Health Risks Of High Protein Diet : പ്രോട്ടീൻ അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്...
ശരീരത്തിന്റെ സാധാരണ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ. ഉള്ളിലെ ടിഷ്യൂകൾ നിർമ്മിക്കുന്നത് മുതൽ പുറത്ത് ആരോഗ്യമുള്ള മുടിയും ചർമ്മവും നിലനിർത്തുന്നത് വരെ നിരവധി കാര്യങ്ങൾ വഹിക്കുന്നു. മുടികളും നഖങ്ങളും കെരാറ്റിൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്ന ആന്റിബോഡികൾ നിർമ്മിക്കാനും കോശങ്ങളെ ആരോഗ്യകരമായി നിലനിർത്താനും പുതിയവ സൃഷ്ടിക്കാനും പ്രോട്ടീൻ സഹായിക്കുന്നു. എന്നാൽ ഉയർന്ന പ്രോട്ടീന്റെ അളവ് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
ദീർഘകാലത്തേക്ക് വളരെയധികം പ്രോട്ടീൻ കഴിക്കുന്നത് കിഡ്‌നി, കരൾ, എല്ലുകൾ എന്നിവയിൽ ഉപാപചയ സമ്മർദ്ദം ചെലുത്തുകയും ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ആയുർവേദ, ഗട്ട് ഹെൽത്ത് കോച്ച് ഡോ ഡിംപിൾ ജംഗ്ദ പറഞ്ഞു.
പ്രോട്ടീൻ ഉപയോഗം അമിതമായാൽ മലബന്ധം ഉണ്ടാക്കുകയും ദഹനവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യും. ഇത് വൃക്കയിലെ കല്ലുകളുടെ രൂപീകരണത്തിനും മിതമായ നിർജ്ജലീകരണത്തിനും കാരണമാകും. മൃഗ പ്രോട്ടീൻ (മാംസം) സസ്യങ്ങളുടെയും ഡയറി പ്രോട്ടീനുകളേക്കാളും വൃക്കകളുടെ പ്രവർത്തനത്തെ ഗണ്യമായി ദോഷകരമായി ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.
കാർബോഹൈഡ്രേറ്റുകൾ ഹാപ്പി ഹോർമോണായ സെറോടോണിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു. കാർബോഹൈഡ്രേറ്റിന്റെ അഭാവം ഊർജ്ജം, ശ്രദ്ധ എന്നിവയെ ഗുരുതരമായി ബാധിക്കും.
കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണവും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും കഴിക്കുന്ന ആളുകൾ പലപ്പോഴും മലബന്ധവും വയർ വീക്കവും അനുഭവിക്കുന്നു. കാരണം, ഈ ഭക്ഷണശീലം മൂലം ഉണ്ടാകുന്ന ഫൈബർ അഥവാ നാരുകളുടെ കുറവ് ദഹനവ്യവസ്ഥയെ ബാധിക്കുകയും ദഹന സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും.