കൊവിഡ് 19 ; ഇന്ത്യയില്‍ 11,19,412 രോഗികള്‍ , മരണം 27,514
ലോകത്ത് 1,46,62,290 കൊവിഡ് രോഗികളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ മരണം 6,09,271 ആയി. 87,46,898 പേര്‍ക്ക് രോഗം ഭേദമായി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 38,98,550 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 1,43,289 പേര്‍ക്ക് മരണം സംഭവിച്ചു. രണ്ടാമതുള്ള ബ്രസീലിലാകട്ടെ 20,99,896 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 79,533 പേര്‍ മരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് ഇന്ത്യ. ഇന്ത്യയില്‍ ഇതുവരെയായി 11,19,412 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 27,514 പേര്‍ക്ക് ഇതുവരെയായി ജീവന്‍ നഷ്ടമായി. എന്നാല്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായ രാജ്യങ്ങളില്‍ ഇന്ത്യ എട്ടാമതാണ്. രോഗബാധിതരുടെ എണ്ണം ഏറെുന്നുണ്ടെങ്കിലും മരണനിരക്കിലെ കുറവ് ഏറെ ആശ്വാസം പകരുന്നു. ബ്രിട്ടന്‍, മെക്സിക്കോ, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന മരണ നിരക്കുള്ള രാജ്യങ്ങളാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയില്‍ നാൽപ്പതിനായിരത്തിലധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് 24 മണിക്കൂറിനുള്ളില്‍ ഇത്രയും കൂടുതല്‍ രോഗികളെ സ്ഥിരീകരിക്കുന്നത്.
40,425 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 681 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 27,514 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷം കവിയുകയും ചെയ്തിട്ടുണ്ട്.
അതായത് രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ ആകെ കണക്ക് പത്ത് ലക്ഷം പിന്നിട്ട് മൂന്ന് ദിവസം പിന്നിടുമ്പോഴേക്ക്, എണ്ണം ഒരു ലക്ഷം കൂടി ചേർത്ത് പതിനൊന്ന് ലക്ഷം കടന്നു. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ വ്യാപനത്തെയാണ് ഈ കണക്കുകള്‍ ചൂണ്ടി കാണിക്കുന്നത്.
ഇതിനെല്ലാമിടയിലും രാജ്യത്തെ രോഗമുക്തി നിരക്ക് താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നതാണ് ആശ്വാസകരമായ കാര്യം. 11 ലക്ഷം രോഗബാധിതരിൽ ഏതാണ്ട് ഏഴ് ലക്ഷം പേരും രോഗമുക്തരായിട്ടുണ്ട്.
7,00,647 പേരാണ് ആകെ രോഗമുക്തരായത്. അതായത് രോഗം ബാധിച്ചവരിൽ ഏതാണ്ട് 62.61 ശതമാനം പേർക്കും രോഗമുക്തിയുണ്ടായി. രോഗമുക്തിയുടെ കാര്യത്തിലും ഇന്ത്യ ലോകത്ത് മൂന്നാമതാണ്.
അതേസമയം, രോഗികളുടെ പ്രതിദിനവർദ്ധനയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുണ്ടായിരുന്ന ബ്രസീലിനെക്കാൾ കൂടുതലാണ് ഇന്ന് ഇന്ത്യയിലെ രോഗവ്യാപനം.
രോഗവ്യാപനത്തിൽ തുടർച്ചയായ നാലാം ദിവസം ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ രോഗവ്യാപനം കുത്തനെ കൂടിയാൽ ചികിത്സാസൗകര്യം ഉണ്ടാകുമോ എന്ന ആശങ്കകളും ഉയരുന്നു.
നിലവിൽ ഏതാണ്ട് നാല് ലക്ഷം (3.9 ലക്ഷം) രോഗികളാണ് ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നത്. ഇപ്പോഴും ഇന്ത്യയിൽ സാമൂഹികവ്യാപനം ഇല്ലെന്ന നിലപാടിൽത്തന്നെ ഉറച്ച് നിൽക്കുകയാണ് കേന്ദ്രസർക്കാർ.
കണക്കുകൾ പരിശോധിച്ചാൽ, കഴിഞ്ഞ നാലാഴ്ചക്കാലത്തെ കണക്കുകളിൽ ഈ ആഴ്ചയാണ് രാജ്യത്തെ ഇത് വരെയുള്ള 21 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തതെന്ന് കാണാം.
ജൂൺ 22 മുതൽ 28 വരെയുള്ള ആഴ്ച ആകെ 1.2 ലക്ഷം രോഗികളാണ് പുതുതായി ഉണ്ടായതെങ്കിൽ, ജൂൺ 29 മുതൽ ജൂലൈ 5 വരെയുള്ള തീയതികളിൽ 1.5 ലക്ഷം പുതിയ രോഗികളുണ്ടായി. ജൂലൈ 6 മുതൽ 12 വരെയുള്ള ആഴ്ചയിൽ 1.8 ലക്ഷം പുതിയ രോഗികളുണ്ടായി.
കഴിഞ്ഞ ആഴ്ചയാകട്ടെ, അതായത് ജൂലൈ 13 മുതൽ 19 വരെയുള്ള ആഴ്ചയിൽ ആകെ ഉണ്ടായത് 2.4 ലക്ഷം പുതിയ രോഗികളാണ്. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ ഏതാണ്ട് 31 ശതമാനം കൂടുതൽ കേസുകൾ ഈ ആഴ്ചയുണ്ടായി.
ആശ്വാസകരമായ മറ്റൊരു കാര്യം രാജ്യത്തെ മരണനിരക്ക് കുറയുന്നു എന്നതാണ്. നാല് ശതമാനം വരെ മരണനിരക്ക് ഒരു സമയത്ത് ഉയർന്ന് നിന്നിരുന്നെങ്കിൽ അത് ഇപ്പോൾ 2.5 ശതമാനമായി കുറയുന്നു എന്നത് ആശ്വാസകരമായ കാര്യമാണ്.
രാജ്യത്തെ മരണനിരക്കിൽ ദേശീയശരാശരിയേക്കാൾ കുറവ് രേഖപ്പെടുത്തിയ 29 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ താരതമ്യേന കൊവിഡ് രോഗഭീഷണി കുറവാണ്.
മണിപ്പൂർ, നാഗാലാൻഡ്, സിക്കിം, മിസോറം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ മരണനിരക്ക് പൂജ്യമാണ്. അതേസമയം, ലഡാക്കിൽ മരണനിരക്ക് 0.09 ശതമാനമാണ്.
ത്രിപുരയിൽ ഇത് 0.19 ശതമാനവും അസമിൽ 0.23 ശതമാനവും ദാദ്ര- നാഗർഹവേലി - ദാമൻ -ദിയുവിൽ ഇത് 0.33 ശതമാനവുമാണ്. ഈ പ്രദേശങ്ങളേക്കാൽ ജനസാന്ദ്രത കൂടിയ കേരളമാണ് പിന്നീട് ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം. കേരളത്തിലെ മരണനിരക്ക് 0.34 ശതമാനമാണ്.
എന്നാല്‍ കേരളത്തില്‍ കടുത്ത ആശങ്കയായി മെഡിക്കൽ കോളേജ് ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം സ്ഥിരീകരിച്ചു കഴിഞ്ഞു.
മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരടക്കം 350 ല്‍ അധികം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതി ഏറ്റവും രൂക്ഷമായത്.
ഡോക്ടർമാരടക്കം 20 പേര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ചത്. 150 ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും കൂട്ടിരിപ്പുകാരും അടക്കം മുപ്പതില്‍ അധികം പേർക്കും രോഗം പകർന്നതായാണ് വിവരം. എന്നാൽ ഔദ്യോഗികമായി കണക്കുകൾ നൽകാനാവില്ലെന്നാണ് മെഡിക്കൽ കോളേജിന്റെ നിലപാട്. ജില്ലാ ഭരണകൂടവും വിവരം നൽകുന്നില്ല. കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഇവിടെ ഏർപ്പെടുത്താനാണ് സാധ്യത.
പരിശോധനക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഏഴാം വാർഡ് ഉൾപ്പെടുന്ന നേത്ര വിഭാഗം അടച്ചു. ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തിൽ പോയി.
അസ്ഥിരോഗ വിഭാഗം ഡോക്ടർമാർ ഉൾപ്പടെ 20 പേരും നിരീക്ഷണത്തിലാണ്. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ 25 ഡോക്ടർമാർ ഉൾപ്പെടെ 55 ജീവനക്കാർ നിരീക്ഷണത്തിലാണ്.
പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറൻസിക് വിഭാഗത്തിലെ ഏഴ് ഡോക്ടർമാർ ഈ മാസം 21 വരെ നിരീക്ഷണത്തിലാണ്. നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗം വാർഡ് അടച്ചു.
എന്നാൽ നിലവിൽ വാർഡിലുള്ള രോഗികൾ തുടരും. ഒപിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. നടത്തുക അടിയന്തിര ശസ്ത്രക്രിയകൾ മാത്രമായിരിക്കും. ഡോക്ടർമാരും നഴ്സുമാരും അടക്കം 24 പേർ നിരീക്ഷണത്തിലാണ്.
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെയും പിജി വിദ്യാർത്ഥിയെയും കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടെ ജോലിചെയ്ത 50 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഒരു മാസം മുൻപ് കൊവിഡ് വാർഡിൽ ജോലിചെയ്ത പിജി ഡോക്ടർക്കാണ് രോഗലക്ഷണം കണ്ടത്.
കൊവിഡ് ഇതര ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയ്ക്കൊപ്പം, ശസ്ത്രക്രിയ കഴിഞ്ഞവരും ചികിത്സക്കെത്തുന്നവരും അടക്കമുള്ളവരിലേക്ക് വ്യാപനം തുടരുന്നത് സൃഷിടിക്കുക ഗുരുതര പ്രതിസന്ധിയാണ്.