വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ
പോഷകങ്ങൾ ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യാവശ്യമാണെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. എന്നാൽ, ഇതിൻ്റെ കുറവ് ശരീരത്തിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി.
അസ്ഥികളുടെ നിർമ്മാണ പ്രക്രിയയുടെ പ്രധാന സ്രോതസ്സായ കാൽസ്യത്തെ ശരീരത്തിനുള്ളിൽ ആഗിരണം ചെയ്തെടുക്കുന്നതിനായി ശരിയായ അളവിൽ വിറ്റാമിൻ ഡി ആവശ്യമാണ്.
സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഈ വിറ്റാമിന് മാനസികാവസ്ഥയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിറ്റാമിൻ ഡി യുടെ കുറവ് ഒരാളുടെ ശരീരത്തിൽ വിഷാദവും നിരാശയും ഉണ്ടാക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ ഡിയുടെ കുറവ് രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള ഒന്നാണ്. അത് അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെ സാരമായി ബാധിക്കാം.
മുടി കൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിലുള്ള ചില കാരണങ്ങളിലൊന്ന് പോഷകങ്ങളുടെ കുറവാണ്. ശരീരത്തിൽ വിറ്റാമിൻ ഡി യുടെ കുറവുണ്ടെങ്കിൽ അത് മുടി കൊഴിച്ചിലിന് കാരണമായി മാറുന്നു.
കൂൺ, മുട്ട, ചീസ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. വിറ്റാമിൻ ഡി അളവ് ഉയർത്തുന്നതിനായി സാൽമൺ പോലുള്ള മത്സ്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.