India-Russia Summit : സൈനീക - വ്യാപാരക്കരാറുകള്‍ ഒപ്പിട്ട് ഇന്ത്യയും റഷ്യയും
ആയുധ വ്യാപരമേഖലകളിലടക്കം 28 സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ത്യ - റഷ്യ ഉച്ചകോടിക്കിടെ (India-Russia Summit)ഒപ്പുവച്ചു. ദില്ലിയിലെ ഹൈദ്രാബാദ് ഹൌസില്‍ നടന്ന ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുട്ടിനും (Vladimir Putin) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi)യും തമ്മിലുള്ള 2 + 2 കൂടിക്കാഴ്ചക്കിടെയില്‍ സൈനീക കരാറുകളോടൊപ്പം അഫ്ഗാനിസ്ഥാനും കൊവിഡും പ്രധാന ചർച്ചാ വിഷയങ്ങളായി. ഇന്ത്യയുടെ റഷ്യയും തമ്മിലുള്ള 21-ാം മത് ഉച്ചകോടിയാണ് ഇന്നലെ നടന്നത്. നെഹ്റുവിന്‍റെ കാലം മുതല്‍ ഇന്ത്യയും റഷ്യയും മുഖ്യനയതന്ത്ര പങ്കാളികളാണ്. ഇന്നലത്തെ കൂടിക്കാഴ്ചയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്ന് നരേന്ദ്രമോദി ഉച്ചക്കോടിക്കിടെ പറഞ്ഞു. രണ്ട് വർഷത്തിന് ശേഷമാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ദില്ലിയിൽ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിൽ സുപ്രധാന ആയുധ കരാറുകൾ ഇന്ത്യയും റഷ്യയും ഒപ്പുവച്ചിരുന്നു. 2019 ലെ ബ്രിക്സ് ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച്ച നടത്തിയത്.
പ്രതിരോധരംഗത്തെ നാലെണ്ണം ഉള്‍പ്പെടെ പരസ്പര സഹകരണത്തിനായുള്ള 28 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഊര്‍ജ്ജം, സൈബര്‍ സുരക്ഷ, വാണിജ്യം, വ്യാപാരം, നിക്ഷേപം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരുവരും ഒപ്പിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനീക സഹകരണം 2031 വരെ തുടരും. 2011 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സഹകരണക്കരാറാണിത്.
യുപിയിലെ അമേഠിയില്‍ എകെ 205 റൈഫിളുകള്‍ നിര്‍മ്മിക്കാന്‍ 5000 കോടി രൂപയുടെ സംയുക്തസംരംഭം തുടങ്ങും. എസ്- 400 മിസൈല്‍ സംവിധാനം വാങ്ങാനുള്ളവയടക്കം നിലവില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കരാറുകളും മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളും അറിയിച്ചു.
തമിഴ്നാട്ടിലെ കൂടംകുളത്ത് റഷ്യന്‍ സഹകരണത്തോടെ നിര്‍മ്മിച്ച ആണവപ്ലാന്‍റിന് പുറമേ മറ്റൊരു ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യ റഷ്യയ്ക്ക് സ്ഥലം നല്‍കും. റഷ്യന്‍ നിര്‍മ്മിത സ്പുട്നിക്ക് ലൈറ്റ് കൊവിഡ് വാക്സിന്‍ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകളും അന്തിമഘട്ടത്തിലാണ്.
ഇന്ത്യ- റഷ്യ വ്യാപാരം 2025 ഓടെ 3000 കോടി യുഎസ് ഡോളറായി ഉയര്‍ത്തും. ഇന്ത്യയുടെ 'ഗഗന്‍യാന്‍' ബഹിരാകാശ യാത്രികര്‍ക്ക് റഷ്യ പരിശീലനം നല്‍കും. ഇതിനു പുറമെ വ്യാപാര, ഊർജ്ജ, സാങ്കേതികവിദ്യ മേഖലകളിലെ സഹകരണവും മന്ത്രിതല കൂടിക്കാഴ്ച്ചയിൽ ചർച്ചയായതായാണ് സൂചന.
റഷ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇരിക്കുന്ന എസ് 400 മിസൈലിന്‍റെ മാതൃക പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ റഷ്യൻ പ്രസിഡന്‍റ് പുടിന്‍ കൈമാറി. പുടിന്‍റെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് എസ് 400 മിസൈലുകൾ റഷ്യ ഇന്ത്യയിലേക്ക് അയച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്‍റ് വ്ലാദമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തിയപ്പോള്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഫൊയ്ഗുവും തമ്മിലും, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും തമ്മിലുമായിരുന്നു 2 + 2 ചര്‍ച്ചകള്‍ നടന്നത്.
രണ്ട് വര്‍ഷത്തിന് ശേഷം ഇരുനേതാക്കളും കണ്ടുമുട്ടിയപ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ മുതല്‍ കൊവിഡ് പ്രതിരോധം വരെയുള്ള വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. തീവ്രവാദം എക്കാലത്തെയും ആശങ്കയാണന്ന് അഫ്ഗാനിലെ സാഹചര്യം ചൂണ്ടിക്കാട്ടി റഷ്യന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.
സംഘടിത കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും തടയപ്പെടേണ്ടതാണെന്നും പുടിന്‍ പറഞ്ഞു. പാക് തീവ്രവാദത്തെ കൂടിക്കാഴ്ചയില്‍ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, തീവ്രവാദത്തിനെതിരായ നീക്കത്തില്‍ റഷ്യയുടെ പിന്തുണ തേടി. കൊവിഡ് പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണയില്‍ മോദി നന്ദിയറിയിച്ചു.
അതേസമയം, അഫ്ഗാനിലെ സ്ഥിതിവിശേഷങ്ങളിൽ പുടിൻ ആശങ്കയറിയിച്ചു. തീവ്രവാദം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും മയക്കുമരുന്ന് കടത്തും, സംഘടിത കുറ്റകൃത്യങ്ങളും തടയാൻ കർശന നടപടികൾ വേണമെന്നും പുടിൻ ആവശ്യപ്പെട്ടു.
കൊവിഡ് പോരാട്ടത്തിൽ റഷ്യയുടെ സഹകരണം ഇന്ത്യക്ക് ശക്തിയായെന്ന് ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയും റഷ്യയും കൊവിഡിനെ ഒന്നിച്ച് നേരിട്ടുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൊവിഡ് ബാധിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു.
ആറുലക്ഷത്തിൽ അധികം എകെ 203 തോക്കുകൾ വാങ്ങുന്നതിനുള്ളതടക്കം സുപ്രധാനമായ കരാറുകളില്‍ ഇരു രാജ്യങ്ങളും ഇന്നലെ ഒപ്പുവച്ചു. കലാഷ്നിക്കോവ് സീരിസിലെ തോക്കുകൾ കൈമാറാനുള്ള കരാറിൽ ഭേദഗതി വരുത്താനും തീരുമാനമായി.
കഴിഞ്ഞ ദിവസം അമേഠിയിലെ കോര്‍വയില്‍ ഇന്ത്യ തദ്ദേശീയമായി അഞ്ച് ലക്ഷം എകെ 203 റൈഫിളുകള്‍ നിര്‍മ്മിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണിത്. മോദി -പുചിന്‍ കൂടിക്കാഴ്ചക്ക് മുന്‍പ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ പ്രതിരോധമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യൻ പ്രതിരോധ മന്ത്രി സർജേ ഷൊയ്ഗുവും , ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും, റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്റോവും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണായക തീരുമാനങ്ങളുണ്ടായത്.
ചര്‍ച്ചയ്ക്കിടെ അമേരിക്കയ്ക്ക് എതിരെ അതിരൂക്ഷവിമർശനവുമായി റഷ്യ രംഗത്തെത്തി. ഇന്ത്യ - റഷ്യ നയതന്ത്രബന്ധത്തെ അമേരിക്ക താഴ്ത്തികെട്ടാൻ ശ്രമിച്ചെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്‌റോവ് ആരോപിച്ചു.
അമേരിക്കയിൽ നിന്ന് ആയുധം വാങ്ങാൻ ഇന്ത്യയ്ക്കുമേൽ സമ്മർദ്ദമുണ്ടായതായും റഷ്യൻ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. എന്നാൽ ആരിൽ നിന്ന് ആയുധങ്ങൾ വാങ്ങണം എന്ന കാര്യത്തിൽ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.