Review 2021: കൊവിഡും കര്‍ഷക സമരവും സംയുക്ത സൈനിക മേധാവിയുടെ മരണവും, ഇന്ത്യ കടന്ന് പോയ 2021
2021 ഇന്ത്യയെ സംബന്ധിച്ച് ഒട്ടും സുഖകരമല്ലാത്ത വര്‍ഷമായിരുന്നു. കൊവിഡ് പ്രതിസന്ധി ഒരു വശത്ത്. കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ മറുവശത്ത് ഇതിനിടയിലൂടെ രാജ്യം കടന്നുപോയ ദിനങ്ങളായിരുന്നു 2021 ലെത്. കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ നടന്ന് താണ്ടിയ ദൂരങ്ങളായിരുന്നു ചിത്രങ്ങളില്‍ നിറഞ്ഞതെങ്കില്‍ 2021 ല്‍ ഡാനിഷ് സിദ്ധിഖി എന്ന് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ രാജ്യ തലസ്ഥാനത്തെ കൊവിഡ് ശ്മശാന ചിത്രങ്ങളായിരുന്നു രാജ്യത്തിന്‍റെ ഉള്ള് പൊള്ളിച്ചത്. അതോടൊപ്പം ശ്വസം കിട്ടാതെ മരിച്ച് വീണവര്‍, ഹിന്ദു വിശ്വാസപ്രകാരം പുണ്യനദിയായ ഗംഗയുടെ തീരങ്ങളില്‍ കുഴിച്ചിടപ്പെട്ടതും ഒഴുക്കികളഞ്ഞതുമായ ആയിരക്കണക്കിന് മൃതദേഹങ്ങളുടെ ചിത്രങ്ങള്‍... എല്ലാം ഇന്ത്യയുടെ ഉള്ള് പൊള്ളിച്ചു. ഇതിനെല്ലാം പുറമേ പ്രകൃതി ദുരന്തങ്ങള്‍ രാജ്യത്തിന്‍റെ നാല് ഭാഗത്തും ഒരു പോലെ നാശം വരുത്തി. പൊടിക്കാറ്റും ചുഴലിക്കാറ്റും പേമാരിയും രാജ്യത്തെ പല തവണ പരീക്ഷിച്ചു. രാജ്യം കടന്ന് പോയ ആ നാളുകള്‍....
ജനുവരി 2
ഇന്ത്യയില്‍ 2021 ആരംഭിച്ചത് ശുഭ വാര്‍ത്തയുമായിട്ടായിരുന്നു. അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെക്കിന്‍റെ "കോവാക്സിൻ"(Covaxin) , ഓക്സ്ഫോർഡ്/ആസ്ട്രസെനെക്കയുടെ "കോവിഷീൽഡ്" (Covishield) എന്നീ രണ്ട് കൊറോണ വൈറസ് വാക്സിനുകൾക്ക് ഇന്ത്യ അംഗീകാരം നൽകി. കോവാക്സിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടു. അപ്പോഴും രാജ്യത്തെ കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് കടക്കാതിരിക്കാന്‍ ദില്ലി അതിര്‍ത്തികളില്‍ വലിയ കോണ്‍ക്രീറ്റ് ബീമുകളും മുള്ളുകമ്പികളും നിറച്ച് വച്ച് ദില്ലി പൊലീസും അര്‍ദ്ധ സൈനീക വിഭാഗവും കാവല്‍ നിന്നു.
ജനുവരി 26
72-ാമത് റിപ്പബ്ലിക് ദിന പരേഡ് ന്യൂഡൽഹിയിൽ നടന്നു. അതോടൊപ്പം ദില്ലി അതിര്‍ത്തികളായ തിക്രി, ഗാസിപ്പൂര്‍, സിംഘു എന്നിവിടങ്ങളില്‍ 2020 നവംബര്‍ 26 -ാം തിയതി മുതല്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍, സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറിയ ദീപ് സിദ്ദു എന്ന പഞ്ചാബി നടന്‍റെ പ്രേരണയാല്‍ ഒരു സംഘം കര്‍ഷകര്‍ ചെങ്കോട്ടയിലെത്തുകയും അവിടെ സ്ഥാപിച്ചിരുന്ന ദേശീയ പതാക അഴിച്ച് മാറ്റി പകരം 'നിഷാൻ സാഹിബ്' അഥവാ 'സിഖ് മത പതാക' പതാക ഉയര്‍ത്തി. കര്‍ഷകര്‍, ദീപ് സിദ്ദുവിനെ കൈവിട്ടതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായുമൊത്തുള്ള ദീപ് സിദ്ദുവിന്‍റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സമരം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല തരത്തിലും ശ്രമിക്കുന്നെന്ന് കര്‍ഷകര്‍ ആരോപിച്ചു. അവര്‍ ദില്ലി അതിര്‍ത്തികളില്‍ പൊലീസ് ബാരിക്കേടുകള്‍ക്ക് പുറത്ത് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടാനായി സമരം തുടര്‍ന്നു.
ഫെബ്രുവരി 7
2021 ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തെ 'ചമോലി ദുരന്തം' (Chamoli disaster) എന്ന് അറിയപ്പെടുന്നു. 2021 ഫെബ്രുവരി 7 ന് ആരംഭിച്ചത്. ലോക പൈതൃക പദവി ലഭിച്ച നന്ദാദേവി നാഷണൽ പാർക്കിലെ റോന്തി കൊടുമുടിയിൽ നിന്ന് പുറന്തള്ളപ്പെട്ട വെള്ളവും മണ്ണും വലിയ പാറകളും അടങ്ങിയ ഹിമപാതം ചമോലിയെ അക്ഷരാര്‍ത്ഥത്തില്‍ മുക്കി കളഞ്ഞു. ഋഷിഗംഗ നദി, ധൗലിഗംഗ നദി, ഗംഗയുടെ പ്രധാന കൈവഴിയായ അളകനന്ദ എന്നി നദികളില്‍ വലിയ തോതില്‍ ജലമൊഴുകിയെത്തി. ദുരന്തത്തിൽ തപോവൻ അണക്കെട്ടിലെ തൊഴിലാളികളായ 200-ലധികം പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. പ്രളയമൊഴുകിയെത്തിയപ്പോള്‍ തപോവന്‍ അണക്കെട്ടിന്‍റെ തുരങ്കങ്ങളില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.
മാർച്ച് 26
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിശക്തമായി വ്യാപിച്ചുകൊണ്ടിരുന്ന മാസമായിരുന്നു മാര്‍ച്ച്. നിരവധിയാളുകള്‍ ആശുപത്രികളില്‍ കിടക്ക കിട്ടാതെയും ഓക്സിജന്‍ ലഭിക്കാതെയും മരിച്ച് വീണുകൊണ്ടിരുന്ന ആഴ്ചകള്‍. അതിനിടെ, മാര്‍ച്ച് 26 ന് വലിയൊരു ദുരന്തമുണ്ടായി. മുംബൈയിലെ ഭാണ്ഡൂപ്പിലെ ഡ്രീംസ് മാളിൽ വലിയ തീപിടുത്തമുണ്ടായി. മാളിന്‍റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൺറൈസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 11 പേര്‍ വെന്തു മരിച്ചു.
ഏപ്രിൽ 23
മുംബൈയിലെ വിരാറില്‍ പ്രവര്‍ത്തിച്ചിരുന്ന വിജയ് വല്ലഭ് കൊവിഡ് - 19 ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ വെന്തു മരിച്ചു. ഓക്സിജന്‍റെ അഭാവവും ആശുപത്രി കിടക്കകളുടെ അഭാവവും ഉത്തരേന്ത്യയെ പ്രശ്നസങ്കീര്‍ണ്ണമാക്കിയ ദിവസങ്ങളായിരുന്നു അതും.
ഏപ്രിൽ 23
ഏപ്രില്‍ തന്നെയാണ് ദില്ലി സംസ്ഥാനത്തെ ഒഴിഞ്ഞ പ്രദേശങ്ങളെല്ലാം കൊവിഡ് ബാധിച്ച് മരിച്ചവരെ അടക്കാനുള്ള ശ്മശാനങ്ങളായി പരിവര്‍ത്തിപ്പിക്കപ്പെട്ട വാര്‍ത്തകളുമെത്തിയത്. ഡാനിഷ് സിദ്ദിഖിയുടെ ചിത്രങ്ങള്‍ ഇന്ത്യയിലെ കൊവിഡ് ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളായി. ബ്രസീലിലെ കൊവിഡ് മരണങ്ങളോടൊപ്പം ഇന്ത്യയിലെ കൊവിഡ് മരണങ്ങളും എണ്ണപ്പെട്ടു. രാത്രിയും പകലും ഇടതടവില്ലാതെ മൃതദേഹങ്ങള്‍ സംസ്കരിക്കപ്പെട്ടു. മൃതദേഹം സംസ്കരിക്കുന്നതിനുള്ള വിറക് കിട്ടാനില്ലെന്നും സംസ്കരിക്കാന്‍ സ്ഥലം കിട്ടാനില്ലെന്നുമുള്ള വാര്‍ത്തകളും പുറകെയെത്തി.
മെയ് 15
ബീഹാറിലെ ബക്‌സർ ജില്ലയിലെ ചൗസയിൽ ഗംഗാനദിയിൽ പൊങ്ങിക്കിടക്കുന്ന രീതിയില്‍ 150-ഓളം മനുഷ്യ മൃതദേഹങ്ങൾ കണ്ടെത്തി. ഈ മൃതദേഹങ്ങൾ അയൽ സംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടാത്ത കൊവിഡ് മരണ കേസുകളിൽ പെട്ടതാണെന്ന് ബീഹാര്‍ ആരോപിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശ് ഈ വാദം തള്ളി. ഇതോടെ ഇരുസംസ്ഥാനങ്ങളിലെയും ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ആരോപണങ്ങളുന്നയിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ഉത്തര്‍പ്രദേശ് കൊവിഡ് മരണക്കണക്കുകള്‍ പൂഴ്ത്തിവെക്കാന്‍ ശ്രമിക്കുന്നതായി ആരോപണങ്ങളുയര്‍ന്നു. ഉത്തര്‍പ്രദേശില്‍ ഗംഗാ നദിക്കരയില്‍ ആഴം കുറഞ്ഞ കുഴികളില്‍ അടക്കം ചെയ്ത നിലയില്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. അലഹബാദിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ശ്രിംഗ്‌വേർപൂർ ഗ്രാമത്തിലെ ഗംഗാ നദിയുടെ തീരത്തുള്ള ഒരു ശ്മശാനത്തില്‍ നിന്നുള്ള ദൃശ്യം.
മെയ് 17
ടൌട്ടെ (Tauktae)ചുഴലിക്കാറ്റ് ഇന്ത്യയിൽ ആഞ്ഞ് വീശി. ഇതേ തുടര്‍ന്ന് 90 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മെയ് 17 ന് വൈകുന്നേരത്തോടെ ടൌട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തിന് സമീപം കരയിൽ പതിക്കുകയായിരുന്നു. അതിന് മുമ്പ് തന്നെ എത്തിയ അതിശക്തമായ മഴയില്‍ കേരളം, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്രാ, ഗുജറാത്ത് എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ തോതിലുള്ള നാശനഷ്ടം സംഭവിച്ചു.
മെയ് 21
പരിസ്ഥിതിയെയും മരങ്ങളെയും സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാന നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ ( 9 ജനുവരി 1927 - 21 മെയ് 2021 ) കൊവിഡ് ബാധിച്ച് മരിച്ചു. ചിപ്‌കോ പ്രസ്ഥാനത്തിന്‍റെ ആശയം അദ്ദേഹത്തിന്‍റെ ഭാര്യയുടേതായിരുന്നു. 1970-കളിൽ ചിപ്‌കോ പ്രസ്ഥാനത്തില്‍ അംഗമായി ഹിമാലയത്തിലെ വനസംരക്ഷണത്തിനായി അദ്ദേഹം പോരാടി. പിന്നീട് 1980-കൾ മുതൽ 2004-ന്‍റെ ആരംഭം വരെ തെഹ്‌രി ഡാം വിരുദ്ധ സമരത്തിന് നേതൃത്വം നൽകി. അദ്ദേഹം മരിക്കുന്നതിന് സംഭവിച്ച ഉത്തരാഘണ്ഡ് പ്രളയം പാരിസ്ഥിതിക പ്രത്യഘാതങ്ങളുടെ തുടര്‍ച്ചയാണെന്ന വാദം ശക്തമായിരുന്നു.
ജൂൺ 17
വിചാരണക്കോടതി ഉടൻ വിട്ടയക്കാൻ ഉത്തരവിട്ട മണിക്കൂറുകൾക്ക് ശേഷം, ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാര്‍ത്ഥിയായ ആസിഫ് ഇഖ്ബാൽ തൻഹയ്‌ക്കൊപ്പം ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയു) വിദ്യാർത്ഥികളായ ദേവാംഗന കലിത, നതാഷ നർവാള്‍ എന്നീ വിദ്യാർത്ഥി പ്രവർത്തകരെ തിഹാർ ജയിലിൽ നിന്ന് മോചിപ്പിച്ചു. പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങളെ തുടർന്ന് 2020 ലെ ഡൽഹി കലാപത്തിലെ അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ 2020 മെയ് മുതൽ അവർ കസ്റ്റഡിയിലായിരുന്നു. ജൂൺ 15-ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും 36 മണിക്കൂറോളം ഇവരെ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല. ഒടുവില്‍ വിചാരണ കോടതിക്ക് പ്രത്യേക ഉത്തരവ് ഇറക്കേണ്ടിവന്നു. കോടതി ഉത്തരവുകളെ പോലും ചില താത്പര്യങ്ങള്‍ക്ക് വേണ്ടി പൊലീസുകാര്‍ പ്രത്യക്ഷത്തില്‍ തന്നെ അനുസരിക്കാത്ത ആദ്യ കേസായി ഇത്.
ജൂലൈ 5
2018 ഒക്ടോബറിൽ ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമി - 84 ( 26 April 1937 – 5 July 2021) മുംബൈയിൽ കസ്റ്റഡിയിൽ മരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രീയ തടവുകാരനായിരുന്നു അദ്ദേഹം. ഇന്ത്യൻ തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം ഒമ്പത് മാസത്തോളം വിചാരണ കൂടാതെ അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടിവന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ നടന്നെങ്കിലും ജയിലില്‍ കിടന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം.
ഒക്ടോബർ 16
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേരളത്തില്‍ അതിതീവ്രമഴയുടെ കാലമായിരുന്നു 2021. ഇടുക്കി അടക്കമുള്ള പ്രദേശങ്ങളില്‍ പെയ്ത അതിതീവ്രമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 42 പേർ മരിക്കുകയും 200 കോടിയിലധികം രൂപയുടെ നഷ്ടവും കണക്കാക്കുന്നു. ടുക്കിയിലെ കൊക്കയാറിൽ പെയ്ത കനത്ത മഴയെത്തുടർന്ന് സൃഷ്ടിക്കപ്പെട്ട മണ്ണിടിച്ചിലില്‍ മൂടിപ്പോയ വാഹനം എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവര്‍.
ഒക്ടോബർ 19
ഉത്തരാഖണ്ഡില്‍ വീണ്ടും പ്രകൃതിക്ഷോഭിച്ചു. കുമയോൺ ഡിവിഷനിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 64 പേരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഋഷികേശിൽ തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ഗംഗാ നദിയുടെ ജലനിരപ്പ് ഉയരുന്നതിനിടയിൽ ഹിന്ദു ദൈവമായ ശിവ പ്രതിമയ്ക്ക് ചുറ്റും പ്രളയജലം ഒഴുകുന്നു.
നവംബർ 19
കര്‍ഷക സമരത്തിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ നവംബര്‍ 19 ന് ഗുരുനാനാക്ക് ദിനത്തില്‍ വളരെ നാടകീയമായി പ്രധാനമന്ത്രി വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. അദ്ദേഹം കര്‍ഷകരോട് ക്ഷമാപണം നടത്തി. ചിലര്‍ക്ക് നിയമങ്ങളെ കുറിച്ച് ബോധ്യമായില്ലെന്ന് ആരോപിച്ചു. പാര്‍ലമെന്‍റിലും കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞു. ഇതോടെ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരം അവസാനിച്ചു. ഒരു വര്‍ഷമായി വെയിലും മഴയും മഞ്ഞും പൊടിക്കാറ്റും ഏറ്റ് ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ സമരം അവസാനിച്ചു. എന്‍ഡിഎ സര്‍ക്കാറിനെതിരെ നടത്തി വിജയം കണ്ട ആദ്യ സമരമെന്ന ഖ്യാതിയും കര്‍ഷകര്‍ സ്വന്തമാക്കി.
ഡിസംബർ 6
ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ എന്നി സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് ജവാദ് ചുഴലിക്കാറ്റ് വീശിയടിച്ചു. കൊല്‍ക്കത്ത നഗരത്തില്‍ ചുഴലിക്കാറ്റിന്‍റെ ആഘാതം ഏറ്റവും കൂടുതലായിരുന്നു. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ഡിസംബർ 8
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനടുത്ത് എംഐ 17 എന്ന സൈനീക ഹെലികോപ്റ്റർ അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും അദ്ദേഹത്തിന്‍റെ ഭാര്യയും ഒപ്പമുണ്ടായിരുന്ന സൈനീകരുമടക്കം 13 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ സംയുക്ത സൈനീക മേധാവിയാണ് ബിപിന്‍ റാവത്ത്. ഇന്ത്യയില്‍ സര്‍വ്വീസിലിരിക്കെ കൊല്ലപ്പെടുന്ന ആദ്യത്തെ ഏറ്റവും ഉയര്‍ന്ന സൈനീക ഉദ്യോഗസ്ഥനാണ് അദ്ദേഹം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ താഴ്ന്ന് പറക്കുകയും തകരുകയുമായിരുന്നെന്നാണ് പ്രഥമിക നിഗമനം.