ദില്ലി കലാപം; മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം, യുഎന്‍ പ്രതിനിധിക്ക് വിമര്‍ശനം
ദില്ലി കലാപക്കേസില്‍ കുറ്റക്കാരെന്ന് പൊലീസ് ആരോപിക്കുന്ന നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തൻഹ എന്നീ വിദ്യാര്‍ത്ഥി നേതാക്കളെ ഇന്നലെ രാത്രിയോടെ വിട്ടയച്ചു. കോടതി ഉത്തരവുണ്ടായിരുന്നിട്ടും ഇവരെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ ദില്ലി ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് ഇവരെ വിട്ടയക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്. പുറത്തിറങ്ങിയതിന് പുറകെ വിദ്യാര്‍ത്ഥി നേതാക്കള്‍ ദില്ലി പൊലീസിനെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചു. അതോടൊപ്പം രാജ്യത്തെ ഭരണഘടനയിലും നീതിയിലും കോടതിയിലും വിശ്വാസമുണ്ടെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇവരെ പുറത്ത് വിടുന്നത് കലാപത്തിന് കാരണമാകുമെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമമെന്നും ആവശ്യപ്പെട്ട് ദില്ലി പൊലീസ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.
വടക്ക് കിഴക്കന്‍ ദില്ലിയില്‍ 2020 ല്‍ കലാപത്തിന് ശ്രമിച്ചുവെന്നതാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ ദില്ലി പൊലീസ് ചുമത്തിയ കുറ്റം. സിഎഎ വിരുദ്ധസമരം നടത്തിയ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെയാണ് ദില്ലി പൊലീസ് കേസെടുത്തത്. അതിനിടെ, വിദ്യാർത്ഥി പ്രവർത്തകരായ നതാഷ നർവാൾ, ദേവാംഗന കലിത എന്നിവരെ തടവിലാക്കിയതിൽ ആശങ്ക പ്രകടിപ്പിച്ച യുഎന്‍റെ പ്രത്യേക പ്രതിനിധിയോട് ഇന്ത്യ രൂക്ഷമായി പ്രതികരിച്ചതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നതാഷയും ദേവാംഗനയും ജെഎൻയു വിദ്യാർത്ഥികളാണ്. ആസിഫ് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥിയാണ്. 2020 ലെ കലാപവുമായി ബന്ധപ്പെട്ട് വിശാല ഗൂഢാലോചന കേസിലാണ് യുഎപിഎ ചുമത്തി നിരവധി വിദ്യാര്‍ത്ഥി നേതാക്കളെ ദില്ലി പൊലീസ് പ്രതികളാക്കി ജാമ്യം നിഷേധിച്ച് ജയിലുകളിലടച്ചിരുന്നു.
പുറത്തിറങ്ങിയതിന് പിന്നാലെ ദേവാംഗന കലിത, ദില്ലി പൊലീസിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചു. തന്നെ ജയിലിൽ അടയ്ക്കാൻ പൊലീസ് നടത്തിയത് വലിയ നാടകമാണെന്നും പുറത്തിറങ്ങിയതിന് പിന്നാലെ മറ്റേതെങ്കിലും കേസ് പറഞ്ഞ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തുമെന്നാണ് കരുതിയതെന്നും അവർ ഇന്നലെ രാത്രി ജയില്‍ മോചിതയാകവേ പറഞ്ഞു.
ജയിലിൽ അടച്ച് ഭീഷണിപ്പെടുത്താമെന്ന് ആരും കരുതേണ്ട എന്ന് ജയിൽ മോചിതയായ വിദ്യാർത്ഥി നേതാവ് നടാഷ നർവാൾ അഭിപ്രായപ്പെട്ടു. രാജ്യം ഭരിക്കുന്നത് വെറുപ്പിന്‍റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ്. വിയോജിപ്പിക്കുകളെ വിമർശനങ്ങളെ ഇല്ലാതെയാക്കാനാണ് ഇവരുടെ ശ്രമം. ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും നടാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജനങ്ങളിലും ജനാധിപത്യത്തിലുമാണ് തനിക്ക് വിശ്വാസമെന്നും കോടതികളിൽ നിന്ന് നീതി ലഭിക്കുമെന്നും അഭിപ്രായ വൃത്യാസം ഇനിയും ഉറക്കെ പറയുമെന്നും നടാഷ പറഞ്ഞു. കോടതിയോട് നന്ദി പറയുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കള്ളക്കേസിൽ കുടുക്കി ദില്ലി പൊലീസ് ജയിൽ അടച്ച മറ്റുള്ളവർക്കും പുറത്തിറങ്ങാനാകുമെന്ന് വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.
മൂന്ന് വിദ്യാർത്ഥി നേതാക്കളെയും 2020 മെയ് മാസത്തിലാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിൽ നടന്ന ദില്ലി അക്രമത്തിന്‍റെ പിന്നില്‍ ഇവരെന്ന് ദില്ലി പൊലീസ് ആരോപിക്കുന്നു. കലാപത്തില്‍ 53 പേർ മരിക്കുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദില്ലി പൊലീസ് പറയുന്നു. ഉമര്‍ഖാലിദ് , ഷര്‍ജില്‍ ഇമാം തുടങ്ങി 12 -ഒളം വിദ്യാര്‍ത്ഥി നേതാക്കള്‍ ഈ കേസില്‍ ഇപ്പോഴും ജയിലുകളിലാണ്.
ദില്ലി കലാപക്കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥി നേതാക്കളെ ഉടൻ മോചിപ്പിക്കാൻ വിചാരണക്കോടതി ഈ മാസം 15 നാണ് ഉത്തരവിട്ടത്. കേസിലെ പ്രതികളായ ദേവാംഗന കലിത, നടാഷാ നർവാൾ, ആസിഫ് എന്നിവർക്കായിരുന്നു കോടതി ജാമ്യം നൽകിയത്. എന്നാൽ ജാമ്യം കിട്ടി ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും ജയിൽ മോചിതരാകാൻ കഴിയാതെ വന്നതോടെ ഇവർ ഹൈക്കോടതിയെ വീണ്ടും സമീപിച്ചിക്കുകയായിരുന്നു.
പ്രതികളുടെ വിലാസം, ആധാർ വെരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം എടുക്കുന്നതിനാലാണ് മോചനം വൈകുന്നതെന്നായിരുന്നു പൊലീസ് നിലപാട്. ഹർജി പരിഗണിച്ച ഹൈക്കോടതി തങ്ങളുടെ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് ഉന്നയിക്കുന്ന സാങ്കേതിക വിഷയങ്ങൾ പരിഗണിക്കാനും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനും വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
സമയം നീട്ടി നൽകണമെന്ന പൊലീസ് ആവശ്യം തള്ളിയ വിചാരണക്കോടതി മൂന്ന് പേരെയും ഉടൻ മോചിപ്പിക്കാനുള്ള ഉത്തരവ് തീഹാർ ജയിൽ അധികൃതർക്ക് കൈമാറുകയായിരുന്നു. നേരത്തെ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിധി വരുന്നത് വരെ പ്രതികളെ ജയിലിൽ വെക്കാനുള്ള പൊലീസ് നീക്കമാണ് ഇതോടെ പാളിയത്.
പ്രതികൾക്ക് ജാമ്യം നൽകിയ ഉത്തരവിൽ യുഎപിഎ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതി ദില്ലി പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ഭീകരവാദമല്ലെന്നും യുഎപിഎ ദുരുപയോഗം പാര്‍ലമെന്‍റിന്‍റെ സദുദ്ദേശത്തെ അട്ടിമറിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇന്ത്യയിലെ മനുഷ്യാവകാശ സംരക്ഷകരുടെ അവസ്ഥയെക്കുറിച്ച് യുഎന്‍റെ പ്രത്യേക പ്രതിനിധി മേരി ലോലർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. “ജാമ്യം അനുവദിക്കാനുള്ള ഹൈക്കോടതി തീരുമാനത്തെ ദില്ലി പൊലീസ് ഇന്നലെ ചോദ്യം ചെയ്തതിന് ശേഷവും ഡബ്ല്യുഎച്ച്ആർഡികളായ നതാഷ നർവാളിനെയും ദേവാംഗ കലിതയെയും വിട്ടയച്ചിട്ടില്ലെന്ന അസ്വസ്ഥജനകമായ റിപ്പോർട്ടുകൾ കേൾക്കുന്നു. # ഇൻഡ്യയിലെ #antiCAA പ്രതിഷേധത്തെത്തുടർന്ന് അവര്‍ തടവ് അനുഭവിക്കുന്നത് ഞാൻ ആഴത്തിൽ മനസിലാക്കുന്നു. ” എന്നായിരുന്നു മേരി ലോലർ ട്വീറ്റ് ചെയ്തത്.
ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയോടുള്ള ചോദ്യത്തിന്, " നിലവിലുള്ള നീതിന്യായ നടപടിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും യുഎൻ പ്രത്യേക പ്രതിനിധിമാര്‍ ഇന്ത്യയുടെ നിയമനടപടികളെക്കുറിച്ച് കൂടുതൽ അറിവുള്ളവരാണെന്ന് പ്രതീക്ഷിക്കുന്നതായും പ്രതികരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona