ദില്ലിയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടിത്തം; 56 കുടിലുകള്‍ കത്തി നശിച്ചു, 270 പേര്‍ ഭവനരഹിതരായി
തെക്കുകിഴക്കൻ ദില്ലിയിലെ കാളിന്ദി കുഞ്ചിലെ റോഹിംഗ്യൻ അഭയാർഥിക്യാമ്പിൽ ശനിയാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തില്‍ 56 കുടിലുകള്‍ കത്തി നശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ ഏതാണ്ട് 270 ഓളം അന്തേവാസികളാണ് ഉണ്ടായിരുന്നത്. ചേരിയിലെ എല്ലാ കുടിലുകളും തീപിടിത്തത്തില്‍ കത്തി നശിച്ചു. ഇതോടെ ഇവിടുത്തെ അന്തേവാസികളെല്ലാം ഭവനരഹിതരായി. ശനിയാഴ്ച രാത്രി 11.55 ഓടെ ചേരിയില്‍ തീപിടിത്തമുണ്ടായതായി സന്ദേശം ലഭിച്ചെന്നും തുടര്‍ന്ന് അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീയണച്ചതായി ദില്ലി അഗ്നിശമന മേധാവി അതുൽ ഗാർഗ് പറഞ്ഞു. അഭയാര്‍ത്ഥികളെ പ്രദേശത്ത് നിന്ന് ഓടിക്കാനായി ചിലര്‍ മനപൂര്‍വ്വം തീയിട്ടതാണെന്ന് ചില താമസക്കാര്‍ ആരോപിച്ചു. (ചിത്രങ്ങള്‍ ഗെറ്റി)
സംഭവസ്ഥലത്തെത്തിയ ഉടനെ താമസക്കാരെ മുഴുവന്‍ ഒഴിപ്പിച്ചതിനാല്‍ ആളപായമില്ലെന്നും അതുല്‍ ഗാര്‍ഗ് കൂട്ടിചേര്‍ത്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീ അണയ്ക്കാന്‍ സാധിച്ചത്. അപ്പോഴേക്കും ചേരിയിലെ മുഴുവന്‍ വീടുകളും കത്തി നശിച്ചിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്ന് പടര്‍ന്ന തീ വീടുകളെ ബാധിക്കുകയും ഇതിനിടെ ഗ്യാസ് സിലിണ്ടറുകള്‍ പെട്ടിത്തെറിച്ചതാകാം തീ പിടിത്തം ശക്തമാക്കിയതെന്ന് അതുല്‍ ഗാര്‍ഗ് മാധ്യമങ്ങളോട് പറഞ്ഞു.
2018 ൽ മദൻപൂർ ഖാദറിന് സമീപത്തെ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പലർക്കും വീട് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് കുടുംബങ്ങൾ അതേ പ്രദേശത്ത് പുതിയ കുടിലുകള്‍ പണിയുകയായിരുന്നു. ആ കുടിലുകളാണ് കഴിഞ്ഞ ദിവസത്തെ തീ പിടിത്തത്തില്‍ കത്തിനശിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അര്‍ദ്ധരാത്രിയിലെ തീപിടിത്തത്തില്‍ കുടിലുകളെല്ലാം കത്തി നശിച്ചതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാര്‍ത്ഥികള്‍ റോഡുവക്കുകളില്‍ അഭയം പ്രാപിച്ചു.
രാത്രിമുഴുവനും റോഡരികിലെ താത്കാലിക കൂടാരങ്ങളില്‍ കഴിച്ച് കൂട്ടിയ അവര്‍ക്ക് രാവിലെ സന്നദ്ധപ്രവര്‍ത്തകരെത്തി സ്ലിപ്പറുകൾ, സോപ്പുകൾ, സാനിറ്ററി നാപ്കിനുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നൽകി.
കാളിന്ദി കുഞ്ച് മെട്രോ സ്റ്റേഷന് സമീപത്ത് അഭയാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ റേഷന്‍ വിതരണപ്രദേശത്ത് പുരുഷന്മാരുടെ നീണ്ട ക്യൂവുണ്ടായിരുന്നു. ഇവര്‍ക്കുള്ള ഭക്ഷണം, വസ്ത്രങ്ങളും ഇവിടെ നിന്ന് വിവിധ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്തു. അഗ്നിപിടിത്തത്തിനിടെ തങ്ങളുടെ രേഖകളൊന്നും എടുക്കാന്‍ കഴിഞ്ഞില്ലെന്ന് അഭയാര്‍ത്ഥികള്‍ പറഞ്ഞു.
എട്ടും പത്തും വയസ്സുള്ള രണ്ട് മക്കളോടൊപ്പമാണ് താൻ താമസിക്കുന്നതെന്ന് തൊഴിലാളികയായ സജ്‌ദ ബീഗം പറഞ്ഞു. ഭർത്താവ് വർഷങ്ങൾക്കുമുമ്പ് മരിച്ചു. മെച്ചപ്പെട്ട ജീവിതത്തിനായി ഞങ്ങൾ ഇവിടെ (ദില്ലി) എത്തിയത്. പക്ഷേ അത് വളരെ ബുദ്ധിമുട്ടാണ്. ഇന്നലെ രാത്രി തീ പടർന്നപ്പോൾ ഞങ്ങൾ എല്ലാവരും ഉറങ്ങുകയായിരുന്നു. എനിക്ക് ഒന്നും എടുക്കാന്‍ കഴിഞ്ഞില്ലെന്നും സജ്‌ദ ബീഗം പറഞ്ഞു.
തീ പിടിച്ചെന്ന് അറിഞ്ഞപ്പോള്‍ തന്നെ കുട്ടികളുമായി പുറത്തേക്ക് ഓടി. ഞങ്ങളുടെ പക്കൽ കുറച്ച് പണവും രേഖകളും ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു. ഞങ്ങള്‍ ഇനിയെന്ത് ചെയ്യും? സന്നദ്ധപ്രവർത്തകരുമായി സംസാരിക്കാനും എല്ലാവര്‍ക്കുമായി മൂന്ന് ജോഡി ചെരിപ്പുകൾ ശേഖരിക്കാനും കുട്ടുകളെ പറഞ്ഞ് അയച്ച് സജ്ദ ചോദിച്ചു. തന്‍റെ തയ്യൽ മെഷീനും ചെരിപ്പുകളും കുട്ടികളുടെ പുസ്തകങ്ങളുമെല്ലാം കത്തികരിഞ്ഞതായി ഭര്‍ത്താവ് പറഞ്ഞെന്ന് പറഞ്ഞ് മറ്റൊരു അഭയാര്‍ത്ഥിയും അയല്‍വാസിയുമായ സുഫിയ കരഞ്ഞു.
ഭർത്താവ് കഴിഞ്ഞ വർഷം ഇവിടെ ഒരു ചെരിപ്പ് കട തുടങ്ങി. പകർച്ചവ്യാധി മൂലം ജോലി നഷ്ടപ്പെട്ടതിന് ശേഷം തുടങ്ങിയ പുതിയ കച്ചവടം ചെറുതായി പച്ചപിടിച്ച് വരികയായിരുന്നു. എന്നാല്‍ ഈ തീപിടിത്തല്‍ ഞങ്ങളുടെ 50,000 രൂപയുടെ ചെരുപ്പുകളാണ് കത്തിപ്പോയത്. എന്‍റെ തയ്യെല്‍ മെഷീനും കത്തിപ്പോയി. ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രായമായി. വിശ്രമം ആവശ്യമാണ്. പക്ഷേ കൈയിലുണ്ടായിരുന്ന അവസാനത്തെ സമ്പാദ്യവും തീ കൊണ്ട് പോയി. ഇനിയൊന്നും ബാക്കിയില്ല. അഞ്ച് കുട്ടികളുടെ അമ്മയായ സുഫിയ കരഞ്ഞുകൊണ്ട് പറഞ്ഞു.
ജീവിതത്തില്‍ ഇതുവരെയ്ക്കും സ്വരുക്കൂട്ടിയതും കൈയിലുണ്ടായിരുന്നതുമെല്ലാം നഷ്ടപ്പെട്ടതിന് ശേഷം ഇനിയെങ്ങനെ തങ്ങള്‍ മുന്നോട്ട് പോകുമെന്നറിയില്ലെന്ന് രക്ഷപ്പെട്ടവരെല്ലാവരും പറഞ്ഞു. ദില്ലിയിലെ അടച്ച്പൂട്ടലില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിന് മേലെയായി ഇവിടെ പലര്‍ക്കും ജോലിയോ കൃത്യമായ വരുമാനമോ ഇല്ല.
' എനിക്ക് ജോലിയില്ല. കിടക്കാന്‍ സ്ഥലമില്ല. മൂന്ന് കുട്ടികളുണ്ട്. അവര്‍ക്ക് ഭക്ഷണം കൊടുക്കണം. അതിനും പണം വേണം. ഭാര്യയ്ക്കും തനിക്കും രോഗങ്ങളുണ്ട്. രണ്ട് പേര്‍ക്കും മരുന്നുകള്‍ വേണം. അതിനും പണം വേണം". കത്തിയെരിഞ്ഞ വീട്ടില്‍ നിന്നും എന്തെങ്കിലും കിട്ടുമോയെന്നറിയാന്‍ ശ്രമിക്കവേ നോയിഡയിലെ ഒരു റിപ്പയർ ഷോപ്പിൽ ജോലി ചെയ്തിരുന്ന രവി ആലം പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ഒരു സംഘം ആളുകൾ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയിരുന്നതായും ക്യാമ്പ് വിട്ട് പോയില്ലെങ്കില്‍ സ്ഥലം കത്തിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ചില താമസക്കാർ ആരോപിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതേ കുറച്ച് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പരിശോധിക്കുമെന്നുമായിരുന്നു ദില്ലി പൊലീസ് അറിയിച്ചത്.
2012 ല്‍ കാളിന്ദി കുഞ്ചിനടുത്തുള്ള മദൻപൂർ ഖാദറിൽ ഒരു സർക്കാരിതര സംഘടന നൽകിയ സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രദേശത്തിന് ചിലര്‍ ഇപ്പോള്‍ ഈ സ്ഥലത്തിന് അവകാശവാദം ഉന്നയിക്കുകയാണെന്നും ഇവര്‍ പറയുന്നു.
ഇതിനിടെ ചേരിയുടെ രക്ഷാപ്രവർത്തനത്തിന് ഞങ്ങൾ അഗ്നിശമന സേനാംഗങ്ങളെയും ദുരന്ത നിവാരണ സംഘത്തെയും സഹായിച്ചതായി തെക്കുകിഴക്കൻ ഡിസിപി ആർ പി മീന അവകാശപ്പെട്ടു. തീപിടിത്തത്തിന്‍റെ യഥാര്‍ത്ഥ കാരണം ഇതുവരെ അറിവായിട്ടില്ല. ഇത് സംബന്ധിച്ച് ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona