്‍ രോഗമുക്തി നേടിയവര്‍ 40 ശതമാനം മാത്രമെന്നർത്ഥം. എന്നാല്‍ മരണ സംഖ്യയാകട്ടെ മൂവായിരത്തിലധികമായി.
ലോക്ഡൗണില്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന നിയന്ത്രണം പിന്നീട് ഉണ്ടായിരുന്നില്ല. ഓരോ ഘട്ടത്തിലും ഓരോ നിയന്ത്രണങ്ങള്‍ കേന്ദ്രം എടുത്തുകളഞ്ഞു. നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനോടൊപ്പം രാജ്യത്തെ രോഗവ്യാപനതോതിന്‍റെ ഗ്രാഫ് കുത്തനെ മുകളിലേക്ക് കയറി.
മാര്‍ച്ച് 24 നാണ് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സമയത്ത് ഇന്ത്യയില്‍ വെറും 594 രോഗികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 57 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രോഗബാധിതരുടെ എണ്ണം 1,00,000 കഴിഞ്ഞിരിക്കുന്നു.
ലോക്ഡൗണിനിടെയിലും രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ലോക്ഡൗണിന്‍റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു.
ലോക്ഡൗണിന്‍റെ ആദ്യഘട്ടത്തില്‍ പാത്രം കൊട്ടിയും രണ്ടാം ഘട്ടത്തില്‍ വിളക്ക് കത്തിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാമന്ത്രി നരേന്ദ്രമോദി മൂന്നാഘട്ടത്തില്‍ സൈനികവിമാനങ്ങളില്‍ നിന്ന് കൊവിഡ് ചികിത്സാ ആശുപത്രികളില്‍ പുഷ്പവൃഷ്ടിയും നടത്തി.
എന്നാല്‍, ഈ സമയങ്ങളിലെല്ലാം രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്ന് പോലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്കുകളും കൈയുറകള്‍ പോലും കിട്ടാനില്ലെന്ന പരാതികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു.
എന്നാല്‍ ഇത്തരം അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കൊവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാലാംഘട്ടത്തില്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെന്ന് തന്നെയാണ് വിദഗ്ദാഭിപ്രായം.
ഇതിനിടെ ഒന്നാം ലോക്ഡൗണിനോടൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാരംഭിച്ച ഇതരസംസ്ഥാനതൊഴിലാളികളുടെ പലായനം ഇന്നും തുടരുകയാണ്. പലായനത്തിനിടെയുണ്ടായ വാഹനാപകടങ്ങളിലും നടന്നുപോകുന്നതിനിടെ മരിച്ച് വീണതുമായ തൊഴിലാളികളുടെ എണ്ണം നൂറ് കടന്നു.
ഇപ്പോഴും രാഷ്ട്രീയത്തിന്‍റെ പേരില്‍ പല സംസ്ഥാനങ്ങളും സ്വന്തം തൊഴിലാളികളായ സ്വന്തം പൗരന്മാരെ സംസ്ഥാനത്തേക്ക് കടക്കാനനുവദിക്കാതെയും അവര്‍ക്ക് തിരിച്ചുവരാനായി ട്രെയിനുകള്‍ വിട്ട് നല്‍കാതെയും തീരുമാനങ്ങള്‍ വൈകിപ്പിക്കുന്നത് തൊഴിലാളികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്നാല്‍, ഇന്നലെ ലോകാരോഗ്യ സംഘടനയുടെ യോഗത്തില്‍ സംസാരിക്കവേ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്, രാജ്യത്ത് ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു അവധാനതയും ഇല്ലെന്നും ജാഗ്രതയോടെ മുന്നേറുന്നുവെന്നുമായിരിന്നു ഹര്ഷവര്ദ്ധന് പറഞ്ഞത്.
കേന്ദ്ര ആരോഗ്യമന്ത്രി ഇന്ത്യയിലെ കൊവിഡ് കോസുകള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നുവെന്ന് പറയുമ്പോഴും 12 സംസ്ഥാനങ്ങളിലെ 30 നഗരങ്ങളിലെ കൊവിഡ് കണക്കുകകള്‍ ഏറെ ആശങ്കയാണ് ആരോഗ്യപ്രവര്‍ത്തകരില്‍ ഉയര്‍ത്തിയിരിക്കുന്നത്.
അഹമ്മദാബാദിലും ധാരാവിയിലും ആദ്യഘട്ടത്തില്‍ തന്നെ രോഗ നിയന്ത്രണം പാളിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പശ്ചിമബംഗാളില്‍ നിന്നാകട്ടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ച് വെക്കുന്നുവെന്ന പരാതി ആദ്യമേ തന്നെ ഉയര്‍ന്നിരിന്നു.
കേന്ദ്രം നിര്‍ദ്ദേശിച്ച ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിച്ചില്ലെന്നും ഇതാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനവ് ഉണ്ടാക്കിയതെന്നും കേന്ദ്രം ആരോപിക്കുന്നു. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കവേ കേന്ദ്രത്തിന് യാതൊരു ധാരണയും ഇക്കാര്യത്തിലുണ്ടായിരുന്നില്ലെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു.
ഇതിനിടെ സംസ്ഥാനത്തെ സോണുകള്‍ തീരുമാനിക്കാനുള്ള അധികാരം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. എന്നാല്‍ ഇനിയും രോഗബാധ ഉയര്‍ന്നാല്‍ അത് അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കുമെന്നും കേന്ദ്രം കൈയൊഴിയുന്നു.
ഇതിനായി കേന്ദ്രം പറയുന്നത്, അതത് സംസ്ഥാനങ്ങളുടെ സോണുകള്‍ തീരുമാനിക്കുന്നതും രോഗം പടരാതെ നോക്കുന്നതും സംസ്ഥാനത്തിന്റെ ഉത്തരവാദിത്വത്തിലാണ്. സ്വാഭാവികമായും രോഗം പടരുന്നതിനുള്ള ഉത്തരവാദിത്വവും സംസ്ഥാനത്തിന്റെത് തന്നെയാണെന്ന് കേന്ദ്രം പറയുന്നു.
ഇതിനിടെ ചില സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഏറെ ഭയപ്പെടുത്തുന്ന നിലയിലാണ്. മഹാരാഷ്ട്രയാണ് ഏറെ ആശങ്ക സൃഷ്ടിക്കുന്നത്. 35,058 പേരാണ് മഹാരാഷ്ട്രയില്‍ രോഗബാധിതരായുള്ളത്. 1,249 പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. രാജ്യത്ത് ഇത്രയും ആശങ്ക സൃഷ്ടിക്കുന്ന സംസ്ഥാനം വേറെയില്ല.
സിഐഎസ്എഫിന്റെ സിആര്‍പിഎഫിന്റെയും അഞ്ച് കമ്പനി സൈന്യമാണ് ഇപ്പോള്‍ മുംബൈയിലെ കൊവിഡ് കേസുകള്‍ നിയന്ത്രിക്കാനായി കേന്ദ്രം ഇറക്കിയത്. 20 കമ്പനി കേന്ദ്രസേനയെയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, 9 കമ്പനി സൈന്യത്തെയാണ് നിലവില്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ജമ്മുകാശ്മീരില്‍ നിന്നാണ് സൈന്യം മുംബൈയില്‍ എത്തുന്നത്.
സംസ്ഥാനത്ത് നിലവില്‍ 3 ലക്ഷത്തിലധികം രോഗികള്‍ വീടുകളിലും 11,000 ത്തില്‍ അധികം രോഗികള്‍ ആശുപത്രികളിലും കോറന്റൈനിലാണ്. രാജ്യത്ത് ഏറ്റവും അധികം ടെസ്റ്റുകള്‍ നടത്തുന്നതും ഇപ്പോള്‍ മഹാരാഷ്ട്രയാണ്.
35,808 രോഗികളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. 21,000 അതികം രോഗികള്‍ മുംബൈ നഗരത്തില്‍ മാത്രമുണ്ട്. ഇതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ റെഡ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും ഗ്രീന്‍ സോണുകളില്‍ മാത്രം ഇളവുകള്‍ അനുവദിക്കാമെന്നും പറഞ്ഞത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയാണ് മഹാരാഷ്ട്രയെ ഏറെ ഭീതിപ്പെടുത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ധാരാവിയില്‍ ആദ്യം തന്നെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കുന്നതില്‍ നേരിട്ട പരാജയമാണ് മഹാരാഷ്ട്രയിലെ കൊവിഡ് കേസുകള്‍ ഉയരാൻ കാരണം.
ഇതിനിടെ ഒന്നാം ലോക്ഡൗണിന്‍റെ അവസാനത്തോടെ ആരംഭിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനവും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ ഇടയാക്കി.
ഗുജറാത്തില്‍ അഹമ്മദാബാദാണ് ഏറ്റവും കുടുതല്‍ പ്രശ്നബാധിതമായ പ്രദേശം. 11,745 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗബാധിതരായത്. മരണം 694. നമസ്തേ ട്രംപ് പരിപാടിയാണ് ഗുജറാത്തില്‍ കൊവിഡ് കേസുകളുടെ വര്‍ദ്ധനയ്ക്ക് പ്രധാനകാരണമായി പ്രതിപക്ഷം ഉയര്‍ത്തുന്നത്. നേരത്തെ നിശ്ചയിച്ച നമസ്തേ ട്രംപ് പരിപാടി ഉപേക്ഷിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൊവിഡ് കേസുകള്‍ മറച്ചുവച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മഹാരാഷ്ട്രയ്ക്ക് പുറമേ തമിഴ്നാടാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 11,760 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം ബാധിച്ചത്. ഗുജറാത്തില്‍ 11745 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 694 പേരാണ് മരിച്ചത്. ദില്ലിയിലാകട്ടെ 10,054 പേര്‍ക്കാണ് രോഗം ബാധിച്ചത്. 168 പേര്‍ മരിച്ചു.
മധ്യപ്രദേശിലാകട്ടെ 5,236 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 252 പേര്‍ മരിച്ചു. രാജസ്ഥാനില്‍ 5507 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 138 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലാകട്ടെ 4605 പേര്‍ക്ക് രോഗബാധ രേഖപ്പെടുത്തിയപ്പോള്‍ 118 പേര്‍ മരിച്ചു. ഇതിനിടെ ബിബിസിയുമായുള്ള ചര്‍ച്ചയില്‍ കേരളത്തില്‍ രോഗബാധ വര്ദ്ധിക്കാതിരിക്കാനുള്ള കാരണം ശാസ്ത്രീയമായ പരിശോധയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു.