കൊവിഡ് പ്രതിരോധം ഫലപ്രദമെന്ന് പ്രധാനമന്ത്രി; രോഗബാധിതരുടെ എണ്ണം ചൈനയ്ക്കൊപ്പമെന്ന് കണക്കുകള്‍
ഇന്ത്യയിലെ കൊവിഡ് പ്രതിരോധം ഫലപ്രദമായി മുന്നോട്ട് പോകുന്നുവെന്ന് ബില്‍ഗേറ്റ്സുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. സാമൂഹിക അകലത്തെക്കുറിച്ച് വ്യക്തമായ സന്ദേശം ജനങ്ങളിലെത്തി. സ്വച്ഛ്ഭാരത് മിഷനും ആയുർവേദം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ഇന്ത്യയിലെ രോഗപ്രതിരോധ നടപടികൾക്ക് മുതൽക്കൂട്ടായെന്നും പ്രധാനമന്ത്രി ബില്‍ഗേറ്റ്സിനോട് പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ഓരോ ദിവസവും പുറത്ത് വരുന്ന് കണക്കുകള്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ സാധൂകരിക്കുന്നില്ല.
2019 നവംബറിന്‍റെ അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊവിഡ്19 വൈറസ് രോഗബാധയേറ്റവര്‍ ചികിത്സയ്ക്ക് എത്തുന്നത്. ആറ് മാസങ്ങള്‍ക്ക് ശേഷം 2020 മെയ് മാസത്തില്‍ പോലും ചൈനയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 82,933 ആണ്. എന്നാല്‍ മെയ് 24 ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യയിലാകട്ടെ ഒരു മാസത്തിനിടെ രോഗം ബാധിച്ചത് 82,052 പേര്‍ക്കാണ്. ഈ കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയില്‍ കൊവിഡ്19 വൈറസ് സമൂഹവ്യാപനത്തിന്‍റെ പാതയിലാണെന്നും വരും മാസങ്ങളില്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ക്രമാധീതമായ വര്‍ദ്ധനവ് ദൃശ്യമാകുമെന്നുമാണ്.
ആറ് മാസത്തിനിടെ കൊവിഡ് ബാധിച്ച് ചൈനയില്‍ 4,633 പേര്‍ മരിച്ചപ്പോള്‍. ഒന്നരമാസത്തിനിടെ ഇന്ത്യയ്ക്ക് 2,649 പൗരന്മാരെയാണ് നഷ്ടമായത്. ചൈനയില്‍ ആഴ്ചകള്‍ക്ക് ശേഷവും കൊവിഡ്19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വുഹാന്‍ നഗരത്തിലെ ഒരു കോടിയിലേറെ പേര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ചൈന.
എന്നാല്‍ ഇന്ത്യയിലാകട്ടെ പല സംസ്ഥാനങ്ങളിലെ തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളില്‍ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവഷ്ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നേയുള്ളൂ.
ലോകം മുഴുവനും പടര്‍ന്ന് പിടിക്കുന്ന മഹാമാരിക്കെതിരെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുരുക്കം ചില സംസ്ഥാനങ്ങളൊഴിച്ചാല്‍ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.
മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ കൊവിഡ് പ്രതിരോധം ഏറ്റവും കൂടുതല്‍ വീഴ്ച നേരിടുന്ന സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഇതുവരെയായി മഹാരാഷ്ട്ര 27,524 പേര്‍ക്കാണ് കൊവിഡ് രോഗബാധയേറ്റത്. 1019 പേര്‍ക്ക് ഇതുവരെയായി മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടമായി.
മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ കൊവിഡ് പ്രതിരോധം ഏറ്റവും കൂടുതല്‍ വീഴ്ച നേരിടുന്ന സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഇതുവരെയായി മഹാരാഷ്ട്ര 27,524 പേര്‍ക്കാണ് കൊവിഡ് രോഗബാധയേറ്റത്. 1019 പേര്‍ക്ക് ഇതുവരെയായി മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടമായി.
മാർച്ച് 9 -നാണ് മഹാരാഷ്ട്രയിലെ ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൃത്യം നാലാഴ്ചക്കുള്ളിൽ ഒന്നിൽ നിന്ന് കേസുകളുടെ എണ്ണം ആയിരം കടക്കുന്നു.
ഏപ്രിൽ 7 -ന് കേസുകളുടെ എണ്ണം 1018. ഈ നാലാഴ്ചയ്ക്കുള്ളിൽ പൊലിഞ്ഞത് 64 പേരുടെ ജീവന്‍. അന്നത്തെ മരണ നിരക്ക് 6.29 ശതമാനം. അതായത് തത്സമയ ദേശീയ ശരാശരി മരണനിരക്കിന്‍റെ ഇരട്ടിയിലധികം.
മെയ് 7 -ലെ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 17,974 പേർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു. മരിച്ചവരുടെ എണ്ണം 694 ആയി. അതിനു ശേഷമുള്ള വെറും ഏഴു ദിവസങ്ങൾ കൊണ്ട് രാജ്യത്തെ ഏറ്റവും ഗുരുതരമായി കൊവിഡ് ബാധിച്ചിട്ടുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറുകയായിരുന്നു.
ആ ഒരാഴ്‌ച കൊണ്ടുമാത്രം സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടത് 8000 -ൽ അധികം പേർക്കായിരുന്നു. അതിനുശേഷം ഇന്നലെ വരെ രോഗം ബാധിച്ചിരിക്കുന്നത് 27,524 പേരെയാണ്. മരണസംഖ്യ ആയിരം കടന്നു.
സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തപ്പെട്ട രോഗമുക്തി കേസുകളുടെ എണ്ണം 6,059. തൊട്ടുപിന്നിൽ നിൽക്കുന്ന തമിഴ്‍നാട്ടില്‍ ഇന്നലെവരെ 9,674 കേസുകളും 66 മരണങ്ങളും മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടൊള്ളൂ.
എന്നാല്‍, രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് ഉള്ള ഗുജറാത്തില്‍ 9,591 രോഗികളും 586 മരണവുമാണ് രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനമായ ദില്ലിയിലാകട്ടെ 8,470 രോഗബാധിതരാണ് ഇതുവരെയായി കണ്ടെത്തിയത്. 115 മരണവും ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഈ നാല് സംസ്ഥാനങ്ങള്‍ മാത്രമല്ല ഇന്ത്യയില്‍ കൊറോണാ വ്യാപനത്തെ നേരിടുന്നതില്‍ പിന്നോട്ടുള്ളത്. രാജസ്ഥാനും മധ്യപ്രദേശും ഉത്തര്‍പ്രദേശും രോഗവ്യാപനത്തില്‍ മുന്നോട്ട് തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജസ്ഥാനില്‍ 4,534 പേര്‍ക്കാണ് ഇതുവരെ കൊറോണാ വൈറസ് ബാധ രേഖപ്പെടുത്തിയത്. 125 പേരാണ് രാജസ്ഥാനില്‍ കൊവിഡ് രോഗബാധമൂലം മരിച്ചത്.
കൂടുതല്‍ രോഗികളുടെ കാര്യത്തില്‍ ആറാം സ്ഥാനത്താണ് മധ്യപ്രദേശിന്‍റെ സ്ഥാനം. എന്നാല്‍ മരണസംഖ്യയില്‍ രാജസ്ഥാനും മേലെയാണ് മധ്യപ്രദേശിന്‍റെ സ്ഥാനം. 237 പേരാണ് മധ്യപ്രദേശില്‍ ഇതുവരെയായി കൊവിഡ് ബാധിച്ച് മരിച്ചത്.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാകട്ടെ 3,902 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 88 പേരുടെ മരണവും രേഖപ്പെടുത്തി. രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ട് താഴെയാണെങ്കിലും മരണനിരക്കില്‍ രാജസ്ഥാനും മേലെയാണ് പശ്ചിമബംഗാളിന്‍റെ സ്ഥാനം. 2,377 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 215 പേരാണ് പശ്ചിമബംഗാളില്‍ മരിച്ചത്.
ആന്ധ്രാപ്രദേശ് (2,205 രോഗികളും 48 മരണവും), തെലങ്കാന ( 1,414 രോഗികളും 34 മരണവും ), പഞ്ചാബ് (1,935 രോഗികളും 32 മരണവും) രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളാണ്.
ബീഹാറും (994 രോഗികള്‍ 7 മരണം), കര്‍ണ്ണാടകവും ( 987 രോഗികള്‍ 35 മരണം), ജമ്മു കശ്മീരും (983 രോഗികള്‍ 11 മരണം) രോഗബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്.
ഇതിനിടെയാണ് ഇന്ത്യയിലെ റെഡ് സോണുകളില്‍ നിന്നടക്കമുള്ള തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകണമെന്ന ആവശ്യമുയര്‍ത്തി ലോക്ഡൗണ്‍ സംഘിച്ച് തെരുവുകളിലേക്ക് ഇറങ്ങിയത്.
എന്നാല്‍, ആദ്യ ഘട്ടത്തില്‍ തൊഴിലാളികളുടെ നീക്കത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ നോക്കി. എന്നാല്‍, ഇത് രാഷ്ട്രീയ പരാജയമാകുമെന്ന ബോധ്യപ്പെട്ടതോടെ സംസ്ഥാനങ്ങളുടെ ചെലവില്‍ സ്വന്തം തൊഴിലാളികളെ കൊണ്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുത്തു.
വന്ദേഭാരത് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവാസികളെയും പണം വാങ്ങി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ അപകടം ഒളിഞ്ഞിരിക്കുന്നത്, കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം വൈകിയെത്തിയപ്പോഴേക്കും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ലക്ഷത്തോട് അടുത്തെന്നതാണ്.
ഈ അവസ്ഥയിലും പരിശോധന കൂടാതെയാണ് തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
ഇതോടൊപ്പം ഇന്ത്യയിലെ അനേകായിരം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സാനിറ്റൈസറോ, മാസ്കോ, ക്വാറന്റീന് സൗകര്യങ്ങളോ ലഭ്യമല്ലെന്നും ക്വാറന്റീനില്‍ കഴിയേണ്ടി വരുന്നവര്‍ മരങ്ങളുലും ഉപേക്ഷിക്കപ്പെട്ട ശുചിമുറികളിലുമാണ് കഴിയുന്നതെന്ന വാര്‍ത്തകളും പുറത്തുവന്നു.
രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രാ, തമിഴ്നാട്, ഗുജറാത്ത്, ദില്ലി, രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് , പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലുണ്ടായ വര്‍ദ്ധനവ് ഇന്ത്യയില്‍ സാമൂഹ്യവ്യാപനത്തെയാണ് കാണിക്കുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
ഇതിനിടെ ദക്ഷിണേഷ്യയില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ ലോക്ക്ഡൗണ്‍ കാരണമുള്ള കെടുതികള്‍ 440,000 കുട്ടികളെ ബാധിക്കുമെന്നാണ് യുണിസെഫ് നടത്തിയ പഠനം പറയുന്നു. ഇതില്‍ 3,00,000 പേരും ഇന്ത്യയിലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.
ദക്ഷിണേഷ്യയില്‍ അടുത്ത ആറ് മാസം പ്രതിദിനം 2,400 കുട്ടികള്‍ മരിക്കാന്‍ സാധ്യതയുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ആരോഗ്യ സംവിധാനങ്ങള്‍ തകരുന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ദി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഏകദേശം 95,000 കുട്ടികള്‍ പാകിസ്ഥാനില്‍ മരിക്കുമ്പോള്‍ ബംഗ്ലാദേശില്‍ 28,000 കുരുന്നുകള്‍ക്കാണ് ജീവന്‍ നഷ്ടമാവുക. അഫ്ഗാനിസ്ഥാനില്‍ 13,000, നേപ്പാളില്‍ 4,000 എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളുടെ അവസ്ഥ.
ആഗോളതലത്തിൽ താഴ്ന്ന, ഇടത്തരം വരുമാനമുള്ള 118 രാജ്യങ്ങളിലെ ഏറ്റവും മോശം സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്.
എന്നാല്‍, ജീവിക്കുന്ന ഈ കണക്കുകളെ മറച്ച് വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബില്‍ഗേറ്റ്സുമായുള്ള വീഡിയോ കോണ്ഫ്രന്സില് ഇന്ത്യ കൊവിഡ് പ്രതിരോധത്തില്‍ ഫലപ്രദമായി മുന്നോട്ട് പോവുകയാണെന്ന് അവകാശപ്പെട്ടത്.